26 April 2024, Friday

ലോകത്തിന്റെ ആദരം നേടി ആശാവർക്കർമാർ, എങ്കിലും

ആര്‍ യു ബീന 
May 30, 2022 5:15 am

ന്ത്യയിലെ ആരോഗ്യ രംഗത്ത് സ്തുത്യർഹമായ സേവനം നടത്തുന്ന ആശാവര്‍ക്കര്‍മാരെ കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടന ആദരിക്കുകയുണ്ടായി. ഗ്രാമങ്ങളിലും കോവിഡ് മഹാമാരിക്കാലത്തും നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്കാണ് ഗ്ലോബൽ ഹെൽത്ത് ലീഡേഴ്സ് പുരസ്കാരത്തിന് ആശാവർക്കർമാരും അർഹരായതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. ജനീവയിൽ നടന്ന ലോകാരോഗ്യ സംഘടനയുടെ സമ്മേളനത്തിലാണ് ടെഡ്രോസ് അഥാനോം ആശാവർക്കർമാരെ അംഗീകരിച്ചതായി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ആശ സേന കോവിഡ് കാലത്തടക്കം നൽകിയത് വിലമതിക്കാനാവാത്ത സേവനമാണ് എന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തിയിരിക്കുന്നത്.

ഈ വിധത്തിൽ ആഗോള അംഗീകാരവും സമൂഹത്തിന്റെ മുക്തകണ്ഠം പ്രശംസയും നേടുന്നുവെങ്കിലും ആശാവർക്കർമാർ ഇപ്പോഴും അനുഭവിക്കുന്ന ദുരിതങ്ങളും നേരിടുന്ന അവഗണനയും ചില്ലറയല്ല. ചെയ്യുന്ന തൊഴിലിന്റെ ഭാരത്തിനനുസരിച്ച വേതനം അവർക്ക് ലഭിക്കുന്നില്ലെന്നതു മാത്രമല്ല കൃത്യമായി അത് ലഭിക്കുന്നില്ലെന്ന പരാതിയും എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ഒരുവർഷത്തിലധികമായി ഉത്തർപ്രദേശിൽ ആശാവർക്കർമാർക്ക് വേതനം നല്കുന്നില്ലെന്ന വാർത്ത വന്നത് ആഗോള അംഗീകാരം ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു. കോവിഡ് കാലമെന്നത് ആശാവർക്കർമാരെ സംബന്ധിച്ച് ജീവൻ പണയം വച്ചുള്ള തൊഴിൽ നിർവഹണമായിരുന്നു. അവിടെ ഉച്ചഭക്ഷണ തൊഴിലാളികൾ ഉൾപ്പെടെ, വിദ്യാർത്ഥികൾക്കും അടിസ്ഥാന ജനവിഭാഗങ്ങൾക്കും ഭക്ഷണവും പോഷകവസ്തുക്കളും എത്തിക്കുന്ന ജോലി ചെയ്യുന്നവർക്കും വേതനം ലഭിക്കുവാനുണ്ട്. ഉച്ചഭക്ഷണ തൊഴിലാളികൾക്ക് എട്ടുമാസത്തെ വേതന കുടിശികയാണുള്ളത്. എല്ലാ വിഭാഗങ്ങളിലുമായി 3,06,829 പേരാണ് യുപിയിലുള്ളത്. ഈ സാഹചര്യത്തിൽ ജീവനക്കാർ പ്രത്യക്ഷ സമരം ആരംഭിച്ചിരിക്കുകയാണ്. കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങളെ ശ്ലാഘിച്ച മുഖ്യമന്ത്രി ആദിത്യനാഥ് യഥാക്രമം 500, 250 രൂപ വീതം പ്രോത്സാഹന വേതനമായി പ്രതിമാസം അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതാണ്. അതുപോലും നല്കിയിട്ടില്ല. ഇതേ സ്ഥിതി തന്നെയാണ് രാജ്യത്തെ പല സംസ്ഥാനങ്ങളിലും നിലവിലുള്ളത്. കേരളത്തിൽ 1000 രൂപയായിരുന്നു പ്രോത്സാഹന വേതനമായി നല്കിയത്.


ഇതുകൂടി വായിക്കൂ:  അങ്കണവാടി ജീവനക്കാരുടെ ജീവിതസമരം


2005ലാണ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി അക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് അഥവാ ആശാവർക്കർമാര്‍ എന്ന വിഭാഗമുണ്ടായത്. രാജ്യത്താകെ ഇപ്പോൾ പത്തു ലക്ഷത്തോളം പേരാണ് ഈ മേഖലയിലുള്ളത്. സംസ്ഥാനത്ത് 26,000ത്തിലധികം പേരും ജോലി ചെയ്യുന്നു. കേരളത്തിൽ 2009 മുതലാണ് പദ്ധതി ആരംഭിച്ചത്. സമൂഹത്തെ പ്രത്യേകിച്ച് പാർശ്വവല്കൃത വിഭാഗങ്ങളെ ആരോഗ്യ സേവനങ്ങളെക്കുറിച്ച് ബോധവല്ക്കരിക്കുക, അത്തരം സേവനങ്ങൾ നേടിയെടുക്കുന്നതിന് അവരെ സഹായിക്കുക, അവകാശ സംരക്ഷണത്തിന് അവരോടൊപ്പം പ്രവർത്തിക്കുക എന്നിവയാണ് ആശാവർക്കർമാരുടെ പ്രധാന ഉത്തരവാദിത്തം. മാതൃശിശു സംരക്ഷണം, പ്രാഥമിക വൈദ്യസഹായമെത്തിക്കൽ, പോഷകാഹാര ലഭ്യത ഉറപ്പാക്കൽ, പകർച്ചവ്യാധി നിയന്ത്രണ പരിപാടികൾ, കൊതുക് നിയന്ത്രണം തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കുവഹിക്കുക, സാന്ത്വന പരിചരണം എന്നിങ്ങനെ സ്ഥിരം ആരോഗ്യ പ്രവർത്തകരെക്കാൾ ഉത്തരവാദിത്തങ്ങൾ ആശാവർക്കർമാരുടെ ചുമതലയിലാണ്.

എല്ലാ കാലത്തും പ്രത്യേകിച്ച് — കോവിഡ് മഹാമാരിക്കാലത്ത് — അവർ അതിനുമെത്രയോ അധികം ജോലികളാണ് ചെയ്യേണ്ടിവന്നത്. ഗർഭിണികളുടെയും കുട്ടികളുടെയും പോഷകാഹാരം, മരുന്നുകൾ എന്നിവ എത്തിക്കുക, വാക്സിനേഷൻ പൂർത്തിയാക്കുന്നതിനുള്ള പ്രചരണവും ബോധവല്ക്കരണവും നടത്തുക തുടങ്ങി എല്ലാവരും വീട്ടിൽ അടച്ചുകഴിയുമ്പോഴും പുറത്തിറങ്ങി ജോലി ചെയ്യേണ്ടിവന്നവരാണ് അവർ. കിലോമീറ്ററുകളോളം നടന്നും കാടും മലകളും കയറിയിറങ്ങിയുമാണ് അവർ ജോലി ചെയ്യുന്നത്. എന്നാൽ അതിനനുസൃതമായ പ്രതിഫലം അവർക്ക് നിശ്ചയിക്കപ്പെട്ടിട്ടില്ല. സ്ഥിരം തൊഴിലായി പരിഗണിക്കുന്നുമില്ല. എല്ലാ സംസ്ഥാനങ്ങളിലും ആശാവർക്കർമാരുടെ സ്ഥിതി ഇതുതന്നെയാണ്. തുച്ഛമായ പ്രതിഫലത്തിന് മാസങ്ങളും വർഷങ്ങളും കാത്തിരിക്കേണ്ടിവരുന്നുവെന്നാണ് ഉത്തർപ്രദേശിലെയും മറ്റും അനുഭവങ്ങൾ വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പദ്ധതി പ്രകാരം ഓരോ സംസ്ഥാനങ്ങൾക്കും ലഭിക്കേണ്ട വിഹിതത്തിൽ നിന്നും അതോടൊപ്പം സംസ്ഥാന വിഹിതവും ചേർത്താണ് ഈ വിഭാഗത്തിന് വേതനം നല്കുന്നത്. എന്നാൽ കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്തതാണ് വേതനം നല്കുന്നത് വൈകാനിടയാക്കുന്നത്. പ്രതിദിനം 200 രൂപയാണ് വേതനമായി നിശ്ചയിച്ചിരിക്കുന്നതെങ്കിലും പകൽ മുഴുവൻ ചെയ്യേണ്ടത്രയും ജോലിഭാരമുള്ളവരാണ് ഈ വിഭാഗം. ഇതെല്ലാംകൊണ്ടുതന്നെ പ്രത്യേക പരിഗണന ആവശ്യമായ വിഭാഗമാണെങ്കിലും ലഭിക്കേണ്ട തുച്ഛമായ വേതനം പോലും മാസങ്ങളോളം കുടിശികയാകുന്നത് പതിവായതിനാൽ എപ്പോഴും സമരരംഗത്തിറങ്ങേണ്ട ദുരവസ്ഥയിലാണ് ആശാവർക്കർമാർ.

കഴിഞ്ഞ ഒരുവർഷത്തിനിടെ മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡിഷ, ബിഹാർ, ഹിമാചൽ പ്രദേശ്, കർണാടക, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, തമിഴ്‌നാട്, ഛത്തീസ്ഗഡ്, പഞ്ചാബ്, ഡൽഹി തുടങ്ങിയ പ്രമുഖ സംസ്ഥാനങ്ങളിലെല്ലാം മാസങ്ങളോളം അവർ സമരത്തിലായിരുന്നു. കുടിശിക വിതരണത്തിനൊപ്പം വേതന വർധനയും സ്ഥിരപ്പെടുത്തലുമെല്ലാം ആവശ്യപ്പെട്ടാണ് സമരം നടത്താറുള്ളതെങ്കിലും പലപ്പോഴും കുടിശിക നല്കാമെന്ന ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിക്കുകയാണ് ചെയ്യാറുള്ളത്. പിന്നീട് അവര്‍ തങ്ങളുടെ തൊഴിലിലേക്ക് തിരികെ പ്രവേശിക്കുന്നു. അല്ലെങ്കിൽ ഉള്ള തൊഴിലെങ്കിലും നഷ്ടമാകുമോയെന്ന ഭയവും അവരെ പിന്തുടരുന്നുണ്ട്. സ്ഥിരം തൊഴിൽ പോലും നഷ്ടപ്പെടുത്തുന്ന നിയമങ്ങൾ ശക്തമായിക്കൊണ്ടിരിക്കേ അവരുടെ ആശങ്ക അസ്ഥാനത്തല്ല. മറ്റുള്ളവരുടെ കുട്ടികൾക്ക് പോഷകാഹാരമെത്തിക്കുകയും വിദ്യാഭ്യാസത്തിലേക്കുള്ള വാതായനം തുറന്നു നല്കുകയും ചെയ്യുന്ന വിഭാഗമാണ് തങ്ങളുടെ കുട്ടികളടക്കമുള്ള കുടുംബത്തിന് ഭക്ഷണം വാങ്ങുന്നതിനുള്ള തുകയെങ്കിലും വേതനമായി നല്കണമെന്ന് ആവശ്യപ്പെടുന്നത്.


ഇതുകൂടി വായിക്കൂ: ആരോഗ്യരംഗത്ത് നിസ്തുല സേവനം; പക്ഷേ ആശമാര്‍ക്ക് അവഗണന മാത്രം

 


അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും സാമൂഹ്യസുരക്ഷാ പദ്ധതിക്ക് അർഹതയുണ്ടെന്ന സുപ്രീം കോടതിയുടെ വിധിയുണ്ടായത് കഴിഞ്ഞ മാസമായിരുന്നു. ജോലിഭാരം കുറവും വേതനത്തിൽ നേരിയ വർധനയുമുള്ള വിഭാഗമാണ് അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും. ഡൽഹിയിൽ വർക്കർമാർക്ക് 9,678 രൂപയും ഹെൽപ്പർമാർക്ക് 4,839 രൂപയുമാണ് വേതനം. ശരാശരി കണക്കാക്കിയാൽ പല സംസ്ഥാനങ്ങളിലും 4,500 രൂപ മുതൽ 10, 000 രൂപ വരെയാണ് ഇവരുടെ വേതനമായി നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിൽ 66,000ത്തിലധികം വരുന്ന ഈ വിഭാഗക്കാർക്ക് യഥാക്രമം 12,000 രൂപ, 8,500 രൂപ വീതം നല്കിവരുന്നുണ്ട്. അത്രയൊന്നുമില്ലെങ്കിലും വർധിപ്പിച്ച വേതനവും അത് കൃത്യമായി ലഭിക്കുവാനുള്ള സാഹചര്യവും സൃഷ്ടിക്കണമെന്ന പരിമിതമായ ആവശ്യമേ ലോകാരോഗ്യ സംഘടനയുടെ ആദരം ലഭിക്കുമ്പോഴും ആശാവർക്കർമാരും അവരുടെ സംഘടനകളും ആഗ്രഹിക്കുന്നുള്ളൂ.

ആശാവർക്കർമാർക്ക് ആഗോള അംഗീകാരം ലഭിച്ചതിനു പിറകേ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി കുറേ നല്ല വർത്തമാനങ്ങൾ പറയുകയുണ്ടായി. ആശാവർക്കർമാരുടെ അർപ്പണബോധവും നിശ്ചയദാർഢ്യവും പ്രശംസനീയമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇന്ത്യയിലെ ആരോഗ്യരംഗത്തെ മുന്നണി പോരാളികളാണ് ആശാവർക്കർമാരെന്നും ലോകാരോഗ്യ സംഘടനയുടെ ആദരം നേടി അവരെ അഭിനന്ദിക്കുന്നുവെന്നും മോഡി പറയുകയുണ്ടായി. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും അഭിനന്ദനവുമായി രംഗത്തെത്തുകയുണ്ടായി. അത് നല്ലതുതന്നെ. പക്ഷേ അഭിനന്ദനംകൊണ്ട് വയറുനിറയില്ലെന്നും വീട്ടിലെ പട്ടിണിമാറില്ലെന്നും പറഞ്ഞാൽ പരിഹാസമായി കാണരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.