19 April 2024, Friday

ബാക്കി

സാജോ പനയംകോട്
April 2, 2023 10:17 am

തിരിച്ചു വരുന്നവർ
ശരിക്കുമങ്ങോട്ട് പോയവരുടെ
വഴിതെറ്റലാണ്
സഞ്ചാരങ്ങളുടെ വരുത്തുപോക്ക്
ഒരു ദിവസം വേണ്ടതി-
നിന്നൊക്കെയിന്നലെ
കത്തിച്ചിട്ട, വെട്ടിക്കുഴിച്ചിട്ട
മനുഷ്യർ മരങ്ങൾ മണ്ണിര മാനം
ജീവിച്ചു പോയതിന്
ഒരു പരീക്ഷയെഴുതാനായി
എവിടെയൊക്കെയോനിന്ന്
വരേണ്ടതുണ്ട്
അതൊരു ഒടുക്കത്തെ കൊതി
ഓർമ്മിച്ചു വച്ചതിനൊന്നും
ഒരു വിലയുമില്ലാത്ത പരീക്ഷ
ഗർഭപാത്രത്തിൽ
ചിലവിനുള്ള കൈക്കാശിനേക്കുറിച്ച്
ചില പക്ഷികൾ പറക്കത്തിൽ
സങ്കടപ്പെടുന്നുണ്ട്
പിന്നിൽ കാറ്റിൽ നീന്തുമ്പോൾ
ചിറകാൽ കേൾക്കുന്നല്ലോ
ഒരു പൊതിച്ചതേങ്ങ പോരേന്ന്
കൂകുന്നുണ്ട്
അതമ്മച്ചി
മരിക്കുമ്പോ ചന്തയിൽ ബാക്കി വച്ചത്
തിരിച്ചെത്തുമ്പോ
തിരുമി ചമ്മന്തിയരയ്ക്കാൻ
ബാക്കി നോക്കാതെ
തിരിച്ചു നടന്നു പോകാൻ
ഒരു വറ്റൽ മുളകിന്റെ
എരിവുള്ള ചുവന്ന വഴിയേ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.