5 May 2024, Sunday

തെരഞ്ഞെടുപ്പ് അട്ടിമറി: ട്രംപിനെതിരെ നാല് കുറ്റങ്ങള്‍ ചുമത്തി

Janayugom Webdesk
വാഷിങ്ടണ്‍
August 2, 2023 10:17 pm

2020 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നാല് കുറ്റങ്ങള്‍ ചുമത്തി. ഗൂഢാലോചനയുള്‍പ്പെടെയുള്ള നാല് വകുപ്പുകളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. പരമാവധി 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ട്രംപിനെതിരെയുള്ളത്.
യുഎസ് ക്യാപിറ്റോള്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ട്രംപ് കുറ്റക്കാരാനെന്ന് കണ്ടെത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനും ക്യാപിറ്റോള്‍ ആക്രമണത്തിനും ഇടയില്‍ ട്രംപ് നടത്തിയ പ്രസംഗങ്ങളെയും പ്രവര്‍ത്തനങ്ങളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തെരഞ്ഞെടുപ്പില്‍ ജോ ബെെഡന്റെ വിജയം സാക്ഷ്യപ്പെടുത്താനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ അട്ടിമറിക്കാന്‍ ട്രംപ് ശ്രമിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. നീതിന്യായ വകുപ്പ് നിയമിച്ച സ്പെഷ്യല്‍ കൗണ്‍സില്‍ ജാക്ക് സ്മിത്താണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ക്യാപിറ്റോൾ കലാപം, അമേരിക്കൻ ജനാധിപത്യത്തിന് നേരെയുള്ള അസാധാരണമായ ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. അതിന് എണ്ണയൊഴിക്കുകയായിരുന്ന ട്രംപെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിഭാഷകർ, നീതിന്യായവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ പേര് ചേർക്കാത്ത ആറ് പേരെ കൂടി 45 പേജുള്ള കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. ഗൂഢാലോചനയിലൂടെയും കളളത്തരങ്ങളിലൂടെയും ഫെഡറൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തുക, തട്ടിപ്പ്, വഞ്ചന ഇനീ കുറ്റങ്ങൾ ട്രംപ് ചെയ്തതായി കുറ്റപത്രം ആരോപിക്കുന്നു. അസത്യമാണെന്ന് അറിയാമായിരുന്നിട്ടും ട്രംപ് തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ മാറ്റംവരുത്താൻ അന്നത്തെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ഉൾപ്പെടെയുള്ള സ്റ്റേറ്റ്, ഫെഡറൽ ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കി.
ഒടുവിൽ അമേരിക്കൻ ജനാധിപത്യത്തെ തന്നെ തുരങ്കംവച്ച് അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായി യു എസ് ക്യാപിറ്റോൾ ആക്രമണത്തിന് ട്രംപ് പ്രേരണ നൽകിയെന്നും പ്രോസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ട്രംപ് കുറ്റങ്ങളെല്ലാം നിഷേധിച്ചു. പോൺതാരവുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ കണക്കുകളിൽ വെട്ടിപ്പ് കാണിക്കുക, അതീവരഹസ്യ രേഖകൾ ക്രമവിരുദ്ധമായി കൈകാര്യം ചെയ്യുക എന്നിങ്ങനെ രണ്ട് കേസുകളിൽ കൂടി നിലവിൽ ട്രംപ് പ്രതിയാണ്.

Eng­lish Summary;Election sab­o­tage: Four charges against Trump

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.