30 May 2024, Thursday

സാംസ്കാരിക കൈരളിയുടെ അനർഘ നിധി

അഡ്വ. രാജേഷ് തമ്പാൻ 
April 10, 2024 4:45 am

രിങ്ങാലക്കുടയിലെ ഒരു മധ്യവർഗ കുടുംബമായ കിഴക്കേവളപ്പിൽ തറവാട്ടിൽ പിറന്ന രാമനാഥൻ എന്ന കെ വി രാമനാഥൻ കൗമാരകാലത്തുതന്നെ ലോകസാഹിത്യത്തിലെയും മലയാളത്തിലെയും പ്രശസ്തമായ ഒട്ടുമിക്ക രചനകളും വായിക്കുകയും സ്വാഭാവികമായും മനുഷ്യസ്നേഹത്തിലും സമഭാവനയിലും സമത്വത്തിലും അധിഷ്ഠിതമായ കമ്മ്യൂണിസ്റ്റ് ആശയത്തിലേക്ക് ആകൃഷ്ടനാകുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് നേതാക്കളായ സി അച്യുതമേനോൻ, കെ വി കെ വാരിയർ, വി ശങ്കരൻകുട്ടി മേനോൻ, കുട്ടംകുളം സമരസഖാക്കളായ കെ വി ഉണ്ണി, പി കെ കുമാരൻ, പി സി കുറുമ്പ, പി കെ ചാത്തൻ മാസ്റ്റർ തുടങ്ങി അക്കാലത്ത് ത്യാഗപൂർണമായ പ്രവർത്തനം നടത്തിയവർ രാമനാഥൻ മാഷെ സിപിഐയിലേക്ക് ആകർഷിച്ചു. സിപിഐ മണ്ഡലം നേതൃത്വത്തിലുണ്ടായിരുന്ന ടി എൻ നമ്പൂതിരി, പി കുമാരൻ, കെ ശ്രീകുമാർ എന്നിവരും പാർട്ടിയുടെ ഇരിങ്ങാലക്കുട പട്ടണത്തിലെ ശക്തിസ്രോതസുകളായി വർത്തിച്ച അഡ്വ. കെ ആർ തമ്പാൻ, അഡ്വ. സി കെ രാജൻ, പ്രഫ. മീനാക്ഷി തമ്പാൻ എന്നിവരുമായും വി രാധാകൃഷ്ണൻ, ഇ ബാലഗംഗാധരൻ, പി എൽ അനന്തൻ, എം ആർ വാരിയർ, കെ ജി ഗണപതി, എൻ പി ആരോമലുണ്ണി, പായ്ക്കാട്ട് ശ്രീധരൻ നമ്പൂതിരി, ഒ എം പൊതുവാൾ, എൻ രാധാകൃഷ്ണൻ തുടങ്ങി വലിയൊരു നിര കമ്മ്യൂണിസ്റ്റ് പ്രവർത്തകരുമായി അദ്ദേഹം ഹൃദയബന്ധം സൂക്ഷിച്ചിരുന്നു.


ഇതുകൂടി വായിക്കൂ: സാധാരണക്കാരുടെ സംഘനൃത്ത അധ്യാപകൻ


ഇരിങ്ങാലക്കുട നാഷണൽ ഹൈസ്കൂളിൽ മലയാളം അധ്യാപകനായി പ്രവർത്തിച്ച മൂന്നരപ്പതിറ്റാണ്ടുകാലം ഈ നാടിനെ സംസ്ഥാനത്തും രാജ്യത്താകെയും മാത്രമല്ല വിശ്വപ്രസിദ്ധമാക്കുന്നതിനുപോലും കാരണമായി. ശിഷ്യരുടെ അഭിരുചികൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് ശരിയായ പാതയിലേക്ക് തിരിച്ചുവിടുക എന്ന അധ്യാപകധർമ്മം അദ്ദേഹം കൃത്യമായി നിറവേറ്റി. മലയാളത്തിന്റ ഭാവഗായകനായ പി ജയചന്ദ്രൻ, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്‍ അധ്യക്ഷനായിരുന്ന പത്മഭൂഷൺ കെ രാധാകൃഷ്ണൻ, നടൻ ഇന്നസെന്റ്, ക്യാൻസർ ചികിത്സാരംഗത്തെ പ്രമുഖനായ ഡോ. വി പി ഗംഗാധരൻ ഉൾപ്പടെ അനേകം മഹാരഥന്മാർ മാഷുടെ ശിഷ്യരായിരുന്നു.


ഇതുകൂടി വായിക്കൂ: പാടാനിവിടെ കരുതിയ ഗാനം


അത്ഭുത വാനരന്മാർ ഉൾപ്പെടെ അനവധി മികച്ച ബാലസാഹിത്യരചനകളാൽ കുട്ടികളുടെ ഇഷ്ടകഥാകൃത്തായി പതിറ്റാണ്ടുകൾ ബാലമനസുകളിൽ അദ്ദേഹം വിരാജിച്ചു. കർമ്മകാണ്ഡം ഉൾപ്പടെ കാമ്പുറ്റ കഥകളും പ്രവാഹങ്ങൾ പോലുള്ള നോവലുകളും ഒന്നാന്തരം ലേഖനങ്ങളും രാമനാഥൻ മാഷുടെ സംഭാവനയായി മലയാള സാഹിത്യത്തിന് ലഭ്യമായിട്ടുണ്ട്. പ്രസിദ്ധീകൃതമായത് കുറവാണെങ്കിലും ആലാപനയോഗ്യമായ കവിതകളും ഗാനങ്ങളും ധാരാളമായി എഴുതിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലങ്ങളിൽ ആവേശമുണർത്തുന്ന വിപ്ലവഗാനങ്ങൾ രചിക്കുക മാത്രമല്ല അവ പാടി റെക്കോർഡ് ചെയ്ത് നൽകുകയും പതിവായിരുന്നു.
യുവകലാസാഹിതിയും മറ്റ് സാംസ്കാരികസംഘടനകളും പുരസ്കാരങ്ങൾക്കൊപ്പം നൽകുന്ന കീർത്തിപത്രങ്ങളിൽ മാഷുടെ ചൈതന്യവത്തായതും കവിത തുളുമ്പുന്നതുമായ വരികളാണ് ഉണ്ടാകുക പതിവ്. അനവധി പുരസ്കാര ജേതാക്കൾ അനർഘ സമ്മാനമായി അവ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്. എക്കാലവും സിപിഐക്കൊപ്പം ഉറച്ചുനിന്ന രാമനാഥൻ മാഷ് യുവകലാസാഹിതിയുടെ പ്രാരംഭഘട്ടം മുതൽ നേതൃനിരയിൽ ഉണ്ടായിരുന്നു. ദീർഘകാലം സംസ്ഥാന വൈസ് പ്രസിഡണ്ടായും വിയോഗമുണ്ടാകുംവരെ രക്ഷാധികാരിയായും പ്രവർത്തിച്ചു. കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരമുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: സംഗീത കലയിലെ പൊന്നമ്മ


രാമനാഥൻ മാഷും സഹധർമ്മിണി രാധ ടീച്ചറും മക്കളായ രേണു, ഇന്ദുകല എന്നിവരുമടങ്ങിയ കുടുംബം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും സമ്മേളന സദസുകളിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. ഇരിങ്ങാലക്കുടയിലെ ശതോത്തര രജത ജൂബിലി കഴിഞ്ഞ മഹാത്മാഗാന്ധി ലൈബ്രറി ആന്റ് റീഡിങ് റൂമിന്റെ സാരഥ്യവും പതിറ്റാണ്ടുകൾ മാഷ് വഹിച്ചിട്ടുണ്ട്. സൗമ്യവും ആകർഷകവുമായ പെരുമാറ്റവും നിറഞ്ഞ ചിരി വിടരുമായിരുന്ന മുഖവും സരസവും അനർഗളവുമായിരുന്ന സംസാരവും ഓർമ്മയാക്കി പാലസ് റോഡിലെ ‘പൗർണമി‘യിലെ ആ നിലാവെളിച്ചം പോയ് മറഞ്ഞിട്ട് ഏപ്രിൽ 10ന് ഒരു വർഷമാകുന്നു. ഓർമ്മകൾക്കു മുമ്പിൽ ബാഷ്പാഞ്ജലി അർപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.