23 May 2024, Thursday

പെരുമാറ്റച്ചട്ട ലംഘനം: കര്‍ശന നടപടിയാണ് വേണ്ടത്

Janayugom Webdesk
March 25, 2024 5:00 am

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവര്‍ത്തിച്ച കാര്യമായിരുന്നു പെരുമാറ്റച്ചട്ട ലംഘനം വച്ചുപൊറുപ്പിക്കില്ലെന്നത്. കമ്മിഷന് മുന്നിലുള്ള നാല് ‘എം’ വെല്ലുവിളികള്‍ ആയിരുന്നു അദ്ദേഹം വിശദീകരിച്ചത്. മസില്‍ പവര്‍ (കൈക്കരുത്ത്), മണി പവര്‍ (പണക്കൊഴുപ്പ്), മിസ് ഇന്‍ഫര്‍മേഷന്‍ (വ്യാജവാര്‍ത്തകള്‍), എംസിസി (മാതൃകാ പെരുമാറ്റച്ചട്ട) ലംഘനം എന്നിവയാണ് കമ്മിഷന്‍ വിശദീകരിച്ച പ്രധാന വെല്ലുവിളികള്‍. വ്യാജ വാര്‍ത്തകള്‍ തടയാന്‍ കര്‍ശന നടപടി ഉണ്ടാകും. വിദ്വേഷ പ്രസംഗങ്ങള്‍ വിലക്കും. പെരുമാറ്റച്ചട്ട ലംഘനം ഒരു കാരണവശാലും അനുവദിക്കില്ല എന്നൊക്കെ കമ്മിഷന്‍ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ അവര്‍തന്നെ വ്യക്തമാക്കിയ എമ്മുകള്‍ നിയന്ത്രിക്കണമെങ്കില്‍ ആദ്യമായി വേണ്ടത് കമ്മിഷന്റെ ഇച്ഛാശക്തിയാണ്. മുന്‍ തെരഞ്ഞെടുപ്പിലെന്നതുപോലെയാണ് കാര്യങ്ങളെങ്കില്‍ കമ്മിഷന്റെ വാക്കുകള്‍ ആത്മാര്‍ത്ഥമല്ലെന്ന് കരുതേണ്ടിവരും. 2019ല്‍ ഏറ്റവും ഗുരുതരമായ ചട്ടലംഘന ആരോപണം നേരിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അന്ന് ബിജെപി അധ്യക്ഷനും ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായിരുന്നു. നിരവധി പരാതികള്‍ അന്നത്തെ തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചുവെങ്കിലും ഭൂരിപക്ഷാഭിപ്രായത്തില്‍ നടപടി വേണ്ടെന്ന തീരുമാനമാണ് കൈക്കൊണ്ടത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ, കമ്മിഷണര്‍മാരായ അശോക് ലവാസ, സുശീല്‍ ചന്ദ്ര എന്നിവരില്‍ ലവാസയുടെ വിയോജനക്കുറിപ്പോടെയായിരുന്നു തീരുമാനം. തന്റെ വിയോജനം പരസ്യപ്പെടുത്തണമെന്ന് ലവാസ ആവശ്യപ്പെട്ടെങ്കിലും അതിന് വ്യവസ്ഥയില്ലെന്ന് പറഞ്ഞ് തള്ളുകയും ചെയ്തു. അതേസമയം പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ടുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ലവാസയ്ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ നടപടി ആരംഭിച്ചു. അദ്ദേഹത്തിന്റെ ഭാര്യയുടെ സ്വത്തുസംബന്ധിച്ച അന്വേഷണവും പരിശോധനയുമൊക്കെയുണ്ടായി. തുടര്‍ന്ന് ലവാസ സ്ഥാനമുപേക്ഷിച്ച് പോയതോടെ അന്വേഷണവും മരവിച്ചു. ഈ വിധത്തില്‍ കമ്മിഷനെ വരുതിക്ക് നിര്‍ത്തുന്നതിനും ഭീഷണിപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ ഉണ്ടായി എന്നതുകൊണ്ടുതന്നെ ഇത്തവണയും മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമാകും കാര്യങ്ങള്‍ എന്ന് കരുതുന്നതിന് ഒരു കാരണവുമില്ല. എന്നുമാത്രമല്ല മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷനുകളെക്കാള്‍ പക്ഷപാതിത്വം കൂടുതലായിരിക്കുമെന്ന് സംശയിക്കാവുന്ന ഉദ്യോഗസ്ഥരെയാണ് പുതിയതായി നരേന്ദ്ര മോഡി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നതും.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് ബോണ്ട്: വസ്തുതകള്‍ തമസ്കരിക്കുന്നു


അതിന്റെ സൂചനകള്‍ ഇപ്പോള്‍തന്നെ ലഭ്യമായിട്ടുണ്ട്. ഇതിനകംതന്നെ നിരവധി പരാതികള്‍ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ലഭിച്ചു. അതില്‍ പ്രധാനപ്പെട്ടത് പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടതായിരുന്നു. വികസിത് ഭാരത് സമ്പര്‍ക്ക് എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോ‍ഡിയുടെ കത്തോടുകൂടി കൂട്ടത്തോടെ വാട്സ് ആപ്പ് സ ന്ദേശങ്ങള്‍ അയച്ചതായിരുന്നു ഒരു പരാതി. പ്രഥമദൃഷ്ട്യാ ചട്ടലംഘനം കണ്ടെത്തിയെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ചണ്ഡീഗഢിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തു. സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ജനങ്ങളുടെ പ്രതികരണങ്ങളും നിര്‍ദേശങ്ങളും വ്യക്തമാക്കാൻ ആവശ്യപ്പെടുന്നതായിരുന്നു സന്ദേശം. ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയത്തിന്റെ ഔദ്യോഗിക വിലാസത്തിലാണ് വികസിത് ഭാരത് സമ്പര്‍ക്ക് അക്കൗണ്ട് നിര്‍മ്മിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. നടന്നത് ചട്ടലംഘനമാണെന്ന് കണ്ടെത്തിയെങ്കിലും സന്ദേശങ്ങള്‍ അയയ്ക്കുന്നത് നിര്‍ത്തണമെന്ന നിര്‍ദേശം നല്‍കി നടപടി ഒതുക്കി. ചട്ടലംഘനം നടത്തിയവര്‍ക്കെതിരെ എന്തെങ്കിലും നടപടി നിര്‍ദേശമുണ്ടായില്ല. കോയമ്പത്തൂരില്‍ പ്രചരണത്തിനെത്തിയപ്പോഴും നരേന്ദ്ര മോഡി പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി ഉയര്‍ന്നു. റാലിക്ക് സ്കൂള്‍ കുട്ടികളെ അണിനിരത്തിയും സര്‍ക്കാര്‍ അതിഥി മന്ദിരം ഉപയോഗിച്ചുമാണ് ചട്ടലംഘനം നടത്തിയത്. ഇക്കാര്യത്തില്‍ നിരവധി പരാതികള്‍ ലഭിച്ചുവെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. കേന്ദ്ര മന്ത്രി ശോഭ കരന്തലജെയ്ക്കെതിരെ വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ പരാതി ഉയര്‍ന്നുവെങ്കിലും അക്കാര്യത്തിലും ഉദാസീന സമീപനമാണ് ഉണ്ടായത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.


ഇതുകൂടി വായിക്കൂ:  തെരഞ്ഞെടുപ്പ് ഭൂമിക നല്‍കുന്ന സന്ദേശം


പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കുക എന്നത് സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അനിവാര്യമായ ഘടകമാണ്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി, പണക്കൊഴുപ്പില്‍ ഈ തെരഞ്ഞെടുപ്പിനെയും അട്ടിമറിക്കുമെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. അതിന് പുറമെയാണ് ഔദ്യോഗിക പദവികളും സ്ഥാപനങ്ങളും ദുരുപയോഗം ചെയ്തുള്ള ചട്ടലംഘനങ്ങള്‍. അതിന് തടയിടേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണ്. അവര്‍ നിഷ്പക്ഷമാണെന്ന് സമ്മതിദായകര്‍ക്ക് ബോധ്യപ്പെടുന്നില്ലെങ്കില്‍ ജനാധിപത്യ സംവിധാനം തന്നെ അപകടത്തിലായെന്ന് വേണം കരുതുവാന്‍. കമ്മിഷന്റെ ഇതുവരെയുള്ള നടപടികള്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.