December 8, 2022 Thursday

Related news

October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 2, 2022
October 2, 2022
October 2, 2022

സിപിഐ സമ്മേളനം ഫാസിസ്റ്റ് വിരുദ്ധ ‘മുതല്‍അമൈച്ചര്‍‘മാരുടെ സംഗമവേദി

Janayugom Webdesk
വെളിയം ഭാർഗവൻ നഗർ (തിരുവനന്തപുരം)
October 1, 2022 10:18 pm

ഇങ്ക്വിലാബ് വിളികളുടെ ആവേശത്തിരയിലൂടെ സിപിഐ സംസ്ഥാന സമ്മേളന വേദിയിലേക്ക് കടന്നുവന്നത് രാജ്യം ഉറ്റുനോക്കുന്ന രണ്ട് അതികായന്മാരാണ്. കേരളത്തിന്റെ ആരാധ്യനായ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‍നാടിന്റെ മുതല്‍അമൈച്ചര്‍ എം കെ സ്റ്റാലിനും. സംഘ്പരിവാര്‍ ഫാസിസ്റ്റ് ശക്തികളും വര്‍ഗീയ വിഷവിത്തുകളും എല്ലാ കരുത്തും ആവാഹിച്ച് ഇന്ത്യന്‍ ജനാധിപത്യത്തെ കുരുതികൊടുക്കാന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ അതിനെതിരെ അതിശക്തമായ പ്രതിരോധം തീര്‍ക്കാന്‍ തെക്കേഇന്ത്യന്‍ ജനതയ്ക്കായത് മികവുറ്റ ഭരണാധികാരികളെന്നും ചങ്കുറപ്പുള്ള രാഷ്ട്രീയതന്ത്രജ്ഞരെന്നും കീര്‍ത്തികേട്ട ഇവരുടെ കരുത്തുറ്റ നിലപാടുകളിലൂടെയും നടപടികളിലൂടെയുമാണ്. തമിഴ്‍നാട്ടില്‍ ആര്‍എസ്എസിന്റെ റാലി നിരോധിച്ച ശേഷമാണ് എം കെ സ്റ്റാലിന്‍ എന്ന കരുത്തന്‍ സിപിഐ സംസ്ഥാന സമ്മേളനവേദിയിലേക്ക് എത്തിയത്. ബിജെപി ഭരിക്കുന്ന കര്‍ണാടകത്തിന്റെ നെടുങ്കോട്ടയിലെത്തി ഇടതുപക്ഷത്തിന്റെ ശക്തമായ സന്ദേശവും സാന്നിധ്യവും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിക്കൊടുത്തത് ഈയടുത്തയിടെയാണ്.

സംഘ്പരിവാറിന്റെ നയങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് രാജ്യത്തെ കുത്തകകളുടെ കാല്‍ക്കീഴിലിട്ടുകൊടുക്കാന്‍ വെമ്പുന്ന കേന്ദ്രഭരണകൂടത്തിനെതിരായ ജനാധിപത്യ നീക്കങ്ങളുടെ വെള്ളി നക്ഷത്രങ്ങളാണ് ഇന്ന് തിരുവനന്തപുരത്ത് സിപിഐ സമ്മേളന വേദിയില്‍ കൈകോര്‍ത്തത്. രാജ്യം ഫാസിസ്റ്റ് ഭീകരതയ്ക്കിരയാകുമ്പോള്‍, സാധാരണക്കാരും കര്‍ഷകരും കോര്‍പറേറ്റ് കുത്തകകളുടെ ധാര്‍ഷ്ട്യങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കാന്‍ നില്‍ക്കാതെ പോരാട്ടം തുടരുമ്പോള്‍ കേരളത്തിലും തമിഴ്‍നാട്ടിലും സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തെ ഇതര ഭരണകൂടങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നത് ജനപക്ഷ നിലപാടുകളോടെയുള്ള നടപടികള്‍കൊണ്ടാണ്. ഇന്നാട്ടില്‍ ഒരാള്‍ പോലും പട്ടിണികിടക്കരുത് എന്നാശിക്കുന്ന ഭരണകൂടങ്ങളാണ് ഈ രണ്ട് സംസ്ഥാനങ്ങളിലുമുള്ളത്. അതിന് നേതൃത്വം നല്‍കുന്നവരാണ് സമ്മേളനവേദിയില്‍ ഇന്ത്യന്‍ ഫെഡറലിസത്തിന്റെ അന്തഃസത്തയെക്കുറിച്ചും കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളില്‍ ഉണ്ടാകുന്ന പാളിച്ചകളെക്കുറിച്ചും കൃത്യതയോടെ സംസാരിച്ചത്. ഇരുനേതാക്കളെയും ഹര്‍ഷാരവങ്ങളോടെയാണ് സിപിഐ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള നിറഞ്ഞ സദസ് വരവേറ്റത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉള്‍പ്പെടെ ദേശീയ‑സംസ്ഥാന നേതാക്കള്‍ ഇരു മുഖ്യമന്ത്രിമാരെയും ഊഷ്മളമായി സ്വീകരിച്ചാനയിച്ചു. കാനം രാജേന്ദ്രന്റെ അധ്യക്ഷഭാഷണത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുമ്പോള്‍ എം കെ സ്റ്റാലിന്‍ സാകൂതം അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിച്ചു. തന്റെ ഊഴമെത്തിയപ്പോള്‍ സിപിഐയുമായും ഇടതുപക്ഷ പാര്‍ട്ടികളുമായും ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടിക്കുള്ള ഊഷ്മളബന്ധത്തെ അദ്ദേഹം അനുസ്മരിച്ചു. തമിഴിലും ഇംഗ്ലീഷിലുമായി എം കെ സ്റ്റാലിന്‍ നടത്തിയ പ്രസംഗം അവസാനിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ നേതാക്കളും പ്രതിനിധികളും കയ്യടികളോടെയാണ് അദ്ദേഹത്തെ അഭിനന്ദിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.