22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

വംശഹത്യയുടെ ഒരു വര്‍ഷം

Janayugom Webdesk
ഗാസ സിറ്റി
October 6, 2024 10:05 pm

സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരുടെ ജീവനെടുക്കുകയും ലക്ഷക്കണക്കിന് കുടുംബങ്ങളെ അഭയാര്‍ത്ഥികളാക്കുകയും ചെയ്ത ഗാസ യുദ്ധത്തിന് ഇന്ന് ഒരു വര്‍ഷം. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് പലസ്തീന്‍ സംഘടനയായ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ മറപിടിച്ചായിരുന്നു കാലങ്ങളായി തുടരുന്ന അധിനിവേശവും അടിച്ചമര്‍ത്തലും ഇസ്രയേല്‍ ശക്തമാക്കിയത്. ആര്‍ക്കും തൊടാന്‍ കഴിയില്ലെന്ന ഇസ്രയേലിന്റെ സുരക്ഷിത ബോധത്തെ പാടെ തകര്‍ത്തുകൊണ്ടായിരുന്നു ഹമാസിന്റെ ആക്രമണം. അധിനിവേശം നടത്തിയവര്‍ക്കെതിരെയുള്ള ആക്രമണം എന്ന വിശേഷണത്തോടെ ആയിരുന്നു ഇസ്രയേലിനെതിരെ ഹമാസ് ഓപ്പറേഷന്‍ അല്‍ അഖ്സ ഫ്ലെഡ് പ്രഖ്യാപിച്ചത്. 

1,200 ഓളം പേരാണ് അന്ന് കൊല്ലപ്പെട്ടത്. സാധാരണക്കാരുള്‍പ്പെടെ 250ലധികം പേരെ ഹമാസ് ബന്ദികളാക്കി. ഓപ്പറേഷന്‍ അല്‍ അഖ്സ ഫ്ലെഡിനെ അവസാനത്തെ പോരാട്ടം എന്ന നിലയിയിലാണ് പലസ്തീൻ പക്ഷം പരിഗണിച്ചത്. 

എന്നാല്‍, ഗാസയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ആക്രമണങ്ങള്‍ക്കാണ് ലോകം പിന്നീട് സാക്ഷ്യം വഹിച്ചത്. ഗാസ മുനമ്പ് പൂര്‍ണമായും ഉപരോധിച്ചുകൊണ്ടുള്ള ഇസ്രയേലിന്റെ ആക്രമണം 40,000ലധികം പലസ്തീനികളെ കൊന്നൊടുക്കി. 96,000 പേർക്ക് പരിക്കേൽക്കുകയും ഏകദേശം 19 ലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. 24 ലക്ഷം വരുന്ന ഗാസയിലെ മിക്കവാറും എല്ലാ ജനങ്ങളും പലായനം ചെയ്യപ്പെട്ടതായി യുഎൻ കണക്കാക്കുന്നു. മുനമ്പിലെ ഭൂപ്രദേശങ്ങളില്‍ ഭൂരിഭാഗവും അവശിഷ്ടങ്ങളായി മാറി. ഹമാസിന് ആയുധങ്ങൾ ലഭിക്കാതിരിക്കാൻ ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ആളുകൾക്ക് അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണവും വെള്ളവും പോലും ലഭിക്കാത്ത അവസ്ഥ സൃഷ്ടിച്ചു. പട്ടിണിയെ ഇസ്രയേൽ ഒരു യുദ്ധായുധമായി ഉപയോഗിക്കുന്നുണ്ടെന്ന് യുഎൻ ചൂണ്ടിക്കാട്ടിയിരുന്നു.

സമാനതകളില്ലാത്ത ക്രൂരതകള്‍ നടത്തിയിട്ടും ധാര്‍മ്മിക യുദ്ധം നടത്തുകയാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാദം. ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് ന്യായീകരിച്ച് വംശഹത്യക്ക് യുഎസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളും പിന്തുണച്ചു. മറുവശത്ത്, ഹിസ്ബുള്ളയും ഹൂതികളുമുള്‍പ്പെടെ ഹമാസിനൊപ്പം ചേര്‍ന്നു. ഗാസയെ മനുഷ്യാവാസ യോഗ്യമല്ലാത്ത രീതിയില്‍, തരിശുനിലമായി അവശേഷിപ്പിക്കുകയായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം. വംശഹത്യ അതിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥയിലെത്തിയപ്പോള്‍ വെടിനിര്‍ത്തലിനായുള്ള ശ്രമങ്ങള്‍ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലുണ്ടായി. എന്നാല്‍ സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രമെന്ന വ്യവസ്ഥ അംഗീകരിക്കാതെ വെടിനിര്‍ത്തലില്‍ നിന്നോ പോരാട്ടങ്ങളില്‍ നിന്നോ പിന്മാറില്ലെന്ന്
ഹമാസ് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. അത് അംഗീകരിക്കില്ലെന്ന് നെതന്യാഹുവും. 

അമേരിക്കയുടെ ദൃഢമായ പിന്തുണ ഉണ്ടായിരുന്നിട്ടും, പലസ്തീന്‍ ജനതയ്ക്കെതിരായ ആക്രമണം ഇസ്രയേലിനെ ഒറ്റപ്പെടുത്തി. ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ചെങ്കടലില്‍ ഹൂതി വിമതര്‍ നടത്തിയ ആക്രമണം ചരക്കുഗതാഗത്തെ സാരമായി ബാധിച്ചു. ചെങ്കടല്‍ ഗതാഗതം സ്തംഭിച്ചതോടെ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം ശക്തമായി. ഗാസയ്‌ക്കെതിരായ യുദ്ധത്തിന്റെ അധാർമികതയെക്കുറിച്ചും പ്രാദേശിക സ്ഥിരതയ്‌ക്കുള്ള അപകടങ്ങളെക്കുറിച്ചും ലോക രാജ്യങ്ങള്‍ ആശങ്കയുയര്‍ത്തി. യുഎസ് പ്രസിഡന്റ് ജോ ബെെഡനും രാജ്യത്തിനകത്തും പുറത്തും സമ്മര്‍ദമേറി. എന്നാല്‍ ബെെഡന്റെ വാക്കുകള്‍ക്കും ശ്രമങ്ങള്‍ക്കും വിലകല്പിക്കുന്ന രീതിയില്‍ നിന്ന് നെതന്യാഹു ബഹുദൂരം മുന്നോട്ടുപോയിരുന്നു. ബെെഡന്‍ മുന്നോട്ടുവച്ച സമാധാനകരാര്‍ നെതന്യാഹു തള്ളി. വെടിനിര്‍ത്തല്‍ കരാര്‍ വെെകിപ്പിക്കുന്നതില്‍ നെതന്യാഹുവിനോടുള്ള നീരസം ബെെ‍‍ഡന്‍ പലഅവസരങ്ങളിലും പരസ്യമായി പ്രകടിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ യുഎന്നില്‍ അവതരിപ്പിക്കപ്പെട്ട എല്ലാ പ്രമേയങ്ങളും വീറ്റോ ചെയ്തതോടെ ഗാസ നയത്തില്‍ യുഎസ് സ്വീകരിക്കുന്ന ഇരട്ടത്താപ്പ് വിമര്‍ശിക്കപ്പെട്ടു. യുദ്ധം അവസാനിപ്പിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ബെെഡന്റെ മോഹങ്ങള്‍ക്കാണ് നെതന്യാഹു തിരിച്ചടി നല്‍കിയത്.

വെടിനിര്‍ത്തല്‍ സാധ്യമായാല്‍ പോലും ഗാസയോ പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളോ പഴയപടിയാവില്ല. ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനു തന്നെ വര്‍ഷങ്ങളെടുക്കും. ആക്രമണവും പ്രത്യാക്രമണങ്ങളുമായി പശ്ചിമേഷ്യ ഇനിയങ്ങോട്ടും കലുഷിതമായിരിക്കും. സ്വന്തം മണ്ണില്‍ സമാധാനമായി ജീവിക്കാനുള്ള പലസ്തീനികളുടെ അവകാശം അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടേയിരിക്കും.…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.