ലോകത്തിലെ ഏറ്റവും വിഖ്യാതമായ പുസ്തകോസവങ്ങളിലൊന്നാണ് ഷാര്‍ജ പുസ്തകോത്സവം. കഴിഞ്ഞ നാലുപതിറ്റാണ്ടായി ഷാര്‍ജ്ജ അന്താരാഷ്ട പുസ്തകോത്സവത്തിന്റെ അമരക്കാരനായി നിലകൊള്ളുന്നത് ഒരു മലയാളിയാണ്, പി വി മോഹന്‍കുമാര്‍. കഴിഞ്ഞ നവംബര്‍ മൂന്ന് മുതല്‍ 13 വരെ വ്യത്യസ്തങ്ങളായ ദേശീയതകളുടെ അക്ഷരസംസ്കൃതി ഒരു പുഴപോലെ ഒഴുകി ഷാര്‍ജയില്‍ കടലായി സംഗമിച്ചപ്പോള്‍ ഈ അക്ഷരയാനത്തെ ദിശതെറ്റാതെ നയിച്ച കപ്പിത്താന്‍ പി വി മോഹന്‍കുമാറിന്റെ ജീവിതം മണലാരണ്യത്തില്‍ യശസുയര്‍ത്തിയ മലയാളിയുടെ വിജയഗാഥകളുടെ നക്ഷതത്തിളക്കമാണ്. ഷാര്‍ജ ബുക്ക് ‑ഫയര്‍ അതോറിറ്റി എക്സേറ്റണല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് അംഗമായ മോഹന്‍കുമാര്‍ ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ സംഘാടകസമിതിയില്‍ ഏക അറബിയല്ലാത്ത അംഗവുമാണ്. ഭരണവ്യവഹാരങ്ങളില്‍ പുലര്‍ത്തിയ മികവിന് ഷാര്‍ജഭരണകൂടം പുരസ്ക്കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് മോഹന്‍കുമാര്‍ ഷാര്‍ജയില്‍ എത്തുന്നത് . പയ്യന്നൂര്‍ ഗവണ്‍മെന്‍റ് കോളേജില്‍ അക്കൗണ്ടന്‍സി പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് യുഎഇയില്‍ ജോലിചെയ്യുന്ന അമ്മാവന്‍ ബാലകൃഷ്ണന്റെ ക്ഷണം എത്തുന്നത്. സിറിയക്കാരനായ അബ്ദുള്‍ സെയ്ദ്ദിന്റെ യുനെസ്കോ കണ്‍സ്ട്രക്ഷന്‍ കമ്പിനിയില്‍ അക്കൗണ്ട് അസിസ്റ്റന്റായാണ് മോഹന്‍കുമാര്‍ പ്രവാസജീവിതം തുടങ്ങുന്നത്.
മാറുന്ന കാലത്തിന്റെ പുതുസ്പന്ദനങ്ങള്‍ വിവേചിച്ച് അറിയാന്‍ കഴിഞ്ഞ ആളായിരുന്നു മോഹന്‍കുമാര്‍ ജോലിചെയ്തിരുന്ന യുനെസ്കോ കണ്‍സ്ടക്ഷന്‍ ഉടമ അബ്ദുള്‍ സെയ്ദ്. തായ് വാനില്‍ നിന്നും ഇറക്കുമതി ചെയ്ത കമ്പ്യൂട്ടറുമായി അദ്ദേഹം ഒരു കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. കണ്‍സ്ടക്ഷന്‍ കമ്പിനിയിലെ മോഹന്‍കുമാറിന്റെ പ്രവര്‍ത്തനപാടവത്തില്‍ ആകൃഷ്ടനായ അബ്ദുള്‍സെയിദ് പുതിയ കമ്പ്യൂട്ടര്‍ സ്ഥാപനത്തിന്റെ ചുമതലക്കാരനായി മോഹന്‍കുമാറിനെ നിയോഗിച്ചു. മാത്യു എന്നൊരു മലയാളി കൂടി ഈ സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. ഇരുവര്‍ക്കും അബ്ദുള്‍സെയ്ദ് ഇറാന്‍കാരനായ ഒരു കമ്പ്യൂട്ടര്‍ വിദഗ്ധനെ കൊണ്ട് വന്ന് പരിശീലനം നല്‍കി. യുനെസ്കോ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പലസ്ഥലങ്ങളിലേക്കും ഈമെയില്‍ അയക്കേണ്ടതുണ്ടായിരുന്നു. സെയിദ്ദ് നല്‍കിയ കാറ്റലോഗ് നോക്കി ഈമെയില്‍ അയക്കേണ്ടതിന്റെ ചുമതല മാത്യുവിനായിരുന്നു. പലസ്ഥലങ്ങളിലേക്കും മെയില്‍ അയച്ച കൂട്ടത്തില്‍ അശദ്ധമൂലം ഒരു ഈമെയില്‍ ഇസ്രായേയിലേക്ക് പോയി പാലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം അതിന്റെ ഉച്ചസ്ഥായില്‍ നില്‍ക്കുന്നകാലമായിരുന്നു അത് . സ്ഥാപനത്തിന് ഇസ്രായേല്‍ ബന്ധമുണ്ട് എന്ന തെറ്റിദ്ധാരണയില്‍ യുണൈറ്റഡ് കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി കടല്‍കടന്നെത്തിയ മോഹന്‍കുമാറിന് ജോലി ഇല്ലാതെയായി. പക്ഷെ കാലം മോഹന്‍കുമാറിനായി കരുതി വച്ചത് മറ്റൊരു നിയോഗമായിരുന്നു.
മലയാളിയായ മാധവേട്ടന്‍ നടത്തുന്ന ഒരു കഫ്റ്റീരിയായില്‍ ചായകുടിക്കാന്‍ നിത്യവും മോഹന്‍കുമാര്‍ പോകുമായിരുന്നു കര്‍മ്മോത്സുകതയും ലാളിത്യവുമുള്ള ഈ ചെറുപ്പക്കാരനെ മാധവേട്ടന് വലിയ ഇഷ്ടമായി. വര്‍ഷങ്ങളായി ഷാര്‍ജയില്‍ ജോലിചെയ്തിരുന്ന മാധവേട്ടന് വിപുലമായ സൗഹൃദവലയമുണ്ടായിരുന്നു ഈ ബന്ധങ്ങള്‍ വഴി ഷാര്‍ജയിലെ ടൂറിസം വകുപ്പില്‍ ഒരു ഒഴിവുണ്ടെന്ന് മാധവേട്ടന്‍ അറിഞ്ഞു. ഇക്കാര്യം മോഹന്‍കുമാറിനോട് പറയുകയും അവിടെ ജോലിക്കപേക്ഷിക്കാന്‍ ചട്ടം കെട്ടുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ജോലിയായതിനാല്‍ സ്വാഭാവികമായും അറബികളെ മാതമേ നിയോഗിക്കൂ എന്നതിനാല്‍ മോഹന്‍കുമാര്‍ ടൂറിസം വകുപ്പിലെ ജോലിക്ക് അപേക്ഷിച്ചില്ല. പക്ഷെ മാധവേട്ടന്റെ അതിരുകളില്ലാത്ത നിര്‍ബന്ധത്തിനുവഴങ്ങി മോഹന്‍കുമാര്‍ ടൂറിസം വകുപ്പില്‍ ജോലിക്ക് അപേക്ഷിച്ചു. ഷാര്‍ജ ടൂറിസം വകുപ്പിന്റെ മേധാവിയായ തോമസ് വാന്‍ ഫ്ളീറ്റാണ് മോഹന്‍കുമാറിനെ ഇന്‍റര്‍വ്യൂ ചെയ്തത്. ചോദ്യങ്ങള്‍ അധികം ഉണ്ടായിരുന്നില്ല സ്വന്തം കൈപ്പടയില്‍ ഒരു ബയോഡേറ്റ തയ്യാറാക്കാന്‍ പറഞ്ഞു ഇംഗ്ലീഷ് പത്രങ്ങള്‍ നിരന്തരം വായിച്ചതിനാലും ആംഗലേയഭാഷയില്‍ അക്കാലത്ത് തന്നെ സാമാന്യം അവഗാഹമുണ്ടായതിനാലും ബയോഡേറ്റ തയ്യാറാക്കല്‍ എളുപ്പമായിരുന്നു. ടെലക്സ് ഓപ്പറേറ്റ് ചെയ്യാന്‍ അറിയുമോ എന്നതായിരുന്നു മറ്റൊരു ചോദ്യം. യുനെസ്കോ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലി പരിചയം ഇക്കാര്യത്തിലും അദ്ദേഹത്തെ തുണച്ചു. ജോലിചെയ്ത ഹസ്വമായ സമയത്തിനുള്ളില്‍ ടെലക്സ് മാനേജ് ചെയ്യാന്‍ പഠിച്ചിരുന്നു. തുടര്‍ന്ന് എന്തെങ്കിലുമുണ്ടെങ്കില്‍ പിന്നീടറിയിക്കാം എന്ന് തോമസ് വാന്‍ഫ്ളീറ്റ് പറഞ്ഞു. മോഹന്‍കുമാര്‍ അക്കൗണ്ട് ജോലികളിലേക്ക് മടങ്ങി. കോണ്‍ടാക്ട് നമ്പരായി കൊടുത്തിരുന്നത് മാധവേട്ടന്റെ കടയിലേതായിരുന്നു. അവിടേക്ക് മോഹന്‍കുമാറിനെ അന്വേഷിച്ച് അടുത്ത ദിവസം തന്നെ ഫോണ്‍വിളി എത്തി. ഷാര്‍ജ കള്‍ച്ചറല്‍ ആന്‍ഡ് ടൂറിസം ഓഫീസിലെത്തിയ മോഹന്‍കുമാറിനെ കാത്തിരുന്നത് നിയമന ഉത്തരവായിരുന്നു, മോഹന്‍കുമാര്‍ ഷാര്‍ജ കള്‍ച്ചറല്‍ ആന്‍ഡ് ടൂറിസം വകുപ്പില്‍ ഉദ്യോഗസ്ഥനായി .മോഹന്‍കുമാറിന്റെ ജീവിതം അവിടം മുതല്‍ നിര്‍ണ്ണായമായ ഒരു വഴിത്തിരിവിലേക്ക് പ്രവേശിക്കുകയായിരുന്നു.
ടൂറിസം വകുപ്പിന്റെ ചുമതലക്കാരനായ തോമസ് വാന്‍ഫ്ളീറ്റും മോഹന്‍കുമാറും തമ്മില്‍ ആദ്യമാത്രയില്‍ തന്നെ നല്ല രസതന്ത്രം ഉടലെടുത്തിരുന്നു. വ്യത്യരിക്തമായ ആശയങ്ങളും സ്വപ്നങ്ങളുമുള്ള ഒരാളായിരുന്നു തോമസ് വാന്‍ ഫ്ളീറ്റ്. വാന്‍ഫ്ളീറ്റിന്റെ ആശയങ്ങളും മോഹന്‍കുമാറിന്റെ പ്രായോഗികശേഷിയും സമന്വയിച്ചപ്പോള്‍ ഷാര്‍ജയിലെ സാംസ്ക്കാരിക ടൂറിസം മേഖലയില്‍ പുത്തനുണര്‍വ്വിന്റെ ദൃശ്യങ്ങള്‍ തെളിഞ്ഞ് തുടങ്ങി.
ആദ്യഘട്ടത്തില്‍ ടൂറിസം പ്രമോഷനുമായി ബന്ധപ്പെട്ടകാര്യങ്ങളാണ് നിര്‍വ്വഹിച്ചത്. ഇക്കാലത്താണ് ഷാര്‍ജയില്‍ ആദ്യമായി പുസ്തകമേള ആരംഭിക്കുന്നത്. ഷാര്‍ജ ഭരണാധികാരികളുടെ സ്കൂള്‍കാല അധ്യാപകനും പാലസ്തീനിയുമായിരുന്ന മുഹമ്മദ് യാബിന്‍ മൂസയായിരുന്നു പുസ്തകമേളയുടെ ഡയറക്ടര്‍. ഷാര്‍ജ ഇസ്ലാമിക് ഫെയര്‍ എന്നായിരുന്നു ഷാര്‍ജ പുസ്തകോത്സവത്തിന്‍റെ ആദ്യകാല പേര്.
പുസ്തകോത്സവത്തിന്റെ നടത്തിപ്പുകാര്‍ മോഹന്‍കുമാര്‍ ജോലി ചെയ്തിരുന്ന ഷാര്‍ജ കള്‍ച്ചറല്‍ ആന്‍ഡ് ടൂറിസം വകുപ്പായിരുന്നു. അതുകൊണ്ട് തന്നെ നാലുദശകം പിന്നിട്ട വിഖ്യാതമായ ഷാര്‍ജ അന്താരാഷ്ട പുസ്തകോത്സവത്തിന്റെ പിറവി മുതല്‍ അതിന്റെ ഭാഗമാകുവാന്‍ മോഹന്‍കുമാറിന് കഴിഞ്ഞു.
പില്‍ക്കാലത്ത് സുഡാന്‍കാരനായ ഡോക്ടര്‍ യൂസിഫ് ഫയദാബി പുസ്തകമേളയുടെ ചുമതലക്കാരനായി. ആദ്യകാലത്ത് അറബ് രാഷ്ടങ്ങളിലെ പുസ്തകങ്ങള്‍ മാതമായിരുന്നു മേളയില്‍ ഉണ്ടായിരുന്നത്, വിദേശരാജ്യങ്ങളിലെ പുസ്തകങ്ങള്‍ പദര്‍ശിപ്പിച്ചിരുന്ന ഇന്‍റര്‍നാഷണല്‍ സെക്ഷന്‍റെ ചുമതലയായിരുന്നു ആദ്യഘട്ടത്തില്‍ മോഹന്‍കുമാറിന്. മോഹന്‍കുമാറിനോടൊപ്പം ജോലി ചെയ്തിരുന്ന അറബിയായ അഹമ്മദ് ബുക്ക് ഫെയര്‍ അതോറിറ്റിയുടെ ചെയര്‍മാനായി വരുന്നതോടെയാണ് ഷാര്‍ജ പുസ്തകോത്സവം പ്രശസ്തമാകുന്നത്. ഷാര്‍ജ പുസ്തകോത്സവത്തിന് അന്താരാഷ്ട മാനം നല്‍കുക, ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലുള്ള ഷാര്‍ജയില്‍ ഇന്ത്യന്‍ പുസ്തകങ്ങളുടെ പവലിയനൊരുക്കുക തുടങ്ങിയ മോഹന്‍കുമാറിന്റെ നിര്‍ദ്ദേശങ്ങള്‍ ഷാര്‍ജബുക്ക് അതോറിറ്റി സ്വീകരിച്ചു പിന്നീടുള്ളത് ചരിത്രം. ലോകത്തെ ഏറ്റവും വലിയ പുസ്തകോത്സവമായി ഷാര്‍ജ അന്താരാഷ്ട പുസ്തകോത്സവം മാറി.
എപിജെ അബ്ദുല്‍കലാമിനെയും ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മവതി നേയും ഒരേ വേദിയിലെത്തിക്കുക എന്നത് മോഹന്‍കുമാറിന്റെ ഒരു സ്വപ്നമായിരുന്നു 2012 ലാണ് ഈ സ്വപ്നം സാഫല്യത്തിലെത്തിയത്. ഇരുവര്‍ക്കും സമാനമായ ചിലഗുണങ്ങളുണ്ടെന്ന് മോഹന്‍കുമാര്‍ നിരീക്ഷിക്കുന്നു. അറിവിനേയും കുട്ടികളേയും അകമഴിഞ്ഞ് സ്നേഹിക്കുന്ന, സ്വാര്‍ത്ഥത അല്പം പോലും തൊട്ടുതീണ്ടിയിട്ടില്ലാത്ത നിഷ്കളങ്കരാണ് ഈ രണ്ട് വ്യക്തിത്വങ്ങളും. രണ്ടുപേരും നല്ല ഭരണാധികാരികളും അതിലുപരി എഴുത്തുകാരുമാണ്. ഔദ്യോഗികമായ നടപടി ക്രമങ്ങളിലൂടെയാണ് ഷാര്‍ജപുസ്തകോത്സവത്തിന്റെ ഉദ്ഘാടകനായി എപിജെ അബ്ദുള്‍കലാം എത്തിയത്. ഉദ്ഘാടനത്തിനുശേഷം പതിനഞ്ച് മിനിട്ട് ഷാര്‍ജ ഭരണാധികാരിയും എപിജെ അബ്ദുള്‍കലാമുമായി കൂടിക്കാഴ്ച നിശ്ചയിക്കപ്പെട്ടു.
കേവലം പതിനഞ്ച് മിനിട്ട് മാതം നിശ്ചയിച്ചിരുന്ന ഷാര്‍ജ ഭരണാധികാരിയും എപിജെ യും തമ്മിലുള്ള ഈ സൗഹൃദവിരുന്ന് മണിക്കൂറുകളോളം നീണ്ടു. ബിട്ടീഷ് കൊളോണിയല്‍ ചരിത്രത്തിന്റെ അപനിര്‍മ്മിതിയെക്കുറിച്ചുള്ള അബ്ദുള്‍കലാമിന്റെ സ്വകീയ വീക്ഷണങ്ങളും ഇന്‍ഡോ-അറബ് ബന്ധത്തിലുള്ള ആഴത്തിലുള്ള സംവാദവും കൊണ്ട് സമയവും കടന്നുപോയത് ഇരുവരും അറിഞ്ഞില്ല. ഈ രണ്ടുപേരെയും ഒരുമിപ്പിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ അവിസ്മരണീയമായ ധന്യനിമിഷമാണെന്ന് മോഹന്‍കുമാര്‍ അടിവരയിടുന്നു.
ഷാര്‍ജ ഭരണാധികാരിയുടെ കേരളസന്ദര്‍ശനത്തിന് വഴിയൊരുക്കുന്നതും ഈ സന്ദര്‍ശനത്തിലൂടെ തടവില്‍ കഴിഞ്ഞിരുന്ന189 ഓളം മലയാളികള്‍ക്ക് ജീവിതത്തിന്റെ പകല്‍വെളിച്ചം തുറന്നുകിട്ടാന്‍ നിയോഗമായതും മോഹന്‍കുമാറാണ്. ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനം ഇന്‍ഡ്യയും യുഎഇയും തമ്മിലുള്ള ഊഷ്മളബന്ധത്തിന്റെ ഊടും പാവുമായി മാറി.
ഷാര്‍ജ ഭരണാധികാരിയുടെ കേരളസന്ദര്‍ശനത്തിന് നിരവധി കടമ്പകള്‍ മോഹന്‍കുമാറിന് കടക്കേണ്ടതായിവന്നു. താന്‍ പഠിച്ച കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഷാര്‍ജ ഭരണാധികാരിയ്ക്ക് ഒരു ആദരവ് നല്‍കുക എന്നത് മോഹന്‍കുമാറിന്റെ വലിയൊരു സ്വപ്നമായിരുന്നു. പതിനേഴോളം ഡോക്ടറേറ്റുകള്‍ വ്യത്യസ്ത രാഷ്ടങ്ങളില്‍ നിന്നും ഷാര്‍ജ ഭരണാധികാരിയ്ക്ക് കിട്ടിയിട്ടുണ്ട്. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും ഷാര്‍ജ്ജ ഭരണാധികാരിയ്ക്ക് ആദരവായി ഡോക്ടറേറ്റ് നല്‍കുവാനുള്ള നടപടി ക്രമങ്ങളില്‍ മോഹന്‍കുമാര്‍ ഏര്‍പ്പെട്ടു പക്ഷെ അതത്ര എളുപ്പമായിരുന്നില്ല. വിദേശരാഷ്ട്രങ്ങളിലുള്ളവര്‍ക്ക് സാധാരണഗതിയില്‍ കോഴിക്കോട് സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കാറില്ലായിരുന്നു.
ഷാര്‍ജ്ജ പുസ്തകോത്സവത്തിന്റെ പ്രഭാഷകനായി എത്തിയ അന്നത്തെ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോക്ടര്‍ സലാമിന് ഷാര്‍ജ ഭരണാധികാരിയുടെ ബഹുമുഖപ്രതിഭയും അറിവിന്റെ ഗരിമെയെയും വെളിവാക്കുന്ന ഒരു ലേഖനമെഴുതി മോഹന്‍കുമാര്‍ നല്‍കി. അറുപതോളം പുസ്തകങ്ങളുടെ രചയിതാവാണ് ഷാര്‍ജ ഭരണാധികാരി. അല്‍ഖാസിമി എന്ന പബ്ളിക്കേഷന്‍ അദ്ദേഹത്തിന് സ്വന്തമായി ഉണ്ട്. ലോകത്ത് ഒരു പക്ഷെ ആദ്യമായിട്ടായിരിക്കാം ഒരു ഭരണാധികാരിക്ക് സ്വന്തമായി ഒരു പബ്ലിഷിംഗ് ഹൗസ് ഉണ്ടാവുക എന്നത്. നയതന്ത്രവിനിമയത്തിലൂടെ മാത്രമേ ഷാര്‍ജ ഭരണാധികാരിയെ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഷാര്‍ജ ഭരണാധികാരിയെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തിന് അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയെ കണ്ടെങ്കിലും നടന്നില്ല. സരിത വിവാദം കേരളരാഷ്ടീയത്തെ കലുഷിതമാക്കിയ നാളുകളായിരുന്നു അത് തന്റെ സ്വപ്നം പാതിവഴിയില്‍ നിലച്ചുപോകുമെന്ന് മോഹന്‍കുമാറിന് തോന്നി.
തുടര്‍ന്ന് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ യുഎഇയില്‍ സന്ദര്‍ശനത്തിനെത്തിയതോടെയാണ് മോഹന്‍കുമാറിന്റെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകുമുളച്ചത്. ഷാര്‍ജഭരണാധികാരിയുടെ സന്ദര്‍ശനം നയതന്ത്ര ചുവപ്പുനാടയില്‍ കുരുങ്ങിയ വിവരം പിണറായി വിജയന്‍ ഇതിനകം അറിഞ്ഞിരുന്നു .
കേരളത്തിലേക്ക് മടങ്ങിയെത്തിയ മുഖ്യമന്ത്രി ഷാര്‍ജഭരണകൂടം തനിക്ക് നല്‍കിയ ഊഷ്മളമായ വരവേല്‍പ്പ് മലയാളികളോടുളള ഷാര്‍ജഭരണാധികാരിയുടെ അതിരറ്റ സ്നേഹവായ്പിന്റെ പ്രതിഫലമാണെന്ന് പറഞ്ഞു . സാങ്കേതിക തടസങ്ങളെല്ലാം നീങ്ങി ഷാര്‍ജ ഭരണാധിപന്‍ കേരളത്തിലെത്തി കാലിക്കറ്റ് സര്‍വ്വകാലാശാലയുടെ ഡോക്ടറേറ്റ് ഏറ്റുവാങ്ങി. ഈ ചടങ്ങില്‍ യുഎഇയില്‍ നഷ്ടപരിഹാരമായി വന്‍തുകകള്‍ നല്‍കാന്‍ കഴിയാതിരുന്ന 189 ഓളം തടവുകാരുടെ ദുരിതപര്‍വ്വം മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തി. ഉടന്‍ ഷെയ്ക്ക് സുല്‍ത്താന്‍ ഈ പണം അടച്ച് തടവുകാരെ വിമോചിക്കാനുളള ഉത്തരവിറക്കി. ഷാര്‍ജ ഭരണാധികാരിയുടെ കേരളസന്ദര്‍ശനം നിരവധി മലയാളികള്‍ക്ക് പുനര്‍ജനിയുമായി.
പിന്നീട് ഫ്രാങ്ക് ഫര്‍ട്ടിലെ പുസ്തകമേളയില്‍ കണ്ടപ്പോള്‍ കേരളസന്ദര്‍ശനത്തിന്റെ അനുഭവത്തെക്കുറിച്ചുളള മോഹന്‍കുമാറിന്റെ ആരായലിന് ഷേയ്ക്ക് സുല്‍ത്താന്‍ നല്‍കിയ മറുപടി കേരളത്തിന്റെ മതനിരപേക്ഷ സംസ്കൃതിയുടെ സുവര്‍ണ്ണ ശോഭയാണ്. അദ്ദേഹം പറഞ്ഞു;
”വിമാനത്താവളത്തില്‍ എന്നെ സ്വീകരിക്കാന്‍നെത്തിയവരില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ എനിക്ക് ഓണററി ബിരുദം നല്‍കുന്ന ചടങ്ങില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. രാജ് ഭവനില്‍ എനിക്കൊരുക്കിയ കലാപരിപാടികളില്‍ എല്ലാമതവിഭാഗത്തിന്റെയും കലാപരിപാടികള്‍ ഉണ്ടായിരുന്നു. ലോകത്ത് മറ്റൊരിടത്തും ഇത്തരമൊരു മതമൈത്രിയുടെ കാഴ്ചകാണാന്‍ കഴിയില്ല.”
ഉന്നതമായ അധികാരശ്രേണിയില്‍ വിരാജിക്കുമ്പോഴും വള്ളുവനാടിന്റെ ഗ്രാമനന്മയും ലാളിത്യവും ഈ മനുഷ്യന് കൈമോശം വന്നിട്ടില്ല. അതുകൊണ്ട് തന്നെ മലയാളികള്‍ക്കുള്‍പ്പെടെ എല്ലാവരുടേയും ഹൃദയബന്ധുവാണ് മോഹന്‍കുമാര്‍. ദുര്‍ഘടമായ പ്രതിസന്ധിയില്‍ പെട്ടുഴലുമ്പോള്‍ അവര്‍ ഏത് രാഷ്ട്രങ്ങളിലോ വംശത്തിലോ ഉള്‍പ്പെടുന്നവരാകട്ടെ അവര്‍ക്ക് സഹായ ഹസ്തവുമായി മോഹന്‍കുമാര്‍ ഉണ്ടാകും. കര്‍ണ്ണാടക സംഗീതത്തില്‍ ആഴത്തില്‍ അവഗാഹമുള്ള മോഹന്‍കുമാര്‍ സഹജാതരുടെ ജീവിതത്തേയും സംഗീതമാക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഗീതയും നിര്‍മ്മലരായ സ്നേഹം കൊണ്ട് പ്രവാസി മലയാളികളുടെ ഹൃദയത്തില്‍ കുടിയേറിയ വ്യക്തിത്വമാണ്. ഏക മകളായ അശ്വതി വിവാഹം കഴിച്ചത് എയര്‍ഫോഴ്സില്‍ വിങ് കമാന്‍ണ്ടറായ ജയരാജിനെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.