22 April 2024, Monday

യുദ്ധച്ചാനൽ

കണ്ടല്ലൂർ ലാഹിരി
January 14, 2024 6:36 pm

ല്ലാവരും നിരന്ന്
നിവർന്നിരുന്നിട്ടുണ്ട്
കാഴ്ചകളുടെ
രഥം തെളിച്ച്
മുന്നോട്ടു പോയിടാൻ
ടെലിവിഷൻ കുതിരകൾ
തയ്യാറായി കഴിഞ്ഞു
ഹിറ്റ്ലർ ബാറ്ററിയിട്ട്
പ്രവർത്തിക്കുന്ന റിമോട്ടിനാൽ
ചാനൽ വാതിൽ തള്ളി തുറന്ന്
അകത്തു കയറുന്നു
ഭീതിദമായ കാഴ്ചക്കല്ലിൽ
തലയടിച്ച് വീണ്
ഹൃദയപക്ഷത്തുള്ള
ഏവരുടെയും കൃഷ്ണമണികൾ
ചോര വാർക്കുന്നുണ്ട്
ചാനലൊന്ന് ചാലുകീറി ഒഴുക്കി
മാറ്റ ചാനലിന്റെ
മഴക്കുഴിയിലേക്ക് എത്തിക്കണം
വയ്യ വായിച്ചിടാൻ;
ദുരന്തഭൂമിയിൽ നിന്ന്
വെന്തടർന്ന് വീണ
രക്തശീർഷകമുള്ള കഥകൾ
ചാനൽ മാറ്റാൻ കഴിയാതെ
നാമെല്ലാം വിയർക്കുന്നു
മനസാക്ഷി തിരിവെട്ടം
വിയർപ്പിൽ നനഞ്ഞ് കെടുന്നുണ്ട്
ഞെക്കും വിരലുകളിൽ പോലും
അപ്പാടെ പറ്റിയിട്ടുണ്ട്
രക്തപരാഗം
യുദ്ധക്കൊലവിളി പരിപാടി
തുടങ്ങിയിട്ട്
നേരം കുറെയായി
ബൂർഷ്വാ ഭരണകൂടമാണ്
എക്കാലത്തും അതിന്റെ
പ്രായോജകർ
കാണുന്ന നമ്മളും
യുദ്ധമുഖത്ത് എത്തിയതു പോലെ
യുദ്ധ ചിന്ത കെട്ടിയ
മുള്ളുവേലികൾക്കിടയിലൂടെ
നൂഴ്ന്ന് ഇറങ്ങുന്ന
നമ്മുടെ ഹൃദയത്തിനും
പോറലേറ്റ് നീറുന്നുണ്ട്
അവരുടെ നിലവിളികളിൽ നനഞ്ഞ
നമ്മുടെ കാതുകൾ
എത്ര അലക്കി പിഴിഞ്ഞ്
കുടഞ്ഞ് വിരിക്കാൻ നോക്കിയിട്ടും
തലമുറകളെ അസ്വസ്ഥപ്പെടുത്തുന്ന
ആ നനവ് ഉണങ്ങുന്നേയില്ല
പീരങ്കികളിൽ ചുരുണ്ടു കൂടി
വരണ്ടുപോയ ഹൃദയത്തെ
വലിച്ചെടുത്ത്
മിടിപ്പ് ഉണ്ടോയെന്ന്
വീണ്ടും വീണ്ടും പരിശോധിക്കാം
ഭയവും, ഉത്കണ്ഠയും
സമം ചേർന്ന മുറിവുകളെ
വെച്ചുകെട്ടി ഉണക്കാൻ
പ്രതീക്ഷയുടെ
പച്ചമരുന്നിലകൾ
അരച്ച് പിഴിഞ്ഞൊഴിക്കാം
യുദ്ധഭൂമിയിൽ
ചോരക്കിണറുകൾ
ആഴത്തിൽ കുഴി കുത്തി ഉണ്ടാക്കുന്ന
ഭരണകൂട തൊഴിലാളികൾ
വെടിയൊച്ചകൾ കേട്ട്
സമാധാന സന്ധിയുടെ
ഒരുപറ്റം പറവക്കൂട്ടങ്ങൾ
ജീവനും കൊണ്ട്
നാനാ ഭാഗത്തേക്ക് പറന്നേ പോയി
അവിടാകെ
ഹൃദയശൂന്യത നിറഞ്ഞേ പോയി
ഇടവേളകളില്ലാതെ
ചാനലിലൂടെ പരിപാടി കൊഴുക്കുന്നു
ചരിത്രത്തിൽ കൊന്നൊടുക്കിയ
അശോകചക്രവർത്തിയുടെ മുഖവും
പിന്നീട് മാനസാന്തരത്തിന്റെ
അശോകമരം
അദ്ദേഹത്തിൽ പൂത്തുലഞ്ഞതും
ഏവർക്കും ഓർമ്മ വരുന്നു
ആ ചില്ലയിലെ
ഒരു ഇലത്തണൽ എങ്കിലും മതിയായിരുന്നു
ഇവർ ഇതിൽ നിന്നൊന്ന്
പിന്മാറാൻ എന്ന്
ചിന്തിക്കുന്നുണ്ടേവരും
ഒന്നുമില്ലാതെ യാക്കുവാനുള്ള
രണ്ടുപേർ തമ്മിലുള്ള
ഈ എടുത്തുചാട്ടത്തിനെ
ഇല്ലാതാക്കുവാൻ
ആർക്കാണ് കഴിയുക?
കൊന്നും തിന്നും തീരും വരെ
ഇടവേളകൾ
ഇടുകയില്ല എന്ന്
യുദ്ധ സൂത്രധാരൻമാർക്ക്
നിർബന്ധമാണ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.