3 January 2025, Friday
KSFE Galaxy Chits Banner 2

നിയമങ്ങൾ അട്ടിമറിച്ചും ചൂഷണം കൊഴുപ്പിക്കുന്ന മോഡി-അഡാനി കൂട്ടുകെട്ട്

രാജാജി മാത്യു തോമസ്
August 18, 2024 4:45 am

ബംഗ്ലാദേശിന് വൈദ്യുതി നൽകുന്നതിന് മാത്രമായി, നിലവിലുണ്ടായിരുന്ന സമസ്ത നിയമങ്ങളെയും കാറ്റിൽപ്പറത്തി, അഡാനി കോർപറേഷന് ഝാർഖണ്ഡിലെ ഗൊഡ്ഡയിൽ അനുവദിച്ചുനൽകിയ 1,600 മെഗാവാട്ട് തെർമൽ വൈദ്യുതി നിലയത്തിൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഇനിമേൽ ഉല്പാദകർക്ക് ഇന്ത്യൻ ഗ്രിഡിലേക്കും വിൽക്കാം. 2018ൽ അഡാനി പവറിനുവേണ്ടി മാത്രം അന്ന് നിലവിലുണ്ടായിരുന്ന വൈദ്യുതി ഉല്പാദന‑വില്പന മാനദണ്ഡങ്ങൾ ഭേദഗതി ചെയ്തായിരുന്നു ഗൊഡ്ഡ നിലയത്തിന് നരേന്ദ്ര മോഡി സർക്കാർ അനുമതി നൽകിയിരുന്നത്. അഡാനി പവർ, 2023 ജൂലൈ മുതൽ വൈദ്യുതി കയറ്റുമതി ആരംഭിച്ചു. ഇപ്പോൾ, ഒരുവർഷം പിന്നിടുമ്പോഴേക്കും, ബംഗ്ലാദേശിലെ രാഷ്ട്രീയ സംഭവവികാസങ്ങളെത്തുടർന്ന്, അഡാനിയുടെ ആ രാജ്യവുമായുള്ള വൈദ്യുതിക്കച്ചവടം അനിശ്ചിതത്വത്തിൽ ആയപ്പോൾ, തന്റെ ചങ്ങാതിയുടെ വ്യവസായ താല്പര്യം സംരക്ഷിക്കാൻ നരേന്ദ്ര മോഡി ഒരിക്കൽക്കൂടി രാജ്യത്തിന്റെ നിയമങ്ങളെ അട്ടിമറിച്ചിരിക്കുന്നു.
ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 25 ശതമാനം, അത് ഏതു സംസ്ഥാനത്താണോ ഉല്പാദിപ്പിക്കുന്നത് ആ സംസ്ഥാനത്തിന് നൽകണമെന്ന് 2018 വരെയുള്ള കേന്ദ്ര സർക്കാരിന്റെ വൈദ്യുതി ഉല്പാദന — വില്പന മാനദണ്ഡം നിഷ്കർഷിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി 2015ൽ നടത്തിയ ബംഗ്ലാദേശ് സന്ദർശനംവഴി അഡാനിക്ക് തരപ്പെടുത്തി നൽകിയ കരാർ പ്രകാരം ഝാർഖണ്ഡിലെ ഗൊഡ്ഡയിൽ സ്ഥാപിക്കുന്ന തെർമൽ വൈദ്യുതിനിലയത്തിൽ നിന്നുമുള്ള വൈദ്യുതി പൂർണമായും ബംഗ്ലാദേശിന് വിൽക്കാൻ ഉതകുവിധം നിലവിലുണ്ടായിരുന്ന ഉല്പാദന‑വില്പന മാനദണ്ഡങ്ങൾ രായ്ക്കുരാമാനം ഭേദഗതി ചെയ്തു. ആ ഭേദഗതിയുടെ പിൻബലത്തിൽ ദേശീയ വൈദ്യുതി ഗ്രിഡുമായി ബന്ധമില്ലാത്ത രാജ്യത്തെ ആദ്യത്തെ സ്വതന്ത്ര (സ്റ്റാന്റ് എലോൺ) തെർമൽ വൈദ്യുതി നിലയം നിലവിൽ വന്നു.

അഡാനിയെ വെള്ളപൂശുന്ന കോടതി വിധി

അന്ന് മോഡി-അഡാനി ചങ്ങാത്ത മുതലാളിത്തം വിഭാവനംചെയ്ത വൈദ്യുതി കയറ്റുമതിയെന്ന കൊള്ളയാണ് ബംഗ്ലാദേശിൽ പൊടുന്നനെയുണ്ടായ രാഷ്ട്രീയമാറ്റത്തെ തുടർന്ന് വെല്ലുവിളി നേരിടുന്നത്. അതിൽനിന്നും അഡാനിയെ രക്ഷിക്കാനാണ് ഓഗസ്റ്റ് 12ന് ബുധനാഴ്ച രാജ്യത്ത് നിലവിലുള്ള വൈദ്യുതി ഉല്പാദന‑വില്പന മാനദണ്ഡങ്ങൾ ഒരിക്കൽക്കൂടി ഭേദഗതി ചെയ്തുകൊണ്ട് കേന്ദ്ര ഊർജ മന്ത്രാലയം പുതിയ മെമ്മോ പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്ത് വർധിച്ചുവരുന്ന വൈദ്യുതി ആവശ്യത്തിന്റെ ചെലവിലാണ് ഈ ചങ്ങാത്ത മുതലാളിത്ത പ്രീണനം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇറക്കുമതിചെയ്യുന്ന വൈദ്യുതിയുടെ വിലയടക്കം അഡാനിയും വൈദ്യുതി വാങ്ങുന്ന ബംഗ്ലാദേശ് പവർ ഡെവലപ്മെന്റ് (ബിപിഡി) ബോർഡും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ബംഗ്ലാദേശ് ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഇരട്ടി വിലയാണ് കരാർപ്രകാരം അഡാനി ഈടാക്കിയിരുന്നത്. അതിനെ ആ രാജ്യത്തെ ഔദ്യോഗിക ഏജൻസികൾ മാത്രമല്ല വൈദ്യുതി ഉല്പാദകരും ബിസിനസ് സമൂഹവും രാഷ്ട്രീയവൃത്തങ്ങളും പൊതുജനങ്ങളും ചോദ്യം ചെയ്തിരുന്നു. ബംഗ്ലാദേശിൽ അടുത്തകാലത്ത് ഷേക്ക് ഹസീന ഭരണകൂടത്തിനെതിരെ ഉയർന്നുവന്ന പ്രതിഷേധത്തിലേക്കും രക്തരൂക്ഷിതമായ ഭരണമാറ്റത്തിലേക്കും നയിച്ച പലവിധ കാരണങ്ങളിൽ ഒന്നായിരുന്നു മോഡിയുടെ സമ്മർദത്തിന് വഴങ്ങി അഡാനിയുമായി ഏർപ്പെട്ട വൈദ്യുതി ഇറക്കുമതി കരാർ. ബംഗ്ലാദേശിന്റെ ഉറ്റ അയൽരാജ്യമെന്ന പദവിയിൽനിന്നും ഇന്ത്യയെ ഒരു ചൂഷക രാഷ്ട്രമായി നോക്കിക്കാണാൻ ഒരുവിഭാഗം ബംഗ്ലാദേശികളെയെങ്കിലും മോഡി-അഡാനി ചങ്ങാത്ത മുതലാളിത്തം നിർബന്ധിതമാക്കി.

സുപ്രീം കോടതി വിധിയും അഡാനിയുടെ ട്വീറ്റും

ബംഗ്ലാദേശിൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം അഡാനിയുടെ വൈദ്യുതി കയറ്റുമതി കച്ചവടത്തെയും അതിന്റെ വില യഥാസമയം ലഭിക്കുന്നതിനെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. അതാണ് രാഷ്ട്രതാല്പര്യത്തിന് വിരുദ്ധമായി 2018ൽ ഭേദഗതിചെയ്ത വൈദ്യുതി ഉല്പാദന, വില്പന, കയറ്റുമതി മാനദണ്ഡങ്ങൾ പൊടുന്നനെ ഭേദഗതി ചെയ്യാൻ മോഡി ഭരണകൂടത്തെ നിർബന്ധിതമാക്കിയത്. ഈ ഭേദഗതി അഡാനിയുടെ സ്റ്റാന്റ് എലോൺ ഗൊഡ്ഡ നിലയത്തെ ഇന്ത്യയുടെ വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിക്കുന്നതിനും കയറ്റുമതിക്ക് മാത്രമായി ആരംഭിച്ച നിലയത്തിൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതി ആഭ്യന്തര വിപണിയിൽ വിറ്റഴിക്കാനും അവസരമൊരുക്കും.
അഡാനി പവറിൽ നിന്നും ബംഗ്ലാദേശ് നടത്തിയിരുന്ന വൈദ്യുതി ഇറക്കുമതിയെ ചുറ്റിപ്പറ്റി വലിയ വിവാദങ്ങളാണ് നിലനിൽക്കുന്നത്. ബംഗ്ലാദേശിൽനിന്നും അമിതവിലയാണ് അഡാനി ഈടാക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച കരാറിന്റെ ഉദ്ദേശശുദ്ധി അന്താരാഷ്ട്രതലത്തിൽ, വസ്തുതകളുടെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യപ്പെട്ടിരുന്നു. കരാർ അസന്തുലിതവും ദുരുദ്ദേശപരവുമാണെന്ന ആരോപണവും ഉയർന്നിരുന്നു. 2017ൽ മോഡിയുടെ സമ്മർദത്തിന് വഴങ്ങി ഒപ്പുവച്ച കരാറിൽ 2023ൽ ബിപിഡി ഭേദഗതി ആവശ്യപ്പെട്ടിരുന്നു. അഡാനി ആവശ്യപ്പെടുന്ന, മെട്രിക് ടൺ കൽക്കരിക്ക് 400 യുഎസ് ഡോളറെന്ന വില അന്യായമാണെന്നും തങ്ങളുടെ വൈദ്യുതിനിലയങ്ങൾക്കായി ഇറക്കുമതിചെയ്യുന്ന കൽക്കരിയുടെ വില 250 ഡോളർ മാത്രമാണെന്നും അവർ ചൂണ്ടിക്കാട്ടി. അഡാനിയും ബംഗ്ലാദേശ് സർക്കാരുമായുണ്ടാക്കിയ കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന ആരോപണം ഇന്ത്യയിൽ പ്രതിപക്ഷപാർട്ടികൾ ഉന്നയിക്കുകയുമുണ്ടായി.
ഗൊഡ്ഡ തെർമൽ വൈദ്യുതി നിലയത്തിനു വേണ്ടി അഡാനി പവർ, ഝാർഖണ്ഡിലെ ഗൊഡ്ഡ ജില്ലയിലെ രണ്ട് ബ്ലോക്കുകളിൽപ്പെട്ട 10 ആദിവാസി ഗ്രാമങ്ങളിലെ 551 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. ആദിവാസി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി, മോഡി സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണ്, മിതവും ന്യായവുമായ നഷ്ടപരിഹാരമോ പുനരധിവാസ പദ്ധതികളോപോലും കൂടാതെ, ഭൂമി ഏറ്റെടുത്തത്. അഡാനി പവറിന്റെ ഗൊഡ്ഡ നിലയത്തിന് മാത്രമായി പ്രത്യേക സാമ്പത്തിക മേഖലാ (സ്പെഷ്യൽ ഇക്കണോമിക് സോൺ) പദവിയും ചാർത്തി നൽകി. അതുവഴി മോഡി തന്റെ ചങ്ങാതിയുടെ കച്ചവട പദ്ധതിയെ നികുതി മുക്തമാക്കി.

അഡാനി ഗ്രൂപ്പ്: കൂടുതല്‍ ക്രമക്കേട് പുറത്ത് 

പദ്ധതിക്ക് ആവശ്യമായ ജലം ഗംഗയിൽനിന്നും ചിരു നദിയിലേക്കും തുടർന്ന് പ്ലാന്റിലേക്കും എത്തിക്കുന്നതിന് അനിവാര്യമായ പാരിസ്ഥിതിക അനുമതി മോഡി സർക്കാരിന്റെ ഒത്താശയിൽ ദേശീയ ഗ്രീൻ ട്രിബ്യൂണൽ ഒഴിവാക്കിനൽകി. പ്ലാന്റിന് ആവശ്യമായ മെഷിനറികളും ഉപകരണങ്ങളും ചൈനയിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽനിന്നും ഇറക്കുമതി ചെയ്യുന്നതിന് തീരുവകളും ജിഎസ്‌ടി അടക്കം നികുതികളും ഇളവുചെയ്തു. മോഡി ഇടനിലക്കാരനായി നേടിക്കൊടുത്ത അഡാനിയുടെ ഓസ്ട്രേലിയയിലെ വിവാദ കാർമിഷേൽ കൽക്കരി ഖനിയിൽനിന്നും ഒഡിഷ തീരത്ത് അവർ സ്വന്തമാക്കിയ തുറമുഖങ്ങൾ വഴി ഗൊഡ്ഡയിലെത്തുന്ന, താരതമ്യേന കുറഞ്ഞ വിലയും ഗുണനിലവാരവുമുള്ളതും പരിസ്ഥിതിക്ക് ഹാനികരമായ, ഇന്ധനമുപയോഗിച്ചാണ് കൊള്ളവിലയ്ക്ക് അഡാനിയുടെ വൈദ്യുതിക്കച്ചവടം പൊടിപൊടിക്കുന്നത്. അഡാനിയുടെ ഇന്ത്യയിലെ ഒരു ഡസനിലേറെ വരുന്ന തുറമുഖങ്ങൾക്ക് എന്നപോലെ, ഒഡിഷയിലെ തുറമുഖത്തെയും പ്രത്യേക സാമ്പത്തിക മേഖലാ പദവി നൽകി ഇറക്കുമതി തീരുവകളിൽനിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
മോഡി സർക്കാരിന്റെ ഊർജ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന വൈദ്യുതി ഉല്പാദന‑വില്പന മാനദണ്ഡങ്ങളിലെ പുതിയ ഭേദഗതികൾ മോഡി-അഡാനി ചങ്ങാത്ത മുതലാളിത്ത കൂട്ടുകെട്ടിനെ ഒരിക്കൽക്കൂടി തുറന്നുകാണിക്കുകയും സ്ഥിരീകരിക്കുകയുമാണ് ചെയ്യുന്നത്. രാജ്യത്തിന്റെ സമ്പത്തും ജനതാല്പര്യങ്ങളും കോർപറേറ്റ് മുതലാളിത്തത്തിന് അടിയറ വയ്ക്കുകമാത്രമല്ല മോഡിയും ബിജെപിയും ചെയ്യുന്നത്. അവർ രാജ്യത്തും ബംഗ്ലാദേശ് ഉൾപ്പെടെ അയൽരാജ്യങ്ങളിലും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ അസ്ഥിരതയ്ക്കും കലാപങ്ങൾക്കും വിത്തുവിതയ്ക്കുകകൂടിയാണ് ചെയ്യുന്നത്. ചങ്ങാത്തമുതലാളിത്തം സൃഷ്ടിക്കുന്ന രാഷ്ട്രീയ അസ്ഥിരതയുടെ വേരോട്ടം കോർപറേറ്റ് മുതലാളിത്തത്തിന്റെ വ്യാപനത്തിനൊപ്പം രാഷ്ട്രാതിർത്തികളെ ഭേദിച്ച് പടരുകയാണെന്ന് ഓസ്ട്രേലിയ, ശ്രീലങ്ക, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലെ സമകാലിക സംഭവവികാസങ്ങളും അതിൽ ഇന്ത്യയുടെ പങ്കും നിരീക്ഷിക്കുന്ന സാമാന്യബുദ്ധിയുള്ള ആർക്കും ബോധ്യപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.