2 November 2024, Saturday
KSFE Galaxy Chits Banner 2

അടിത്തറയില്ലാത്ത പാഠ്യപദ്ധതി പരിഷ്കാരം

Janayugom Webdesk
April 14, 2024 5:00 am

‘സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം’ പാഠപുസ്തകങ്ങളില്‍ പുനരവലോകനം ചെയ്യാൻ എൻസിഇആർടി നിർദേശിച്ചിരിക്കുകയാണ്. 2006-07 മുതൽ വിഷയം പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. പുനരവലോകനത്തിന് നിര്‍ദേശിച്ചിരിക്കുന്ന പാഠങ്ങളില്‍ അയോധ്യയെക്കുറിച്ചുള്ള നാല് പേജുകള്‍ അടങ്ങുന്നു (പേജ് 148–151). 1986ല്‍ തുറന്നുകൊടുത്തത് തുടങ്ങി മന്ദിര നിര്‍മ്മാണത്തിനായുള്ള വിഭവസമാഹരണവും ബാബറി മസ്ജിദ് തകർക്കലും അനന്തരഫലങ്ങളും എല്ലാം ഉള്‍ക്കൊണ്ടിരുന്നു. ബിജെപി ഭരിച്ചിരുന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതും വർഗീയ അക്രമ പരമ്പരകളും വിശദീകരിച്ചിരുന്നു. മതേതരത്വത്തെക്കുറിച്ചുള്ള ഗൗരമായ ചർച്ചകള്‍ക്ക് വഴി തുറക്കുന്നതായിരുന്നു പാഠ്യഭാഗം. കൗമാര മനസുകളില്‍ വിശാലമായ കാഴ്ചപ്പാട് ഉറപ്പാക്കുന്നതിനും സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുമാണ് എന്‍സിഇആര്‍ടി ഭരണഘടനാ തത്വങ്ങളില്‍ പ്രതിജ്ഞാബദ്ധരായ എഴുത്തുകാരിലൂടെ പാഠപുസ്തക നിര്‍മ്മിതി സാധ്യമാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഒരു ഉപദേശക സമിതിയായി പ്രവർത്തിക്കുകയും യുവാക്കളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കാൻ ഉപകരിക്കുന്ന പഠന സാമഗ്രികൾ നിർദേശിക്കുകയും ചെയ്യുക എന്‍സിഇആര്‍ടിയുടെ പ്രധാനദൗത്യമായിരുന്നു. സമിതിയുടെ പഠനസമഗ്രികള്‍ പ്രതിവർഷം നാല് കോടിയിലധികം വിദ്യാർത്ഥികളിലേക്കാണ് എത്തുന്നത്. പക്ഷെ ഇപ്പോള്‍ എൻസിഇആർടിയുടെ പന്ത്രണ്ടാംക്ലാസിലെ രാഷ്ട്രതന്ത്രം പാഠങ്ങള്‍ അയോധ്യാ തര്‍ക്കവും ബാബറി മസ്ജിദ് തകര്‍ത്തിടത്ത് ക്ഷേത്രനിർമ്മാണം സാധ്യമാക്കിയ 2019 നവംബറിലെ സുപ്രീം കോടതി വിധിക്കും പ്രാധാന്യം നൽകുന്ന തരത്തില്‍ പരിഷ്കരിക്കുകയാണ്.


ഇതുകൂടി വായിക്കൂ: വിദ്യാരഹിത അഭ്യാസനയം 2020


പഴയ പാഠപുസ്തക(പേജ് 139)ത്തിലെ, “1992 ഡിസംബറിൽ അയോധ്യയിലെ തർക്ക മന്ദിരം (ബാബറി മസ്ജിദ് ) തകര്‍ത്തതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിരവധി സംഭവങ്ങൾ ഉടലെടുക്കുകയും മൂർച്ഛിക്കുകയും ചെയ്തു. സംഭവം ഇന്ത്യൻ ദേശീയതയുടെയും മതേതരത്വത്തിന്റെയും സ്വഭാവത്തെക്കുറിച്ചുള്ള ചർച്ചകൾ തീവ്രമാക്കി. ബന്ധപ്പെട്ട സംഭവവികാസങ്ങൾ ബിജെപിയുടെ ഉയർച്ചയുമായും ഒപ്പം ഹിന്ദുത്വരാഷ്ട്രീയവുമായും ബന്ധപ്പെട്ടിരിക്കുന്നു”എന്ന ഖണ്ഡിക മാറ്റാനാണ് തീരുമാനം. “അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തെച്ചൊല്ലി നൂറ്റാണ്ടുകൾ പഴക്കമുള്ള നിയമപരവും രാഷ്ട്രീയവുമായ തർക്കം വിവിധ രാഷ്ട്രീയ മാറ്റങ്ങൾക്ക് ജന്മം നൽകിയ ഇന്ത്യൻ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ തുടങ്ങി. രാമജന്മഭൂമി ക്ഷേത്ര പ്രസ്ഥാനം കേന്ദ്ര വിഷയമായി മാറി. മതേതരത്വം, ജനാധിപത്യം എന്നിവയിലുള്ള വീക്ഷണം മാറി. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ (2019 നവംബർ 9) തീരുമാനത്തെത്തുടർന്ന് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിൽ മാറ്റങ്ങൾ കാരണമായി” എന്ന് പരിഷ്കരിക്കുമ്പോള്‍ പുതിയതും അയഥാർത്ഥമായ ഒരു ഭൂതകാലം ചിത്രം നിര്‍മ്മിക്കുകയാണ്. ചരിത്രപരമായ വസ്തുതകളെ മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നു.


ഇതുകൂടി വായിക്കൂ: ചരിത്രവും വര്‍ത്തമാനവും വെട്ടി എന്‍സിഇആര്‍ടി


ബാബറി മസ്ജിദിനെക്കുറിച്ചുള്ള നിയമ തർക്കങ്ങള്‍ പരിഷ്കരിച്ച പാഠം അവകാശപ്പെടുന്നത് പോലെ “നൂറ്റാണ്ടുകൾ പഴക്കമുള്ളതല്ല”. തര്‍ക്കങ്ങള്‍ക്ക് ചെറിയ ചരിത്രമേയുള്ളൂവെന്ന് കോടതി രേഖകൾ സാക്ഷ്യവുമാണ്. 74 വർഷങ്ങൾക്ക് മുമ്പ്, 1949 ഡിസംബർ 22ന് ബാബറി മസ്ജിദിൽ രഹസ്യമായി വിഗ്രഹം സ്ഥാപിച്ചതിന് ശേഷമാണ് തര്‍ക്കങ്ങള്‍ ആരംഭിക്കുന്നത്. വിഗ്രഹം സ്ഥാപിക്കുന്നതിനു മുമ്പ് മസ്ജിദിന്റെ അകത്തെ മുറ്റത്തിന് പുറത്തുള്ള ചബൂതര (ഉയർന്ന തറ) രാമന്റെ ജന്മസ്ഥലമായി കരുതിയിരുന്നു. 1850കളുടെ അവസാന വര്‍ഷങ്ങളില്‍ പ്രക്ഷുബ്ധമായ ചില സാഹചര്യങ്ങളില്‍ അയോധ്യയിലെ ചില സന്യാസികള്‍ മസ്ജിദിന്റെ പുറംവളപ്പിന്റെ ഒരു ഭാഗം പിടിച്ചെടുക്കുകയും അവിടെ തറ നിർമ്മിക്കുകയും ചെയ്തു. 1858 നവംബർ 30ന് ബാബറി മസ്ജിദിന്റെ ചുമതലക്കാരന്‍ ഒസന്യാസിമാര്‍ പള്ളിയോട് ചേർന്ന് ഒരു ചബൂതര പണിതതായി പരാതിയും നല്‍കിയിരുന്നു. രാമജന്മഭൂമിയുമായി ബന്ധപ്പെട്ട ആദ്യ നിയമ രേഖയായി ഇതിനെ കണക്കാക്കാം. ഇവിടം പിന്നീട് അത് രാമന്റെ ജന്മസ്ഥലമായി വാഴ്ത്തപ്പെട്ടു. ഏതാണ്ട് ഒരു നൂറ്റാണ്ടോളം ഈ സ്ഥാനം തുടരുകയും ചെയ്തു. 1860, 77, 83, 84 വർഷങ്ങളിൽ സമാനമായ പരാതികൾ മുസ്ലിം സമൂഹം ഉന്നയിച്ചു. എന്നാൽ രാം ചബൂതര നിലനില്‍ക്കുകയും രാമജന്മസ്ഥാനായി ആരാധിക്കപ്പെടുകയും ചെയ്തു. 1903ലെ ഒരു കോടതി ഉത്തരവിലും ബാബറി മസ്ജിദിൽ നിന്ന് അകലെ രാം ചബൂതരയിലുള്ള ‘ജന്മസ്ഥാൻ’ സംബന്ധിച്ച് പരാമര്‍ശമുണ്ടായി. ജന്മസ്ഥാനിൽ ദിശാസൂചകം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയില്‍ ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവും ഇതോടൊപ്പം വന്നു. മസ്ജിദിന് പുറത്ത് ഇത്തരമൊരു സ്ഥലം ഉള്ളതിനാൽ നടപടിയിൽ തെറ്റൊന്നുമില്ലെന്ന് ഹർജി തള്ളിക്കൊണ്ട് മജിസ്‌ട്രേറ്റ് പറഞ്ഞു.


ഇതുകൂടി വായിക്കൂ: വിധേയരെ സൃഷ്ടിക്കാനായുള്ള പുതിയ വിദ്യാഭ്യാസ നയം


1949ൽ രാമന്റെ ജന്മസ്ഥലമായി ബാബറി മസ്ജിദിനുള്ളിൽ വിഗ്രഹം സ്ഥാപിക്കുന്നതുവരെ ആരാധിച്ചിരുന്ന രാം ചബൂതര, പള്ളിയിൽ നിന്ന് നൂറടി അകലെയായിരുന്നു. ഉയര്‍ന്ന ഇരുമ്പഴികള്‍ തറയെ പള്ളി അങ്കണത്തില്‍ നിന്ന് വേർതിരിച്ചിരുന്നു. പുതിയ പാഠത്തിൽ, ബാബറി മസ്ജിദുമായി ബന്ധപ്പെട്ട കൂടുതല്‍ വസ്തുതകള്‍ ഇല്ലാതാക്കുന്നുണ്ട്. പഴയ പുസ്തകത്തിലെ ഗൃഹപാഠ വിഭാഗത്തിൽ “ബാബറി മസ്ജിദ് തകർക്കൽ” എന്നത് കാലക്രമത്തിൽ ക്രമീകരിക്കേണ്ട ആറ് രാഷ്ട്രീയ സംഭവങ്ങളിൽ ഒന്നായിരിക്കുന്നു. ബാബ്റി മസ്ജിദ് തകർത്ത സംഭവം ഒഴിവാക്കിയത് ചരിത്രത്തിനെതിരായ ആക്രമണമാണ്. രാഷ്ട്രത്തെ നടുക്കിയ തകർച്ചയെ പരാമർശിക്കാതെ സമകാലിക ഇന്ത്യയുടെ ഒരു ചരിത്രവും വിദ്യാഭ്യാസവും പൂർണമാകില്ല. ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയാമെന്ന 2019 നവംബറിലെ സുപ്രീം കോടതി വിധിയിലും 1992ൽ മസ്ജിദ് തകർത്തത് നിയമവിരുദ്ധമായ നടപടിയായി പരാമർശിച്ചിരുന്നു. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം അടിസ്ഥാന വസ്തുതകള്‍ മറക്കാൻ കാരണമാകരുത്. സുപ്രീം കോടതിയുടെ ഉത്തരവുണ്ടാകാം പക്ഷേ, മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിര്‍മ്മിച്ച ക്ഷേത്രത്തിന് ചരിത്രപരമായ അടിത്തറയില്ല. 1949 വരെ അത് ഹിന്ദു ബോധത്തിന്റെ ഭാഗമോ നിയമതർക്കമോ ആയിരുന്നുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.