21 January 2025, Tuesday
KSFE Galaxy Chits Banner 2

ദുരിതഭൂമിയിലേക്ക് കനിവ് പെയ്യട്ടെ

Janayugom Webdesk
February 8, 2023 5:00 am

അസാധാരണമായ ദുരന്തത്തെയും അനന്തര പ്രത്യാഘാതങ്ങളെയുമാണ് തുര്‍ക്കിയും സിറിയയും അഭിമുഖീകരിക്കുന്നത്. മരിച്ചവരുടെ എണ്ണം ഇതുവരെ അന്തിമമായി തിട്ടപ്പെടുത്താനായിട്ടില്ല. നിമിഷാര്‍ധം കൊണ്ടായിരുന്നു ഇരുരാജ്യങ്ളിലെയും ഗ്രാമ‑നഗരങ്ങള്‍ മണ്ണിനടിയിലായത്. ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും മരണത്തിനും ജീവിതത്തിനുമിടയിലെന്നതുപോലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലാണ്. ഇരുപതിനായിരത്തിലധികം പേര്‍ പരിക്കേറ്റ് ചികിത്സ തേടിയിട്ടുണ്ട്. മണിക്കൂറുകളുടെ ഇടവേളകളില്‍ മൂന്ന് അതിതീവ്ര ഭൂചലനങ്ങള്‍. യഥാക്രമം 7.8, 7.7, 6 എന്നിങ്ങനെയായിരുന്നു ഭൂകമ്പമാപിനിയിലെ രേഖപ്പെടുത്തല്‍. പുലര്‍ച്ചെ 4.17 ഓടെ ജനങ്ങള്‍ സുഖനിദ്രയിലായിരിക്കുമ്പോള്‍, തെക്കു കിഴക്കന്‍ തുര്‍ക്കിയിലാണ് ആദ്യചലനം അനുഭവപ്പെട്ടത്. 7.8 തീവ്രത രേഖപ്പെടുത്തി. ഗാസിയാന്‍ടെപില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെയാണ് ആദ്യ ഭൂചലനകേന്ദ്രം. തുര്‍ക്കി, സിറിയ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമായതിനാല്‍ ഇരുരാജ്യങ്ങളിലും ഭൂകമ്പം നാശം വിതച്ചു. 20 ലക്ഷം പേര്‍ അധിവസിക്കുന്ന പ്രദേശമാണ് ഗാസിയാന്‍ടെപ്. ഉച്ചയ്ക്കായിരുന്നു രണ്ടാമത്തെ പ്രകമ്പനം. തെക്ക് കിഴക്കന്‍ നഗരമായ എകിനോസുവാണ് പ്രഭവകേന്ദ്രം. മൂന്നാമത്തെ ഭൂചലനം മധ്യ തുര്‍ക്കി മേഖലയിലായിരുന്നു. ഇതിന് പുറമേ 34 ചെറുചലനങ്ങളുമുണ്ടായി. ഇതിലേറെയും അഞ്ചിലധികം തീവ്രത രേഖപ്പെടുത്തിയവയായിരുന്നു.

തുര്‍ക്കിയുടെ വടക്കു കിഴക്കന്‍ പ്രദേശമായ മുസബയില്‍ 5.6, തെക്കന്‍ നഗരമായ നര്‍ദാഗിയില്‍ 5.6, കിഴക്കു തെക്ക് ഭാഗത്തെ ഹസന്‍ബെയില്‍ 5.1, ടുട്ടില്‍ 5.5, നുര്‍ദാഗിയില്‍ 5.2, കിഴക്കന്‍ തുര്‍ക്കിയില്‍ അഞ്ച്, ദാഗന്‍സെഹിറില്‍ 5.8, കിഴക്കന്‍ മേഖലയില്‍ 5.7 എന്നിങ്ങനെയാണ് മാപിനിയില്‍ അഞ്ചിലധികം രേഖപ്പെടുത്തിയ ചലനങ്ങള്‍. ഇതിനൊപ്പം സിറിയയിലെ വിവിധ പ്രദേശങ്ങളിലും തുടര്‍ ചലനങ്ങള്‍ അനുഭവപ്പെടുകയും വ്യാപക നാശമുണ്ടാവുകയും ചെയ്തു. ഭൂകമ്പസാധ്യതാ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഇരുരാജ്യങ്ങളിലും പ്രത്യേകിച്ച്, തുര്‍ക്കിയില്‍ ഇടയ്ക്കിടെ ഭൂചലനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഭൂമിയുടെ ഘടനാപാളികളിലെ വ്യത്യാസം മൂലമാണ് പെട്ടെന്നുള്ള ചലനങ്ങള്‍ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ നിരവധി ഭൂചലനങ്ങള്‍ രാജ്യത്തുണ്ടായി. പതിനായിരക്കണക്കിനാളുകള്‍ക്ക് ജീവനാശവും ലക്ഷക്കണക്കിനുപേരെ അഭയാര്‍ത്ഥികളുമാക്കിയ ദുരന്തങ്ങളായിരുന്നു പലതും. 19 39ലുണ്ടായ ദുരന്തത്തില്‍ 30,000, 1999 ല്‍ അതിതീവ്ര ഭൂകമ്പത്തില്‍ 18,000ത്തിലധികം പേരാണ് മരിച്ചത്. ഭവനങ്ങളും കെട്ടിടങ്ങളും തകര്‍ന്നും കൃഷിയിടങ്ങള്‍ നശിച്ചുമുണ്ടായ നഷ്ടം വേറെ. പ്രദേശത്തിന്റെ ഭൂകമ്പസാധ്യതാ ഘടന കണ്ടെത്തിയതിനുശേഷവും കെട്ടിട നിര്‍മ്മാണരീതികളില്‍ അതിനനുസൃതമായ മാറ്റം വരുത്തുവാന്‍ തയ്യാറായില്ലെന്നതാണ് നാശത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതെന്നാണ് ഭൂമിശാസ്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍. അത്തരം രീതികള്‍ കര്‍ശനമായി നടപ്പിലാക്കുവാന്‍ അധികാരികള്‍ക്ക് സാധിക്കുന്നുമില്ല.


ഇതുകൂടി വായിക്കൂ: പലസ്തീനുമേല്‍ വീണ്ടും ഇസ്രയേല്‍ അതിക്രമങ്ങള്‍


പ്രാദേശിക സംഘര്‍ഷങ്ങളുടെയും ആഭ്യന്തര യുദ്ധങ്ങളുടെയും ഫലമായി ദുരിതങ്ങളും നാശനഷ്ടങ്ങളും കൂടെപ്പിറപ്പുകളെ പോലെ പിന്തുടരുന്ന രാജ്യങ്ങളാണ് തുര്‍ക്കിയും സിറിയയും. ഐഎസ് ഭീകരരുടെ താവളങ്ങളും അവയെ ചിലപ്പോഴൊക്കെ പിന്തുണയ്ക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന നിലപാടുകളും ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പരപോരും പ്രദേശവാസികളുടെ ജീവിതത്തെയും മനസമാധാനത്തെയും ബാധിച്ചു. 11 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിന്റെ നിഴലിലായിരുന്നു സിറിയ. അതുകൊണ്ടുതന്നെ ഇന്ധനം ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുടെ ക്ഷാമം ഇതിനകംതന്നെ നേരിടുന്നുണ്ട്. അതിനിടയിലാണ് ഇപ്പോഴത്തെ ഭൂകമ്പ ദുരന്തമുണ്ടായിരിക്കുന്നത്. കടുത്ത തണുപ്പായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങളും തടസപ്പെടുന്നു. ശക്തമായ മഴയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വേഗത കുറയ്ക്കുന്നു. എങ്കിലും ആകാവുന്നത്ര മനുഷ്യരെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ഇരുരാജ്യങ്ങള്‍ക്കും സാധ്യമാകുന്നതിനപ്പുറമാണ് അവിടെ ആവശ്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍. ഇത്തരം അപകടങ്ങളും ദുരന്തങ്ങളും സംഭവിക്കുമ്പോള്‍ ലോകരാജ്യങ്ങളിലെ മനുഷ്യത്വം നിയന്ത്രണമില്ലാതെ പ്രവഹിക്കാറുണ്ട്. ഇന്ത്യയില്‍ 1993ല്‍ മഹാരാഷ്ട്രയിലെ ലത്തൂരിലും 2001ല്‍ ഗുജറാത്തിലെ കച്ച് മേഖലയിലും വന്‍ ഭൂകമ്പങ്ങളും നാശനഷ്ടങ്ങളുമുണ്ടായപ്പോള്‍ കയ്യയച്ചാണ് ലോകം സഹായിച്ചത്. ലത്തൂരില്‍ 10,000ത്തിലധികം പേരാണ് മരിച്ചത്. കച്ചില്‍ മരണം 20,000ത്തിലധികമായിരുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന ദുരന്തത്തിലും ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും തുര്‍ക്കിക്കും സിറിയയ്ക്കും സഹായങ്ങള്‍ നല്കിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യയും സഹായം പ്രഖ്യാപിക്കുകയും സംഘത്തെ അയയ്ക്കുകയും ചെയ്തു. ആകാശമാര്‍ഗം വിമാനത്താവളങ്ങളില്‍ എത്തിച്ചേര്‍ന്നാലും ദുരിത മേഖലകളിലേക്ക് യാത്രചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാകുന്നുണ്ട്. എങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തകരും സേനകളും അവശ്യമരുന്ന് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ അവിടേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്താകെയുള്ള രാജ്യങ്ങളുടെയും സംഘടനകളുടെയും നിര്‍ലോഭമായ സഹായങ്ങള്‍ ഒഴുകേണ്ട സന്ദര്‍ഭമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.