16 June 2024, Sunday

മാനസികവൈകൃതങ്ങളെ വളര്‍ത്താനനുവദിക്കരുത്

Janayugom Webdesk
March 9, 2022 5:00 am

തൊടുപുഴ മുട്ടം മഞ്ഞപ്രയില്‍ മുന്‍ ഭര്‍ത്താവ് യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം ഇന്നലെ രാവിലെയാണ് ഉണ്ടായത്. 40 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണ് യുവതി. ഒരു ദിവസം മുഴുവന്‍ ആ വാര്‍ത്തപറഞ്ഞവതത്രയും ‘വനിതാ ദിനത്തില്‍ യുവതിക്കുനേരെ ആഡിഡ് ആക്രമണം’ എന്ന നിലയിലാണ് അവതരിപ്പിച്ചത്. ആ ശൈലിയും ഒരു മാനസിക വൈകൃതം ആണെന്ന് പറഞ്ഞാലും ആരും തെറ്റുപറയുകയില്ല. ഓരോ കൃത്യത്തിനും ശേഷം കുറ്റവാളികളേക്കാള്‍ ക്രൂരമായി വിശകലനവും വിമര്‍ശനവും നടത്തുന്നത് ചിലര്‍ക്ക് മാനസിക ഉല്ലാസമാണ്. കൊരട്ടിയില്‍ നവവധുവിനെ ഭര്‍ത്താവിന്റെ അമ്മയും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ച സംഭവവും ഇന്നലെ പുറത്തുവന്നു. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയുണ്ടായില്ലെന്നും പറയുന്നു. അതിക്രൂരമായ മനസുകള്‍ക്ക് കുടപിടിക്കുന്ന സംഭവങ്ങളും ഇങ്ങനെ പെരുകുകയാണ്. ഭരണകൂടത്തിനോ നിയമസംവിധാനങ്ങള്‍ക്കൊ നിയന്ത്രിക്കാനാവുന്നതല്ല മനുഷ്യന്റെ മാനസികനില. ദിനവും കാതിലടിക്കുന്ന ക്രൂരതകളുടെ വാര്‍ത്തകള്‍, മറ്റൊന്ന് കേള്‍ക്കുന്നതോടെ മറക്കുന്നതാണ് മനുഷ്യശീലം. ആ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനുള്ള ഉത്തരവാദിത്തം സര്‍ക്കാരുകളുടെയോ മറ്റ് സംവിധാനങ്ങളുടെയോ തലയില്‍ കെട്ടിവയ്ക്കുന്നതോടെ തന്റെ ജോലി കഴിഞ്ഞെന്ന മട്ടിലാണ് മറ്റൊരുകൂട്ടര്‍. സര്‍ക്കാര്‍ നയംകൊണ്ടുമാത്രമല്ല, സാമൂഹികാവസ്ഥയും സാംസ്കാരിക ചുറ്റുപാടും കൂടി ഒത്തിണങ്ങിയാലേ മാറ്റങ്ങള്‍ സൃഷ്ടിക്കാനാവു. വയനാട് മൂപ്പൈനാട് യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. മകന്റെ കഴുത്തില്‍ തുണിമുറുക്കി ശ്വാസംമുട്ടിച്ച് സ്വന്തം പിതാവ് കൊലപ്പെടുത്തിയതാണ്. മകന്റെ ലഹരി ഉപയോഗവും അതിക്രമങ്ങളുമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് മൊഴി. ഇവിടെ രണ്ടുപേരിലും ഉള്ള മാനസികാവസ്ഥയെ ഒരു സംവിധാനത്തിനുമേല്‍ ചാരിവയ്ക്കാനാവില്ല. ‘തല്ലുമാല’ എന്ന സിനിമാലൊക്കേഷനില്‍ ഇന്നലെ കൂട്ടത്തല്ല് നടന്നതും സമാനമാണ്. ഒരു നടന്‍ നാട്ടുകാരെ മുഴുവനും തല്ലിയെന്ന് അവരും അതല്ല, തന്നെ നാട്ടുകാരെല്ലാവരും ചേര്‍ന്ന് തല്ലിയെന്ന് നടനും പരാതിപ്പെട്ടിരിക്കുന്നു. കേസ് പൊലീസ് തീര്‍ക്കും എന്ന ചിന്തയില്‍ വിട്ടുകളയാവുന്ന ഒന്നല്ല ഇതും. സ്വയം അമാനുഷ്യത്വം കാണിക്കുന്നവര്‍ സമൂഹത്തില്‍ ഏറുന്നുണ്ട്. എന്തിനെയും ചോദ്യം ചെയ്യുക, തര്‍ക്കമുണ്ടാക്കുക, തട്ടിയും മുട്ടിയും സംഘട്ടനം സൃഷ്ടിക്കുക, അതെല്ലാം മൊബൈലില്‍ പകര്‍ത്തി ‘വീരകൃത്യം’ പ്രചരിപ്പിച്ച് രസംകൊള്ളുക. സ്വാഭാവിക മനുഷ്യര്‍ക്കൊപ്പം ലഹരിക്കടിമപ്പെട്ടവരും ഇത്തരം ചെയ്തികളില്‍ വ്യാപൃതരാവുന്നു.


ഇതുകൂടി വായിക്കാം; ഈ പുതുവര്‍ഷത്തില്‍ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കാം


ഇങ്ങനെ മാനസികനില തെറ്റി സഞ്ചരിക്കുന്നതില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അപഹാസ്യരാക്കുന്ന സംരക്ഷിത ഗുണ്ടാപ്പടയും സര്‍ക്കാരുകളുടെ മാനംകെടുത്തുന്ന ചില പൊലീസ് സേനാംഗങ്ങളും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. സമൂഹത്തെ ഏറെ സങ്കടപ്പെടുത്തുന്നതും അപമാനിതരാക്കുന്നതുമാണ് കുട്ടികള്‍ക്കുനേരെയുള്ള മാനസിക വൈകൃതങ്ങള്‍. കേരളം പോലുള്ള സംസ്കാര സമ്പന്നമായ സംസ്ഥാനത്തുപോലും ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകിവരുന്ന വാര്‍ത്തകള്‍ നിസാരമായി വായിച്ചുതള്ളാവുന്ന ഒന്നല്ല. പിഞ്ചുകുഞ്ഞുങ്ങളില്‍പ്പോലും ഗുരുതരമായ ലൈംഗികാതിക്രമങ്ങള്‍ നടത്തുവാന്‍ പ്രേരിപ്പിക്കുന്ന മാനസികാവസ്ഥയെ തളയ്ക്കാന്‍ എന്ത് പദ്ധതിയാണ് അനുയോജ്യമെന്ന് കണ്ടെത്താനാവണം, തയാറാക്കി നടപ്പാക്കണം. ലൈംഗിക വിദ്യാഭ്യാസവും ബോധവത്ക്കരണവും കൗണ്‍സിലിങ്ങുമെല്ലാം പോംവഴികളാണെങ്കിലും സാമൂഹികമായ ഇടപെടല്‍ ഏറെ മാറ്റങ്ങളുണ്ടാക്കും. ഒപ്പം നീതിന്യായ സംവിധാനങ്ങളുടെ അലസതയും മാറണം. സാധാരണ ഇത്തരം കുറ്റകൃത്യങ്ങള്‍ കേള്‍ക്കുമ്പോഴുണ്ടാകുന്ന വിവാദം, വാര്‍ത്തകളും ചര്‍ച്ചകളുമായി അവസാനിക്കുകയാണ്. പിറ്റേന്നുമുതല്‍ നവജാതശിശുവിനെപ്പോലും പിച്ചിചീന്തിയ മനുഷ്യമൃഗം പൊതുമധ്യത്തിലൂടെ നെഞ്ചുവിരിച്ചുനടക്കാനും തുടങ്ങും. സംസ്ഥാനത്ത് പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതടക്കം നിയമവിരുദ്ധമായിട്ടാണെന്ന് പറയേണ്ടിയിരിക്കുന്നു. വിചാരണക്കിടെ കുറ്റവാളിയെ ഇരകളായ കുട്ടികള്‍ കാണരുതെന്ന ചട്ടം ന്യായാധിപന്മാരാണ് മനഃപൂര്‍വം മറക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത ഒട്ടേറെ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിലൂടെ ഗര്‍ഭംധരിച്ച് പ്രസവിക്കേണ്ടിവരികയും ആ കൈക്കുഞ്ഞുങ്ങളുമായി നീതിതേടി ചെന്നുനില്‍ക്കുന്നതും ന്യായാധിപന്മാരുടെ മുന്നിലാണ്. കോടതികള്‍ ശിശുസൗഹൃദമല്ലെന്ന കാരണത്താല്‍ സംസ്ഥാനത്ത് 57 ഫാസ്റ്റ്ട്രാക് സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുമെന്ന് 2019 നവംബറില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നതാണ്. അത് എത്രത്തോളം പ്രാവര്‍ത്തികമായെന്നത് കേസുകളുടെ മെല്ലേപ്പോക്കില്‍ നിന്ന് മനസിലാക്കാം. എല്ലാ മേഖലയിലും ഈവിധം മാനസികനില തെറ്റിയ സഞ്ചാരം സമൂഹത്തെക്കൊണ്ടെത്തിക്കുന്നത് മറ്റൊരു ക്രൂരലോകത്താണ്. അതിനാണ് മാറ്റം വരേണ്ടത്. മാനസികാവസ്ഥയുടെ കാര്യത്തില്‍ സമൂഹവും സംവിധാനങ്ങളും ഒരേദിശയിലായാല്‍ നാട്, പഴയ ഭ്രാന്താലയമാകും.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.