ഷിബിന്‍രാജ് അറത്തില്‍

November 22, 2021, 2:13 pm

ചുരുളി; സിനിമയെന്ന ബഹുജനമാധ്യമത്തിന്റെ ചൂഷണം

Janayugom Online

സമൂഹത്തിന്റെ നിയമ നിയന്ത്രണങ്ങൾക്കതീതമായി ജീവിതം നോക്കിക്കാണുന്ന പുതുതലമുറയിലെ ചിന്താഗതിയെ ബുദ്ധിജീവിചമഞ്ഞ് സ്വാതന്ത്ര്യമെന്നത് എന്തുംചെയ്യാനുള്ള ഇടം ലഭിക്കുകയെന്ന മിഥ്യാ ധാരണ സമ്മാനിക്കുന്ന ലിജോ ജോസഫിന്റെ ചുരുളിയെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പൊന്നാടയണിഞ്ഞ് ആദരിക്കാൻ വരിനിൽക്കുന്നവരേറെയാണ്. കഥയുടെ അവതരണമെന്ന മലയാള സിനിമയുടെ പഴയ കാഴ്ച്ചപ്പാടിൽ നിന്നും മാറി ചിന്തിച്ച് സിനിമയെന്ന ജനപ്രിയ മാധ്യമത്തെ ചിന്തയുടെയും റിയലിസത്തിന്റേയും മാറിയ തലത്തിലേക്കെത്തിക്കുമ്പോൾ അതിലെ കല്ലുകടിയായ് മാറുന്ന സിനിമകളിലൊന്നെന്ന് ചുരുളിയെ വിലയിരുത്തുന്നതിൽ തെറ്റില്ല. എ പടമെന്ന കാറ്റഗറിയിലിട്ട് അവതരിപ്പിക്കുന്നത് കാണേണ്ടവർക്ക് മാത്രം കണ്ടാൽ മതിയെന്ന കാഴ്ചപ്പാടിലാണെന്നു ന്യായീകരിക്കാമെങ്കിലും പ്രമുഖ മാധ്യമങ്ങളിലടക്കം തുടരെ പരസ്യങ്ങൾ നൽകി യുവ തലമുറയെ ആകർഷിക്കുന്ന കച്ചവട തന്ത്രം മാടി വിളിക്കുന്നത് ലഹരിയുടേയും തെറിവിളികളുടേയും ക്രിമിനൽ ചിന്താഗതികളുടേയുമൊരു ലോകത്തേക്കാണ്. നിയമവാഴ്ചയില്ലാത്തൊരിടത്ത് എത്ര നിഷ്പ്രയാസമൊരു കൊലപാതകം പോലും നടത്തി ജീവിക്കാമെന്നതും, അത്തരമൊരിടത്ത് ജീവിതമെന്നൊന്നുണ്ടെന്നും പറഞ്ഞുവെക്കുമ്പോൾ വിഷം കലർന്ന മധുരപാനീയമാണ് ചുരുളി കാണികൾക്ക് സമ്മാനിക്കുന്നത്. പുരുഷ സ്വാതന്ത്ര്യത്തിന്റെ അങ്ങേയറ്റമെന്നത് കള്ളും, കഞ്ചാവും, തെറിവിളിയും, വ്യഭിചാരവുമാണെന്നു പറഞ്ഞുവെക്കുന്ന ചുരുളി അമാനുഷികതലങ്ങളിലൂടെ മനുഷ്യനിലെ സ്വബോധത്തെ ഇല്ലാതാക്കുന്നതിന്റെ യുക്തി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

എൽഎസ്ഡി പോലുള്ള മാരക മയക്കുമരുന്നുകൾ സമൂഹത്തിൽ വ്യാപിക്കുന്ന കാലത്ത്, പ്രൈവറ്റ് തുറമുഖങ്ങളിലൂടെ കേരളത്തിലേക്കുമൊഴുകുന്ന ലഹരി ഉപയോഗത്തെ മറയ്ക്കാൻ വിവാദങ്ങൾ സൃഷ്ടിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെ അതിജീവിക്കാനുള്ള സമൂഹത്തിന്റെ ശ്രമങ്ങളെ പിന്നോട്ടിക്കാനെ ഇത്തരം സിനിമാവ്യഭിചാരങ്ങൾക്കാകൂ. ചുരുളിയെ ചർച്ചാ വിഷയമാക്കുന്നവർ അതിനെ മറ്റ് രാഷ്ട്രീയ ചരിത്രങ്ങളും സാഹചര്യങ്ങളുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുമ്പോൾ പച്ചയായ ആൺകോയ്മയും ആരംഭത്തിൽ എഴുതിക്കാണിച്ച കല്പിതകഥയെന്നുള്ളയാ മുന്നറിയിപ്പിനെ അന്വർഥമാക്കുന്ന കഥാവതരണവും ചുരുളിയെന്ന സിനിമയെ അതിൽ തകർത്തഭിനയിച്ച നടീനടൻമാരുടെയും, പിന്നണിപ്രവർത്തകരുടെയും കഴിവിനെയും കലയെയും അഭിനന്ദിച്ചുകൊണ്ടുതന്നെ ചവറ്റുകുട്ടയിലേക്കെറിയേണ്ട സൃഷ്ടിയെന്നതിലുപരി പരിഗണനകൾ നൽകേണ്ടതില്ല. സിനിമയുടെ അടിസ്ഥാനം അതിലെ കഥയും അത് സമൂഹത്തിനു നൽകുന്ന സന്ദേശവുമാണെന്ന കാഴ്ച്ചപ്പാടിലേക്ക് ആധുനിക സിനിമാ ആസ്വാദകരെത്തി നിൽക്കുന്ന കാലഘടത്തിൽ ഇത്തരത്തിലൊരു സിനിമയിലൂടെ, സിനിമയെന്ന ബഹുജനമാധ്യമത്തെ നിരുത്തരവാദിത്തത്തിന്റെ അതിരുകൾ ഭേദിച്ചുള്ള ചൂഷണമാണ് സംവിധായകൻ നടത്തിയിരിക്കുന്നത്. കഥയെന്നും, നേരമ്പോക്കെന്നുമുള്ള വിശേഷണത്തിലൂടെ സിനിമയുടെ സമൂഹത്തിലെ പ്രത്യാഘാതങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന സ്വപ്നജീവികളാണ് ഇവർക്ക് പിന്തുണ നൽകുന്നതെന്നതും ആശ്ചര്യത്തിനിടനൽകുന്നില്ല.

You may also like this video;