26 April 2024, Friday

Related news

April 10, 2024
March 7, 2024
February 26, 2024
February 21, 2024
February 16, 2024
February 7, 2024
January 15, 2024
December 15, 2023
November 30, 2023
November 22, 2023

ഔഷധി ചെയർമാൻ ഡോ. കെ ആർ വിശ്വംഭരൻ അന്തരിച്ചു

Janayugom Webdesk
 കൊച്ചി
September 17, 2021 11:00 pm

ഔഷധി ചെയ­ർമാനും കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ. കെ ആർ വിശ്വംഭരൻ (72) അന്തരിച്ചു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു അന്ത്യം. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാവേലിക്കര കുന്നംകാവിൽ പരേതരായ അച്യുതന്റെയും തങ്കമ്മയുടെയും മകനായ വിശ്വംഭരൻ മാവേലിക്കര ബിഷപ് മൂർ കോളജിൽ ബിരുദ പഠനശേഷം എറണാകുളം മഹാരാജാസിലും ലോ കോളജിലും പഠിച്ചു. കനറാ ബാങ്കിൽ ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

ഫോർട്ട് കൊച്ചി തഹസിൽദാർ, പ്രോട്ടോകോൾ ഓഫീസർ, ഫോർട്ട് കൊച്ചി ആർഡിഒ, ഉന്നത വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ടെൽക്കിന്റെയും റബർ മാർക്കിന്റെയും എംഡി എന്നീ നിലകളിലും പ്രവർത്തിച്ചു. കാർഷിക സർവകലാശാല വൈസ് ചാൻസലറായാണ് വിരമിച്ചത്. കുറച്ചുനാൾ അഭിഭാഷകനായിരുന്നു. മഹാരാജാസ് കോളജ് പുനരുദ്ധാരണ കമ്മിറ്റി ചെയർമാനായും കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ പൂർവവിദ്യാർത്ഥി സംഗമമായ മഹാരാജകീയം 2008 ൽ നടത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. കൊച്ചി കാൻസർ സെന്ററിനായുള്ള കൃഷ്ണയ്യർ മൂവ്മെന്റിന്റെ വൈസ് ചെയർമാനായും പ്രവർത്തിച്ചു. സ്വരലയ ഉൾപ്പെടെ വിവിധ സാംസ്കാരിക സംഘടനകളുടെ അധ്യക്ഷനായിരുന്നു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി അധ്യക്ഷനായും പ്രവർത്തിച്ചു. ഭാര്യ: കോമളം (എസ്ബിഐ റിട്ട. ഉദ്യോഗസ്ഥ). മക്കൾ: അഭിരാമൻ, അഖില. മരുമക്കൾ: അഭികൃഷ്ണൻ, ഷബന. മൃതദേഹം ഇടപ്പള്ളി അഞ്ചുമന കൊച്ചി നഗരസഭ സോണൽ ഓഫീസിനു സമീപമുള്ള വീട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് പകൽ 11ന് പച്ചാളം ശ്മശാനത്തിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.