“ആരോഗ്യ പ്രവർത്തകരെ സുരക്ഷിതരാക്കിയില്ലെങ്കിൽ ഒരു രാജ്യത്തിനും ആശുപത്രിക്കും രോഗികളെ സുരക്ഷിതമായി ശുശ്രൂഷിക്കാൻ കഴിയില്ല. രോഗപീഡകളില്‍ നിന്ന് മുക്തി നേടുന്നതിനും ജീവൻ രക്ഷിക്കുന്നതിനും ആരോഗ്യ പ്രവർത്തകർ വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ച് കോവിഡ് നമ്മെ ഓർമ്മിപ്പിച്ചു” ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഇങ്ങനെ പറഞ്ഞത് 2020 സെപ്റ്റംബറിലാണ്. നാല് വര്‍ഷം പിന്നിടുമ്പോഴും ഇത്തരമൊരു സംവിധാനം ഇല്ലാത്ത രാജ്യങ്ങളിലൊന്നായി നില്‍ക്കുകയാണ് ഇന്ത്യ.
കൊല്‍ക്കത്തയില്‍ യുവഡോക്ടര്‍ ക്രൂരമായി കൊലചെയ്യപ്പെട്ട് ഒരു മാസമായിട്ടും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു. രാജ്യതലസ്ഥാനമുള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളിലെ ആശുപത്രികളിൽ പോലും സിസിടിവികളോ വേണ്ടത്ര സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാനുള്ള നടപടികള്‍ പോലുമോ ഉണ്ടായില്ല. അതിനിടെയാണ് ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കാൻ ഒരു പ്രത്യേക കേന്ദ്ര നിയമത്തിന്റെ ആവശ്യമില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ രസകരമായ നിലപാട്. 26 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വിഷയത്തില്‍ നിയമനിർമ്മാണം നടത്തിയിട്ടുണ്ടെന്ന ന്യായത്തിലാണ് കേന്ദ്രനിയമം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.
കൊല്‍ക്കത്ത ആര്‍ജി കര്‍ ആശുപത്രിയിലെ ബലാത്സംഗക്കൊലയെത്തുടര്‍ന്ന് സമരത്തിലുള്ള ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന് തങ്ങളുടെയും ആരോഗ്യകേന്ദ്രങ്ങളുടെയും പരിരക്ഷയ്ക്ക് സമഗ്രമായ നിയമം വേണമെന്നാണ്. യുവ ഡോക്ടറുടെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി ആരോഗ്യ പ്രവർത്തകരുടെ ഒറ്റക്കെട്ടായ പ്രതിഷേധം ആഴ്ചകൾ നീണ്ടത് സുപ്രീം കോടതിയുടെ നിർണായക ഇടലപെടലിന് കാരണമായി. എന്നിട്ടും കേന്ദ്ര ഭരണാധികാരികൾ ഉണർന്നില്ല. ആശുപത്രികളിൽ സിസിടിവി, രാത്രിയിലടക്കം പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥർ, വിശ്രമമുറികൾ, പൊലീസ് സുരക്ഷ തുടങ്ങിയവ വേണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.
വിഷയത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയുറപ്പാക്കാനുള്ള നിർദേശങ്ങൾ നൽകാൻ ദേശീയ കർമ്മ സമിതി രൂപീകരിച്ചെങ്കിലും സമിതിയിൽ ആരോഗ്യ പ്രവർത്തകരിൽ ഭൂരിപക്ഷമായ നഴ്സുമാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയില്ലെന്ന ആക്ഷേപമുണ്ട്. കോടതിയുടെ ഇടപെടലും കേന്ദ്രസർക്കാരിന്റെ വാഗ്ദാനങ്ങളും വിശ്വസിച്ച് ഒരുവിഭാഗം ആരോഗ്യ പ്രവർത്തകർ സമരം നിർത്തി. എന്നാൽ പ്രഖ്യാപനങ്ങൾക്കപ്പുറം ഊർജിതമായ നടപടികളാെന്നും കേന്ദ്രത്തില്‍ നിന്നുണ്ടായിട്ടില്ല.
2019ല്‍ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ‘ഹെൽത്ത് കെയർ സർവീസസ് പേഴ്സണൽ ആന്റ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് (അക്രമവും സ്വത്ത് നാശവും തടയൽ) ബിൽ’ കരട് തയ്യാറാക്കി വിതരണം ചെയ്തെങ്കിലും ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും എതിരായ അക്രമം നിരോധിക്കുന്നതിന് പ്രത്യേക നിയമത്തിന്റെ ആവശ്യമില്ലെന്ന് കണ്ട് ഉപേക്ഷിച്ചുവെന്ന് വിവരാവകാശപ്രകാരമുള്ള മറുപടിയില്‍ കേന്ദ്രം വെളിപ്പെടുത്തിയിട്ടുണ്ട്. കോവിഡ് കാലത്ത്, 1897ലെ എപ്പിഡെമിക് ഡിസീസ് ആക്ട് (ഇഡിഎ) പ്രകാരം സംരക്ഷണം നല്‍കാന്‍ കഴിയുമെന്ന് തെളിഞ്ഞതിനാൽ ശ്രമം ഉപേക്ഷിച്ചുവെന്നാണ് ന്യായം.
സംസ്ഥാന നിയമങ്ങള്‍ ആപേക്ഷികമാണ്. ആരോഗ്യമേഖലയിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത രീതിയിലാണ് സംസ്ഥാനങ്ങളിലെ സുരക്ഷാനിയമം ബാധകമാകുന്നത്. ഉദാഹരണത്തിന് കർണാടക, പശ്ചിമ ബംഗാൾ, തമിഴ്‌നാട് സംസ്ഥാനങ്ങൾ ‘ഓക്സിലറി നഴ്‌സ് മിഡ്‌വെെഫ്സ്’ (എഎൻഎം), അനുബന്ധ ജീവനക്കാര്‍, ഫീല്‍ഡ് വര്‍ക്കര്‍മാര്‍ എന്നിവർക്ക് നിയമപരിരക്ഷ നൽകുന്നില്ല. ആരോഗ്യസംരക്ഷണ സംവിധാനത്തിൽ, പ്രത്യേകിച്ച് ഗ്രാമങ്ങളിൽ നിർണായകമായ പങ്കുവഹിക്കുന്ന ഈ വിഭാഗങ്ങള്‍ക്കെതിരെ അക്രമമുണ്ടായാൽ നിയമ സഹായമില്ലാത്തത് ഇവരെ നിസഹായരാക്കുന്നു. ഗ്രാമീണ ആരോഗ്യരംഗത്തെയും ബാധിക്കുന്നു.
ആരോഗ്യരംഗത്തെ പ്രൊഫഷണലുകൾക്കും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റുകൾക്കുമെതിരായ അതിക്രമങ്ങൾ തടയൽ ബിൽ 2022ൽ ലോക്‌സഭയിൽ അവതരിപ്പിച്ചപ്പോഴും കേന്ദ്രം മുന്‍ വാദം ആവര്‍ത്തിച്ചു. 2020ലെ പകർച്ചവ്യാധി (ഭേദഗതി) ഓർഡിനൻസ് ഈ ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്നു എന്നായിരുന്നു അവകാശപ്പെട്ടത്. സംസ്ഥാന നിയമങ്ങള്‍ കൊണ്ട് രാജ്യത്തുടനീളമുള്ള അക്രമങ്ങൾ തടയാനാകില്ലെന്ന് ഐഎംഎ പോലുള്ള സംഘടനകള്‍ പറയുന്നു. ആശുപത്രികളും ഡിസ്പെൻസറികളും സംസ്ഥാന പട്ടികയിൽ ഉൾപ്പെട്ടതാണെങ്കിലും നാല് സംസ്ഥാനങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് 2010ലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് (രജിസ്ട്രേഷൻ ആന്റ് റെഗുലേഷൻ) നിയമം പാർലമെന്റ് പാസാക്കിയതെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. അതുപോലെ, കോവിഡ് കാലത്ത്, എപ്പിഡെമിക് ഡിസീസ് ആക്ട് (1897) ഭേദഗതി ചെയ്തുകൊണ്ടാണ് 2020 ഏപ്രിൽ 22ന് ഓർഡിനൻസ് പുറപ്പെടുവിച്ചത്. ആ ഭേദഗതി പാർലമെന്റ് അംഗീകരിക്കുകയും 2020 സെപ്റ്റംബർ 28ന് രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും ചെയ്തു.
ആരോഗ്യരംഗത്തെ സുരക്ഷ ഇന്ത്യയുടെ മാത്രം വിഷയമല്ല; ആഗോളതലത്തില്‍ തന്നെ നിയമനിര്‍മ്മാണ ആവശ്യം ശക്തമാണ്. കഴിഞ്ഞമാസം അവസാനം ദക്ഷിണ കൊറിയൻ പാർലമെന്റ് പാസാക്കിയ ആരോഗ്യരംവുമായി ബന്ധപ്പെട്ട ഒരു ബില്‍ വിവാദത്തിലാണിപ്പോള്‍. സാധാരണയായി ഡോക്ടർമാർ നടത്തുന്ന ചില മെഡിക്കൽ നടപടിക്രമങ്ങൾ ചെയ്യാൻ നഴ്സുമാരെ അനുവദിക്കുന്ന ബില്ലാണിത്. തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഒരു നഴ്സിങ് നിയമം കൊണ്ടുവരാൻ പലതവണ ശ്രമിച്ചുവെങ്കിലും ഡോക്ടർമാരുടെ കടുത്ത എതിർപ്പുകാരണം പരാജയപ്പെട്ടിരുന്നു. നഴ്സിങ് അസിസ്റ്റന്റുമാരുടെ യോഗ്യതകൾ ലഘൂകരിക്കണോ വേണ്ടയോ എന്നതുൾപ്പെടെ പ്രാരംഭ ബില്ലിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഘടകങ്ങൾ കൂടുതൽ ചർച്ചകൾക്ക് വിട്ടതായും കൊറിയന്‍ സർക്കാർ പറയുന്നു. കൊറിയൻ നഴ്സസ് അസോസിയേഷൻ ബില്ലിനെ സ്വാഗതം ചെയ്തെങ്കിലും ഡോക്ടര്‍മാര്‍ എതിര്‍പ്പുമായി ശക്തമായി രംഗത്തുണ്ട്.
ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ച സംസ്ഥാന നിയമങ്ങളില്‍ ഏതാണ്ട് സമഗ്രമെന്ന് പറയാവുന്നത് കേരളവും ഗോവയും നടപ്പാക്കിയവയാണെന്ന് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇവയെ കേന്ദ്രനിയമത്തിന് മാതൃകയാക്കാമെന്ന് കൊല്‍ക്കത്ത സമരക്കാരും നിര്‍ദേശിച്ചിരുന്നു. 2024 ജൂണിലാണ് ആരോഗ്യ പ്രവർത്തകരുടെയും രോഗികളുടെയും ആശുപത്രികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന ആരോഗ്യ വകുപ്പ് കോഡ് ഗ്രേ പ്രോട്ടോകോൾ പുറത്തിറക്കിയത്. കേരളത്തിന് അനുയോജ്യമായ രീതിയിൽ വികസിത രാജ്യങ്ങളുടെ പ്രോട്ടോകോളുകളുടെ മാതൃകയിലാണിത് തയ്യാറാക്കിയത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലെ ശില്പശാല, നിയമ വിദഗ്ധർ, ഇന്ത്യക്കകത്തും പുറത്തുമുള്ള വിദഗ്ധ ഡോക്ടർമാർ എന്നിവരുടെ അഭിപ്രായങ്ങള്‍ ഉൾപ്പെടുത്തി, മന്ത്രിതലത്തിൽ യോഗങ്ങൾ ചേർന്നാണ് പ്രോട്ടോകോളിന് രൂപം നൽകിയത്. എല്ലാ സർക്കാർ ആശുപത്രികളിലും നിർബന്ധമായും കോഡ് ഗ്രേ പ്രോട്ടോകോൾ പാലിക്കണം. അതിക്രമങ്ങൾ ചെറുക്കുന്നതിന് എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ബാധകമാകുന്ന തരത്തിലാണ് പ്രോട്ടോകോൾ തയ്യാറാക്കിയത്. സുരക്ഷ ഉറപ്പാക്കാൻ മുൻകൂട്ടി ചെയ്യേണ്ട പ്രവർത്തനങ്ങൾ, അതിക്രമം ഉണ്ടായാൽ സുരക്ഷ ഉറപ്പാക്കാനായുള്ള നടപടിക്രമങ്ങൾ, റിപ്പോർട്ടിങ്, തുടർപ്രവർത്തനങ്ങൾ എന്നിവ വിശദമായി പ്രതിപാദിക്കുന്നതാണ് കോഡ് ഗ്രേ പ്രോട്ടോകോൾ.
കൊല്‍ക്കത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കൽ പ്രൊഫഷണലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം കൂടുതൽ കർശനമാക്കുന്നതിന് ഒരാഴ്ചയ്ക്കകം ഓർഡിനൻസ് കൊണ്ടുവരുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ നിലവിലുള്ള നിയമങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാണ്. നിലവിലെ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും 15ന് മുമ്പ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്നുമാണ് സാവന്ത് പറഞ്ഞത്.
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയും രോഗികളുടെ സുരക്ഷാ നയങ്ങളും തന്ത്രങ്ങളും തമ്മിൽ സമന്വയം സ്ഥാപിക്കുക, തൊഴിൽപരമായ ആരോഗ്യവും സുരക്ഷയും, രോഗികളുടെ സുരക്ഷ, ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നിവ തമ്മിലുള്ള ബന്ധം വികസിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ച നിര്‍ദേശങ്ങളിലുണ്ട്. എല്ലാ തലങ്ങളിലെയും ആരോഗ്യ പ്രവർത്തകർക്കുള്ള വിദ്യാഭ്യാസ, പരിശീലന പരിപാടികളിൽ വ്യക്തിപരവും രോഗിയില്‍ നിന്നുമുള്ള സുരക്ഷയും ആരോഗ്യ സുരക്ഷയും ഉൾപ്പെടുത്തണം. ഹെൽത്ത് കെയർ ലൈസൻസിങ്ങിലും അക്രഡിറ്റേഷൻ മാനദണ്ഡങ്ങളിലും ആരോഗ്യ പ്രവർത്തകർക്കും രോഗികളുടെ സുരക്ഷയ്ക്കും വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ ഉൾപ്പെടുത്തണമെന്നും ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചിട്ടുണ്ട്.
ആരോഗ്യമേഖലയിലെ അക്രമങ്ങൾ തടയുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള ദേശീയ നിയമം രാജ്യത്ത് നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമങ്ങളോട് സഹിഷ്ണുതയില്ലാത്ത ഒരു സംസ്കാരം ജനങ്ങളും പുലര്‍ത്തണം. അക്രമം നേരിടുന്ന ആരോഗ്യ പ്രവർത്തകര്‍ക്ക് സ്വതന്ത്രവും രഹസ്യാത്മകവുമായ മൊഴി നല്‍കാനുള്ള പിന്തുണയും ഉണ്ടാകണം. ആശുപത്രികള്‍ ലോകത്തെമ്പാടും ഏറ്റവും ലാഭമേറിയ വ്യവസായമായിരിക്കുന്നു. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി മാത്രം നിയമനിര്‍മ്മാണം നടത്തുന്നവര്‍ ഭരണം നടത്തുമ്പോള്‍ സുരക്ഷാനിയമം പ്രതീക്ഷിക്കുന്നത് അനുചിതവുമാണ്. കാരണം മറ്റ് പ്രൊഫഷണൽ സമൂഹങ്ങളും സമാനമായ സംരക്ഷണം ആവശ്യപ്പെടുമോ എന്ന ആശങ്കയാണല്ലോ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രകടിപ്പിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.