3 May 2024, Friday

Related news

March 19, 2024
December 24, 2023
November 13, 2023
November 13, 2023
November 6, 2023
November 4, 2023
November 3, 2023
October 31, 2023
October 29, 2023
October 23, 2023

അന്തരീക്ഷ മലിനീകരണം തലച്ചോറിനെ ബാധിച്ചേക്കാമെന്ന് പഠനം

Janayugom Webdesk
ന്യൂഡല്‍ഹി
November 6, 2023 9:07 pm

മലിനമായ വായു കുറച്ചു മണിക്കൂറുകള്‍ മാത്രം ശ്വസിക്കുന്നത് പോലും തലച്ചോറിനെ ബാധിച്ചേക്കാമെന്ന് പഠനം. ബ്രിട്ടീഷ് കൊളമ്പിയ സര്‍വകലാശാലയും വിക്ടോറിയ സര്‍വകലാശാലയും പുറത്തുവിട്ട പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള പുക രണ്ടു മണിക്കൂര്‍ ശ്വസിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും എൻവയോണ്‍മെന്റല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇത് സംബന്ധിച്ച ശാസ്ത്രീയ തെളിവുകളും പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പഠനത്തിന്റെ ഭാഗമായി 25 വ്യക്തികളെ ശുദ്ധീകരിച്ച വായുവും ഡീസല്‍ പുകയും ഇടവിട്ടുള്ള സമയങ്ങളില്‍ ശ്വസിപ്പിച്ചു. ഇരു സമയങ്ങളിലും ഇവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം വിലയിരുത്തി. മാഗ്നറ്റിക് റെസണൻസ് ഇമേജിങ് ഉപയോഗിച്ചാണ് ഇവ വിലയിരുത്തിയത്. മലിനമായ വായു ശ്വസിക്കുന്ന സമയത്ത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതായും ശുദ്ധമായ വായു ശ്വസിക്കുമ്പോള്‍ പ്രവര്‍ത്തനം പഴയ പോലെ ആകുന്നതായും കണ്ടെത്തി. 

കൂടുതല്‍ സമയം ഇത്തരം വായു ശ്വസിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഗതാഗത കുരുക്കില്‍ കുടുങ്ങിക്കിടക്കുന്ന സമയം വാഹനങ്ങളിലെ ജനാലകള്‍ തുറന്നിടുന്നത് ഒഴിവാക്കണമെന്നും കാറിലെ എയര്‍ ഫില്‍റ്റര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

കാലങ്ങളായി മലിനീകരണം തലച്ചോറിനെ ബാധിക്കില്ല എന്നാണ് ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്. ഇത് ആദ്യമായാണ് വായു മലിനീകരണവും ചിന്താശേഷിയും തമ്മിലുള്ള ബന്ധം പഠന വിധേയമാക്കുന്നതെന്ന് മുതിര്‍ന്ന ശാസ്ത്രജ്ഞൻ ഡോ. ക്രിസ് സാള്‍സ്റ്റൻ പറഞ്ഞു.
നൈട്രജൻ ഡൈഓക്സൈഡ്, സള്‍ഫര്‍ ഡൈഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈ‍ഡ് എന്നിവയുടെ തോത് ഉയരുന്നത് നാഡി വ്യവസ്ഥയെ ബാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വടക്കൻ കരോലിനയില്‍ നടത്തിയ പഠനത്തില്‍ വായുഗുണനിലവാരവും വിദ്യാര്‍ത്ഥികളിലെ ഗണിത കഴിവുകളും തമ്മില്‍ ബന്ധമുള്ളതായി കണ്ടെത്തിയതായും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. 

Eng­lish Summary:Air pol­lu­tion may affect the brain, study shows
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.