11 March 2025, Tuesday
KSFE Galaxy Chits Banner 2

ഭക്ഷ്യവിലക്കയറ്റം രൂക്ഷമാകും; 10 കോടി ടണ്‍ ധാന്യശേഖരം കാണാതായി

*ഉപഭോഗം കുറഞ്ഞതായും എന്‍എസ്എസ്ഒ റിപ്പോര്‍ട്ട്
*ധാന്യ ഉല്പാദന കണക്കുകളില്‍ തട്ടിപ്പെന്നും സംശയം 
Janayugom Webdesk
ന്യൂഡല്‍ഹി
June 29, 2024 9:53 pm

രാജ്യത്ത് വിലക്കയറ്റം രൂക്ഷമായി തുടരുന്ന അവസ്ഥയിലും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകളിലെ ധാന്യശേഖരം അപ്രത്യക്ഷം. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗൈനേഷന്‍ (എന്‍എസ്എസ്ഒ) ന്റെ ഏറ്റവും പുതിയ ഉപഭോഗ സര്‍വേ പ്രകാരമുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ശേഖരത്തില്‍ 10 കോടി ടണ്‍ കണ്ടെത്താനായില്ല. രാജ്യത്ത് പ്രതിശീര്‍ഷ ധാന്യ ഉപഭോഗം ഗണ്യമായി ഇടിയുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
2008 മുതല്‍ രാജ്യത്ത് ധാന്യ ഉല്പാദനത്തിലും വിപണനത്തിലും കാലാനുസൃതമായ ഇടിവ് ദൃശ്യമാണ്. പ്രതിവര്‍ഷം 30 കോടി ടണ്‍ ധാന്യ ഉല്പാദനം നടക്കുന്നുണ്ടെങ്കിലും ലഭ്യമാകുന്നത് 25 കോടി ടണ്‍ മാത്രമാണ്. ഫീഡ്-സീഡ്- വേസ്റ്റേജ് കണക്കുകള്‍ കഴിച്ചുള്ളതാണ് ഈ ധാന്യശേഖരം. 2022–23 ല്‍ പ്രതിമാസം 12 കിലോഗ്രാം ധാന്യ ഉപഭോഗമാണ് രേഖപ്പെടുത്തിയത്. ഇതനുസരിച്ച് കണക്കുകൂട്ടിയാല്‍ 45 ദശലക്ഷം ടണ്‍ ധാന്യം ശേഖരത്തില്‍ അവശേഷിക്കും. 

അതേസമയം പ്രതിശീര്‍ഷ ധാന്യ ഉപഭോഗം 12 കിലോ ആയിരുന്നത് 9 കിലോയായി കുറഞ്ഞുവെന്ന് എന്‍എസ്എസ്ഒ സൂചികയില്‍ പറയുന്നു. നഗരങ്ങളില്‍ പ്രതിമാസം വ്യക്തിഗത ഉപഭോഗം 9.16 കിലോ നിരക്കിലും ഗ്രാമങ്ങളില്‍ 8.05 കിലോ നിരക്കിലുമാണ് ഉപഭോഗം. നാഷണല്‍ കമ്മിഷന്‍ ഓണ്‍ പോപ്പുലേഷന്‍ (എന്‍സിപി) റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ജനസംഖ്യ 138 കോടിയെന്നത് കണക്കിലെടുത്താല്‍ 2022–23 ല്‍ മൊത്ത ഭവന ഉപഭോഗം പ്രതിവര്‍ഷം 15 കോടി ടണ്‍ ആണ് രേഖപ്പെടുത്തുക. 100 കോടി ടണ്‍ ധാന്യശേഖരം എവിടെയെന്ന ചോദ്യം ഇതോടെ ഉയരുന്നു. കേന്ദ്രസര്‍ക്കാര്‍ ധാന്യ ഉല്പാദന കണക്കുകള്‍ പെരുപ്പിച്ചുകാട്ടുകയാണോയെന്നും വന്‍ തട്ടിപ്പ് ഇതിന് പുറകിലുണ്ടോയെന്നും സംശയം. 

പ്രതിശീര്‍ഷ ധാന്യ ഉപഭോഗം 2004-05 മുതല്‍ ഇടിയുന്ന പ്രവണതയാണ് കണ്ടുവരുന്നത്. 11.6 ല്‍ നിന്ന് 10.7 ആയി 2011-12 ഓടെ ഉപഭോഗം ഇടിഞ്ഞതായാണ് കണക്കുകള്‍. ജനസംഖ്യ വര്‍ധിക്കുന്നുണ്ടെങ്കിലും ഉപഭോഗത്തിലെ കുറവ് അതിനെ ക്രമീകരിക്കുന്നു. എത്തനോള്‍ നിര്‍മ്മാണത്തിനായി 80 ലക്ഷവും ബിയര്‍, ബിസ്ക്കറ്റ് നിര്‍മ്മാണത്തിനായി 10 ലക്ഷം ടണ്‍ വീതം ഉപയോഗിക്കുന്നു. ഫീഡ്-സീഡ്- വേസ്റ്റേജ് കണക്കുകള്‍ ധാന്യശേഖരത്തിനൊപ്പം ചേര്‍ത്താലും സമസ്യ അവസാനിക്കുന്നില്ല. 

അതേസമയം കഴിഞ്ഞ 10 വർഷത്തിനിടയിൽ ധാന്യ ഉല്പാദനം പ്രതിവർഷം 2.5 ശതമാനം എന്ന തോതിൽ ക്രമാനുഗതമായി വർധിക്കുന്നുണ്ട്. ധാന്യ കയറ്റുമതിയിലും വൻ വർധനയുണ്ടായി. 2021–22ലും 2022–23ലും പ്രതിവർഷം മൂന്നുകോടി ടണ്ണിലധികം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പ്രകാരമുള്ള ധാന്യശേഖരത്തിലെ ദുരൂഹത വിലക്കയറ്റം തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് തടസമാകും. ജനസംഖ്യ വര്‍ധനവ്, ഉല്പാദനത്തിലെ അനിശ്ചിതാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കാര്‍ഷിക വിള തകര്‍ച്ച എന്നിവയുടെ അനന്തരഫലമായി രാജ്യത്ത് ധാന്യവില കുതിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: Food infla­tion will esca­late; 10 crore tonnes of grain stock has gone missing

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.