27 December 2025, Saturday

Related news

December 26, 2025
December 16, 2025
November 24, 2025
November 24, 2025
November 13, 2025
October 27, 2025
October 23, 2025
October 17, 2025
October 15, 2025
October 13, 2025

ലക്ഷദ്വീപിൽ വീണ്ടും കേന്ദ്രത്തിന്റെ പ്രതികാരം; ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

ബേബി ആലുവ
കൊച്ചി
December 29, 2024 11:03 pm

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പ്രതികാര നടപടികൾ കൂടുതൽ മേഖലകളിലേക്ക് കടക്കുന്നു. ആരോഗ്യ മേഖലയിലെ പിരിച്ചുവിടലും യാത്രാ ദുരിതം ഇരട്ടിപ്പിക്കുന്ന നടപടികളുമാണ് അവസാനത്തേത്. ദേശീയ ആയുഷ് മിഷൻ, ദേശീയ ആരോഗ്യ മിഷൻ എന്നിവയുടെ കീഴിൽ കിൽത്താൻ, കടമത്ത്, അഗത്തി ദ്വീപുകളിൽ സേവനം ചെയ്തിരുന്ന മൂന്ന് താല്‍ക്കാലിക ഡോക്ടർമാരെയാണ് ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്. ഇതോടെ, ഈ ദ്വീപുകളിൽ പ്രവർത്തിച്ചിരുന്ന ആയുർവേദ, ഹോമിയോ ചികിത്സാലയങ്ങൾ ഇല്ലാതായി. ചികിത്സ തേടിയിരുന്ന ദ്വീപ് നിവാസികൾക്ക് ഇനി കേരളമോ കർണാടകയോ ആണ് ആശ്രയം. കഴിഞ്ഞ ദിവസം, കവരത്തിയിലെ ആയുഷ് മിഷൻ ആസ്ഥാനം സന്ദർശിച്ച അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് നടപടി. പണ്ടാരപ്പാട്ടഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് ഭരണകൂടം നിലപാട് കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്. 

പരിസ്ഥിതി വകുപ്പിൽ നിന്ന് 200 ഓളം താല്‍ക്കാലിക മറൈൻ വാച്ചർമാരെ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. കൊച്ചി ഗാന്ധിനഗറിൽ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ പ്രവർത്തിച്ചിരുന്ന കപ്പൽ യാത്രയ്ക്കുള്ള ടിക്കറ്റ് കൗണ്ടർ 23 മുതൽ നിർത്തലാക്കി. കാലങ്ങളായി ദ്വീപ് ജനതയും വിനോദ സഞ്ചാരികളും ടിക്കറ്റ് ബുക്ക് ചെയ്യാൻ ആശ്രയിച്ചു വന്ന കൗണ്ടറാണിത്. നിലവിൽ യാത്രാദുരിതം മൂലം നട്ടം തിരിയുകയാണ് ദ്വീപ് ജനത. കൊച്ചി — ലക്ഷദ്വീപ്, ബേപ്പൂർ — ലക്ഷദ്വീപ് റൂട്ടിൽ 700, 400 പേർക്ക് യാത്ര ചെയ്യാവുന്നതുള്‍പ്പെടെ ഏഴ് കപ്പലുകളുണ്ടായിരുന്നതാണ്. അത് മൂന്നും ഇപ്പോൾ ഒന്നുമായി കുറച്ചു. കപ്പൽച്ചാലിന് ആഴമില്ലെന്ന പേരിൽ, പതിറ്റാണ്ടുകളായി തുടർന്നുപോന്ന ബേപ്പൂർ സർവീസ് ഇടയ്ക്ക് നിർത്തലാക്കുകയും ചെയ്തു. മലബാറിൽ നിന്നുള്ള യാത്രക്കാർക്ക് കൊച്ചിയിൽ വന്നു വേണം ദ്വീപിലേക്ക് പോകാൻ. ഒരെണ്ണമൊഴികെയുള്ള യാത്രാക്കപ്പലുകൾ ഒരു വർഷത്തിലേറെയായി അറ്റകുറ്റപ്പണിക്കെന്ന പേരിൽ മുംബൈ ഡോക്കിലാണ്. ക്രിസ്മസ് അവധിയുമായി ബന്ധപ്പെട്ട് ദ്വീപുകാരായ വിദ്യാർത്ഥികൾ അനുഭവിച്ച യാത്രാദുരിതം വിവരണാതീതമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.