27 April 2024, Saturday

Related news

April 24, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ വിട്ടുവീഴചക്കില്ല; ചെന്നിത്തലക്കും, ഉമ്മന്‍ചാണ്ടിക്കുമെതിരെ പരാതി

പുളിക്കല്‍ സനില്‍രാഘവന്‍
September 5, 2021 4:09 pm

ഡിസിസി പ്രസിഡൻറുമാരുടെ നിയമനത്തോടെ കേരളത്തിലെ കോൺഗ്രസ് കൂടുതൽ ൽ പ്രശ്നങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട. . പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കെ സുധാകരൻ പാക്കേജുമായി വരുന്നുണ്ടെങ്കിലും, പാർട്ടിയുടെ അടിത്തട്ട് മുതൽ അത് നടപ്പിലാക്കാനുളള പാർട്ടി സംവിധാനം തീരെ ഇല്ലാതായിരിക്കുന്നു. കഴിഞ്ഞ 17 വർഷമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടിത്തട്ട് മുതൽ സൃഷ്ടിച്ചിട്ടുള്ള ഗ്രൂപ്പ് സാന്നിധ്യം അത്ര പെട്ടെന്ന് ഇല്ലാതാക്കാൻ സുധാകരനോ വിഡി സതീശനോ സാധിക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ ഗ്രൂപ്പ് രൂപപ്പെട്ട് അതിന്റെ പൂർണതയിലേക്ക് എത്തുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നും കരുതുന്നവരുണ്ട്. എന്തായാലും, ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഹൈക്കമാൻഡിന് പരാതി നൽതി ഒതുക്കാനുള്ള നീക്കവും കോൺഗ്രസിൽ നടക്കുന്നുണ്ട്. ഗ്രൂപ്പുകൾ തമ്മിൽ പരസ്പരം പോരടിക്കുമായിരുന്നു എങ്കിലും ഗ്രൂപ്പ് നേതാക്കളായ ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരസ്പരം താറടിക്കുന്ന രീതി കോൺഗ്രസിൽ ഉണ്ടായിരുന്നില്ല. രണ്ട് പേരും പരസ്പരം പൊതുവേദികളിൽ ആഞ്ഞടിക്കുകയോ പരാതിപ്പെടുകയോ ചെയ്യാറുമില്ല.എന്നാൽ കോൺഗ്രസിലെ പുതിയ സാഹചര്യത്തിൽ എല്ലാം മാറി മറിയുകയാണ്. എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒന്നായി നിൽക്കുമ്പോൾ, എതിർവശത്ത് പുതിയൊരു ഗ്രൂപ്പ് തന്നെ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട് ഇപ്പോൾ. ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പരസ്യ പ്രതികരണങ്ങൾ നിയന്ത്രിക്കണം എന്നാണ് പരാതിയിൽ ഉള്ള ആവശ്യം. പുതിയ നേതൃത്വം അംഗീകരിക്കാൻ ഇരുവരും തയ്യാറാകുന്നില്ല എന്ന പരാതിയും ഉണ്ട്. രണ്ട് കൂട്ടരും കൂടി പാർട്ടിയിൽ കലാപത്തിന് ശ്രമിക്കുന്നു എന്ന ആക്ഷേപവും ഇവർ ഉന്നയിക്കുന്നുണ്ട്.


ഇതുംകൂടി വായിക്കു:തിരുവഞ്ചൂരിനെ തള്ളി, ചെന്നിത്തലയ്ക്ക് സംരക്ഷണം ; ഉമ്മൻചാണ്ടിയും കളത്തിലേക്ക്


 

അച്ചടകം ലംഘിക്കുന്നവരെ സംബന്ധിച്ച് ഹൈക്കമാൻഡ് റിപ്പോർട്ട് തേടിയിരിക്കുന്ന സാഹചര്യത്തിലാണ് എതിർ വിഭാഗം ഇത്തകരമൊരു പരാതി കൂടി അയച്ചിരിക്കുന്നത്. കേരളത്തിലെ സംഭവ വികാസങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡിന് ഏറെ നീരസമുണ്ട്. പ്രതിസ്ഥാനത്ത് ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നിർത്തുന്ന റിപ്പോർട്ടുകളാണ് ഹൈക്കമാൻഡിന് മുന്നിൽ എത്തിയിട്ടുള്ളതും. കെ സുധാകരനും വിഡി സതീശനും പൂർണ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാനുള്ള കാരണവും ഇത് തന്നെയാണ്. പക്ഷേ, ഉമ്മൻ ചാണ്ടിയേയും രമേശിനേയും എങ്ങനെ കൂടെ നിർത്തണം എന്ന കാര്യത്തിൽ ഇപ്പോഴും ഹൈക്കമാൻഡിനും കേരള നേതൃത്വത്തിനും ഒരു വ്യക്തതയും ഇല്ല. ഗ്രൂപ്പ് വിട്ട് ഗ്രൂപ്പുമാറിക്കൊണ്ടിരിക്കുന്നത് കോൺഗ്രസിൽ ഒരു പുതിയ പ്രതിഭാസം ഒന്നും അല്ല. എന്നാൽ ഇപ്പോൾ പ്രഖ്യാപിത ഗ്രൂപ്പുകളിൽ നിന്ന്, പുതിയ ശാക്തിക ഗ്രൂപ്പിലേക്കുള്ള ഒഴുക്കാണ് നടക്കുന്നത്. ഒരു ഘട്ടത്തിൽ എന്തിനും ഏതിനും കൂടെ നിന്ന ഗ്രൂപ്പ് നേതാക്കളെ ഏറ്റവും അധികം ആക്രമിക്കുന്നത് ഇത്തരത്തിൽ ഗ്രൂപ്പ് വിട്ട് പോയ നേതാക്കൾ ആണെന്നാണ് റിപ്പോർട്ടുകൾ. കോട്ടയത്ത് നിന്ന് ഉമ്മൻ ചാണ്ടിയ്ക്ക് തന്നെയാണ് ഇത്തരത്തിലുള്ള ചില തിരിച്ചടികൾ കിട്ടിക്കൊണ്ടിരിക്കുന്നത്. ആപൽഘട്ടത്തിൽ എല്ലാ വൈരങ്ങളും മറന്ന് ഒരുമിച്ച് നിൽക്കുക എന്നതാണ് കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പുകളുടെ പ്രത്യേകത. വിഎം സുധീകരനെ ഒതുക്കാനും മുല്ലപ്പള്ളിയെ ഒതുക്കാനും എല്ലാം ഇവർ സ്വീകരിച്ച നയങ്ങൾ തന്നെ ഉദാഹരണം. എന്നാൽ, അന്നെല്ലാം കേരളത്തിലെ കാര്യങ്ങളിൽ ഗ്രൂപ്പ് നേതാക്കൾ തന്നെ ആയിരുന്നു അവസാന വാക്ക്. എന്നാൽ ഇപ്പോൾ അങ്ങനെ അല്ല കാര്യങ്ങൾ. ഗ്രൂപ്പ് തീരുമാനങ്ങൾക്ക് മുകളിലാണ് കേരളത്തിലെ പുതിയ നേതൃത്വവും ഹൈക്കമാൻഡും എല്ലാം. അതുകൊണ്ട് തന്നെ വലിയ സമ്മർദ്ദം ചെലുത്താൻ ഗ്രൂപ്പുകൾക്ക് കഴിയുന്നില്ല.


ഇതുംകൂടി വായിക്കു:‍‍ഡിസിസി പുനഃസംഘടന: സ്വാധീനം പൂര്‍ണമായി നഷ്ടപ്പെട്ട് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും


 

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇത്രയും രൂക്ഷമായ പരസ്യ പ്രതികരണങ്ങൾ നടത്തുമെന്ന് നേതൃത്വം കരുതിയിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഉമ്മൻ ചാണ്ടിയുടെ പ്രതികരണത്തിന് ശേഷം കാര്യങ്ങൾ മൊത്തത്തിൽ കലങ്ങിത്തെളിയുന്നു എന്ന നിലയിലേക്ക് എത്തുകയായിരുന്നു. അതിനിടെയാണ് ഉമ്മൻ ചാണ്ടിയെ ചേർത്തുനിർത്തിക്കൊണ്ട് രമേശ് ചെന്നിത്തല അതി രൂക്ഷമായ വിമർശനം നേതൃത്വത്തിനെതിരെ ഉന്നയിച്ചത്. ഈ വിഷയത്തിൽ ചെന്നിത്തലയെ ആക്രമിക്കാനിറങ്ങിയത് എ ഗ്രൂപ്പിന്റെ മുന്നണി പോരാളിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയിരുന്നു. പഴയ പടത്തലവനെ വെട്ടുന്ന മറുപടിയുമായി ഉമ്മൻ ചാണ്ടി തന്നെ രംഗത്തെത്തിയതോടെ കോട്ടയത്തെ പുതിയ സമവാക്യങ്ങളും വ്യക്തമായിക്കഴിഞ്ഞു. ഉമ്മൻ ചാണ്ടിയെ മറയാക്കി ഒളിക്കരുത് എന്നായിരുന്നു രമേശ് ചെന്നിത്തലയെ വിമർശിച്ചുകൊണ്ട് തിരുവഞ്ചൂർ പറഞ്ഞത്. ഉമ്മൻ ചാണ്ടിയുടെ പേര് പറഞ്ഞ് ചെന്നിത്തല പറഞ്ഞ കാര്യങ്ങൾ ഒന്നും അംഗീകരിക്കാൻ ആവില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. ഉമ്മൻ ചാണ്ടി അറിഞ്ഞുകൊണ്ടാണ് ചെന്നിത്തല പ്രസംഗിച്ചത് എന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനോട് ഉമ്മൻ ചാണ്ടി പ്രതികരിച്ച രീതിയാണ് കോട്ടയം രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ചർച്ച. രമേശ് ചെന്നിത്തലയ്ക്ക് പ്രവർത്തിക്കാൻ തന്റെ മറ ആവശ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതോടെ എന്താണ് തിരുവഞ്ചൂരിനോടുള്ള എ ഗ്രൂപ്പ് നിലപാട് എന്നത് വ്യക്തമാക്കപ്പെടുകയും ചെയ്തു. എ ഗ്രൂപ്പിൽ നിന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ അകലാൻ പ്രധാന കാരണം കെ സി ജോസഫാണെന്നാണ് പറയപ്പെടുന്നത്. ജോസഫിന് കൂട്ടായി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും ഉണ്ട്. ഇവരാണ് ഗ്രൂപ്പിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. മുതിർന്ന എ ഗ്രൂപ്പ് നേതാവായിരുന്ന തമ്പാനൂർ രവിക്കും പ്രത്യേകിച്ചും റോൾ ഒന്നും ഇപ്പോൾ ഗ്രൂപ്പിലില്ല. കെ സി ജോസഫ് പറയുന്നതേ ഉമ്മൻചാണ്ടി കേൾക്കുകയുള്ളവെന്ന പരാതിയും എ ഗ്രൂപ്പിൽ തന്നെയുണ്ട്. കോൺഗ്രസിലെ ഗ്രൂപ്പു തർക്കങ്ങളിൽ എ ഗ്രൂപ്പിന്റെ എക്കാലത്തെയും ശബ്ദമാണ് കെസി ജോസഫ്.

അദ്ദേഹം പലപ്പോഴും കോൺഗ്രസ് എന്ന വികാരത്തിനുമപ്പുറം എന്നും എ ഗ്രൂപ്പ്, ഉമ്മൻചാണ്ടി എന്നീ വികാരങ്ങൾ മാത്രമാണ് പ്രകടിപ്പിക്കുന്നതെന്ന ആക്ഷേപം പാർട്ടി അണികളിലും ശക്തമാണ്എക്കാലവും ഗ്രൂപ്പ്, ഗ്രൂപ്പ് പ്രാതിനിധ്യം എന്നൊക്കെയല്ലാതെ കോൺഗ്രസിനെ ഒന്നിച്ചുകൊണ്ടുപോകാൻ ഇദ്ദേഹം ശ്രമിച്ചിട്ടില്ലെന്നു തന്നെയാണ് പ്രവർത്തകരുടെ വിമർശനം. കോട്ടയത്ത് നടത്തിയ അപക്വമായ പ്രസംഗം തന്നെയാണ് കെസി ജോസഫിനെതിരായ പ്രതികരണത്തിന്റെ അടിസ്ഥാനം. എ ഗ്രൂപ്പിന്റെ പേരിൽ എന്നും നേട്ടങ്ങൾ മാത്രം നേടുന്ന ആളാണ് കെ സി ജോസഫെന്നും ഗ്രൂപ്പിൽ നിന്നു തന്നെ കടുത്ത വിമർശനമാണ് ഉയരുന്നത്. 39 വർഷം എംഎൽഎയും അഞ്ചുവർഷം മന്ത്രിയുമായിരുന്ന കെസി ജോസഫ് ഇനിയെന്നെങ്കിലും തലസ്ഥാനത്ത് ചെല്ലുമ്പോൾ അവിടുത്തെ മേയർ ആരെന്ന് ഒന്ന് അന്വേഷിക്കണം. ഒരു 21കാരിയാണ് മേയർ. അവർ പ്രതിനിധീകരിക്കുന്ന പാർട്ടി കോൺഗ്രസല്ല, പ്രവർത്തകർ കെസി ജോസഫിനെ ഓർമ്മിപ്പിക്കുന്നതാണിത്. ഇടയ്ക്ക് പറ്റിയാൽ കെസി ജോസഫ് ഉഴവൂർ വഴിയൊന്നു പോകണം. അവിടെ പഞ്ചായത്തിലെ പ്രസിഡന്റ് ആരെന്നു അന്വേഷിക്കണം. 23വയസുള്ള ഒരു ചെറുപ്പക്കാരനാണ് അവിടെ പ്രസിഡന്റ്- പാർട്ടി കോൺഗ്രസല്ല. എന്നും ഗ്രൂപ്പിന്റെ പേരിൽ നേതാക്കളെയും പാർട്ടി നേതൃത്വത്തെയും വിരട്ടി അധികാരസ്ഥാനത്തെത്തുന്ന കെസി ജോസഫിനെപ്പോലുള്ളവർ ഇനിയെങ്കിലും പാർട്ടി നേതൃത്വത്തിൽ നിന്നും മാറി നിൽക്കണമെന്നും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു. വീണ്ടും കെപിസിസി പുനസംഘടനയിൽ ഗ്രൂപ്പുവികാരം ഇളക്കി നേതൃപദവിയിലെത്താനാണ് കെസി ജോസഫ് ശ്രമിക്കുന്നതെന്നും പറയുന്നു. ഉമ്മൻചാണ്ടി പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തലയെ പിന്തുണച്ചിതിനു പിന്നിലെ പ്രധാനകാര്യവും കെ സി ജോസഫിനെ കെപിസിസി അദ്ധ്യക്ഷനാക്കുകയെന്ന ലക്ഷ്യത്തിലാണെന്നും ഗ്രൂപ്പിൽ നിന്നു തന്നെ അഭിപ്രായം ഉയരുന്നു.

മൊത്തം ആശയക്കുഴപ്പമാണ് കോൺഗ്രസിൽ നിഴലിക്കുന്നത്. വെറും 14 ഡിസിസി അധ്യക്ഷൻമാരെ നിശ്ചയിക്കുന്നതിൽ ആണ് ഇത്രയധികം പ്രശ്നങ്ങളുണ്ടായത്. ഇനി അവശേഷിക്കുന്നത് ഡിസിസി, കെപിസിസി ഭാരവാഹികളെ നിയമിക്കുക എന്ന ശ്രമകരമായ ദൗത്യമാണ്. ഡിസിസി അധ്യക്ഷൻമാരിൽ ദളിത്, സ്ത്രീ പ്രാതിനിധ്യം ഇല്ലാത്തത് കെപിസിസി, ഡിസിസി ഭാരവാഹികളുടെ കാര്യത്തിൽ പരിഹരിക്കുമെന്നാണ് ഹൈക്കമാൻഡിന് നൽകിയിട്ടുള്ള ഉറപ്പ്. അതിനിടെ, ഗ്രൂപ്പ് താത്പര്യങ്ങൾ കൂടി നോക്കുക അസാധ്യമെന്നാണ് പുതിയ നേതൃത്വത്തിന്റെ നിലപാട്. തങ്ങളുടെ താത്പര്യം പരിഗണിച്ചില്ലെങ്കിൽ അതിനുള്ള മറുപടി കൊടുക്കുമെന്നാണ് ഗ്രൂപ്പുകളും പറയുന്നത്.
eng­lish summary;Complaint against Chen­nitha­la and Oom­men Chandy
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.