25 September 2024, Wednesday
KSFE Galaxy Chits Banner 2

ഇന്തോ-ശ്രീലങ്കന്‍ ബന്ധത്തിലെ പുത്തന്‍ അധ്യായം

ജയ്സണ്‍ ജോസഫ്
September 25, 2024 4:30 am

മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് കക്ഷിയായ ജനതാ വിമുക്തി പെരമുന (ജെവിപി) നേതാവും പീപ്പിള്‍സ് പവര്‍ സഖ്യം ലീഡറുമായ അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ ഒമ്പതാം പ്രസിഡന്റായി ചുമതലയേറ്റു. ലങ്ക — ഇന്ത്യ ബന്ധത്തിൽ സ്വാധീനം ചെലുത്തുകയും ശ്രീലങ്കയുടെ ഭൗമരാഷ്ട്രീയ പ്രകൃതിയിൽ പ്രകടമായ മാറ്റം അടയാളപ്പെടുത്തുകയും ചെയ്യുന്ന സംഗതിയായി നിരീക്ഷകര്‍ മരതകദ്വീപിലെ പുതിയ അധികാരപ്രാപ്തിയെ നോക്കിക്കാണുന്നു. രാഷ്ട്രപതി സെക്രട്ടേറിയറ്റിൽ ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യയുടെ സാന്നിധ്യത്തിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ശ്രീലങ്കയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞയ്ക്കു ശേഷം “ലങ്കയില്‍ നവോത്ഥാനത്തിന്റെ ഒരു പുതിയ യുഗം സാധ്യമാക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു, അതിനായി ജനങ്ങള്‍ സഹകരിക്കണം” എന്ന് അനുര കുമാര ദിസനായകെ അഭ്യര്‍ത്ഥിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദിസനായകെയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദനങ്ങൾ അറിയിച്ചു. അയല്‍പ്പക്ക ബന്ധങ്ങള്‍ക്ക് ആക്കം കൂട്ടുന്ന നയസമീപനങ്ങളും സുരക്ഷയും വളർച്ചയും ഉറപ്പാക്കുന്ന (സാഗർ) കാഴ്ചപ്പാടിൽ ശ്രീലങ്കയുടെ പങ്കാളിത്തം സുപ്രധാനമെന്ന് ചൂണ്ടിക്കാട്ടി. ശ്രീലങ്ക ഉള്‍പ്പെടെയുള്ള പ്രധാന അയൽരാജ്യങ്ങളുമായുള്ള സഹകരണത്തോടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷ വർധിപ്പിക്കാനും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കാനും ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഇതിനായി നടപ്പിലാക്കുന്ന സാഗർ പദ്ധതിയില്‍ ലങ്കന്‍ പങ്കാളിത്തം നിര്‍ണായകമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പൗരന്മാർക്കും വിശാലമായ മേഖലയ്ക്കും പ്രയോജനം ചെയ്യുന്ന തരത്തില്‍ പുതിയ ശ്രീലങ്കൻ പ്രസിഡന്റുമായി അടുത്ത് പ്രവർത്തിക്കാനുള്ള ആഗ്രഹവും മോഡി പ്രകടിപ്പിച്ചു.


ശ്രീലങ്ക ചുവക്കുന്നു


2024 സെപ്റ്റംബർ 22ന്, തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസം ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സന്തോഷ് ഝാ, ദിസനായകെയെ സന്ദര്‍ശിച്ചു. ഇന്ത്യയുടെ ഹൃദ്യമായ ആശംസകൾ അറിയിക്കുകയും ചെയ്തു. സാംസ്കാരിക ജോഡിയായി കരുതുന്ന ശ്രീലങ്കയുമായുള്ള അടുത്ത ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാനും ഹൈക്കമ്മിഷണറുടെ കൂടിക്കാഴ്ച സൂചകമായി. ശ്രീലങ്കയുമായുള്ള ബന്ധത്തിന് ഇന്ത്യ നൽകുന്ന പ്രാധാന്യത്തിന് അടിവരയിടുന്നതാണ് അതിവേഗതയില്‍ നടത്തിയ ഈ കൂടിക്കാഴ്ച. വ്യാപാരം, സമുദ്രസുരക്ഷ, ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ കൂടുതല്‍ സഹകരണത്തിനുള്ള അവസരങ്ങൾ ഇവിടെ വ്യക്തമാണ്. ഈ മേഖലയിൽ ഇന്ത്യയുടെ സ്വാധീനവും സഹകരണ നേതൃത്വവും മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതിന്റെ പ്രകടനമായും വിലയിരുത്താം.
നവോത്ഥാനത്തെക്കുറിച്ചുള്ള ദിസനായകെയുടെ പരാമർശം, പ്രാദേശിക സുരക്ഷയിലും പരസ്പര ശാക്തീകരണത്തിലും അധിഷ്ഠിതമായ സഹകരണത്തിനുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യ — ശ്രീലങ്ക ബന്ധത്തിന്റെ വരുംഘട്ടം സാമ്പത്തിക സഹകരണം, പ്രാദേശിക സ്ഥിരത എന്നിവയില്‍ കേന്ദ്രീകരിക്കുമ്പോള്‍ ചൈനീസ് സ്വാധീനം കുറയ്ക്കാനുള്ള ഇന്ത്യയുടെ താല്പര്യങ്ങള്‍ ഊന്നൽ നേടുമെന്ന് ന്യൂഡല്‍ഹി പ്രതീക്ഷിക്കുന്നുമുണ്ട്.
കടബാധ്യതയിലാണ്ട ശ്രീലങ്കന്‍ സമ്പദ്‌വ്യവസ്ഥയിൽ പരിഷ്കരണം അനിവാര്യമാണ്. ഇതിലൂന്നി സാമ്പത്തിക പരമാധികാരത്തിന്റെയും സുതാര്യതയുടെയും ഒരു വേദി സൃഷ്ടിക്കാനാണ് ദിസനായകെ പരിശ്രമിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഇതേ മുദ്രാവാക്യം ഉയര്‍ത്തിയ പ്രചരണം വർഷങ്ങളുടെ കെടുകാര്യസ്ഥതയും അഴിമതിയുംമൂലം നിരാശരായ ശ്രീലങ്കന്‍ ജനതയില്‍ പ്രത്യാശ വളര്‍ത്തിയിട്ടുണ്ട്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദിസനായകെയുടെ വിജയം ഒരേസമയം അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞതാണ്. വിദേശ നിയന്ത്രണത്തോടുള്ള ദിസനായകെയുടെ നിലപാടുകള്‍ പ്രധാന ചൈനീസ് പദ്ധതികളുടെ പുനർചിന്തനം ഉൾപ്പെടെ ബാഹ്യബന്ധങ്ങളുടെ പുനർനിർമ്മാണത്തിലേക്ക് നയിച്ചേക്കാം. അവയിൽ പലതിലും മോഡിക്ക് ആശങ്കയുമുണ്ട്.
സുസ്ഥിരവും പരസ്പരം സഹകരിക്കുന്നതുമായ ഒരു ഭരണകൂടം കൊളംബോയിൽ ഉണ്ടാകേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. തെക്കൻ തീരത്തോട് ചേര്‍ന്നുള്ള ശ്രീലങ്കയുടെ സ്ഥാനവും ഇന്ത്യൻ മഹാസമുദ്രത്തില്‍ ദ്വീപിനുള്ള തന്ത്രപരമായ പ്രാധാന്യവും ശക്തമായ നയതന്ത്ര, സാമ്പത്തിക ബന്ധങ്ങൾ നിലനിർത്തുന്നതിന് ന്യൂഡൽഹിയെ പ്രേരിപ്പിക്കുന്നു. അടിസ്ഥാന സൗകര്യം, ഊർജം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കി, ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ നൽകിയ നാല് ദശലക്ഷം ഡോളറിന്റെ സഹായ പദ്ധതി വിപുലീകരിക്കാനുള്ള വാഗ്ദാനമാണ് പ്രധാനമന്ത്രി മോഡി മുന്നോട്ടുവയ്ക്കുന്നത്. വിദേശ ചൂഷണം കുറയ്ക്കുന്നതിനുള്ള ദിസനായകെയുടെ നിലപാട്, ഈ മേഖലയിലെ ബെയ്ജിങ്ങിന്റെ സ്വാധീനം തടയുക എന്ന ഇന്ത്യയുടെ ലക്ഷ്യവുമായി യോജിക്കുമെന്നും കണക്കാക്കപ്പെടുന്നു.
എന്നാല്‍ ശ്രീലങ്കയുടെ പരമാധികാരത്തിൽ ഊന്നൽ നൽകുന്ന ദിസനായകെ എല്ലാ ഇടപാടുകളിലും ഇന്ത്യയെ അനുകൂലിക്കണമെന്നില്ല. സന്തുലിതമായ വിദേശനയം തേടാനാകും പരിശ്രമം. ഇന്ത്യയെപ്പോലുള്ള പ്രാദേശിക പങ്കാളികളുമായി അടുത്ത ബന്ധം വളർത്തിയെടുക്കുന്നതിനൊപ്പം ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കാനുള്ള ശ്രമങ്ങളിലൂടെ വേണം ദിസനായകെയുടെ വിദേശ ബന്ധങ്ങളോടുള്ള സമീപനം കാണേണ്ടത്.


ശ്രീലങ്ക ഒരു പാഠമാണ്


ചൈനയുടെ കടബാധ്യതയുള്ള പദ്ധതികളെക്കുറിച്ച് ദിസനായകയുടെ മുൻകാല വിമർശനങ്ങളും പ്രതികൂലമായ ഇടപാടുകൾ പുനഃപരിശോധിക്കുന്നതിനുള്ള പ്രതിബദ്ധതയും കണക്കിലെടുക്കുമ്പോൾ, ആ രാജ്യവുമായുള്ള ശ്രീലങ്കയുടെ ഇടപഴകൽ പ്രായോഗികത കൈവരിച്ചേക്കാം. കൂടുതൽ സുസ്ഥിരമായ ബദലുകൾ വാഗ്ദാനം ചെയ്യുന്നതിനുള്ള അവസരമായി ഇന്ത്യ ഇതിനെ ഉപയോഗിക്കാനിടയുണ്ട്. പ്രത്യേകിച്ച് അടിസ്ഥാന സൗകര്യ വികസനത്തിൽ.
ഇന്ത്യ — ശ്രീലങ്ക ബന്ധങ്ങളെ ചരിത്രപരമായി സ്വാധീനിച്ചിട്ടുള്ള ലങ്കയിലെ തമിഴ് ന്യൂനപക്ഷങ്ങളും ആഭ്യന്തരയുദ്ധത്തിന്റെ പാരമ്പര്യവുമാണ് സൂക്ഷ്മസംവേദനക്ഷമതയുള്ള പ്രശ്നങ്ങളില്‍ മുഖ്യം. തമിഴരോടുള്ള പെരുമാറ്റം ഇന്ത്യയും തമിഴ് ജനതയും സദാ നിരീക്ഷിക്കുന്നതിനാൽ ദിസനായകെ അനുരഞ്ജനത്തിന്റെയും സമത്വത്തിന്റെയും നിലപാടുകള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. പാക് കടലിടുക്കിന്റെ ഇരുവശങ്ങളിലുമുള്ള തമിഴ് ജനതകൾ തമ്മിലുള്ള രാഷ്ട്രീയവും സാംസ്കാരികവുമായ ബന്ധങ്ങൾ കണക്കിലെടുക്കുമ്പോൾ അവരെ അകറ്റിനിര്‍ത്തുന്ന ഏതൊരു നീക്കവും ന്യൂഡൽഹിയുമായുള്ള ബന്ധം വഷളാക്കും.
ഒരു വശത്ത്, ചൈനയെ സാമ്പത്തിക നിക്ഷേപങ്ങൾക്കായി കൂടുതല്‍ ആശ്രയിക്കുകയും എന്നാല്‍ ഹമ്പൻതോട്ട തുറമുഖ കരാർ പോലുള്ള പ്രതികൂലമായ ചൈനീസ് അടിസ്ഥാന സൗകര്യ ഇടപാടുകൾ പുനഃപരിശോധിക്കാന്‍ ശ്രമിക്കുകയും ചെയ്തേക്കാം. മറുവശത്ത്, ഇന്ത്യയുടെ ഭൗമരാഷ്ട്രീയ താല്പര്യങ്ങൾ പരമാധികാരത്തിനായുള്ള ദിസനായകെയുടെ കാഴ്ചപ്പാടുമായി യോജിച്ച നയസമീപനങ്ങളിലെത്തിയാല്‍ സുരക്ഷാപങ്കാളിത്തത്തിനും സമുദ്ര സഹകരണത്തിനും സുസ്ഥിര വികസനത്തിനും ഉതകുന്നതാണ് എന്നും വിലയിരുത്താം.


ശ്രീലങ്ക; ഒരു ദ്വീപിന്റെ ദുഃഖം


സാംസ്കാരിക നയതന്ത്രം, ശ്രീലങ്കയുടെ ജനാധിപത്യ പ്രക്രിയകൾക്കുള്ള പിന്തുണ എന്നിവയിലൂടെ ഇന്ത്യക്ക് ആഴമേറിയ ബന്ധം ഉറപ്പിക്കാനാകും. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തന്ത്രപ്രധാനമായ പ്രാധാന്യം കണക്കിലെടുത്ത്, പ്രാദേശിക സുരക്ഷ, ഭീകരതയ്ക്കെതിരായ സഹകരണം, സാഗർ ചട്ടക്കൂടിന് കീഴിലുള്ള പാരിസ്ഥിതിക സുസ്ഥിരത എന്നിവ ഉഭയകക്ഷി ചർച്ചകളുടെ അടിവേരുകളാകാം. ശ്രീലങ്കയിലെ ആഭ്യന്തര ഊർജ മേഖല, അടിസ്ഥാന സൗകര്യം, സാങ്കേതിക മേഖലകൾ എന്നിവയിൽ ഇന്ത്യയുടെ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുകയും ചെയ്യാം. ദിസനായകെയുടെ വിദേശനയ സമീപനം ചൈനയുടെ സാമ്പത്തിക ശക്തിയും ഇന്ത്യയുടെ പ്രാദേശിക സ്വാധീനവും തമ്മിലുള്ള സന്തുലിത പ്രവർത്തനത്തെ പ്രതിഫലിപ്പിക്കുമെന്ന് കരുതുന്നവരാണേറെ.
തീരുമാനമെടുക്കുന്നതിൽ സ്വയംഭരണാവകാശം കാത്തുസൂക്ഷിക്കുമ്പോൾ ശ്രീലങ്ക അതിന്റ ദേശീയ താല്പര്യങ്ങൾക്കനുസരിച്ച ഉയര്‍ന്ന നിലപാടുകള്‍ കണ്ടെത്തിയേക്കാം. പരസ്പര ബഹുമാനം, പ്രാദേശിക സുരക്ഷ, സാമ്പത്തിക സഹകരണം എന്നിവയിൽ വേരൂന്നിയ ഇന്ത്യ — ശ്രീലങ്ക ബന്ധങ്ങൾക്ക് വികാസം പ്രാപിക്കാനുള്ള ഒരു പുതിയ അവസരം ദിസനായകെയുടെ പ്രസിഡന്റ് സ്ഥാനം ഇത്തരത്തില്‍ ഉറപ്പാക്കുന്നുണ്ട്. ശ്രീലങ്കയുടെ പരമാധികാരത്തിലും സുതാര്യതയിലും ദിസനായകെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിദേശ ഇടപാടുകളുടെ പുനഃപരിശോധനകളിലേക്കും നയിക്കും. അദ്ദേഹം വിഭാവനം ചെയ്യുന്ന പുതിയ നവോത്ഥാനം, അയല്‍രാജ്യങ്ങളുമായി പങ്കിട്ട ലക്ഷ്യങ്ങളിൽ നിന്നും തുടര്‍ന്നുവരുന്ന താല്പര്യങ്ങളിൽ നിന്നും വളരെ ഉയർന്നതായേക്കാം. ആഭ്യന്തര മുൻഗണനകളെ ഉഭയകക്ഷി, പ്രാദേശിക പ്രതീക്ഷകളുമായി സന്തുലിതമാക്കുന്നതിന് അവശ്യം വേണ്ടത് സൂക്ഷ്മമായ നയതന്ത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.