1 March 2024, Friday

എഴുത്തും ജീവിതവും: രണ്ട് എലിയട്ടുമാർ

ജോയ് നായരമ്പലം
August 21, 2022 7:45 am

വിശ്വസാഹിത്യ വിഹായസിൽ എലിയട്ടുമാർ രണ്ടുപേരാണ് പ്രശസ്തരായിട്ടുള്ളത് — ടി എസ് എലിയട്ടും ജോർജ് എലിയട്ടും. ‘വേസ്റ്റ് ലാന്‍ഡ്’ ‑തരിശുഭൂമി- എന്ന പ്രശസ്തകാവ്യത്തിന്റെ ഉടമയായി തോമസ് സ്റ്റിയോൺസ് എലിയട്ട് എന്ന ടി എസ് എലിയട്ട് പ്രശസ്തനാകുന്നതിനും മുമ്പേ വിക്ടോറിയൻ കാലഘട്ടത്തിൽ മിൽ ഓൺ ദ ഫ്ളോസും സിലാസ് മാർനറും എഴുതി പേരെടുത്ത സാഹിത്യ പ്രതിഭയായിരുന്നു ജോർജ് എലിയട്ട്. പേര് കേൾക്കുന്നമാത്രയിൽ പുരുഷനാണ് എന്നു തോന്നുമെങ്കിലും സംഗതി മറിച്ചാണ്. മേരി ആൻ ഇവാൻസ് എന്ന സ്ത്രീയാണ് ജോർജ് എലിയട്ട്. ജോർജ് എലിയട്ട് എന്ന തൂലികാനാമത്തിലാണ് സാഹിത്യനഭസിൽ ആ സ്ത്രീ തിളങ്ങിനിന്നിരുന്നത്. സാധാരണയായി ആണെഴുത്തുകാരാണ് പെണ്ണിന്റെ പേരിൽ മറ്റൊരു പേരുവച്ച് സാഹിത്യലോകത്ത് ആൾമാറാട്ടം നടത്തുന്നത്.
ജോർജ് എലിയറ്റ്, ടി എസ് എലിയറ്റിനോളം മികച്ചുനിന്നില്ല. അതിനു കാരണം ആ സ്ത്രീയുടെ വായനക്കാർ പരിമിതമായിരുന്നില്ല എന്നതല്ല. ചിലപ്പോൾ ടി എസിനു കിട്ടിയതുപോലെ നൊബേൽ പ്രൈസ് കിട്ടാഞ്ഞതുകൊണ്ടായിരിക്കാം. മറ്റൊന്നു വേസ്റ്റ് ലാന്‍ഡ് പോലെ ഒരു കൃതി എഴുതാത്തതുകൊണ്ടുമാകാം.
ഏറ്റവും ക്രൂരമായ മാസം ഏപ്രിൽ എന്നുള്ള ആരംഭവുമായി തരിശുഭൂമി 1922 ലാണ് പ്രത്യക്ഷപ്പെടുന്നത്. എലിയട്ടിനെ എലിയട്ടാക്കിയ ആ മഹത്കൃതി എലിയട്ടുതന്നെ പത്രാധിപരായിരുന്ന ക്രൈറ്റീരിയനിലാണ് ആദ്യം അച്ചടിച്ചുവന്നത്. ആധുനിക കവിതയുടെ എല്ലാത്തരം ഭ്രമാത്മകതയോടെയാണ് തരിശുഭൂമി എലിയട്ട് എഴുതിത്തീർത്തത്. 

‘ഒരുപിടി മണ്ണിൽ നിന്നുപോലും ഭീതിയെ കാണിച്ചുതരാം’ എന്നു എലിയട്ട് തന്റെ കൃതിയിൽ കോറിയിടുമ്പോൾ വരും കാലത്തേക്കുകൂടിയുള്ള മഹാദുരന്തങ്ങളുടെ പ്രവചനാത്മകതയായിരുന്നു അത്. ഭൗതിക തകർച്ചപോലെതന്നെ ആത്മീയമായ തകർച്ചയും അതിലുണ്ടായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ലോകം അനുഭവിച്ചുകൊണ്ടിരുന്ന നിരാശയും വിഷമങ്ങളും അവയെ അതിജീവിക്കാനുള്ള മാർഗങ്ങളും കവിതയിലുണ്ട്. അഞ്ചു ഭാഗങ്ങളായിട്ടാണ് ഒട്ടേറെ ബിംബങ്ങളിലൂടെ തരിശുഭൂമി എഴുതിയിരിക്കുന്നത്. തന്റെ താങ്ങും തണലുമായിരുന്ന ഭാര്യ വിവിയ നിത്യരോഗിണിയായി ഒരു സാനറ്റോറിയത്തിൽ കഴിയുമ്പോഴാണ് എലിയട്ട് തന്റെ കൃതി പൂർത്തിയാക്കുന്നത്.
ആധുനിക ലോകത്തിന്റെ നാശം പ്രത്യേകം ബോധ്യപ്പെടുത്തുന്ന കൃതിയുടെ അന്ത്യത്തിലെത്തുമ്പോൾ ലണ്ടൻ പാലം തകർന്നുവീഴുന്ന കാഴ്ച അതീവ ഭയത്തോടെയാണ് വായനക്കാര്‍ കാണുന്നത്. ഒട്ടേറെ തകർച്ചകളുടെ ബിംബങ്ങളെ ലണ്ടൻ പാലത്തിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. ലണ്ടൻ നഗരം ഒരു യഥാർത്ഥ നഗരമായി പരിണമിച്ചിരിക്കുന്നു. എലിയട്ട് ഊന്നിപ്പറയുന്നു: ലണ്ടൻ ബ്രിഡ്ജ് ഈസ് ഫാളിങ് ഡൗൺ, ഫാളിങ് ഡൗൺ.
യുഎസിൽ ജനിച്ച ടി എസ് എലിയട്ട് ഒടുവിൽ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ശേഷം എഴുതിയ കൃതിയാണ് ഫ്രൂക്കോക്ക് ആന്റ് അദർ ഒബ്സർവേഷൻ. അധ്യാപകവൃത്തിയും പത്രപ്രവർത്തനവുമൊക്കെയായി അദ്ദേഹം തിരക്കുപിടിച്ച ജോലിയിലായിരുന്നു. ആത്മശാന്തിയും മോക്ഷവും വാഗ്ദാനം ചെയ്യുന്ന ഒരു നിശ്ചല ബിന്ദുവിൽ എത്തിച്ചേരാനുള്ള ദിവ്യവും തീവ്രവുമായ അന്വേഷണത്തിന്റെ ഫലമാണ് ‘ഫോർ ക്വാർട്ടറ്റ്സ്’ എന്ന നാലു കാവ്യങ്ങളിൽ നിറഞ്ഞുനില്ക്കുന്നത്. പിന്നെയും എത്രയോ രചനകൾ. 

മേരി ആൻ ഈവൻസ് എന്ന ജോർജ് എലിയട്ട് വാറിക്ഷയറിലെ ഒരു ഭൂപ്രതിനിധിയുടെ മകളാണ്. കർക്കശമായ ആചാരവിശ്വാസങ്ങളുടെ ഒതുക്കുകളിലാണ് ജീവിതം തുടങ്ങിയത്. അത്തരം സാഹചര്യങ്ങളിൽ പെണ്ണെഴുത്തിൽ ഭയവിഹ്വലതകൾ ഉരുണ്ടുകൂടിയതുകൊണ്ടായിരിക്കാം ഒരാൺനാമം തൂലികാനാമമാക്കിയത്. സാധാരണക്കാരുടെ ജീവിത പ്രയാസങ്ങളും സങ്കടങ്ങളും ഭഗ്നാശതകളും ആ സ്ത്രീയെ എത്രയോ ആഴത്തിൽ സ്പർശിച്ചിട്ടുണ്ട് എന്ന് അവരുടെ കൃതികൾ വായിച്ചാൽ വ്യക്തമാകം. ‘ആഡംബീഡ്’ എന്ന കൃതിയിലെ ദീനാമോറിസിനെ ഓര്‍ക്കുമ്പോള്‍ സങ്കടസാഗരം ഇരമ്പിമറിയും. എഴുത്തുകാരിയുടെ പിതാവിന്റെ സ്വഭാവം ഏറെക്കുറെ ആഡംബീഡിന്റെ ആന്തരികതയിൽ ലയിച്ചു ചേര്‍ന്നിട്ടുണ്ട്. ഫിലോസഫിയിലുള്ള അതീവ താല്പര്യവും സ്വതന്ത്രചിന്താഗതിക്കാരായ സുഹൃത്തുക്കളോടൊപ്പമുള്ള സഹവാസവും ജോർജ് എലിയട്ടിനെ യാഥാസ്ഥിതിക മത ദർശനങ്ങളിൽ നിന്നും വഴിമാറിനടക്കാന്‍ പ്രേരിപ്പിച്ചു. 

ഗ്രാമീണ കാഴ്ചപ്പാടുകളുടെ നിരന്തരമായ ഒരാന്തരിക സംഗീതം ദി മിൽ ഓൺ ദ ഫ്ളോസിലും സിലാസ് മാർനറിലും കേൾക്കാൻ കഴിയും. ജോർജ് എലിയട്ടിന്റെ റിയലിസ്റ്റിക് രചനയാണ് ആ കൃതികള്‍. സിലാസ് മാർനർ എന്ന കഥാപാത്രം ഉൾക്കൊള്ളുന്ന സിലാസ് മാർനർ ദ വീവർ ഓഫ് റാവ് ലോ എന്ന ആഖ്യായിക ജീവിതാനുഭവങ്ങളുടെ ഒരു ദാർശനിക സമസ്യയാണ്. പാശ്ചാത്യസാഹിത്യ വിചിന്തനങ്ങളിൽ പലതരം കഥാപാത്രങ്ങൾ ഉജ്വലങ്ങളായി നിലകൊള്ളുമ്പോൾ അക്കൂട്ടത്തിൽ തികച്ചും വ്യതിരിക്തമാണ് സിലാസ് മാർനർ എന്ന നെയ്ത്തുകാരൻ. താൻ കഷ്ടപ്പെട്ടു സമ്പാദിച്ച കുറെ സ്വർണം വീട്ടിൽ നിന്നും കളവുപോവുകയും പകരം വീട്ടുപടിക്കൽ കള്ളൻ ഉപേക്ഷിച്ചുവച്ച ഒരു കുഞ്ഞും എന്തൊക്കെയോ ദുരൂഹതകളുടെ സംത്രാസമായി. നിഷ്ക്കളങ്കതയും കരച്ചിലും ചേർന്നൊലിക്കുന്ന കുഞ്ഞിനെ അയാൾ വാരിയെടുത്തു ചുംബിക്കുമ്പോഴും തലോടുമ്പോഴും ഒന്നുമില്ലാത്ത തന്റെ ജീവിത നിശ്ചലതയിൽ വല്ലാത്ത ഒരു ചലനാത്മകത പരന്നൊഴുകുന്നതുപോലെ. ഏതോ സ്നേഹാഞ്ചരങ്ങളുടെ കുളിർതെന്നലും കുളിർമഴയും സാന്ത്വനപ്പെടുന്നു ആ നോവലിൽ.
ജോർജ് എലിയറ്റിന്റെ മികച്ച രചന എന്ന് നിരൂപകർ പ്രകാര്‍ത്തിച്ച കൃതി മിൽ ഓൺ ദ ഫ്ളോസ് ആയിരുന്നു. മാഗിയുടെയും ടോംസിന്റെയും ജീവിതങ്ങൾക്കിടയിൽ എഴുത്തുകാരിയുടെ വിചാരവികാരാദികൾ ഇഴചേര്‍ന്നു കിടക്കുന്നു. മധ്യകാല ഫ്ളോറൻസിന്റെ ചരിത്രാംശങ്ങളുടെ ഒരു നീക്കിയിരിപ്പാണ് ആ കൃതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.