8 May 2024, Wednesday

Related news

February 21, 2024
February 19, 2024
February 19, 2024
February 7, 2024
January 18, 2024
January 16, 2024
November 28, 2023
November 26, 2023
October 6, 2023
September 27, 2023

ഭരണകൂട നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടക്കരുത്ത്

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി
March 29, 2022 10:53 pm

ജനജീവിതം ദുസഹമാക്കുന്ന ഭരണകൂട നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ ഇടംനേടി ദ്വിദിന ദേശീയ പണിമുടക്കിന് സമാപനം.

കര്‍ഷക‑തൊഴിലാളി-ജന‑രാജ്യ വിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രാജ്യത്തിന്റെ വിധിയെഴുത്തായി ദേശീയ പണിമുടക്ക് മാറി. വന്‍ നഗരങ്ങളിലും വ്യവസായ മേഖലയിലുമുള്‍പ്പെടെ തൊഴിലാളികളുടെയും ജീവനക്കാരുടെയും വര്‍ധിച്ച പങ്കാളിത്തത്താല്‍ ശ്രദ്ധ നേടിയ പണിമുടക്ക് വരുംകാല പോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജ്ജമായി. വിവിധ ഭരണകൂടങ്ങളുടെ ഭീഷണികളും കരിനിയമങ്ങളും അവഗണിച്ചുകൊണ്ടായിരുന്നു തൊഴിലാളികളുടെ പ്രതിഷേധജ്വാല ആളിപ്പടര്‍ന്നത്.

സംഘടിത, അസംഘടിത, പൊതു മേഖലയിലെ തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുമുള്‍പ്പെടെയുള്ളവരും മാത്രമല്ല, സ്വകാര്യ മേഖലയിലും സൂക്ഷ്മ‑ചെറുകിട‑ഇടത്തരം സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവരുമെല്ലാം ഒറ്റക്കെട്ടായി പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു. ആദ്യദിനത്തിലേതുപോലെ രണ്ടാം ദിവസവും തൊഴിലാളികളോടൊപ്പം കര്‍ഷകരും യുവാക്കളും സ്ത്രീകളും വിദ്യാര്‍ത്ഥികളുമെല്ലാം പോരാട്ടപാതയില്‍ അണിനിരന്നത് ആവേശം ഇരട്ടിയാക്കി.

എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ കേന്ദ്ര തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ‘രാജ്യത്തെ രക്ഷിക്കൂ, ജനങ്ങളെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി ദേശീയ പണിമുടക്ക് നടന്നത്. തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക, കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണവും ദേശീയധന സമ്പാദന പദ്ധതിയും ഉപേക്ഷിക്കുക, ആദായനികുതി അടയ്‌ക്കാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 രൂപ വരുമാന പിന്തുണ നൽകുക, അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്ക് സാർവത്രിക സാമൂഹിക സുരക്ഷ നൽകുക, ഇന്ധനവില വര്‍ധനവ് തടയുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്.

കര്‍ഷക സംഘടനകളുടെ ഐക്യവേദിയായ സംയുക്ത കിസാന്‍ മോര്‍ച്ചയും ബാങ്ക് ജീവനക്കാരുടെ സംഘടനയായ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷ(എഐബിഇഎ) നുമുള്‍പ്പെടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതോടെ രാജ്യത്തങ്ങോളമിങ്ങോളം ഉജ്ജ്വല പ്രതികരണമാണ് പണിമുടക്കിന് ലഭിച്ചത്.

ബാങ്കിങ്, ഇൻഷുറന്‍സ് മേഖലകളിലെ തൊഴിലാളികള്‍ രണ്ടുദിവസവും ജോലിയില്‍ പ്രവേശിക്കാതെ പണിമുടക്കിന്റെ ഭാഗമായി. കല്‍ക്കരി, സ്റ്റീല്‍, ഓയില്‍, എല്‍പിജി പ്ലാന്റുകള്‍, വൈദ്യുതി, ടെലികോം, സിമെന്റ് തുടങ്ങി സമസ്ത മേഖലകളിലെയും തൊഴിലാളികള്‍ ദ്വിദിന പണിമുടക്കില്‍ അണിചേര്‍ന്നു.

സംസ്ഥാന സര്‍ക്കാര്‍ എസ്മ പ്രഖ്യാപിച്ച മഹാരാഷ്ട്രയിലുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി മേഖലയിലെ തൊഴിലാളികള്‍ സമരത്തിന്റെ ഭാഗമായി. ഹരിയാനയില്‍ എസ്മ അവഗണിച്ച് ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ രണ്ടാംദിനവും പണിമുടക്കില്‍ ഉറച്ചുനിന്നു. തുറമുഖ തൊഴിലാളികളും പണിമുടക്കില്‍ പങ്കുചേര്‍ന്നു.

റയില്‍വേ, പ്രതിരോധ വിഭാഗങ്ങളിലെ തൊഴിലാളികളുടെ ശക്തമായ സംഘടിത പ്രതിഷേധത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. അങ്കണവാടി, ആശ പ്രവര്‍ത്തകരും പാചക തൊഴിലാളികളും ബീഡിത്തൊഴിലാളികളും നിര്‍മ്മാണ മേഖലയിലെയും കാര്‍ഷിക മേഖലയിലെയും തൊഴിലാളികളും ഉള്‍പ്പെടെ സമരത്തില്‍ സജീവസാന്നിധ്യമായി. ബഹുരാഷ്ട്ര കമ്പനികളിലുള്‍പ്പെടെ പണിമുടക്ക് സാരമായി ബാധിച്ചു.

കേരളം, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, തെലങ്കാന, ത്രിപുര, അസം, ഹരിയാന, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ബന്ദിന് സമാനമായ സ്ഥിതിയായി. മറ്റ് സംസ്ഥാനങ്ങളിലെ നിരവധി ജില്ലകളില്‍ പണിമുടക്കിന്റെ ഭാഗമായി വ്യവസായമേഖലകളുള്‍പ്പെടെ സ്തംഭിച്ചു. ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പഞ്ചാബ്, ബിഹാര്‍, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, മേഘാലയ, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദേശീയ പണിമുടക്കിന് ആവേശകരമായ പ്രതികരണമുണ്ടായി. ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളിലും തൊഴിലാളികള്‍ പണിമുടക്കി.

Eng­lish Sum­ma­ry: Fight­ing pow­er against state policies

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.