21 November 2024, Thursday
KSFE Galaxy Chits Banner 2

യൂറോപ്യൻ ഇടതുപക്ഷ ശക്തികൾ ഐക്യപ്പെടണം

സത്യകി ചക്രവർത്തി
October 31, 2024 4:45 am

കഴിഞ്ഞയാഴ്ച മാഡ്രിഡിൽ നടന്ന, സ്പെയിനിലെ ഇടതുപക്ഷ ജനകീയ പ്രസ്ഥാനമായ പൊഡെമോസിന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത ബ്രിട്ടീഷ് പാർലമെന്റ് അംഗവും ലേബർ പാർട്ടി മുൻ നേതാവുമായ ജെറമി കോർബിൻ മുന്നോട്ടുവച്ച നിർദേശം വളരെയധികം പ്രാധാന്യമുള്ളതായിരുന്നു. വംശീയതയെ പ്രതിനിധീകരിക്കുകയും കുടിയേറ്റത്തിനെതിരെ നിലപാടെടുക്കുകയും ചെയ്യുന്ന വലതുപക്ഷ ശക്തികളെ ചെറുക്കുന്നതിന് യൂറോപ്പിൽ ഇടതുപക്ഷ പാർട്ടികളുടെ സഖ്യം കെട്ടിപ്പടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. യൂറോപ്പിലെ വലതുപക്ഷ ശക്തികളോട് ഒന്നിച്ച് പോരാടണമെന്നായിരുന്നു കോർബിൻ സമ്മേളനത്തിൽ പറഞ്ഞത്.
വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ ഇടതുപാർട്ടികൾ അതാതിടങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഉൾപ്പെടെ പ്രശ്നങ്ങൾ ഏറ്റെടുത്തുള്ള പോരാട്ടത്തിലൂടെ വലതുപക്ഷ പാർട്ടികളുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന വേളയിൽ പൊഡെമോസ് സമ്മേളനത്തിലെ ബ്രിട്ടീഷ് നേതാവിന്റെ പ്രസംഗം ശ്രദ്ധേയമായി. തദ്ദേശവാസികളുടെ തൊഴിൽ സാധ്യത ഇല്ലാതാക്കുന്നുവെന്ന് ആശങ്കപ്പെടുന്ന, അതാത് രാജ്യങ്ങളിലെ സാധാരണക്കാരുടെ കുടിയേറ്റ വിരുദ്ധമനസിനെ ആശ്രയിച്ചാണ് വലതുപക്ഷ ശക്തികൾ ശക്തിപ്പെടുന്നത്. യൂറോപ്പിലെ വലതുപക്ഷത്തിന്റെ കളികൾ തുറന്നുകാട്ടിയ കോർബിൻ ഇടതുപക്ഷവും മറ്റ് വലതുപക്ഷ വിരുദ്ധ ശക്തികളും ജാഗ്രത പാലിക്കണമെന്നും ആഹ്വാനം ചെയ്തു.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, യൂറോപ്പിലുടനീളം ഐക്യ ഇടതുപക്ഷം കെട്ടിപ്പടുക്കാൻ ശ്രമിക്കുമ്പോൾ ഓജസുള്ളതും ശക്തവുമായ ഒരു പ്രസ്ഥാനത്തിന് അടിത്തറയാകേണ്ട മൂന്ന് പ്രധാന വിഷയങ്ങളുണ്ട്. ചെലവുചുരുക്കലിനെതിരായ ശക്തമായ നിലപാട്, സമാധാനം, തീവ്ര വലതുപക്ഷത്തോടുള്ള എതിർപ്പ് എന്നിവ. സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് യൂറോപ്പ് പുതിയ ചെലവുചുരുക്കൽ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. യൂറോപ്പിലുടനീളം വേതനത്തിനും സേവനവ്യവസ്ഥകൾക്കും നേരെയുള്ള കടന്നാക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. തൊഴിലാളിവർഗത്തിന്റെ ജീവിതനിലവാരം വളരെയധികം താഴ്ന്നു. വേതനം മുടങ്ങുന്നത് പതിവായി. അതേസമയം, ശതകോടീശ്വരന്മാരുടെ എണ്ണം മുമ്പത്തെക്കാൾ വർധിക്കുകയും ചെയ്യുന്നു. അസമത്വം അനിവാര്യമായി ഉണ്ടാകുന്നതല്ല, മറിച്ച് പലരിൽ നിന്ന് സമാഹരിക്കുന്ന പണം ചുരുക്കം ചിലർക്ക് നൽകാൻ സർക്കാരുകൾ കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ ഫലമാണത്.
കഴിഞ്ഞയാഴ്ച ബ്രിട്ടീഷ് സർക്കാർ അതിന്റെ 100-ാം ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. ആ സമയത്ത് കഠിനമായ രണ്ട് നടപടികൾ സ്വീകരിക്കുകയുണ്ടായി. രണ്ട് കുട്ടികള്‍ക്കുള്ള ആനുകൂല്യ പരിധി നിലനിർത്തുകയായിരുന്നു അതിലൊന്ന്. രണ്ടര ലക്ഷം കുട്ടികളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിനെ തടയുന്നതായിരുന്നു ഇത്. ഒരു കോടി പെൻഷൻകാർക്കുള്ള ശൈത്യകാല ഇന്ധന അലവൻസ് വെട്ടിക്കുറയ്ക്കുകയായിരുന്നു രണ്ടാമത്തെ തീരുമാനം. സാമ്പത്തിക നില മെച്ചപ്പെടുത്താൻ മറ്റ് നിരവധി നടപടികൾക്ക് അവസരമുണ്ടെന്ന് സർക്കാരിന് അറിയാം. സമ്പന്ന നികുതി ഏർപ്പെടുത്തുന്നതിലൂടെ 1,000 കോടി പൗണ്ട് സമാഹരിക്കാൻ സാധിക്കും. പൊതുഖജനാവിൽ നിന്ന് സ്വകാര്യ കരാറുകൾക്കായി പണം പാഴാക്കുന്നത് തടയുന്നതും ഗുണം ചെയ്യും. ജലവും ഊർജവും പൊതു ഉടമസ്ഥതയിലേക്ക് കൊണ്ടുവന്ന് അടിസ്ഥാനപരമായ പുനർവിതരണം നടത്താനാകും. അതുചെയ്യാതെ, സാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന് വാഗ്ദാനം ചെയ്ത് ജനങ്ങളിൽ നിന്ന് വിഭവങ്ങൾ സമാഹരിക്കാനാണ് അവർ തീരുമാനിച്ചത്. 

ധാരാളം സമ്പത്തുണ്ടെങ്കിലും അത് തെറ്റായ കൈകളിലാണുള്ളത്. കൂടാതെ തങ്ങൾ എടുക്കാന്‍പാടില്ലാത്ത കഠിനമായ തീരുമാനങ്ങൾ കൈക്കൊണ്ടതിനുശേഷം ഖേദം പ്രകടിപ്പിക്കുകയാണ് മന്ത്രിമാർ ചെയ്യുന്നത്. അതിൽ വഞ്ചിതരാകരുതെന്ന് കോർബിൻ പറഞ്ഞു. ചെലവ് ചുരുക്കൽ ഒരു കഠിനമായ നടപടി മാത്രമല്ല, അത് തെറ്റായ തീരുമാനവുമാണ്. പണമില്ലെന്ന് പറയുമ്പോൾത്തന്നെയാണ് സർക്കാർ പ്രതിരോധ ചെലവ് ജിഡിപിയുടെ 2.5 ശതമാനമായി ഉയർത്താൻ ഔത്സുക്യം കാട്ടുന്നത്.
അയൽക്കാരനെ ഭീഷണിപ്പെടുത്താനും നശിപ്പിക്കാനുമുള്ള കഴിവിനെയല്ല സുരക്ഷയെന്ന് വിളിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അയൽക്കാരനിൽ നിന്ന് ലഭിക്കുന്നതുകൂടിയാണ് സുരക്ഷ. അപ്പോഴാണ് നമ്മുടെ കുട്ടികൾക്ക് ഭാവിയെക്കുറിച്ച് ആത്മവിശ്വാസമുണ്ടാകുന്നത്. ദാരിദ്ര്യം, നിരാശ്രയത്വം, യുദ്ധം എന്നിവയാൽ മനുഷ്യർ കുടിയൊഴിപ്പിക്കപ്പെടാത്ത അവസ്ഥയാണ്, സന്തോഷകരവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ എല്ലാവർക്കും മതിയായ വിഭവങ്ങൾ ഉള്ള സാഹചര്യമാണ് സുരക്ഷയെന്ന് ഇസ്രയേൽ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പറയാനാകും. ലോകം യുദ്ധത്തിലാണെന്നും സമാധാനത്തിനായി നാം പ്രവർത്തിക്കേണ്ടതുണ്ടെന്നും കോർബിൻ പറഞ്ഞു.
അടുത്തിടെ ഉക്രെയ്ന് സർക്കാർ 600 ദശലക്ഷം പൗണ്ട് പ്രഖ്യാപിച്ചിരുന്നു. ആയുധമത്സരം വർധിപ്പിക്കുകയും അപകടസാധ്യത കൂട്ടുകയും ചെയ്യാതെ, പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്താനാണ് പ്രവർത്തിക്കേണ്ടത്. എല്ലാ യുദ്ധങ്ങളും ഏതെങ്കിലും തരത്തിലുള്ള കൂടിയാലോചനകളിലൂടെ അല്ലെങ്കിൽ നയതന്ത്ര പരിഹാരത്തിലൂടെ അവസാനിപ്പിക്കണം. ആയിരക്കണക്കിനാളുകളുടെ ജീവൻ രക്ഷിക്കാൻ എന്തുകൊണ്ട് ഇപ്പോൾ അത് ചെയ്തുകൂടാ. നീണ്ടുപോകുന്ന യുദ്ധങ്ങളിൽ നിന്ന് പ്രയോജനം ലഭിക്കുന്ന ഒരേയൊരു വ്യവസായമേ ലോകത്തുള്ളൂ; അത് ആയുധ വ്യവസായമാണ്. 

തന്റെ സുഹൃത്തുക്കളായ പോൾ റോജേഴ്സ്, റോണ മിച്ചി, ആൻഡ്രൂ ഫെയിൻസ്റ്റൈൻ എന്നിവർ ചേർന്ന് അടുത്തിടെ പുറത്തിറക്കിയ ഒരു പുസ്തകം, മോൺസ്ട്രസ് ആംഗർ ഓഫ് ദ ഗൺസ് (തോക്കുകളുടെ പൈശാചിക കോപം) യുദ്ധങ്ങൾ എന്തുകൊണ്ടാണ് തുടർന്നുകൊണ്ടേയിരിക്കുന്നതെന്ന് മനസിലാക്കാൻ സഹായിക്കുന്നതാണ്. അത് ഉക്രെയ്നിലായാലും അല്ലെങ്കിൽ മാധ്യമങ്ങൾ ഒരിക്കലും റിപ്പോര്‍ട്ട് ചെയ്യാത്ത സുഡാൻ, പടിഞ്ഞാറൻ പാപ്പുവ, കോംഗോ തുടങ്ങിയ രാജ്യങ്ങളിലായാലും. ഈ യുദ്ധങ്ങളിലെല്ലാം, ആഗോള ആയുധവ്യാപാരികൾ മനുഷ്യജീവ നഷ്ടത്തിൽ നിന്നും നമ്മുടെ ഭൂമിയുടെ നാശത്തിൽ നിന്നും ശതകോടികളാണ് സമ്പാദിക്കുന്നത്. തീർച്ചയായും, ഇത് ഇപ്പോൾ ഗാസയിൽ ഏറ്റവും പ്രകടമാണ്. 42,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. വാസ്തവത്തിൽ, എണ്ണം അതിനെക്കാൾ വളരെ കൂടുതലാണ്. ലാൻസെറ്റ് മെഡിക്കൽ ജേണൽ മരണസംഖ്യ 1,86,000 ആയാണ് കണക്കാക്കിയത്. പട്ടിണിയും രോഗവും മൂലമുള്ള മരണങ്ങളും അതിൽ ഉൾപ്പെടുന്നു. 97,000 പലസ്തീനികൾക്കാണ് പരിക്കേറ്റത്. 157 പലസ്തീൻ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഗാസയിൽ പൂർണമായും പ്രവർത്തന സജ്ജമായ ആശുപത്രികളില്ല. ഗാസയെ മാനുഷിക പ്രതിസന്ധിയായാണ് ജനങ്ങൾ വിലയിരുത്തുന്നത്. എന്നാൽ അതല്ല സത്യം. ഇതൊരു മാനുഷിക പ്രതിസന്ധിയല്ല. നമ്മുടേതുൾപ്പെടെയുള്ള സര്‍ക്കാരുകളുടെ സഹായവും പിന്തുണയും ഉള്ള ഒരു വംശഹത്യയാണിതെന്ന് കോർബിൻ പറഞ്ഞു. പലസ്തീന്റെ സമ്പൂർണ നാശത്തിനാണ് നാം സാക്ഷ്യംവഹിക്കുന്നത്. 

സര്‍ക്കാരിനോടുള്ള നമ്മുടെ സന്ദേശം വ്യക്തമാണ്: നിങ്ങൾ ഉണ്ടാക്കിയ ഭീകരതയുടെ വ്യാപ്തി എന്താണെന്നറിയുക, അത് കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടത് എന്നതിനായി പ്രവർത്തിക്കുക. യൂറോപ്പിലുടനീളമുള്ള സര്‍ക്കാരുകൾ യുദ്ധയന്ത്രങ്ങൾക്ക് ഇന്ധനം പകരുക മാത്രമല്ല ചെയ്യുന്നത്. പ്രത്യാഘാതങ്ങൾ അനുഭവിക്കാൻ അവശേഷിക്കുന്നവരെ ഉപേക്ഷിക്കുന്ന പൈശാചിക നടപടി സ്വീകരിക്കുകയും ചെയ്യുന്നു. പീഡനങ്ങളിൽ നിന്നും പാരിസ്ഥിതിക ദുരന്തങ്ങളിൽ നിന്നുമെന്നതുപോലെ മുമ്പെന്നത്തെക്കാളും കൂടുതൽ അഭയാർത്ഥികൾ യുദ്ധത്തിന്റെ ഭീകരതയിൽ നിന്നും പലായനം ചെയ്യുന്നു. വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ട് സുരക്ഷിതസ്ഥാനം തേടുന്ന എല്ലാവരോടും നമുക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടതുണ്ട്. 

വംശീയതയ്ക്കെതിരെ ഇടതുപക്ഷത്തിന് നിശ്ചയദാർഢ്യമുള്ള സമയമാണിതെന്നും തീവ്രവലതുപക്ഷത്തേക്ക് മാറാനോ നിലപാടുകൾ ഉപേക്ഷിക്കുവാനോ നമുക്ക് കഴിയില്ലെന്നും കോർബിൻ പറഞ്ഞു. പകരം അഭയാർത്ഥികളെ സംരക്ഷിക്കാം, വർഗീയതയ്ക്കെതിരെ നിലകൊള്ളാം, മെച്ചപ്പെട്ട ഒരു ലോകക്രമത്തെക്കുറിച്ചുള്ള പ്രതീക്ഷയിൽ പ്രചോദിതരാകാം. അതിലൂടെയാണ് നമുക്ക് തീവ്ര വലതുപക്ഷത്തെ എന്നെന്നേക്കുമായി പരാജയപ്പെടുത്തുവാൻ കഴിയുക. അതിനായി യൂറോപ്പിലെ ഇടതുപക്ഷ ശക്തികളുടെ യോജിപ്പ് അനിവാര്യമാണ്.

(ഐപിഎ)

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.