20 September 2024, Friday
KSFE Galaxy Chits Banner 2

നിറഞ്ഞ വാത്സല്യം, സ്നേഹം

കെ കെ ജയേഷ്
കോഴിക്കോട്
September 20, 2024 10:26 pm

നിറഞ്ഞ വാത്സല്യം, സ്നേഹം, ത്യാഗം, സഹനം… ഇതെല്ലാം നിറഞ്ഞു നിൽക്കുന്നവയായിരുന്നു കവിയൂർ പൊന്നമ്മയുടെ കഥാപാത്രങ്ങളിലേറെയും. തങ്ങളുടെ വേദനകളെല്ലാം കടിച്ചമർത്തി ആ അമ്മമാർ ഭർത്താവിനെയും മക്കളെയും കുടുംബാംഗങ്ങളെയും സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു.
ആരോടും എതിർത്തു പറയാൻ കഴിയാതെ. . ആരെയും ഒന്ന് ശകാരിക്കാൻ പോലും കഴിയാതെ പലപ്പോഴും ആ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ വീർപ്പുമുട്ടുകയും ചെയ്തു. കരിയറിന്റെ ആദ്യകാലങ്ങളിൽ നർമ്മരസ പ്രധാനമായ കഥാപാത്രങ്ങളെപ്പോലും അവതരിപ്പിച്ചിരുന്നു അവര്‍. പിന്നീടെപ്പോഴോ മലയാള സിനിമ അവരെ സ്നേഹനിധിയായ അമ്മയാക്കി. ആ കഥാപാത്രങ്ങളോരോന്നും തന്റെ അഭിനയ സിദ്ധിയാൽ അവർ മനോഹരമാക്കിയെങ്കിലും സ്ഥിരം വേഷങ്ങളിൽ പലപ്പോഴും തളച്ചിടപ്പെടുകയായിരുന്നു.
തന്നേക്കാൾ മുതിർന്ന സത്യന്റെയും മധുവിന്റെയുമൊക്കെ അമ്മയായി തുടങ്ങി പിന്നീടങ്ങോട്ട് അമ്മ വേഷങ്ങളിൽ തന്നെ തുടർന്നു.
താനറിയാതെ ജീവിതം തന്റെ കയ്യിൽ നിന്നും വീണ് തകരുന്നത് കണ്ടു നിൽക്കുന്ന സേതുമാധവന്റെ നിസഹായയായ അമ്മയായി കിരീടത്തിലും മകനെ നഷ്ടപ്പെട്ട് ചിത്തഭ്രമം ബാധിച്ച് ഉണ്ണീ എന്ന് വിലപിച്ചുകൊണ്ടിരിക്കുന്ന അമ്മയായി ഹിസ് ഹൈനസ് അബ്ദുള്ളയിലുമെല്ലാം അവരെത്തിയപ്പോൾ മലയാളികൾ ആ അമ്മയെ നെഞ്ചേറ്റി.
സമൂഹം ഭ്രാന്തനാക്കി മാറ്റുന്ന മകന് വിഷം നൽകുന്ന തനിയാവർത്തനത്തിലെ അമ്മയും വേറിട്ടു നിന്നു. സ്നേഹമയിയായ അമ്മയുടെ നിസഹായതയിൽ നിന്ന് രൂപപ്പെടുന്ന ഭാവമാറ്റം വിസ്മയകരമായ കാഴ്ചാനുഭവമായിരുന്നു.
അപൂർവം കഥാപാത്രങ്ങൾ വേറിട്ട് നിൽക്കുമ്പോഴും പലപ്പോഴും പൊന്നമ്മയുടെ അമ്മമാർ പലപ്പോഴും വാർപ്പ് മാതൃകകളായിരുന്നു. വേറിട്ട പ്രമേയങ്ങളാൽ സഞ്ചരിക്കുന്ന ചിത്രങ്ങളിൽ പോലും കവിയൂർ പൊന്നമ്മയുടെ കുലീനയായ അമ്മയ്ക്ക് മാറ്റമുണ്ടായില്ല. പിണങ്ങുമ്പോൾ പോലും ശകാരിക്കാതെ മക്കളെ ചേർത്തുപിടിക്കുന്നവരായിരുന്നു അവരുടെ സ്നേഹനിധിയായ അമ്മമാർ. അവർ ഭർത്താക്കൻമാരെ ഒരിക്കലും എതിർക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. കെ പിഎസി ലളിതയൊക്കെ ചെയ്തതുപോലെ പൊട്ടിത്തെറിക്കുന്ന, ശകാരവർഷം ചൊരിയുന്ന അമ്മയുടെ വേഷത്തിൽ കവിയൂർ പൊന്നമ്മയെ സങ്ക­ല്പിക്കാൻ പോലും മലയാളിക്ക് സാധിച്ചതുമില്ല. എന്നാൽ ഇതിനിടയിൽ കുറച്ചെങ്കിലും വ്യത്യസ്തമായ ഒരമ്മയെ കവിയൂർ പൊന്നമ്മ അവതരിപ്പിച്ചു. പി വത്സലയുടെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായ നെല്ലിലെ സാവിത്രി വാരസ്യാർ ആണ് ഈ കഥാപാത്രം.
മരിച്ചുപോയ അമ്മയുടെ ക്രിയ ചെയ്യാൻ പാപനാശിനിയിലെത്തിയ രാഘവൻ നായരെ ലൈംഗിക താല്പര്യത്തോടെ സമീപിക്കുന്നുണ്ട് സാവിത്രി വാരസ്യാർ. രാമു കാര്യാട്ട് സംവിധാനം ചെയ്ത ചിത്രത്തിലെ ഈ കഥാപാത്രം കവിയൂർ പൊന്നമ്മയുടെ വേറിട്ട കഥാപാത്രങ്ങളിലൊന്നു തന്നെയായിരുന്നു. ആണും പെണ്ണും എന്ന ആന്തോളജിയിൽ ആഷിക് അബു ഒരുക്കിയ റാണി എന്ന ചിത്രത്തിലാണ് കവിയൂർ പൊന്നമ്മ പ്രേക്ഷകരെ ഞെട്ടിച്ചത്. വൃദ്ധരായ ഒരു പുരുഷന്റെയും സ്ത്രീയുടെയും വർത്തമാനം പ്രേക്ഷകരെ അമ്പരപ്പിച്ചില്ലെങ്കിലും ആ സ്ത്രീ കവിയൂർ പൊന്നമ്മയായത് ഞെട്ടലായിരുന്നു. ലൈംഗികച്ചുവയുള്ള സംസാരം ആസ്വദിക്കുന്ന വൃദ്ധയായ സ്ത്രീയുടെ കഥാപാത്രം പൊന്നമ്മ എന്ന നടിയെ പ്രതിഷ്ഠിച്ചുവച്ചിരിക്കുന്ന ചട്ടക്കൂടുകൾ എല്ലാം തകർക്കുന്നതായിരുന്നു. കുലസ്ത്രീ അമ്മ സങ്കല്പത്തെ തകർത്ത് കരിയറിന്റെ അവസാന കാലത്ത് അവർ ഈ ചിത്രത്തിലൂടെ കുതിച്ചുകയറുകയായിരുന്നു.
ശശികുമാർ സംവിധാനം ചെയ്ത ‘തൊമ്മന്റെ മക്കൾ’ എന്ന ചിത്രത്തിൽ അമ്മ കഥാപാത്രമായ കവിയൂർ പൊന്നമ്മ തന്നെയായിരുന്നു വർഷങ്ങൾക്ക് ശേഷം ശശികുമാർ തന്നെ സ്വന്തമെവിടെ ബന്ധമെവിടെ എന്ന പേരിൽ ഇതേകഥ സിനിമയാക്കിയപ്പോഴും അമ്മ വേഷം ചെയ്തത്.
മോഹൻലാൽ- കവിയൂർ പൊന്നമ്മ കൂട്ടുകെട്ടിലെ അമ്മ- മകൻ ബന്ധം മലയാളി പ്രേക്ഷകർ ഏറെ ആഘോഷമാക്കുകയും ചെയ്തു. നന്ദനത്തിലെ ഉണ്ണിയമ്മ, കാക്കക്കുയിലിലെ സേതുലക്ഷ്മിഭായ് തമ്പുരാട്ടി, തേന്മാവിൻ കൊമ്പത്തിലെ യശോദാമ്മ, വാത്സല്യത്തിലെ ജാനകിയമ്മ, ഗാന്ധർവത്തിലെ ഗ്രേസിക്കുട്ടി, ആയുഷ്ക്കാലത്തിലെ എബി­യുടെ അമ്മ, സന്ദേശത്തിലെ ഭാനുമതിയമ്മ, ഉള്ളടക്കത്തിലെ സണ്ണിയുടെ അമ്മ, ഹിസ് ഹൈനസ് അബ്ദുള്ളയിലെ ഭാഗീരഥി, ഇൻ ഹരിഹർ നഗറിലെ ആൻഡ്രൂസിന്റെ അമ്മ, തിങ്കളാഴ്ച നല്ല ദിവസത്തിലെ ജാനകിക്കുട്ടി, ഇളക്കങ്ങളിലെ ഉണ്ണിയുടെ അമ്മ… വേഷങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും മലയാളി എന്നും ആഗ്രഹിച്ചതായിരുന്നു ഈ അമ്മ വേഷങ്ങൾ. സ്നേഹത്തിന്റെ തണുപ്പായി തങ്ങളിൽ നിറയുന്ന അമ്മമാരെ അവരോരോരുത്തരും നെഞ്ചേറ്റുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.