21 December 2024, Saturday
KSFE Galaxy Chits Banner 2

കട്ടുറുമ്പുകള്‍ സ്വര്‍ഗം വാഴുന്ന കാലം.…

ദേവിക
വാതിൽപ്പഴുതിലൂടെ
September 5, 2022 5:15 am

വിവാഹം പരമപവിത്രമായ ബന്ധമെന്നാണ് നാമൊക്കെ പറയാറ്. വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു. മണവാട്ടി അപ്സരസാണ്, മണവാളന്‍ ഗന്ധര്‍വനാണ്, കൊക്കാണ് കുളക്കോഴിയാണെന്നൊക്കെയുള്ള ഡക്കറേഷന്‍ വേറെ. ‘സ്വന്തമായിത്തിരി മണ്ണുവാങ്ങിച്ചതില്‍ കൊച്ചൊരു കൂരയും കെട്ടി, മാനമായ് നിന്നെ ഞാന്‍ കൊണ്ടുപോകില്ലയോ താലിയും മാലയും കെട്ടി’ എന്ന പണ്ടത്തെ പാട്ടില്‍ ഒളിഞ്ഞിരിക്കുന്നത് വിവാഹമെന്ന ബന്ധദാര്‍ഢ്യമാണ്. പണ്ട് നമ്പൂരിശ്ശന്മാരില്‍ വേളിയും സംബന്ധവുമുണ്ടായിരുന്നു. വേളിയെന്നാല്‍ നാടറിഞ്ഞ കല്യാണം. സംബന്ധം ഒളിസേവയും. എന്നാല്‍ ഇതൊന്നുമല്ലാതെ കല്യാണം കഴിക്കാതെ ആണും പെണ്ണും ഒരുമിച്ച് താമസിച്ചാല്‍ ആ ബന്ധത്തിനെന്തര്‍ത്ഥം. ലിവിങ്ടുഗദര്‍ എന്നോ സഹവാസം എന്നോ പേരിട്ട് പുരോഗമനത്തിന്റെ ആടയാഭരണങ്ങള്‍ അണിയിക്കുന്ന കാപട്യകാലമാണിത്. മഷിതീരുമ്പോള്‍ പിന്നെ മഷി നിറയ്ക്കാനാവാതെ വലിച്ചെറിയാവുന്ന ‘ത്രോ എവേ’ പേന പോലുള്ള ബന്ധം, സഹവാസം പെരുകുകയും വിവാഹമോചനങ്ങളുടെ എണ്ണമേറുകയും അനാഥക്കു‍ഞ്ഞുങ്ങള്‍ തെരുവിലെറിയപ്പെടുകയും ചെയ്യുന്ന കെട്ടകാലം. കട്ടുറുമ്പുകള്‍ സ്വര്‍ഗം വാഴുന്നകാലം. സമൂഹത്തെ വെല്ലുവിളിക്കുന്ന ഈ ദുരന്തം മലയാളികള്‍ക്കിടയിലേക്ക് പടര്‍ന്നു കയറുന്നതിനെക്കുറിച്ച് അമ്പരപ്പും ആകുലതയും പ്രകടിപ്പിച്ച ഹൈക്കോടതിയുടെ വിലയിരുത്തലിന് നാം നന്ദി പറയുക. മൈത്രേയന്‍ എന്ന ഒരു മണകുണഞ്ചാനാണ് ലിവിങ്ടുഗദറിനെ മഹത്വവല്ക്കരിച്ചു മലയാളക്കരയിലിറങ്ങി അര്‍മാദിച്ച ഒരാള്‍. തന്റെ സഹവാസിനിയുമൊത്ത് ചാനലുകളില്‍ വന്നിരുന്ന് ലിവിങ്ടുഗദറിന്റെ ബന്ധദാര്‍ഢ്യത്തെക്കുറിച്ച് ഗീര്‍വാണമടിച്ചതു നാം കേട്ടു. കല്യാണം കഴിക്കാതെ കല്യാണബന്ധംപോലെ കഴിയാമെന്നും ഈ ബന്ധം മരിച്ചുപിരിയുകയേയുള്ളൂവെന്നുമൊക്കെ മൈത്രേയന്‍ പുരപ്പുറത്തു കയറി നിന്ന് ഉദ്ഘോഷിക്കുന്ന യുട്യൂബുകളും നാം കണ്ടു. എന്തു ചെയ്യാന്‍ ലിവിങ്ടുഗദര്‍ വെറുമൊരു തമാശയല്ലേ എന്ന് പറഞ്ഞ് ഏഴാം പക്കം അയാള്‍ തന്റെ പങ്കാളിയെ പങ്കായം കൊണ്ട് തോണ്ടി പുറത്തെറിഞ്ഞ് മറ്റൊരു ഇണയ്ക്കൊപ്പം ലിവിങ്ടുഗദര്‍ ആയി!


ഇതുകൂടി വായിക്കൂ: ചെലോല്ടെ റെഡിയാകും ചെലോല്ടെ റെഡിയാവൂല്ല


സ്വതന്ത്ര ലൈംഗികതയെന്ന ലൈെംഗിക അരാജകത്വമാണിതെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്. ബാധ്യതകളില്ലാത്ത ജീവിതം എന്ന ഈ ആശയം ഉപഭോക്തൃ സംസ്കാരത്തിന്റെ ഉപോല്പന്നമാണെന്നും കോടതി വിലയിരുത്തുന്നതായി കാണുന്നു. ബന്ധങ്ങളിലെ ശൈഥില്യങ്ങളെല്ലാം ആവശ്യം കഴിഞ്ഞാല്‍ അച്ഛനമ്മയെയും വലിച്ചെറിയാം എന്ന മനോഗതി മലയാളിസമൂഹത്തിലും വളര്‍ന്നുവരുന്നുവെന്നതിന്റെ നേര്‍ക്കാഴ്ചയാവുന്നു. ഇന്നലെ സമൂഹമാധ്യമങ്ങളിലെ കരളലിയിക്കുന്ന ഒരു പോസ്റ്റുകണ്ടു. ഒരു വൃദ്ധസദനത്തില്‍ കൂട്ടുകാര്‍ക്കൊപ്പം സന്ദര്‍ശനത്തിനെത്തിയ ഒരു പെണ്‍കുട്ടി അവിടെ ആകസ്മികമായി കണ്ടെത്തിയ തന്റെ മുത്തശ്ശിയെ കണ്ടു പൊട്ടിക്കരയുന്ന രംഗം. തന്നെ ഉമ്മവച്ചും താലോലിച്ചും തറയില്‍ വച്ചാല്‍ ഉറുമ്പരിക്കുമെന്നും തലയില്‍വച്ചാല്‍ പേനരിക്കുമെന്നും കരുതി ഒക്കത്തും മടിത്തട്ടിലിരുത്തിയും വളര്‍ത്തിയ മുത്തശ്ശി. ഒരുനാള്‍ മുത്തശ്ശിയെ തന്റെ മാതാപിതാക്കള്‍ എങ്ങോട്ടേയ്ക്കോ കൊണ്ടുപോയി. മടങ്ങിവരുമ്പോള്‍ മുത്തശ്ശിയില്ല. കാലമേറെ കഴിഞ്ഞിട്ടും തന്റെ പൊന്നു മുത്തശ്ശിയെവിടെ എന്ന അവളുടെ ചോദ്യത്തിന് മുത്തശ്ശി ഒരു ബന്ധുവീട്ടിലുണ്ടെന്ന ഉത്തരമായിരുന്നു മാതാപിതാക്കളുടേത്. അങ്ങനെയിരിക്കേയാണ് കുട്ടി കൂട്ടുകാരും അധ്യാപകരുമൊത്ത് വൃദ്ധസദനം സന്ദര്‍ശിച്ചതും തന്റെ ഓമന മുത്തശ്ശിയെ അവിടെ കണ്ട് വിങ്ങിപ്പൊട്ടിയതും. നമ്മുടെ സമൂഹത്തില്‍ ബന്ധശൈഥില്യങ്ങള്‍ പെരുകുന്നുവെന്നതിന്റെ ദുഃഖദൃശ്യം. ലിവിങ്ടുഗദര്‍ പോലുള്ള ബന്ധവൈകൃതങ്ങള്‍ ഈ ദുരന്തവ്യാപ്തിക്കു രാസത്വരകവുമാവുന്നു. ഇനിയെങ്കിലും തകരുന്ന മലയാളി സമൂഹത്തെ കരകയറ്റാന്‍ ഒരു ഉറക്കെ ചിന്തവേണ്ടേ? അതു വെറുമൊരു ചോദ്യചിഹ്നമായി അവശേഷിക്കാതിരിക്കട്ടെ.


ഇതുകൂടി വായിക്കൂ: രോഗവ്യാപനം തടയാന്‍ കൊറോണ ദേവിക്ക് പൂജ


നാടെങ്ങും ഓണലഹരിയിലാണ്. ഓണക്കുടി അ‍ഡ്വാന്‍സായി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. മദ്യശാലകളുടെ ഓരങ്ങളില്‍ അടിച്ചുബോധംകെട്ടവര്‍ വീണുകിടക്കുന്ന കാഴ്ച കഴിഞ്ഞ കുറേക്കാലമായി നമ്മുടെ പതിവ് ഓണദൃശ്യമാവുന്നു. മയക്കുമരുന്നും കഞ്ചാവുമടിച്ച് ഓണം എന്നെന്നുപോലും അറിയാതെ ലഹരിയില്‍ മുങ്ങിത്താഴുന്ന യുവത. ഓണം കഴിയുമ്പോള്‍ നമ്മള്‍ കുടിച്ചുതീര്‍ത്ത മദ്യത്തിന്റെ കണക്ക് നിരത്തി അഭിമാനപൂര്‍വം അധികൃതര്‍ രംഗത്തിറങ്ങും. അനന്തപുരിയെ കടത്തിവെട്ടി ഇരിങ്ങാലക്കുടയിലെ കുടിയന്മാര്‍ മുന്നേറി! മലപ്പുറവും ചാലക്കുടിയും കമ്പോടുകമ്പ് പയറ്റി രണ്ടും മൂന്നും സ്ഥാനത്തേക്ക്. കുടിയന്മാര്‍ കൂടുന്നതനുസരിച്ച് ഓണാഘോഷത്തിന്റെ ഗരിമയും വര്‍ധിക്കുമെന്ന മനോഗതി! ഓണത്തിനു മുമ്പുതന്നെ നാടെങ്ങും ഓണസദ്യ. വീടുകളില്‍ ‘ഉത്രാടം ഉച്ചതിരിഞ്ഞാല്‍ അച്ചിമാര്‍ക്ക് ഒരുത്തരം’ എന്നാണ് ചൊല്ല്. വീട്ടില്‍ത്തന്നെ അടുക്കളയില്‍ അധ്വാനിച്ച് ഓണസദ്യയൊരുക്കുന്ന കാലം പോയ്‌മറഞ്ഞിരിക്കുന്നു. ഹോട്ടലുകളില്‍ നിന്നും വന്‍തുക നല്‍കി ഇന്‍സ്റ്റന്റ് ഓണസദ്യ ഓണ്‍ലൈനായി വരുത്തിക്കഴിക്കുന്ന മലയാളികുടുംബങ്ങളുടെ എണ്ണമേറുന്നു. അടുക്കളകള്‍ ശാന്തം. ഓണത്തിനും മലയാളി ഉപഭോഗ സംസ്കാരത്തിന്റെ അടിമകളാവുന്ന കാഴ്ച. ഓണപ്പാട്ടുകളും തിരുവാതിരയുമെല്ലാം അന്യം നിന്നുപോകുന്ന കാലം. ഓണത്തല്ലും നാടന്‍പന്തുകളിയും കിളിത്തട്ടുകളിയും നാമെന്നേ മറന്നു.


ഇതുകൂടി വായിക്കൂ:  ആചാരങ്ങള്‍ കാട്ടുതേനായി, മത്തങ്ങയായി!


ഇതിനെല്ലാമിടയിലും സ്ഥാപനങ്ങളും വ്യക്തികളും സര്‍ക്കാര്‍ വകുപ്പുകളും ഒരുക്കുന്ന ഓണസദ്യകളുടെ പൊടിപൂരം. തിരുവനന്തപുരം നഗരസഭ ഇന്നലെ ചാലയില്‍ ഒരു ഓണസദ്യയൊരുക്കി. സദ്യയുണ്ണാന്‍ അവധി നല്കാത്തതില്‍ പ്രതിഷേധിച്ച് ഒരു വിപ്ലവത്തൊഴിലാളി സംഘടനയിലെ തൊഴിലാളികള്‍ സദ്യ മുഴുവന്‍ വലിച്ചുവാരി കുപ്പത്തൊട്ടിയില്‍ നിക്ഷേപിച്ചു. ചാനലുകള്‍ അത് വേറിട്ട പ്രതിഷേധമായി കൊണ്ടാടി. എന്നാല്‍ വിപ്ലവശിങ്കങ്ങളോ ചാനലുകളോ ആ കുപ്പത്തൊട്ടിക്കരികെ ആളുമാറാന്‍ വേണ്ടി വിശന്നൊട്ടിയ വയറോടെ കാത്തുനില്‍ക്കുന്ന തെരുവുകുട്ടികളെ കണ്ടില്ല. ആളൊഴിഞ്ഞപ്പോള്‍ കുപ്പത്തൊട്ടിയില്‍ കയ്യിട്ടുവാരി ആവോളം ഓണസദ്യയുണ്ണുന്ന ആ തെരുവുകിടാങ്ങളെ ആരും കണ്ടില്ല. ഈ കുട്ടികള്‍ പട്ടിണികിടക്കേണ്ടവരല്ല. ഇന്ത്യയില്‍വച്ചുവിളമ്പാനുള്ള ഭക്ഷണത്തിന്റെ നാല്പതു ശതമാനമാണ് കുപ്പത്തൊട്ടിയിലും ഓടകളിലുമായി വലിച്ചെറിയുന്നത്. 1.2 ലക്ഷം കോടിയുടെ ഭക്ഷ്യസാധനങ്ങളാണ് നാം പ്രതിവര്‍ഷം പാഴാക്കുന്നതെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക കണക്ക്. യുഎന്റെ കണക്കനുസരിച്ച് പാഴാക്കുന്ന ഭക്ഷണത്തിന്റെ വില 3.57 ലക്ഷം കോടി. പ്രതിവര്‍ഷം ഒരു ഇന്ത്യാക്കാരൻ പാഴാക്കുന്നത് ശരാശരി 50 കിലോ ഭക്ഷണം. ഇതൊക്കെ ചാലയില്‍ ഓണസദ്യ മാലിന്യത്തൊട്ടിയിലെറിഞ്ഞവര്‍ അറിയണമെന്നില്ലല്ലോ. അവര്‍ക്ക് വേണ്ടത് വേറിട്ടൊരു പ്രക്ഷോഭം ആണെന്നിരിക്കേ.

ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്നാണല്ലോ പ്രമാണം. പക്ഷേ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം ജയിലാണെന്ന ഒരു പാഠഭേദം കൂടി വന്നിട്ടുണ്ട്. ശിവപ്രസാദ് എന്ന 19കാരന്റെ ലക്ഷ്യം ഒരു പൊലീസുകാരനാകണമെന്നായിരുന്നു. പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന പൊലീസുകാരടക്കമുള്ളവരെ കൊല്ലണം. കെജിഎഫ് സിനിമയിലെ റോക്കിഭായ് എന്ന കൊള്ളസംഘത്തലവനെപ്പോലെ വളര്‍ന്ന് ഇത്തരം കൊലകള്‍ ജീവിതലക്ഷ്യമാക്കണമെന്ന മോഹത്തിനിടെ പൊലീസിന്റെ തന്നെ വലയിലായി. കണ്ണൂര്‍ പരിയാരത്തെ ജഗദീഷിനും പൊലീസുകാരനാകാന്‍ കാക്കിയോട് കടുത്ത മോഹം. പൊലീസ് വേഷം ധരിച്ച് നിരത്തിലിറങ്ങി ഹെല്‍മറ്റ് വയ്ക്കാത്തവരെ പിടികൂടുക, മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ഊതിപ്പിക്കുക തുടങ്ങിയ നിര്‍ദോഷമായ കലാപരിപാടികള്‍. പക്ഷേ ഒരു പൊലീസുകാരന്റെ മകളെ ചോദ്യം ചെയ്യുന്നതിനിടെ പൊലീസുകാര്‍ തന്നെ പൊക്കി. കാക്കിയോടുള്ള ഒരു മോഹമേ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.