6 May 2024, Monday

ഭ്രമം തീർത്ത വലയം

എ ഐ ശംഭുനാഥ്
October 24, 2021 4:00 am

‘അന്ധാദുൻ’ എന്ന സൂപ്പർഹിറ്റ് ഹിന്ദി ചലച്ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് ‘ഭ്രമം.’ സുപ്രസിദ്ധ ഛായാഗ്രാഹകൻ രവി കെ ചന്ദ്രന്റെ ആദ്യ സംവിധാനസംരംഭം കൂടിയായ ചിത്രം ഒക്ടോബർ ഏഴിന് ആമസോൺ പ്രൈമിലൂടെ കാണികൾക്ക് മുന്നിലെത്തി. വൈയാകോം18 സ്റ്റുഡിയോസും എ പി ഇന്റർനാഷണലും ചേർന്നാണ് നിർമ്മാണം. 

കല ഉണ്ടായ കാലം മുൽക്കേ പ്രചോദനങ്ങളും പുനരാവിഷ്കരണങ്ങളും അതിന്റെ ഭാഗമായി ഒപ്പമുണ്ട്. സിനിമയുടെ കാര്യത്തിലാകുമ്പോൾ പ്രേക്ഷകസ്വീകാര്യതയെ ആശ്രയിച്ചായിരിക്കും അത്തരം സൃഷ്ടികൾ ഉണ്ടാവുക. സിനിമയിൽ മറ്റൊരു ഭാഷയിൽ നിന്ന് പുനരാവിഷ്കാരം നടത്തുമ്പോൾ പ്രദേശികമായ സിനിമാസ്വാദന തലങ്ങളുടെ തർജ്ജമകൾ അതിൽ അനിവാര്യമായ ഘടകമാണ്. അത്തരം തർജ്ജമകൾ നടത്താത്തതിന്റെ പോരായ്മകൾ ഭ്രമത്തിലുടനീളം കാണാനാകും. ഹിന്ദിയിൽ മാത്രം ഏശുന്ന നാടകീയരംഗങ്ങൾ മലയാള സിനിമാപ്രേക്ഷകരുടെ യാഥാർത്ഥ്യബോധം അംഗീകരിച്ചെന്നുവരില്ല. 

പൃഥ്വിരാജ്, ശങ്കർ, മംമ്ത, ഉണ്ണി മുകുന്ദൻ, രാഷി ഘന്ന, ജഗദീഷ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി തിളങ്ങി. ഹിന്ദി പതിപ്പായ ‘അന്ധാദുനി‘ലെ ആയുഷ്മാൻ ഖുറാനെയുടെ നായകരൂപം കാണാത്തവർക്ക് പൃഥ്വിയുടെ അഭിനയം കൗതുകമുണർത്തും. ജഗദീഷിന്റെ ഏറെ നാളിനുശേഷമുള്ള ഒരു ഉണർവുള്ള നർമ്മപ്രകടനം ഈ ചിത്രത്തിൽ കാണാനാകും. സംഭാഷണങ്ങളിലെ കൃത്യമത്വം കഥാപാത്രങ്ങളുടെ പ്രകടനത്തിൽ പലയിടത്തും കാലഹരണപ്പെട്ട മെലോഡ്രാമാ ടെക്നിക്കുകളെ ഓർമ്മിപ്പിക്കുന്നു. പഴയകാല നടനായി ശങ്കറിനെ കാസ്റ്റ് ചെയ്തത് വളരെ അനുയോജ്യമായി.
സിനിമയുടെ ഛായാഗ്രഹണം എടുത്ത് പറയേണ്ടുന്ന ഒന്നാണ്. രവി കെ ചന്ദ്രന്റെ ക്യാമറാ കണ്ണുകൾ ഭംഗിയായി അഭ്രപാളിയിൽ പതിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥയിലെ ചില പാളിച്ചകളിൽ നിന്നും കാണികളുടെ ശ്രദ്ധ ദൃശ്യഭംഗിയിലേക്ക് തിരിച്ചുവിടുന്നതിൽ ക്യാമറ വലിയ പങ്കു വഹിച്ചിട്ടുണ്ട്. തീർത്തും വൈബ്രന്റായ ദൃശ്യവിരുന്നാണ് പ്രേക്ഷകർക്കായി ചിത്രം സമ്മാനിക്കുന്നത്. സംവിധായക കുപ്പായമണിയുമ്പോഴും രവിയുടെ ദൃശ്യഭാഷയിലെ നൈപുണ്യം വേണ്ടുവോളം സിനിമയിൽ പ്രകടമാണ്. 

ഭ്രമത്തിനായി തിരക്കഥയും സംഭാഷണവും രചിച്ചത് ശരത് ബാലനാണ്. ‘അന്ധാദുനി‘ൽ നിന്ന് പ്രചോദനം മാത്രം ഉൾക്കൊണ്ട് മലയാളിപ്രേക്ഷകരുടെ അഭിരുചിക്കൊത്ത് പുതിയ തിരക്കഥാഘടന രൂപപ്പെടുത്താനുള്ള സാധ്യത തിരക്കഥാകൃത്ത് പരിമിതപ്പെടുത്തിയിരിക്കുന്നു.
ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവഹിച്ചിരിക്കുന്നത് ശ്രീകർ പ്രസാദാണ്. ജേക്സ് ബിജോയുടെ സംഗീതം സിനിമയിൽ അതിന്റെ താളത്തിനൊത്ത് ലയിച്ചു ചേർന്നിട്ടുണ്ട്.
മലയാളിയുടെ യുക്തിപരമായ സിനിമാകാഴ്ചപ്പാടിനെ എത്രത്തോളം ഭ്രമം ശരിവയ്ക്കും എന്ന് കണ്ടറിയേണ്ടുന്ന ഒന്നാണ്. ഹിന്ദി പതിപ്പ് കണ്ടിട്ടുള്ളവർ ഭ്രമത്തിന്റെ തിരക്കഥയിൽ മലയാളകരയ്ക്കതീതമായ മാറ്റങ്ങൾ പ്രതീക്ഷിച്ച് സിനിമ കാണുന്നുണ്ടെങ്കിൽ നിരാശപ്പെട്ടെന്നു വന്നേക്കാം. 

ഹിന്ദി സിനിമയിലെ ഹാസ്യസന്ദർഭങ്ങൾ മലയാളത്തിൽ അതേപടി ചെയ്താൽ ചിരിയുണർത്താൻ നന്നേ പ്രയാസമാണെന്ന് ഈ സിനിമ തെളിയിക്കുന്നു. റീമേക്ക് എന്ന പ്രക്രിയയിൽ വെറും തനിയാവാർത്തനം മാത്രമല്ല വേണ്ടതെന്നതിന് ഭ്രമം തെളിയിക്കുന്നു.
പിയാനിസ്റ്റായ റേ മാത്യൂസെന്ന യുവാവ് ആൾക്കാരുടെ സഹതാപം പിടിച്ചുപറ്റാനായി അന്ധത നടിച്ച് ജീവിതം കൊണ്ടുപോകുന്നു. അങ്ങനെ തരക്കേടില്ലാതെ തട്ടിയും മുട്ടിയും മുന്നോട്ട് പോയിക്കൊണ്ടിരുന്ന വേളയിൽ ഭീതി നിറഞ്ഞ ഒരു കാഴ്ചയ്ക്ക് അയാൾ സാക്ഷ്യം വഹിക്കുന്നു. റേയുടെ അന്ധതാനടനം അവനുതന്നെ വിനയായി മാറുന്നു. തുടർന്ന് രണ്ടറ്റം തമ്മിൽ കൂട്ടിമുട്ടിക്കാനുള്ള നായകന്റെ ശ്രമം വിജയം കാണുന്നത് ഭാഗ്യം തുണയ്ക്കുമ്പോഴാണ്. 

ശ്രീറാം രാഘവൻ സംവിധാനം നിർവ്വഹിച്ച ‘അന്ധാദുൻ’ വാണിജ്യസിനിമാമേഖലയിൽ വിപ്ലവകരമായ ഒരു പരീക്ഷണമായിരുന്നു. മലയാളത്തിലേക്ക് അതേ ചിത്രത്തെ റീമേക്ക് ചെയ്യുമ്പോൾ ഉയരുന്ന പ്രധാന വെല്ലുവിളി പ്രേക്ഷക സ്വീകാര്യതയാണ്. ഹിന്ദി പകർപ്പിന്റെ മൊഴിമാറ്റം മറ്റൊരു കൂട്ടം നടീനടൻമാരിലൂടെ നടത്തിയ രീതി ഈ കാലഘട്ടത്തിൽ അനിവാര്യമാണോ എന്ന ചോദ്യം ഭ്രമം പ്രേക്ഷകർക്കുമുന്നിൽ ബാക്കിവയ്ക്കുന്നു.
ഈ ലോകത്തിന് കാഴ്ചയുണ്ട് എന്നാൽ കാഴ്ചപ്പാടില്ല എന്ന നായകന്റെ വോയിസോവറോടു കൂടിയാണ് ചിത്രം ആരംഭിക്കുന്നത്. മനുഷ്യന്റെയുള്ളിലെ കപട സഹതാപചിന്താഗതിയെ ഒരു ഡാർക്ക് കോമഡിയുടെ രൂപത്തിൽ വരച്ചുകാട്ടുകയാണ് ഭ്രമം. സ്വാർത്ഥതയുടെ പര്യായമായ മനുഷ്യസമൂഹത്തിനിടയിൽ കാഴ്ചയുണ്ടെങ്കിലും കണ്ണ് മൂടിക്കെട്ടി അന്ധനായി ജീവിക്കുന്നതാണ് സുരക്ഷിതം എന്ന അടിക്കുറിപ്പോടു സിനിമ അവസാനിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.