11 May 2024, Saturday

സാധാരണക്കാരന് വീണ്ടും അധിക ബാധ്യത

Janayugom Webdesk
March 2, 2023 5:00 am

മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെ കാത്തിരിക്കുകയായിരുന്നു. വോട്ടെടുപ്പ് നടക്കുകയും അഭിപ്രായ സർവേ ഫലത്തിൽ തങ്ങൾക്കുതന്നെയാണ് മുൻതൂക്കമെന്ന് മനസിലാക്കുകയും ചെയ്തതിന്റെ തൊട്ടടുത്ത ദിവസംതന്നെ സാധാരണക്കാരുടെ ബജറ്റ് താളം തെറ്റിക്കുന്ന വിധത്തിൽ പാചകവാതക വിലയിൽ വർധന വരുത്തിയിരിക്കുന്നു. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ സിലിണ്ടറിന് 1110 രൂപയായി. മുൻപ്, 1,060 രൂപയായിരുന്നു. ഉടൻ പ്രാബല്യത്തിലാകുന്ന വിധത്തിലാണ് വില വർധന പ്രഖ്യാപിച്ചത് എന്നതിനാൽ ഇന്നലെ മുതൽതന്നെ നിലവിൽ വന്നു. വാണിജ്യ സിലിണ്ടറിന് 351 രൂപയുടെ വർധനയാണ് വരുത്തിയിരിക്കുന്നത്. 1,773 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന്റെ വില 2,124 രൂപയായി. ഡൽഹിയിൽ ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില 1,053ൽ നിന്ന് 1103 രൂപയും വാണിജ്യ പാചകവാതകത്തിന്റെ വില 1769ൽ നിന്ന് 2,119.50 രൂപയുമായി ഉയർന്നു. മുംബൈയിൽ ഇത് യഥാക്രമം 1,052, 2071.50 രൂപയാണ്. കൊൽക്കത്തയിൽ 1,079, 2219.50 ചെന്നൈയിൽ 1,068.50, 2,267.50 രൂപ എന്നീ നിരക്കിലാണ് വില. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇതിന് മുമ്പ് ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് വില വർധിപ്പിച്ചത്. എല്ലാ മാസവും ആദ്യദിനത്തിലാണ് പാചക വാതക സിലിണ്ടറുകളുടെ വില പരിഷ്കരിക്കാറുളളത് എന്നതുകൊണ്ട് ഈ വർധനയെ സ്വാഭാവികമെന്ന നിലയിലാണ് കേന്ദ്ര സർക്കാർ സമീപിക്കുന്നത്.
പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടുന്നത് പാവപ്പെട്ടവർക്ക് കക്കൂസ് പണിതു നല്കുന്നതിനാണ് എന്ന് അവകാശപ്പെടുന്നവരാണ് ജനങ്ങൾ പ്രതിഷേധിക്കുമ്പോൾ അത് കമ്പനികളാണ് ചെയ്യുന്നതെന്ന് പറഞ്ഞ് കയ്യൊഴിയുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി മാസം ആദ്യ ദിവസം വില കൂട്ടുന്ന നടപടി ഉണ്ടായില്ലെന്നതിൽ നിന്നാണ് ഇന്ധനക്കമ്പനികളും സർക്കാരും തമ്മിലുള്ള പരസ്പര ധാരണ പുറത്തുവരുന്നത്.


ഇതുകൂടി വായിക്കൂ:  ഇന്ധനവിലക്കയറ്റ ഭീതിയില്‍ ജനങ്ങള്‍


തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന ഘട്ടങ്ങളിൽ വില കൂട്ടുന്നത് താല്ക്കാലികമായി മാറ്റി വയ്ക്കുകയും വോട്ടെടുപ്പ് നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് കൂട്ടുകയും ചെയ്യുന്ന രീതി നേരത്തെയും പല തവണയുണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ സ്ഥിതി പരിശോധിച്ചാൽതന്നെ ഇക്കാര്യം വ്യക്തമാകും. 2022ൽ ആദ്യമാസങ്ങളിൽ ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്നതുവരെ പെട്രോൾ, ഡീസൽ എന്നിവയ്ക്കോ പാചക വാതകത്തിനോ കുറച്ചുമാസങ്ങൾ വിലക്കയറ്റമുണ്ടായിരുന്നില്ല. മാർച്ച് ആദ്യം തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ഉടൻ വില വർധന പ്രഖ്യാപിച്ചു. അത് ജൂലൈവരെ തുടർന്നു. പിന്നീട് നവംബർ, ഡിസംബർ മാസങ്ങളിൽ ഹിമാചൽ പ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ത്രിപുര, മേഘാലയ, നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പുകളും. അതുകൊണ്ട് വർധന വേണ്ടെന്നു വയ്ക്കാൻ കമ്പനികൾ സന്നദ്ധമായി. മേയ് മാസത്തിൽ കർണാടകയിൽ തെരഞ്ഞെടുപ്പാണ്. അതുകൊണ്ട് ഇപ്പോൾ വില വർധിപ്പിക്കുന്നില്ലെങ്കിൽ കുറച്ചു മാസങ്ങൾ കൂടി സാധിക്കില്ല. അതുകൊണ്ടാണ് ഈ വർധന. ഇനി മേയ് മാസം കഴിഞ്ഞേ വർധന പ്രതീക്ഷിക്കേണ്ടതുള്ളൂ. നവംബർ, ഡിസംബർ മാസങ്ങളിലും വിവിധ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുണ്ട് എന്നതിനാൽ മേയ് മാസത്തിനുശേഷം ഉണ്ടാകുന്ന വർധനയുടെ കാഠിന്യം അല്പം കൂടുതലായിരിക്കുമെന്ന് മാത്രം. കമ്പനികളാണ് വില കൂട്ടുന്നതെന്ന കേന്ദ്രത്തിന്റെ അവകാശവാദം പൊളിയുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്.


ഇതുകൂടി വായിക്കൂ: പാചക വാതക സബ്സിഡി; കേന്ദ്രം കൊള്ളയടിച്ചത് 20, 000 കോടി


എന്നുമാത്രമല്ല നേരത്തെ പാചകവാതക സിലിണ്ടറുകൾക്ക് സബ്സിഡി നല്കി വന്നിരുന്നുവെങ്കിലും ഇപ്പോൾ അതും അവസാനിപ്പിച്ചിരിക്കുകയാണ്. ആദ്യം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് സബ്സിഡി നല്കുമെന്ന് പറഞ്ഞ് കുറച്ചുകാലം അത് നടപ്പിലാക്കിയെങ്കിലും ഇപ്പോൾ സാധാരണക്കാർക്കുപോലും സബ്സിഡി ലഭിക്കാത്ത സ്ഥിതിയുമുണ്ട്. എന്നാൽ വില കൂട്ടുന്നതിനു മാത്രം ഒരു തടസവുമുണ്ടാകുന്നില്ല. വൻ വില നല്കേണ്ടിവരുന്നതുകൊണ്ട് സാധാരണക്കാർ വാങ്ങുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം കുറച്ചുകൊണ്ടിരിക്കുന്നുവെന്ന കണക്ക് കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നിട്ടുള്ളത്. പ്രതിവർഷം ആറ് സിലിണ്ടറുകൾ വരെ വാങ്ങിയിരുന്നവർ ഇപ്പോൾ അത് മൂന്നോ നാലോ ആക്കിയിരിക്കുന്നുവെന്നാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. ഉത്തരേന്ത്യയിലെ ഗ്രാമീണർ വിറക് ഉൾപ്പെടെയുള്ള പരമ്പരാഗത രീതികളിലേയ്ക്ക് മാറിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇത്തരമൊരു സാഹചര്യം നിലനിൽക്കെയാണ് വീണ്ടും പാചക വാതകത്തിന്റെ വില കൂട്ടിയിരിക്കുന്നത്. വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടിയതും ഹോട്ടലുകളെ ഭക്ഷണത്തിനായി ആശ്രയിക്കുന്ന സാധാരണക്കാരെ തന്നെയാണ് ബാധിക്കുക. എല്ലാ തരത്തിലും വലിയ വിലക്കയറ്റം അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനങ്ങളുടെ ചുമലിലാണ് വീണ്ടും ഒരു ബാധ്യത കൂടി അടിച്ചേല്പിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ചുമത്തേണ്ടി വന്നതിനെതിരെ അക്രമാസക്ത സമരം നടത്തിവരുന്ന കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും ഈ തീരുമാനത്തോട് എന്ത് സമീപനം കൈക്കൊള്ളുമെന്ന് അറിയുന്നത് കൗതുകരമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.