1 May 2024, Wednesday

Related news

April 16, 2024
April 16, 2024
January 15, 2024
July 25, 2023
May 13, 2023
May 12, 2023
March 27, 2023
February 28, 2023
June 1, 2022
May 30, 2022

സിവിൽ സർവീസ് സംരക്ഷണം സമൂഹത്തിന്റെ കർത്തവ്യം: കെ കെ ബാലൻ മാസ്റ്റർ

Janayugom Webdesk
കോഴിക്കോട്
January 15, 2024 8:17 pm

കേരളത്തിന്റെ സാമൂഹ്യ പുരോഗതിയിൽ നിർണായക പങ്കു വഹിക്കുന്ന സിവിൽ സർവീസ് മേഖലയെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കർത്തവ്യമാണെന്ന് സിപിഐ ജില്ലാസെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ പറഞ്ഞു. കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ ആർ ഡി എസ് എ) ജില്ലാ സമ്മേളനം നളന്ദ ഓഡിറ്റോറിയത്തിലെ കാനം രാജേന്ദ്രൻ നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിവിൽ സർവീസിനെ തകർക്കുന്നതിനുള്ള നടപടികളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുണ്ടാവുന്നത്. സംസ്ഥാനത്തിന് ലഭ്യമാകേണ്ടുന്ന അർഹമായ സാമ്പത്തിക വിഹിതം വെട്ടിക്കുറച്ചുകൊണ്ട് സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാൻ കേന്ദ്രം ശ്രമിക്കുകയാണ്. രാജ്യത്തെ സിവിൽ സർവീസ് സംവിധാനത്തെ ഇല്ലാതാക്കാനുള്ള ശ്രമം കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോഴും കേരളത്തിൽ സിവിൽ സർവീസ് കൂടുതൽ കാര്യക്ഷമമായി നിലനിർത്തുന്നതിന് സർവീസിന്റെ സംരക്ഷണവും സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ഉറപ്പ് വരുത്തി കേരളത്തിലെ എൽഡിഎഫ് സർക്കാർ രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷമില്ലാത്തൊരു പാർലമെന്റ് സ്വപ്നം കാണുന്ന കേന്ദ്ര സർക്കാർ എതിർശബ്ദങ്ങളെയൊന്നാകെ അടിച്ചൊതുക്കുകയാണ്. തങ്ങൾക്ക് നേരെയുയരുന്ന പ്രതിപക്ഷ സ്വരത്തെ അധികാരം കൊണ്ട് തകർക്കാമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളെ തകർത്താൽ മാത്രമെ തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയ താത്പര്യങ്ങൾ നടപ്പിലാക്കാൻ കഴിയുകയുള്ളുവെന്ന ബോധ്യം ബിജെപിക്കുണ്ട്. ജനങ്ങളുടെ സ്വാതന്ത്ര്യവും ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവുമെല്ലാം തകർക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരെ പോരാട്ടം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ ആർ ഡി എസ് എ സംസ്ഥാന ജനറൽ സെക്രട്ടറി എം എം നജിം സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ആർ എസ് ഫൈസൽ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ ഗ്രേഷ്യസ്, കെ ആർ ഡി എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് കെ എം ബഷീർ, ജോയിന്റ് കൗൺസിൽസംസ്ഥാന കമ്മിറ്റി അംഗം ടി എം സജീന്ദ്രൻ, ജില്ല പ്രസിഡന്റ് കെ അജിന, ജില്ലാ സെക്രട്ടറി കെ ജയപ്രകാശ്, കെ ആർ ഡി എസ് എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സിപി മണി, ടി അബ്ദുൽ ജലീൽ എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി സുനിൽകുമാർ പി പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ രതീഷ് കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വിരമിച്ച കെ ആർ ഡി എസ് എ മുൻ ജില്ലാ സെക്രട്ടറി അഖിലേഷ് കെ പി ക്ക് സമ്മേളനം യാത്രയയപ്പ് നൽകി. ജില്ലാ സെക്രട്ടറി സുനിൽകുമാർ പി സ്വാഗതവും പ്രവീൺ ടി കെ നന്ദിയും പറഞ്ഞു.

റവന്യൂ വകുപ്പിൽ രണ്ടാംഘട്ട പുനസംഘടന നടപ്പിലാക്കണം: കെ ആർ ഡി എസ് എ

 

 

കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ഫൈസൽ ആർ എസ് 

(പ്രസിഡന്റ് ), സുനിൽകുമാർ പി (സെക്രട്ടറി), രതീഷ് കുമാർ ഇ എം (ട്രഷറർ)

റവന്യൂ വകുപ്പിൽ രണ്ടാംഘട്ട പുനസംഘടന നടപ്പിലാക്കണമെന്ന് നളന്ദ ഓഡിറ്റോറിയത്തിലെ കാനം രാജേന്ദ്രൻ നഗറിൽ നടന്ന കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ ആർ ഡി എസ് എ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വളരെ കുറഞ്ഞ ജനസംഖ്യയുള്ള 1970 കാലഘട്ടങ്ങളിൽ ആരംഭിച്ച വില്ലേജുകളും താലൂക്കുകളും ജനസംഖ്യാനുപാതികമായി വിഭജിക്കണമെന്നും ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.  അൻപത് ശതമാനം വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെ അപ് ഗ്രേഡ് ചെയ്ത് വില്ലേജ് അസിസ്റ്റന്റുമാരായി നിയമിക്കുക, വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ആരംഭിക്കുക, വടകര താലൂക്ക് ഓഫീസ് നിർമാണം ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

പുതിയ ജില്ലാ ഭാരവാഹികളായി ഫൈസൽ ആർ എസ് (പ്രസിഡന്റ് ), ധന്യ കെ പി, പ്രവീൺ ടി കെ (വൈസ് പ്രസിഡന്റുമാർ ), സുനിൽകുമാർ പി (സെക്രട്ടറി), പ്രമീള എം കെ, അമൃത് രാജ് കെ (ജോയിന്റ് സെക്രട്ടറിമാർ ), രതീഷ് കുമാർ ഇ എം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. വനിതാ കമ്മിറ്റി ഭാരവാഹികളായി പ്രജില ( പ്രസിഡന്റ്), മിനി ഐ ടി (സെക്രട്ടറി)
എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.

Eng­lish Summary;Civil Ser­vice Pro­tec­tion Duty of Soci­ety: KK Bal­an Master
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.