March 30, 2023 Thursday

Related news

March 19, 2023
March 18, 2023
March 17, 2023
March 17, 2023
March 15, 2023
March 14, 2023
March 14, 2023
March 12, 2023
March 9, 2023
March 1, 2023

രാഹുലിന് മുന്നില്‍ വിറച്ച് ഓസ്ട്രേലിയ; ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം

Janayugom Webdesk
മുംബൈ
March 17, 2023 10:27 pm

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ 35.4 ഓവറില്‍ 188 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കി. മറുപടി ബാറ്റിങ്ങില്‍ മുന്‍നിര തകര്‍ന്നപ്പോള്‍ പുറത്താകാതെ നിന്ന കെ എല്‍ രാഹുലിന്റെ ബാറ്റിങ് കരുത്തില്‍ 39.5 ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ മാത്രം നഷ്ടമാക്കി ഇന്ത്യ ലക്ഷ്യത്തിലെത്തി. ഇതോടെ, മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. ഇഷാന്‍ കിഷനാണ് (3) ഇന്ത്യന്‍ നിരയില്‍ ആദ്യം പുറത്തായത്. രോഹിത് ശര്‍മയ്ക്ക് പകരം ടീമിലെത്തിയ ഇഷാന്‍ കിഷന് അവസരം മുതലാക്കാനായില്ല. 

സ്‌റ്റോയിനിസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. അഞ്ചാം ഓവറില്‍ കോലിയും സൂര്യയും മടങ്ങി. ഇരുവരേയും അടുത്തടുത്ത പന്തുകളില്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി. ശുഭ്മാന്‍ ഗില്ലിനെ (20) സ്റ്റാര്‍ക്ക് ലബുഷെയ്‌നിന്റെ കൈകളിലെത്തിച്ചു. ഇതോടെ നാലിന് 39 എന്ന നിലയിലായി ഇന്ത്യ. പിരിയാത്ത ആറാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം രാഹുൽ പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് വിജയത്തിന് അടിത്തറയായത്. 123 പന്തുകൾ നേരിട്ട ഇരുവരും അടിച്ചുകൂട്ടിയത് 108 റൺസാണ്. അഞ്ചാമനായി ക്രീസിലെത്തിയ രാഹുൽ 75 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ ടോപ് സ്കോററായി. 91 പന്തുകൾ നേരിട്ട രാഹുൽ ഏഴു ഫോറും ഒരു സിക്സും സഹിതമാണ് 75 റൺസെടുത്തത്. രാഹുലിന്റെ 13–ാം ഏകദിന അർധസെഞ്ചുറിയാണിത്. ഓസീസിന്റെ ക്ഷമ പരീക്ഷിച്ച് ക്രീസിൽ ഉറച്ചുനിന്ന രവീന്ദ്ര ജഡേജ, രാഹുലിന് ഉറച്ച പിന്തുണ നൽകി. ജഡേജ 69 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 45 റൺസെടുത്തു.

നേരത്തെ ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ ട്രാവിസ് ഹെഡാണ് (5) ആദ്യം പുറത്തായത്. ഹെഡിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കി. പിന്നാലെ മാര്‍ഷ്- സ്റ്റീവ് സ്മിത്ത് (22) സഖ്യം 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഓസീസ് ക്യാപ്റ്റനെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഇതോടെ രണ്ടിന് 77 എന്ന നിലയിലായി ഓസീസ്. തുടര്‍ന്നെത്തിയ മര്‍നസ് ലബുഷെയ്‌നൊപ്പം 52 റണ്‍സ് കൂട്ടിച്ചേര്‍ക്കന്‍ മാര്‍ഷിനായി. എന്നാല്‍ ജഡേജ മാര്‍ഷിനെ മടക്കി. ഇതോടെ മൂന്നിന് 129 എന്ന നിലയിലായി ഓസീസ്. പിന്നാലെ ഓസീസിന്റെ തകര്‍ച്ചയും ആരംഭിച്ചു. 15 റണ്‍സെടുത്ത ലബുഷെയ്‌നെ കുല്‍ദീപ് യാദവ് പുറത്താക്കി. 12 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനിന്റെ കുറ്റി ഷമി തെറിപ്പിച്ചതോടെ ചീട്ടുകൊട്ടാരം പോലെ ഓസീസ് തകരുകയായിരുന്നു. ഇന്ത്യക്കായി ഷമിയും സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 

Eng­lish Summary;Australia trem­bles in front of Rahul; India won by five wickets

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.