23 December 2024, Monday
KSFE Galaxy Chits Banner 2

അക്ഷരമാലയും ഭാഷാപഠനവും

Janayugom Webdesk
November 11, 2021 4:42 am

പ്രൈമറി തലത്തിലെ മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല അച്ചടിച്ച് ഉൾപ്പെടുത്താത്തതിനെതിരെ നിശിത വിമർശനങ്ങളാണുയരുന്നത്. മലയാളം അക്ഷരമാല പാഠപുസ്തകങ്ങളിൽ അച്ചടിക്കേണ്ടതാണെന്ന അഭിപ്രായം പല കാരണങ്ങൾ കൊണ്ടും ശരിയാണ്. പാഠപുസ്തകങ്ങൾ പുനഃപ്രസിദ്ധീകരിക്കുന്ന ഘട്ടത്തിൽ ഈ പിശക് തിരുത്താവുന്നതേ ഉള്ളൂ. കേരളത്തിലെ വിദ്യാലയങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുള്ള, അഭ്യസ്തവിദ്യരിൽപോലും മലയാളം അക്ഷരമാലയെപ്പറ്റി അത്ര ഉറച്ച ധാരണയുണ്ടോ എന്ന് സംശയമാണ്. ‘ക്ഷ’ എന്നതൊരക്ഷരമോ? / രണ്ടക്ഷരത്തിന്റെ ചേരുവയോ? ” എന്നു സംശയിക്കുന്ന ഒരു കവിത (കവി: കാവാലം ബാലചന്ദ്രൻ ) അടുത്തിടെ വായിക്കാനിടയായത്, മലയാള അക്ഷരമാലയുടെ അവ്യവസ്ഥിതിയിലേക്കു കൂടി വിരൽ ചൂണ്ടുന്നതാണല്ലോ! അതിനാൽ, സാധ്യമെങ്കിൽ എല്ലാ ക്ലാസിലേയും മാതൃഭാഷാ പുസ്തകങ്ങളിലും വിദ്യാലയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും ചുവരുകളിലും മറ്റും മലയാളം അക്ഷരമാല പ്രസിദ്ധീകരിക്കുന്നതും, തീർച്ചയായും നല്ല കാര്യമാകും.

എന്നാൽ, നമ്മുടെ വിദ്യാലയങ്ങളിലെ മാതൃഭാഷാ പഠന സമീപനത്തെ, പാഠ പുസ്തകത്തിൽ അക്ഷരമാല അച്ചടിച്ചില്ലെന്ന വാദമുയർത്തി ആക്ഷേപിക്കാനാണ്, ചിലരുടെ ശ്രമം. കിട്ടുന്ന അവസരങ്ങളിലെല്ലാം ചെയ്യുന്നതുപോലെ, പൊതു വിദ്യാലയങ്ങളെ കരിവാരിത്തേക്കാൻ ഈ ഭാഷാ പ്രേമത്തേയും അവർ ഉപയോഗപ്പെടുത്തുന്നു, എന്നു മാത്രം!. ആശയാവതരണ രീതിയാണ് ഭാഷാ പഠനത്തിന്റെ സമീപനമെന്നതിനേയും ആക്ഷേപിക്കുന്നുണ്ട്.

 

ആശയാവതരണ രീതിയും അക്ഷരാവതരണ രീതിയും

ആശയം, വാക്യം, പദം, അക്ഷരം എന്ന ക്രമം പാലിച്ചുകൊണ്ട് ഭാഷയും അക്ഷരവും ഉറപ്പിക്കാൻ ശ്രമിക്കുന്ന സമീപനമാണ് ആശയാവതരണ രീതി. സമഗ്രതയിൽ നിന്ന് ഭാഗങ്ങളിലേക്ക്, അതായത്, ആശയം വ്യക്തമാക്കുന്ന വാക്യങ്ങളിൽ നിന്ന്, വാക്കുകളിലേക്കും അക്ഷരങ്ങളിലേക്കും സംക്രമിക്കുന്ന ഈ ഭാഷാ ബോധനം ഇന്ന്, നമ്മുടെ പ്രൈമറി തലത്തിലെ ഭാഷാ ക്ലാസുകളെ സർഗാത്മകവും സജീവവുമാക്കി മാറ്റിയിട്ടുണ്ട്. ഉദാഹരണത്തിന്, പ്രൈമറി ക്ളാസിലെത്തുന്ന കുട്ടിക്ക് ‘മഴ മേളം’ എന്നൊരു പാഠമുണ്ടെന്ന് കരുതുക. മഴയെക്കുറിച്ച് ഒട്ടേറെ കാര്യങ്ങൾ കുട്ടികൾക്കറിയാം. ടീച്ചർ ഒരുക്കുന്ന സംഭാഷണ വേളയിൽ മഴ പെയ്താൽ നനയുമെന്നും, മഴയിൽ തുള്ളിച്ചാടാൻ രസമെന്നും, മഴയിൽ കടലാസ് തോണി ഒഴുക്കാം എന്നുമൊക്കെ കുട്ടി അനുഭവങ്ങളിൽ നിന്ന് പറയും. അപ്പോൾ കുട്ടിയുടെ സംഭാഷണത്തിൽ നിന്നുരുത്തിരിയുന്ന അർത്ഥപൂർണ വാക്യങ്ങൾ ടീച്ചർ ബോർഡിലെഴുതും. മഴ വന്നു / തോരാത്ത മഴ / മഴ തോർന്നു /… എന്നിങ്ങനെ. ഇങ്ങനെയുള്ള ചെറിയ വാക്യങ്ങളിൽ നിന്ന് അക്ഷരരൂപവും ശബ്ദരൂപവും പൊരുത്തപ്പെടുത്തി ടീച്ചർ ബോർഡിൽ എഴുതുമ്പോൾ, അതിലെ ആവർത്തിച്ചുവരുന്ന മഴ എന്ന വാക്കിലേക്കും, മ, ഴ എന്നീ അക്ഷരങ്ങളിലേക്കും കുട്ടിയുടെ ശ്രദ്ധ സ്വാഭാവികമായും എത്തിച്ചേരും. മലയുടെ മീതെ മഴ, മരത്തിനു മീതെ മഴ, പുഴയ്ക്കു മീതെ മഴ, …… എന്നിങ്ങനെ മ, ഴ എന്നീ അക്ഷരങ്ങൾ ആവർത്തിച്ച് പറയുകയോ പാടുകയോ എഴുതുകയോ ചെയ്യുമ്പോൾ ക്ലാസ് സർഗാത്മകമാവും; മാത്രമല്ല, കുട്ടി അക്ഷരബോധമാർജിക്കുകയും ചെയ്യും. ഇവിടെ കുട്ടിയും അധ്യാപികയും ചേർന്ന് സൃഷ്ടിക്കുന്ന ജൈവികാന്തരീക്ഷത്തിൽ നിന്ന് ഭാഷയും അതിന്റെ ദൃശ്യരൂപമായ അക്ഷരങ്ങളും കുട്ടിയിലേക്ക് എത്തിച്ചേരുകയാണ് ചെയ്യുന്നത്.

എന്നാൽ, ഇതിന് നേരെ വിപരീത സമീപനമാണ് അക്ഷരാവതരണ രീതിയുടേത്. അക്ഷരമാല ആദ്യം തന്നെ എഴുതി ഉരുവിട്ട് പഠിപ്പിക്കുന്ന സമ്പ്രദായമാണത്. നാം അനുവർത്തിച്ചു വന്ന പരമ്പരാഗത രീതിയും ഇതു തന്നെ. അനുശീലനമാണ് അഥവാ ആവർത്തിച്ചുള്ള കേൾവിയോ വായനയോ ആണ് കുട്ടിയെ പഠിക്കാൻ സഹായിക്കുന്നതെന്ന വ്യവഹാര മനഃശാസ്ത്ര സിദ്ധാന്തത്തേക്കാൾ ആധുനിക വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ വളർന്നതോടെ ഭാഷാ പഠനത്തിലും പുതിയ രീതികൾ അവലംബിച്ചതിനാലാണ് അക്ഷരാവതരണ രീതിയുടെ പ്രസക്തി കുറഞ്ഞത്. കേവലം യാന്ത്രിക പഠന രീതിയേക്കാൾ, കുട്ടിയുടെ മനസും താല്പര്യങ്ങളും പരിഗണിക്കുന്ന, അവരുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്ന പഠന — ബോധന കാഴ്ചപ്പാടുകൾക്ക് പ്രാധാന്യം ലഭിച്ചു. അവിടെ മാതൃഭാഷയിലെ അക്ഷരമാലയെ പുറത്താക്കുകയല്ല, ജീവിത പരിസരത്തുനിന്ന് ഭാഷയെ തിരിച്ചറിഞ്ഞ് ഉൾക്കൊള്ളാൻ പരിശീലിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

 


ഇതുകൂടി വായിക്കൂ: വഴിമാറി നടക്കുന്ന മലയാളം


 

മാതൃഭാഷ പഠിക്കാതെ അധ്യാപകരാകുന്നു

യഥാർത്ഥത്തിൽ കേരളത്തിൽ ഭാഷാ സംരക്ഷണ സമിതി ഉയർത്തുന്ന പ്രക്ഷോഭം വളരെ പ്രസക്തമാണ്. മാതൃഭാഷ പഠിക്കാതെ തന്നെ കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ അധ്യാപകരാകാൻ സാധിക്കുന്ന അവസ്ഥ നിലനിൽക്കുന്നുണ്ട്. പന്ത്രണ്ടാം തരത്തിനു ശേഷം പ്രൈമറി അധ്യാപക പരിശീലന കോഴ്സിനു ചേരാൻ മലയാളം പഠിച്ചിരിക്കണമെന്നില്ല. കേരള പാഠാവലി മലയാളം പാഠപുസ്തകം പഠിക്കാതെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കുന്നുണ്ട്. അവർക്ക് പ്രൈമറി അധ്യാപക പരിശീലന കോഴ്സിന് പ്രവേശനവും ലഭിക്കും. അധ്യാപകരായാൽ കേരളത്തിൽ ഏഴാം ക്ലാസ് വരെ അധ്യാപകരാകാൻ യോഗ്യരായി, ഏത് വിഷയവും പഠിപ്പിക്കുകയുമാവാം!. ഇക്കാര്യത്തിൽ സർക്കാർ ജാഗ്രത കാട്ടണം. എന്നാൽ, ഈ വിമർശനത്തിന്റെ മറവിൽ പൊതുവിദ്യാലയങ്ങളിലെ ആധുനിക ഭാഷാ പഠന രീതി ശാസ്ത്രത്തെ കല്ലെറിയുന്നവരുടെ ലക്ഷ്യം വേറെയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ..

 


ഇതുകൂടി വായിക്കൂ: എന്തുകൊണ്ട് മലയാളം


 

ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ

പൊതുവിദ്യാലയങ്ങളും ഭാഷാ പഠനവും നിലവിൽ നേരിടുന്ന പ്രധാന പ്രതിസന്ധി ബോധന മാധ്യമം മാതൃഭാഷയാക്കാൻ നിർബന്ധിക്കാത്തതാണ്. ഇംഗ്ലീഷ് മാധ്യമത്തോടുള്ള രക്ഷിതാക്കളുടെ ഭ്രമം ഒട്ടും കുറയുന്നില്ല.

ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വിദ്യാർത്ഥികളുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, അതിന് ഇംഗ്ലീഷ് പഠന മാധ്യമമായി സ്വീകരിക്കുന്നതിനേക്കാൾ ഉത്തമം, മാതൃഭാഷ തന്നെ മാധ്യമമായി പഠിപ്പിക്കുകയും, മികച്ച രീതിയിൽ രണ്ടാം ഭാഷയായ ഇംഗ്ലീഷിന്റെ പരിശീലനം ഉറപ്പാക്കുകയുമാണ്. അല്ലാതെ, ഇംഗ്ലീഷ് മാധ്യമം തെരഞ്ഞെടുത്ത് ഇംഗ്ലീഷും മലയാളവും ഉറപ്പിക്കാനാവാത്ത സ്ഥിതി സൃഷ്ടിക്കുകയല്ല. പന്ത്രണ്ടാം തരം പാസ്സായിട്ടും വേണ്ടത്ര മാതൃഭാഷാശേഷി നേടാനാവാത്തവരെ സൃഷ്ടിക്കുന്നതിൽ സ്കൂളുകളിലെ ഇംഗ്ലീഷ് മാധ്യമത്തിലുള്ള പഠനം ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. എന്നാൽ, നമ്മുടെ സ്കൂളുകളിൽ ഇംഗ്ലീഷ് മികച്ച രീതിയിൽ പരിശീലിപ്പിക്കാൻ നല്ല ശ്രമം നടക്കുന്നുണ്ട്. പക്ഷേ, ഈ ദിശയിൽ പരിശ്രമങ്ങൾ പുരോഗമിക്കുമ്പോഴും രക്ഷിതാക്കൾക്കത് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.