21 December 2024, Saturday
KSFE Galaxy Chits Banner 2

കേന്ദ്രത്തിന്റേത് യുവജന വഞ്ചന

ടി ടി ജിസ്‌മോൻ
November 9, 2024 4:30 am

വിരമിച്ച ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ പുനർനിയമിക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ തീരുമാനം രാജ്യത്തെ തൊഴിൽരഹിതരായ യുവജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ്. നിലവിൽ മൂന്നര ലക്ഷത്തിലേറെ ജീവനക്കാരുടെ ഒഴിവുകളുണ്ടെന്നിരിക്കെ അവ നികത്താൻ തയ്യാറാകാതെ നിയമന നിരോധനമേർപ്പെടുത്തിയും കരാർതൊഴിലിനെ പ്രോത്സാഹിപ്പിച്ചും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുകയാണ് കേന്ദ്രം. 

മോഡി സർക്കാർ നടപ്പിലാക്കിവരുന്ന നവലിബറൽ നയങ്ങളുടെ ഫലമായി കേന്ദ്രസർവീസ് മേഖലയാകെ ഗുരുതരമായ പ്രതിസന്ധികൾ നേരിടുകയാണ്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും ഹ്യൂമൻ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും പ്രസിദ്ധീകരിച്ച ‘ഇന്ത്യ എംപ്ലോയ്മെന്റ് റിപ്പോർട്ട് 2024’ അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്കാണ് ഇപ്പോഴുള്ളത്. അതോടൊപ്പം 2012നും 24നും ഇടയിൽ രാജ്യത്തുള്ള സ്ഥിരം തൊഴിലാളികളുടെ യഥാർത്ഥ വേതനത്തിൽ 10 ശതമാനത്തിന്റെയും അസ്ഥിര തൊഴിലാളികളുടെ വേതനത്തിൽ 20 ശതമാനത്തിന്റെയും കുറവുണ്ടാവുകയും ചെയ്തു. 

കഴിഞ്ഞ 10 വർഷത്തിനിടയിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ ഗണ്യമായി കുറയുമ്പോൾ മറുവശത്ത് കരാർത്തൊഴിലുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. തൊഴിലാളികളുടെ ആകെ എണ്ണം 2013 മാർച്ചിൽ 17.3 ദശലക്ഷമായിരുന്നത് നിലവിൽ അത് മാർച്ചിൽ 13 ദശലക്ഷത്തിൽ താഴെയായി കുത്തനെ ഇടിഞ്ഞു. അതേസമയം കരാർ തൊഴിൽ വിഭാഗത്തിൽ മൊത്തം ജീവനക്കാരുടെ എണ്ണം 2013ലെ 19 ശതമാനം 2024ൽ 43.5 ശതമാനമായി വർധിക്കുകയുമുണ്ടായി. രാജ്യത്തെ തൊഴിൽ രഹിതരിൽ 83 ശതമാനവും 34 വയസിന് താഴെയുള്ളവരാണ്. 2024 വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ തൊഴിൽരഹിതരുടെ എണ്ണം 4.2 കോടിയാണ്. വർഷം തോറും രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം നൽകി അധികാരത്തിൽ വന്നവർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല സർക്കാർ മേഖലയിലെയും പൊതു – സ്വകാര്യ മേഖലയിലെയും തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്ന സമീപനവും സ്വീകരിക്കുന്നു. 18 മാസം കൊണ്ട് 10 ലക്ഷം തൊഴിലുകൾ സർക്കാർ മേഖലയിൽ നൽകുമെന്ന 2022 ജൂൺ 14ലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും ജലരേഖയായി മാറി. 

റെയിൽവേ അടക്കമുള്ള സ‍ർക്കാർ സ്ഥാപനങ്ങളിലും വിവിധ വകുപ്പുകളിലും ജീവനക്കാരുടെ അപര്യാപ്തത നിമിത്തം വീർപ്പുമുട്ടുന്ന സാഹചര്യം ഉണ്ടായിട്ടും ഒഴിവുകൾ നികത്താതെ രാജ്യത്തെ തൊഴിലാളി വർഗത്തെ മുതലാളിത്തത്തിന്റെ നിർദയ ചൂഷണത്തിന് വിട്ടുകൊടുക്കുകയാണ് ഭരണകൂടം. മുതലാളിത്താനുകൂലവും ജനവിരുദ്ധവുമായ നയങ്ങൾ മുഖമുദ്രയാക്കിയ മോഡിഭരണത്തിൽ രാജ്യത്ത് സർവമേഖലകളും കോർപറേറ്റുകളുടെ കൈകളിൽ ഇതിനോടകം എത്തിക്കഴിഞ്ഞു.
തൊഴിലില്ലായ്മ, അസമത്വം, ദാരിദ്ര്യം, പണപ്പെരുപ്പം തുടങ്ങിയവ സാമ്പത്തികമായും സാമൂഹികമായും ഇന്ന് രാജ്യത്തെ തകർത്തുകൊണ്ടിരിക്കുമ്പോൾ മുതലാളിവർഗത്തെ പ്രീണിപ്പിക്കാനുള്ള നടപടികൾ ആവർത്തിക്കുക തന്നെയാണ് കേന്ദ്രം. 

കേന്ദ്രസർക്കാർ മേഖലയിൽ ഏറ്റവും കൂടുതൽപേർ ജോലിചെയ്യുന്ന റെയിൽവേയിൽ സ്വകാര്യവൽക്കരണ നടപടികൾക്ക് 1990കളിൽത്തന്നെ തുടക്കം കുറിച്ചിരുന്നു. മൂലധനതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി നിയുക്തരായ മുതലാളിത്ത ഭരണകൂടം താണ്ഡൻ, രാകേഷ് മോഹൻ കമ്മിറ്റികളെ അക്കാലയളവിൽ നിയോഗിച്ചതുതന്നെ കുത്തകകൾക്ക് ചൂഷണത്തിനനുകൂലമായ സാഹചര്യം ഒരുക്കുന്നതിനുവേണ്ടിയായിരുന്നു.
1998ൽ അധികാരത്തിൽവന്ന വാജ്പേയി സർക്കാരിന്റെ കാലത്താണ് കാറ്ററിങ്, ട്രാക്കുകളുടെ പരിപാലനം, എന്‍ജിൻ, കോച്ച്, വാഗണുകൾ, സിഗ്നലുകൾ എന്നിവയുടെ നിർമ്മാണവും പരിപാലനവും ഉൾപ്പെടെയുള്ള ജോലികൾ പുറംകരാര്‍ കൊടുക്കാൻ തീരുമാനിക്കുന്നത്. അക്കാലയളവിൽത്തന്നെ റെയിൽവേയുമായി ബന്ധപ്പെട്ട അനുബന്ധ സേവന പ്രവർത്തനങ്ങൾ പൂർണമായും സ്വകാര്യവൽക്കരിക്കപ്പെടുകയും ഒട്ടുമിക്ക ജോലികളും കരാർവൽക്കരിക്കപ്പെടുകയും ചെയ്തു. 2014ൽ അധികാരത്തിൽ വന്നതിന് ശേഷം, റെയിൽവേയുമായി ബന്ധപ്പെട്ട് മോഡി സർക്കാർ നിയോഗിച്ച വിവേക് ദെബ്റോയ് അധ്യക്ഷനായ കമ്മിഷൻ 2015 ജൂൺ 12ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വകാര്യവല്‍ക്കരണ നയങ്ങൾ കൂടുതൽ തീവ്രമാക്കുന്നതാണ് പിന്നീട് രാജ്യം കാണുന്നത്.
1924 മുതൽ തുടർന്നുവന്ന പ്രത്യേക റെയിൽവേ ബജറ്റ് 2017 മുതൽ നിർത്തലാക്കിയതും റെയിൽവേയുടെ ക്രോസ് സബ്സിഡി അവസാനിപ്പിച്ചതും ഭരണകൂടം കോർപറേറ്റ് പ്രീണന നയം തങ്ങളുടെ ഏകമാത്രമായ അജണ്ടയായി സ്വീകരിച്ചതിന്റെ പരിണിതഫലമായിരുന്നു. കേന്ദ്ര ബജറ്റിൽ റെയിൽവേയ്ക്ക് അനുവദിക്കുന്ന തുക വൻതോതിൽ വെട്ടിക്കുറയ്ക്കുകയും സാമൂഹ്യവും സാമ്പത്തികവുമായി അടിച്ചമർത്തപ്പെട്ട വിവിധ സാമുദായിക വിഭാഗങ്ങളിൽ പെട്ടവർക്ക് റെയിൽവേ ജോലികളിൽ ലഭ്യമായിരുന്ന സംവരണം അട്ടിമറിക്കുകയും ചെയ്തു. റെയിൽവേ ഡെവലപ്മെന്റ് അതോറിട്ടി രൂപീകരണത്തിലൂടെ സ്വകാര്യ സംരംഭകർക്ക് പച്ചപ്പരവതാനി വിരിക്കുകയായിരുന്നു. 

റെയിൽവേ പ്രവർത്തനങ്ങൾ വിഭജിച്ച് രൂപീകരിച്ച ഇന്ത്യൻ റെയിൽവേ റോളിങ് സ്റ്റോക്ക് കമ്പനി, ഇന്ത്യൻ റെയിൽവേയുടെ ഇൻഫ്രാസ്ട്രക്ചർ കമ്പനി, ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഡെവലപ്മെന്റ് കോർപറേഷൻ എന്നിവയെല്ലാം റെയിൽവേ ബോർഡിന്റെ നിയന്ത്രണമില്ലാതെ സ്വതന്ത്ര പദവിയോടെ പ്രവർത്തിക്കുന്നവയാണെന്നോർക്കണം.
2019 മുതൽ 23 വരെ കാലയളവിൽ 162 ട്രെയിനപകടങ്ങൾ രാജ്യത്ത് ഉണ്ടായതായാണ് കണക്ക്. മെക്കാനിക്കൽ, എന്‍ജിനീയറിങ് വിഭാഗത്തിലടക്കമുള്ള ജീവനക്കാരുടെ കുറവ് നിമിത്തം ലോക്കോ പൈലറ്റുമാരുൾപ്പെടെയുള്ളവർക്ക് കൃത്യമായ വിശ്രമസമയം ലഭിക്കാത്തതാണ് യാത്രക്കാരുടെ ജീവന് ഭീഷണിയാവുന്നത്. 2023 ഫെബ്രുവരി ഒമ്പതിന്, ബാലാസോറിലെ അപകടത്തെത്തുടര്‍ന്ന്, ഗുരുതരമായ സിഗ്നൽ തകരാറിനെ സംബന്ധിച്ച് സൗത്ത്-വെസ്റ്റേൺ സോൺ ചീഫ് ഓപ്പറേറ്റിങ് മാനേജർ റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ട് അവഗണിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്.
1998ൽ ഗയ്സാൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ അപകടങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ജസ്റ്റിസ് എച്ച് ആർ ഖന്ന കമ്മിഷൻ അപകടങ്ങളൊഴിവാക്കുന്നതിനായി അടിയന്തരമായി ഒരു ടാസ്ക് ഫോഴ്സിനെ നിയമിക്കണമെന്നും പ്രതിവർഷം 200 സ്റ്റേഷനുകളിലെ സിഗ്നലിങ് സിസ്റ്റം പുതുക്കണമെന്നും ശുപാർശ ചെയ്തിരുന്നുവെങ്കിലും തീരുമാനങ്ങൾ പ്രഖ്യാപനത്തിലൊതുങ്ങുകയായിരുന്നു. ട്രെയിൻ കൂട്ടിമുട്ടൽ ഒഴിവാക്കാനായി പ്രഖ്യാപിച്ച ‘കവച്’ സംവിധാനവും ഫലപ്രദമായി നടപ്പാക്കാനായിട്ടില്ല. റെയിൽവേ സ്റ്റേഷനിലും ട്രാക്കിലും ട്രെയിനിലും ഏർപ്പെടുത്തുന്ന ഈ ത്രിതല സംവിധാനത്തിലൂടെ സിഗ്നൽ തെറ്റിച്ചാൽ ലോക്കോപൈലറ്റിന് മുന്നറിയിപ്പ് നൽകാനും സ്പീഡ് കുറച്ചില്ലെങ്കിൽ ഓട്ടോമാറ്റിക്കായി ബ്രേക്ക് പ്രവർത്തിപ്പിക്കാനും കഴിയും. 

തൊഴിലവസരങ്ങളെയും തൊഴിൽ സുരക്ഷയെയും തൊഴിൽ സംവരണത്തെയും ഇല്ലായ്മ ചെയ്ത് വൻകിട കോർപറേറ്റുകൾക്ക് ആനുകൂല്യങ്ങളും ഇളവുകളും നേടിക്കൊടുത്തതാണ് സ്വകാര്യവല്‍ക്കരണം രാജ്യത്ത് സൃഷ്ടിച്ച ഏറ്റവും വലിയ പ്രത്യാഘാതം. കോർപറേറ്റുകളാകട്ടെ ഭരണകൂടത്തിൽ നിന്ന് ലഭ്യമായ സൗകര്യങ്ങൾ തങ്ങളുടെ ലാഭം പെരുപ്പിക്കുന്നതിനും സമ്പത്ത് കുന്നുകൂട്ടുന്നതിനുമായി ഉപയോഗിക്കുകയും ഭരണഘടനാപരമായ സകല മാനദണ്ഡങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ടുള്ള നയങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു. രാജ്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയുടെ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ സ്ഥിരം തൊഴിലുകളുടെ കരാർവൽക്കരണത്തിലൂടെ ലക്ഷക്കണക്കിന് യുവജനങ്ങളുടെ തൊഴിലവസരങ്ങൾ ഇല്ലായ്മ ചെയ്യുന്ന സമീപനമാണ് റെയിൽവേയുടേത്. രാജ്യത്തെ യുവജനങ്ങളുടെ ആത്മാഭിമാനത്തെ ആഴത്തിൽ മുറിവേല്പിക്കുന്ന നടപടിയിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറിയേ മതിയാകൂ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.