2 March 2024, Saturday

പിടിതരാത്ത പുലിക്കളി ചരിത്രം

വിജയ് സി എച്ച്
September 4, 2022 7:18 am

ണം നാലാം നാൾ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് അരങ്ങേറുന്ന പുലിക്കളി, തൃശ്ശൂർ പൂരത്തോളം ആവേശത്തിൽ നെഞ്ചിലേറ്റുന്നവർ അനവധിയാണ്. നമ്മുടെ സാംസ്കാരികോത്സവമായ ഓണത്തിന് വന്യമായൊരു നൃത്തരൂപം ചേരുമെന്നെ രാജാ രാമവർമ്മ ശക്തൻ തമ്പുരാന്റെ ചിന്തയിൽ നിന്ന് രൂപംകൊണ്ടതാണ് പുലിക്കളിയെന്ന് ഒരു വിഭാഗം വാദിയ്ക്കുമ്പോൾ, ഇതിന്റെ വേരുകൾ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം തൃശൂരിൽ പ്രവർത്തിച്ചിരുന്ന പട്ടാള ക്യാമ്പിലാണ് രൂപപ്പെട്ടതെന്ന് മറുപക്ഷം വിശ്വസിക്കുന്നു.
ഇതു രണ്ടുമല്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താൻ ഓരോ പ്രദേശവും ആക്രമിച്ചു കീഴടക്കുമ്പോൾ, സുൽത്താന്റെ കൊടിയടയാളമായ പുലി രൂപംപൂണ്ട് പട്ടാളക്കാർ നൃത്തമാടിയിരുന്നുവത്രേ. ഈ സൈനിക പ്രകടനത്തിന്റെ പരിഷ്കൃത രൂപമാണ് ഇന്നു കാണുന്ന പുലിക്കളിയെന്ന് സ്ഥാപിക്കാൻ ചിലർ ശ്രമിക്കുന്നു.
തൃശൂരിനെ സാംസ്കാരിക തലസ്ഥാനമാക്കി വികസിപ്പിച്ച്, അവിടെ ലോകപ്രശസ്തമായ പൂരം ആരംഭിച്ച ശക്തൻ തമ്പുരാൻ തന്നെയാണ് ഈ നഗരത്തിൽ പിറവികൊണ്ട പുലിക്കളിയുടെയും ഉപജ്ഞാതാവെന്നു വിശ്വസിക്കാനാണ് പൊതുവെ പലർക്കുമിഷ്ടം.
“ശക്തൻ തമ്പുരാന് പുലിക്കളിയുമായി യാതൊരു ബന്ധവുമില്ല. 1805-ാം ആണ്ടിൽ അദ്ദേഹം തീപ്പെട്ടു (അന്തരിച്ചു). എന്നാൽ, സ്വരാജ് റൗണ്ടിൽ അരങ്ങേറുന്ന പുലിക്കളിക്ക് ഏറിയാൽ എഴുപതു വർഷത്തെ പഴക്കമേയുള്ളൂ…” നായ്ക്കനാൽ പുലിക്കളി സമാജം പ്രസിഡന്റും വടക്കുംനാഥൻ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയുമായ ടി ആർ ഹരിഹരൻ പറയുന്നു.
തൃശൂർ നഗരത്തിലെ പോസ്റ്റാഫീസ് റോഡിലുള്ള ഹനസി സുന്നത്ത് ജമായത്ത് പള്ളിയിലെ മുത്തവല്ലി (പ്രസിഡന്റ്)യായ എൺപത്തിരണ്ട് വയസുള്ള ഹയാത്ത് ഖാൻ പഴമയെ ഓര്‍ത്തെടുക്കുന്നുണ്ട്. പഠാൺ സമൂഹത്തിൽപ്പെട്ട അദ്ദേഹത്തിന്റെ മുത്തച്ഛൻ യൂസഫ് ഖാൻ, ടിപ്പുവിന്റെ പട്ടാളത്തിലെ ഒരു ഭടനായിരുന്നു. സൈന്യത്തിനൊപ്പം തിരിച്ചു പോകാതെ, യൂസഫ് ഖാൻ ഈ പള്ളിക്കു സമീപം താമസമാക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു:
“എന്റെ കുട്ടിക്കാലത്ത്, അബ്ബയും (പിതാവ്) ധാധുവും (മുത്തച്ഛൻ) ടിപ്പുവിന്റെ പഠാണികളായ സൈനികർ പുലികെട്ടിക്കളി അവതരിപ്പിക്കുന്നതിനെ കുറിച്ചു സംസാരിക്കുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്.” 

തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണങ്ങളായിത്തീർന്ന ഇലഞ്ഞിത്തറമേളവും കുടമാറ്റവും പോലെ, ഓണാഘോഷത്തിന്റെ ഭാഗമായി മാറിയ ഒരു ജനകീയ ആവിഷ്കാരമാണ് പുലിക്കളി. ചീറ്റപ്പുലി, വരയൻപുലി, കരിമ്പുലി, കടുവപ്പുലി, പുള്ളിപ്പുലി, മഞ്ഞപ്പുലി, ഹിമപ്പുലി മുതൽ ഇവയുടെയെല്ലാം കുട്ടികളും വരെ ഇവിടെയെത്തുക പതിവാണ്. എൽഇഡി പുലികൾക്കും മിന്നിത്തിളങ്ങുന്ന ഫ്ലൂറസന്റ് പുലികൾക്കും മേലാസകലം അഗ്നിജ്വാലകൾ ഉയർത്തി തലകീഴായ് മറിഞ്ഞു മുന്നോട്ടു നീങ്ങുന്ന അഭ്യാസികളായ പുലികൾക്കും തൃശൂരിൽ വംശനാശമില്ല. കുട്ടിയെ കടിച്ചുപിടിച്ച തള്ളപ്പുലി, മാൻ കിടാവിനെ കടിച്ചുപിടിച്ച തെങ്ങോലവരയൻ പുലി, മലമ്പാമ്പിനെ കീഴടക്കിയ ശൂരപ്പുലി മുതലായ ഒട്ടനവധി സങ്കര ഇനങ്ങളും പ്രേക്ഷകരെ കിടിലം കൊള്ളിക്കുന്നു!
2016ൽ ആദ്യമായി മൂന്നു പെൺപുലികൾ ശക്തൻ തമ്പുരാന്റെ രാജവീഥികളിൽ തിമിർത്താടിയതോടെ പുലിക്കളിക്ക് അതുവരെ ഉണ്ടായിരുന്ന ഒരു കുറവ് നികത്തപ്പെട്ടു. വിയ്യൂർ മടയിൽനിന്നെത്തിയ വിനയയും സക്കീനയും ദിവ്യയും റൗണ്ടിലെത്തി പുലിനൃത്തമാടി. വീക്ക് ചെണ്ടയും ഉരുട്ട് ചെണ്ടയും ഇലത്താളവും സൃഷ്ടിച്ച മാസ്മരികമായ പുലിക്കൊട്ടിനൊത്ത്, തൃശൂർ രാമവർമപുരം പൊലീസ് അക്കാദമിയിലെ എഎസ്ഐയും കോഴിക്കോട്ടെ ഫാഷൻ ഡിസൈനറും നിലമ്പൂരിലെ ഹൈസ്കൂൾ അധ്യാപികയും ചുവടുവച്ചു കയറിയത് ജനഹൃദയങ്ങളിലേക്കു മാത്രമായിരുന്നില്ല, ചരിത്രത്തിലേക്കും കൂടിയായിരുന്നു! തുടർന്ന് പുലിക്കളിയിൽ പെൺസാന്നിദ്ധ്യം പതിവായി.
വിയ്യൂർ മടയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, മറ്റു ട്രൂപ്പുകാരും തുടർവർഷങ്ങളിൽ പെൺപുലികളെയിറക്കി. 2019ൽ, വിയ്യൂർ തന്നെ വീണ്ടും മൂന്നു പെൺപുലികളുമായി റൗണ്ടിലെത്തി. അതിലൊരാളായ പാർവ്വതി നായർ ദൃശ്യ‑അച്ചടി മാധ്യമങ്ങൾക്ക് ‘വൈറൽ’ വിരുന്നുമായി. നൃത്തത്തിനിടയിൽ സ്ത്രീകൾക്കുള്ള പ്രത്യേക പുലിമുഖാവരണം തലയിലേക്കു മടക്കിവച്ച്, സകലർക്കും ചിരി സമ്മാനിച്ചിരുന്ന പാർവ്വതി, പുലിയല്ല ‘പുപ്പുലി’ ആയി മാറി.

ആദ്യമായി ഒരു കുട്ടിപ്പുലിയെ റൗണ്ടിലിറക്കി, പുതിയൊരു ട്രെൻഡ് സൃഷ്ടിച്ചത് ഈയിടെ അന്തരിച്ച കോനിക്കര ഗിരീഷ് എന്ന കലാകാരനായിരുന്നു. 2009ൽ, ഗിരീഷും മകൻ രാഹുലും ‘അച്ഛൻ‑പുലി-മകൻ‑പുലി’ കെട്ടിയാടിയത് പ്രേക്ഷകരിൽ കൗതുകമായി.
പുലി വേഷമിടുന്ന ഒരു കലാകാരനു വേണ്ട പ്രഥമ യോഗ്യത കുടവയറാണ്. ബൃഹത്തായ ഉദരപ്പുറത്താണ് മേൻമയേറിയ വരകൾ അരങ്ങേറുന്നത്. അയാൾക്ക് ലഭിക്കുന്ന പ്രതിഫലം കർശനമായും വയർ മുഴുപ്പിന് ആനുപാതികവുമാണ്. മുഖാവരണം റെഡിമെയ്ഡ് മാസ്ക് മാത്രമായതിനാൽ, അതത്ര തലപുകയുന്ന കാര്യമേയല്ല. എന്നാൽ, മെയ്യെഴുത്തു കലയുടെ ഏറ്റവും മുന്തിയ മാതൃകയായി കരുതപ്പെടുന്നത് വയറ്റത്ത് വരച്ചുണ്ടാക്കുന്ന പുലിത്തലയാണ്. അതാണ് തൃശൂർ പുലിയുടെ വാഴ്ത്തപ്പെട്ട മുഖം!
ഇരയെ കടിച്ചു കീറാനുള്ള നീണ്ടു കൂർത്ത പല്ലുകളും പുറത്തേക്ക് നീണ്ടു കിടക്കുന്ന ചോരച്ച നാക്കും മിന്നിത്തിളങ്ങുന്ന കണ്ണുകളും പ്രൗഢമായ നാസികയും ശൗര്യത്തിൽ ഉയർന്നു നിൽക്കുന്ന മീശരോമങ്ങളും ഉൾപ്പെടുന്ന വ്യാഘ്രമുഖം ചേലോടെ രചിക്കാൻ വേണ്ടത്ര ഇടം വയറിന്മേൽ വേണം.
ഒരൊറ്റ ദിവസത്തെ പരിപാടിയാണ് സ്വരാജ് റൗണ്ടിലെ പുലിക്കളിയെങ്കിലും അതിനു പുറകിൽ ഒട്ടേറെ കലാകാരന്മാരുടെയും സംഘാടകരുടെയും നാലഞ്ചുമാസത്തെ കഠിനാദ്ധ്വാനമുണ്ട്. പലർക്കും അത് ഇത്രയും കാലത്തെ വരുമാന മാർഗവുമാണ്.
അമ്പത്തൊന്നു പുലികളും അത്രതന്നെ പുലിക്കൊട്ടുകാരും തുറന്ന ട്രക്കുകളിൽ ചുരുങ്ങിയത് മൂന്നു വൻ ടാബ്ലോകളുടെ അകമ്പടിയോടെ റൗണ്ടിലെത്തും. സേവനങ്ങൾ്കായി മുപ്പത്തഞ്ച് സംഘാടകരുമുണ്ടാരും. അമ്മിക്കല്ലുകളിൽ ചായം അരച്ചുണ്ടാക്കുന്നവരും മെയ്യെഴുത്ത് കലാകാരന്മാരുമുൾപ്പെടെ പത്തറുപതു പേർ അണിയറയിലും അത്യാശ്യമാണ്. എല്ലാം നടക്കുന്നത് നഗരസഭയുടെ മേൽനോട്ടത്തിൽ. പുലിക്കൊട്ട് അതിന്റെ മനോഹാര ശ്രുതിയിൽ തന്നെ ആയിരിക്കണമെന്നും പഞ്ചാരിയിലേക്കോ, ശിങ്കാരിയിലേക്കോ വഴുതി വീഴരുതെന്നും നിർദ്ദേശങ്ങളുണ്ട്. 

മികച്ച പുലിനൃത്തം, പുലിവേഷം, പുലിക്കൊട്ട്, മെയ്യെഴുത്ത്, നിശ്ചലദൃശ്യം, പുലിച്ചമയ പ്രദർശനം, അച്ചടക്കം മുതലായവയ്ക്ക് പുരസ്കാരങ്ങളുണ്ട്. അച്ചടക്കം വിലയിരുത്തുന്നത് കേരള പൊലീസും ബാക്കിയുള്ളവയുടെ മൂല്യനിർണയം ലളിതകലാ അക്കാദമിയിൽ നിന്നെത്തുന്ന മുതിർന്ന കലാകാരന്മാരുമാണ് നിർവഹിക്കുന്നത്.
നായ്ക്കനാൽ, വിയ്യൂർ ദേശം, വിയ്യൂർ സെൻ്റർ, കോട്ടപ്പുറം ദേശം, കോട്ടപ്പുറം സെൻ്റർ, അയ്യന്തോൾ ദേശം, തൃക്കുമാരകുടം, പൂങ്കുന്നം, പാട്ടുരായ്ക്കൽ, കൊക്കാല, കുട്ടൻകുളങ്ങര, മൈലിപ്പാടം, ചെമ്പൂക്കാവ്, പെരിങ്ങാവ് മുതലായവയാണ് പേരെടുത്ത മറ്റു പുലിമടകൾ. അത്ര ദൂരെയല്ലാത്ത കാലത്ത് പതിനെട്ടു മടകളിൽ നിന്നുവരെ പുലിക്കൂട്ടങ്ങൾ ഇറങ്ങിയിരുന്നെങ്കിലും 2019 എത്തുമ്പോഴേക്കും അത് എട്ടു ട്രൂപ്പുകളായി ചുരുങ്ങി. സാമ്പത്തിക ഞെരുക്കം തന്നെ കാരണം. ഒരു പുലിക്കൂട്ടത്തെ ഇറക്കാൻ ചുരുങ്ങിയത് 15 ലക്ഷം രൂപ ചെലവുണ്ട്.
കെടിഡിസിയുടെ ടൂറിസം വാരാഘോഷത്തിന്റെ സമാപനമാണ് തൃശൂരിലെ പുലിക്കളി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.