1 May 2024, Wednesday

കാലിത്തീറ്റ വിലവര്‍ധന: ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമേകി മലബാര്‍ മില്‍മ

Janayugom Webdesk
കോഴിക്കോട്
November 5, 2022 6:08 pm

കാലിത്തീറ്റ വിലവര്‍ധനയില്‍ മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് തുണയായി മലബാര്‍ മില്‍മ. ഏറ്റവും ഒടുവില്‍ പാല്‍ വില വര്‍ധനവ് നടപ്പാക്കിയ 2019 സെപ്തംബറില്‍ ഉണ്ടായിരുന്ന അതേ വിലയില്‍ തന്നെ മില്‍മ കാലിത്തീറ്റ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ മലബാര്‍ മില്‍മ ഭരണസമിതി യോഗം തീരുമാനിച്ചു. വര്‍ധിപ്പിച്ച വില ക്ഷീര സംഘങ്ങള്‍ക്ക് സബ്സിഡിയായി മില്‍മ നല്‍കുമെന്ന് ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. മറ്റ് കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കുറവ് വരുത്താതെ ഇതിനായി പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ടെന്ന് മലബാര്‍ മില്‍മ മാനെജിംഗ് ഡയറക്ടര്‍ ഡോ. പി. മുരളി വ്യക്തമാക്കി. മലബാര്‍ മേഖലയിലെ മൂന്നു ലക്ഷത്തോളം ക്ഷീര കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

മില്‍മ ഉല്പാദിപ്പിക്കുന്ന മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റക്ക് 50 കിലോ ചാക്കിന് 180 രൂപയും മില്‍മ ഗോമതി റിച്ച് കാലിത്തീറ്റക്ക് 160 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഗോമതി ഗോള്‍ഡിന് 1550 രൂപയും ഗോമതി റിച്ചിന് 1400 രൂപയുമാണ് പുതുക്കിയ വില. ഇത് പഴയ വിലയില്‍ തന്നെ യധാക്രമം 1370 രൂപയ്ക്കും 1240 രൂപയ്ക്കും മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് തുടര്‍ന്നും ലഭിക്കും.

കാലിത്തീറ്റ നിര്‍മ്മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിച്ചതിനെത്തുടര്‍ന്ന് ഇതര കാലിത്തീറ്റ നിര്‍മാണ കമ്പനികള്‍ വളരെ മുമ്പു തന്നെ വില വര്‍ധിപ്പിച്ചിരുന്നു. ഉത്പാദന ചിലവ് വര്‍ധിച്ച് മില്‍മയുടെ മലമ്പുഴയിലെയും ചേര്‍ത്തലയിലെയും ഫാക്ടറികളിലെ കാലിത്തീറ്റ നിര്‍മാണം വന്‍ നഷ്ടത്തിലാവുകയും നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ഫാകട്റി അടച്ചു പൂട്ടേണ്ട സ്ഥിതി സംജാതമാകുകയും ചെയ്തതോടെയാണ് കാലിത്തീറ്റ വില വര്‍ധിപ്പിക്കേണ്ടി വന്നതെന്ന് മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കൂടിയായ കെ എസ്  മണി പറഞ്ഞു.

Eng­lish Sum­ma­ry: Fod­der price hike: Mal­abar Mil­ma brings relief to dairy farmers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.