27 April 2024, Saturday

Related news

April 26, 2024
April 26, 2024
April 24, 2024
April 23, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024

രാജ്യത്തിന്റെ സമ്പദ് ഘടന മോഡി സര്‍ക്കാര്‍ അപകടത്തിലാക്കി; ബിനോയ് വിശ്വം

Janayugom Webdesk
കോഴിക്കോട്
March 19, 2024 8:00 pm

രാജ്യത്തിന്റെ സമ്പദ് ഘടനയുടെ ഹൃദയം പൂർണമായും മോഡി ഗവൺമെന്റ് അപകടത്തിലാക്കിയിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമ്പദ് വ്യവസ്ഥയുടെ ആധാരശിലയാണ് ബാങ്കിംഗ് മേഖല. ആ ബാങ്കിംഗ് വ്യവസ്ഥയുടെ പ്രധാനപ്പെട്ടൊരു കണ്ണിയായ എസ് ബി ഐയുടെ വിശ്വാസ്യതയാണ് പാതാളത്തോളം താഴ്ത്തിയിരിക്കുന്നത്. ഇലക്ടറൽ ബോണ്ടിനെപ്പറ്റിയുള്ള എല്ലാവിവരങ്ങളും വ്യക്തമാക്കാൻ സുപ്രീം കോടതി പലവട്ടം പറഞ്ഞിട്ടും ബാങ്ക് ഒളിച്ചുകളി തുടരുകയാണ്.

നാണവും മാനവും സമ്പദ് വ്യവസ്ഥയെപ്പറ്റി എന്തെങ്കിലും പരിഗണനയുമുണ്ടെങ്കിൽ മോഡി ഇതേക്കുറിച്ച് ഒരു വാക്കെങ്കിലും പറയണം. മുഴുവൻ കള്ളപ്പണവും പിടിച്ചെടുത്ത് അത് ആളോഹരി പങ്കിടുമെന്നായിരുന്നു മോഡിയുടെ ഗ്യാരന്റി. എന്നാൽ കള്ളപ്പണത്തെ വെള്ളപൂശി ബാങ്ക് വഴി പാർട്ടിയുടെ അക്കൗണ്ടിലേക്ക് എത്തിക്കുന്നതാണ് ഇലക്ടറൽ ബോണ്ടിലൂടെ രാജ്യം കണ്ടത്. എല്ലാവർക്കും തൊഴിൽ, വിദ്യാഭ്യാസം, വീട്, വൈദ്യുതി, ടാപ്പ് വെള്ളം, ശൗചാലയങ്ങൾ എന്നുവേണ്ട ഗ്യാരന്റിയുടെ പരമ്പരയാണ് മോഡി ജനങ്ങൾക്ക് മുന്നിൽ വെച്ചത്. എന്നാൽ ഒരു വാഗ്ദാനം പോലും പാലിക്കപ്പെട്ടില്ല. ഇളകാത്ത ഉറപ്പെന്നാണ് ഗ്യാരന്റിയുടെ അർത്ഥം. എന്നാൽ മോഡി ഈ വാക്കിനർത്ഥം പഴയ ചാക്കെന്ന് മാറ്റിയെഴുതണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

നരേന്ദ്ര മോഡിയും ബിജെപിയും കനത്ത പരാജയഭീതിയിലാണ്. ഈ ഭീതികൊണ്ടാണ് തെക്കേ ഇന്ത്യയിലേക്കുള്ള മോഡിയുടെ ഇടയ്ക്കിടെയുള്ള വരവ്. മൂന്നാംവട്ടവും എന്ന് ഹുങ്കോടു കൂടി പറഞ്ഞുകൊണ്ടിരിക്കുന്നത് പരാജയഭീതി മൂടിവെക്കുന്നതിന് വേണ്ടിയാണ്. മിക്കവാറും എല്ലാദിവസവും മോഡി തെക്കേ ഇന്ത്യയിലാണ്. തിരക്കേറിയ സമയത്ത് പോലും അദ്ദേഹം നാലാംവട്ടമാണ് കേരളത്തിലെത്തിയത്. ഇനിയും ഇവിടേക്കെത്താൻ സാധ്യതയുണ്ട്. ഇതെല്ലാം പരാജയഭീതി പൂണ്ട ഒരാളുടെ വെപ്രാളങ്ങളാണ് സൂചിപ്പിക്കുന്നത്. നാലാം തവണയും കേരളത്തിലെത്തിയ മോഡി എന്തുകൊണ്ട് മണിപ്പൂരിൽ പോകുന്നില്ലെന്നും ബിനോയ് വിശ്വം ചോദിച്ചു.

‘ബേട്ടി ബച്ചാവോ’ എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന മോഡി ഗവൺമെന്റ് രാജ്യത്തെ പെൺകുട്ടികളെ രക്ഷിക്കുന്നതിൽ പൂർണ പരാജയമാണ്. ആ പരാജയത്തെക്കുറിച്ച് അറിയാവുന്നതുകൊണ്ടാണ് മോഡി മണിപ്പൂരിൽ പോകാൻ മടിക്കുന്നത്. മണിപ്പൂരിലെ സ്ത്രീകളുടെ അവസ്ഥ മോഡി കണ്ടില്ലെന്ന് നടിക്കുന്നു. പെൺമക്കളെ വേട്ടയാടുന്ന കിരാതർക്കെതിരെ നിർത്തൂ എന്ന് ഒരു വാക്കുപോലും പറയാൻ കഴിയാത്ത മോഡിയുടെ നാവ് ഗ്യാരന്റിയുടെ പേരിൽ നുണകൾ പറയാൻ മാത്രമുള്ളതാണ്. രാജ്യത്തിന്റെ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാൻ വാചാലതയിൽ മുന്നിലുള്ള മോഡിക്ക് സാധിക്കുന്നില്ല. ആ നാവുകൊണ്ട് ഇനിയെത്ര കള്ളങ്ങൾ പറഞ്ഞാലും രാജ്യം വിശ്വസിക്കാൻ പോകുന്നില്ല. രാഷ്ട്രീയ സുതാര്യത ഇല്ലാത്ത മോഡി സർക്കാറിനോട് രാജ്യം തീർച്ചയായും പകരം ചോദിക്കും.

ശത്രുക്കൾ ആരെന്ന യാഥാർത്ഥ്യ ബോധത്തോടെയല്ല കോൺഗ്രസ് പെരുമാറുന്നത്. ഇന്ത്യാ സഖ്യത്തെ നേരാംവണ്ണം നയിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞാൽ, സഖ്യത്തിന്റെ എല്ലാ ശേഷിയും കൂട്ടിയിണക്കാൻ സാധിച്ചാൽ മോഡിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്നും അദ്ദഹം പറഞ്ഞു. സിപിഐ സംസ്ഥാന എക്സി. അംഗങ്ങളായ സത്യൻ മൊകേരി, ടി വി ബാലൻ, ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കരുതായിരുന്നുവെന്ന് ബിനോയ് വിശ്വം

കോഴിക്കോട്: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കരുതായിരുന്നുവെന്നും രാഷ്ട്രീയ പ്രത്യാഘാതം ആലോചിക്കാതെയുള്ള നടപടിയാണിതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഹുൽ ഗാന്ധിക്ക് എവിടെയും മത്സരിക്കാൻ അവകാശമുണ്ടെങ്കിലും തീരുമാനം ദൂരക്കാഴ്ചയുടെയും രാഷ്ട്രീയ ബോധ്യത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം. രാജ്യത്തെ രക്ഷിക്കാനുള്ള മഹാസമരത്തിൽ കൂടുതൽ സീറ്റുകളുള്ള ഉത്തരേന്ത്യയാണോ അല്ലെങ്കിൽ കൊച്ചു കേരളമാണോ ഫോക്കസ് പോയിന്റെന്നാണ് കോൺഗ്രസിന്റെ രാഷ്ട്രീയ ബുദ്ധിയോട് ചോദിക്കാനുള്ളത്. പോരാട്ടത്തിൽ ആരാണ് കോൺഗ്രസിന്റെ മുഖ്യശത്രു എന്ന ചോദ്യം മനസിലാക്കാനുള്ള രാഷ്ട്രീയ ബോധം ഉണ്ടായിരുന്നെങ്കിൽ രാഹുൽ വയനാട്ടിൽ മത്സരിക്കില്ലായിരുന്നു. രാഹുൽ വയനാട്ടിൽ മത്സരിക്കരുതെന്ന് ഇടതുപക്ഷം മാത്രം വ്യക്തമാക്കുന്ന കാര്യമല്ല. മുസ്ലിം ലീഗ് സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ കൊച്ചുമകൻ എം ജി ദാവൂദ് മിയാഖാൻ രാഹുൽഗാന്ധിക്കെഴുതിയ കത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വയനാട്ടിൽ ഇടത് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കരുതെന്നാണ് ആ കത്തിൽ പറയുന്നത്. ആനി രാജയ്ക്കെതിരെ മത്സരിക്കാൻ വയനാട് മണ്ഡലം വീണ്ടും തെരഞ്ഞെടുത്തുവെന്നറിയുന്നതിൽ നിരാശയുണ്ടെന്ന് സൂചിപ്പിക്കുന്ന അദ്ദേഹം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ ഇടതുപാർട്ടികൾ എപ്പോഴും മുൻപന്തിയിലാണെന്നും രാഹുൽ ഗാന്ധിയെ ഓർമ്മപ്പെടുത്തുന്നുണ്ട്. ഇതൊരു ചെറിയ കാര്യമല്ല. ഉയർന്ന ചിന്തകളുടെ പ്രതിഫലനമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. കോൺഗ്രസിന്റെ തീരുമാനമെന്തായാലും ഇടതുപക്ഷം ഒന്നാന്തരമായി പോരാടും. രാഹുൽ ഗാന്ധി അടക്കമുള്ള ഏതൊരാളെയും രാഷ്ട്രീയമായി നേരിടാൻ കെൽപ്പുള്ളയാളാണ് ഇടതു സ്ഥാനാർത്ഥി. വയനാട്ടിൽ ഉൾപ്പെടെ ജയിച്ചാൽ എല്ലാ ഇടതുപക്ഷ എം പിമാരും പാർലമെന്റിൽ കൈപൊക്കാൻ പോകുന്നത് ഇന്ത്യാ സഖ്യത്തിന് വേണ്ടിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നാണ് ശ്രീകൃഷ്ണൻ കുചേലന് ഒരുപിടി അവൽ നൽകിയിരുന്നതെങ്കിൽ അത് അഴിമതിയാണെന്ന് സുപ്രീം കോടതി പറഞ്ഞേനേ

കോഴിക്കോട്: ഹിന്ദുക്കളുടെ വിശ്വാസസംരക്ഷകനായി സ്വയം പ്രഖ്യാപിക്കുന്ന നരേന്ദ്ര മോഡിയുടെ നിലപാടുകളിലെ പൊള്ളത്തരം തുറന്നുകാട്ടി  ബിനോയ് വിശ്വം. ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മോഡി കൃഷ്ണനെയും കുചേലനെയും ഉദാഹരിച്ച് നടത്തിയ പ്രസ്താവനയാണ് ബിനോയ് വിശ്വം തുറന്നുകാട്ടിയത്.

ഇന്നാണ് ശ്രീകൃഷ്ണൻ കുചേലന് ഒരുപിടി അവൽ നൽകിയിരുന്നതെങ്കിൽ അത് അഴിമതിയാണെന്ന് സുപ്രീം കോടതി പറഞ്ഞേനേ എന്നായിരുന്നു മോഡി പരിഹാസത്തോടെ പറഞ്ഞത്. കൃഷ്ണനും കുചേലനും തമ്മിലുള്ള ബന്ധമോ ആ അവൽ പൊതിയുടെ മാഹാത്മ്യമോ പോലും തിരിച്ചറിയാൻ കഴിയാത്ത മോഡി കള്ളപ്പണക്കാരെ കുചേലനാക്കിയും തന്നെ കൃഷ്ണനാക്കിയും മാറ്റുകയായിരുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു.

ഹിന്ദു വിശ്വാസങ്ങളെ തന്നെ അവഹേളിക്കുകയാണ് മോഡി ഈ പ്രസ്താവനയിലൂടെ ചെയ്തത്. ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെ പട്ടികയിൽ കുചേലൻമാർ ഇല്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കള്ളപ്പണം വാങ്ങിയ പാർട്ടിയുടെ നേതാവായ തന്നെ ശ്രീകൃഷ്ണനായി ചിത്രീകരിച്ചതിലൂടെ ഹിന്ദു വിശ്വാസങ്ങളെ തന്നെയായിരുന്നു മോഡി അവഹേളിച്ചത്. ഹിന്ദുമത വിശ്വാസങ്ങളുമായി വാസ്തവത്തിൽ യാതൊരു ബന്ധവും ബിജെപിക്കില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.

മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും ആത്മാവ് അറിയാത്തവരാണ് ബിജെപിയും മോഡിയും. ഈ മോഡിയാണ് ഹിന്ദു വിശ്വാസ സംരക്ഷകനായി രംഗത്ത് വരുന്നത്. ഹിന്ദുമതവും ഹിന്ദുത്വ വാദവും തമ്മിലുള്ള ബന്ധം കേവലം ശബ്ദത്തിൽ മാത്രമൊതുങ്ങുന്നതാണ്. രണ്ടിലും ഹിന്ദു എന്ന വാക്കുണ്ട് എന്നു മാത്രം. ഇതെല്ലാം ജനങ്ങൾക്കറിയാം. അവരുടെ മേൽ എല്ലാം അടിച്ചേൽപ്പിക്കാമെന്ന് ഒരു മോഡിയും കരുതേണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Eng­lish Sum­ma­ry: 2 Died in trav­eller acci­dent Mankulam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.