27 April 2024, Saturday

Related news

March 20, 2024
March 18, 2024
March 1, 2024
March 1, 2024
February 22, 2024
February 6, 2024
February 5, 2024
January 19, 2024
January 18, 2024
January 16, 2024

പ്രിയ കൈസര്‍… ആരവങ്ങളവസാനിക്കുന്നില്ല

ജയ്സണ്‍ ജോസഫ്
January 9, 2024 10:19 pm

കാല്‍പ്പന്ത് പായും കളങ്ങള്‍ കണിശതയുടെയും നേതൃഗുണത്തിന്റെയും ആൾരൂപത്തെ കണ്ടത് ബെക്കൻ ബോവറിലായിരുന്നു. കളിയിൽ വരുന്ന മാറ്റങ്ങൾക്ക് മറുമരുന്ന് കണ്ടെത്തി നൽകാനുള്ള ശേഷി. സ്വീപ്പർ എന്ന പൊസിഷന്‍ പറയുമ്പോൾ ഒഴിവാക്കാനാകാത്ത പേരും. കാല്‍പ്പന്ത് കളങ്ങളും കളിക്കാരും കാണികളും ലോകവും അദ്ദേഹത്തെ ആദരവോടെ വിളിച്ചു “ഡെര്‍ കൈസർ’ (ചക്രവര്‍ത്തി). ക്യാപ്റ്റനായും പരിശീലകനായും ലോകകപ്പ് നേടിയ ഫ്രാൻസ് ബെക്കൻബോവർ. മ്യൂണിക്കിൽ പോസ്റ്റൽ തൊഴിലാളിയായ ഫ്രാൻസ് ബെക്കൻ ബോവറിന്റെയും അന്റോണിയോയുടെയും രണ്ടാമത്തെ മകനായി 1945 സെപ്റ്റംബർ 11നാണ് ഫ്രാൻസ് ആന്റൺ ബെക്കൻ ബോവർ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ ബോവര്‍ ഫുട്ബോളിനോട് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഫുട്ബോളിലേക്കുള്ള ആദ്യ ചുവടുവയ്പ് ഒമ്പതാം വയസിൽ എസ്‌സി 1906 മ്യൂണിക്കിനൊപ്പമായിരുന്നു. മൂന്ന് വർഷത്തിന് ശേഷം ബയേണിലേക്കും താരമെത്തി.
1964ൽ ഫുട്ബോൾ ലോകത്ത് ബയേൺ ചുവടുവയ്ക്കുന്ന കാലത്താണ് ബോവര്‍ ടീമിലെത്തുന്നത്. എന്നാൽ രണ്ട് വർഷങ്ങൾക്ക് ശേഷം ജർമ്മനിയിലെ തന്നെ പ്രധാന ടീമായി ബയേൺ മാറി. സ്ട്രൈക്കർ ജെറാഡ് മുള്ളറും, ഗോൾകീപ്പർ സെപ്പ് മയെറും ബെക്കൻ ബോവറും ചേർന്ന അതുല്യ പ്രതിഭകൾ 1966നും 1974നും ഇടയിൽ നാല് ബുണ്ടൻസ്ലിഗ കപ്പും നാല് ജർമ്മൻ കപ്പും നേടിയെടുത്തു. വിങ്ങറായായിരുന്നു ബോവറിന്റെ തുടക്കമെങ്കിലും സാവധാനം സെൻട്രൽ മിഡ്‍ഫീൽഡിലേക്ക് മാറി. കളിയെക്കുറിച്ചുള്ള അസാമാന്യ ധാരണയും വീക്ഷണവും വൈകാതെ തന്നെ ടീമിന്റെ നായകപദവിയിലേക്ക് എത്തിച്ചു.

1974ലെ ലോകകപ്പ് ഫൈനലിലാണ് ജർമ്മൻ താരത്തിന്റെ വിശ്വരൂപം ഫുട്ബോൾലോകം കണ്ടത്. മ്യൂണിക്കിലെ നിറഞ്ഞ ഒളിമ്പിക് സ്റ്റേ­ഡിയത്തിൽ 75,200 കാണികൾക്കുമുന്നിൽ ആദ്യ 20 മിനിറ്റ് യോഹാൻ ക്രൈഫിന്റെ ഡച്ച് സംഘത്തിന്റെ ആധിപത്യമായിരുന്നു. റിനസ് മൈക്കിൾസിന്റെ ടോട്ടൽ ഫുട്ബോളിനെ അതിന്റെ പൂർണതയിൽ അവതരിപ്പിച്ച ക്രൈഫിന്റെ ഓറഞ്ചുപട കപ്പുയർത്തുമെന്ന് കാണികള്‍ വിധിയെഴുതി തുടങ്ങി. എന്നാൽ, ആദ്യ 20 മിനിറ്റിനുശേഷം ജർമ്മൻപട മെല്ലെ കളംപിടിച്ചു, അത് ഫുട്ബോൾ ലോകംകണ്ട മികച്ച തന്ത്രത്തിലൂടെ. അറ്റാക്കിങ് സ്വീപ്പറെന്ന പൊസിഷൻ നിര്‍മ്മിച്ച് ജർമ്മൻനായകൻ ബെക്കൻ ബോവർ മുന്നിലേക്ക് കയറിക്കളിക്കാൻ തുടങ്ങി. ഡിഫൻസീവ് സ്വീപ്പർ എ­ന്ന ഇടത്തില്‍നിന്ന് ഒഫൻസീവ് സ്വീപ്പറിലേക്കുള്ള മാറ്റം. ബോവറിന്റെ അളന്നുമുറിച്ച പാസുകളും ലോങ്ബോളുകളും ജർമ്മൻ ആക്രമണത്തിന് പുതിയ മാനം നൽകി. 25-ാം മിനിറ്റിൽ ടീം സമനില പിടിച്ചു. 43-ാം മിനിറ്റിൽ വിജയഗോളും. 1974 മുതൽ 76 വരെ തുടർച്ചയായി മൂന്ന് വർഷം വരെ യൂറോപ്യൻ കപ്പിൽ ബയേൺ കിരീടം ചൂടിയപ്പോഴും ബോവർ തന്നെയാണ് ടീമിനെ നയിച്ചത്. 1972 യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ വിജയം മറന്നിട്ടില്ല. 1976ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ബോവർ നയിച്ച പശ്ചിമ ജർമ്മനി രണ്ടാം സ്ഥാനം നേടിയതും ഓര്‍മ്മിക്കണം. 1977ൽ ബൂട്ടഴിക്കുമ്പോൾ 104 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിരുന്നു. പരിശീലകനെന്ന നിലയിൽ പരിചയസമ്പത്തില്ലായിരുന്ന കാലത്താണ് ജർമ്മനിയെ 1986 ലോകകപ്പിൽ ഫൈനൽ വരെ ബെക്കറെത്തിച്ചത്. അന്ന് അർജന്റീനയോടായിരുന്നു പരാജയപ്പെട്ടത്. നാല് വർഷത്തിനുശേഷം അർജന്റീനയെ തന്നെ കീഴടക്കി വിജയം വീണ്ടെടുത്തു ബെക്കറും സംഘവും. 

1990–91ൽ സ്പോർടിങ് ഡയറക്ടറായാണ് അദ്ദേഹത്തെ മാർസെയിൽ എന്ന ഫ്രഞ്ച് ക്ലബ്ബ് ക്ഷണിച്ചത്. ലീഗ് വണ്ണിൽ ക്ലബ്ബിനെ ബോവർ ഒന്നാമതെത്തിച്ചു. മാർസെയിൽ ആ സീസണിൽ യൂറോപ്യൻ കപ്പ് ഫൈനലിൽ എത്തുകയും ചെയ്തു. 1993–94 വർഷങ്ങളിൽ ബോവർ ബയേണിലേക്ക് തിരികെയെത്തി. 2009 വരെ അദ്ദേഹം ബയേണിന്റെ പ്രസിഡന്റായി തുടർന്നു. ഇതിനുപുറമെ ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 2006ലെ ലോകകപ്പിൽ ആതിഥേയത്വം വഹിച്ച ജർമ്മനിയുടെ സംഘാടന മികവും വിജയവും മറ്റൊരു പൊ­ന്‍തൂവലായിരുന്നു. ലോകകപ്പും യുവേഫ ചാമ്പ്യൻസ് ലീഗും ബാലൺ ഡി ഓറും നേടിയ ലോകത്തെ ചുരുക്കം ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ബോവർ. ലോകകപ്പും യൂറോ കപ്പും നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോഡും ബോ­വറിന്റെ പേരിൽ തന്നെയാണ്. ലോകകപ്പ് ആതിഥേയത്വവുമായി ബന്ധപ്പെട്ട ലേലനടപടികളിൽ കൈക്കൂലി, ക­ള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആ­രോപണങ്ങളും ബോവറിനെതിരെ ഉയർന്നു. എങ്കിലും ബോവര്‍ മൈതാനങ്ങളിൽ കാല്‍പ്പന്തി­ല്‍ തീർത്ത കണക്കുകളെ മറികടക്കാൻ ആരോപണങ്ങൾക്കായില്ല. എഴുപതുകളിൽ വിയന്നയിൽ നടന്ന കളിക്കിടെ ഓസ്ട്രിയൻ രാജാവായിരുന്ന ഫ്ര­ണ്ട്സ് ജോസഫ് ഒന്നാമന്റെ പ്രതിമയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതോടെയാണ് ബെക്കൻ ബോവർക്ക് കൈസറെന്ന വിളിപ്പേര് വന്നതെന്നൊരു കഥയുണ്ട്. കൈസറെന്ന പേരിന് പിന്നിൽ കഥകളേറെയെങ്കിലും ഫുട്ബോളിലും ക്ലബ്ബ് ഫുട്ബോളിലും ബെക്കൻബോവർ ആധിപത്യം ലോകം കണ്ടു. ‘ഒരു ഫുട്‌ബോള്‍ താരം എന്ന നിലയില്‍ കരുത്തിനേക്കാള്‍ ബുദ്ധികൊണ്ടാണ് അദ്ദേഹത്തെ അടയാളപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്. ഫുട്‌ബോളില്‍ അദ്ദേഹം ജര്‍മ്മന്‍കാരന്‍ എന്നതിനേക്കാള്‍ ബ്രസീലിയനാണ്’, ബോവറിനെക്കുറിച്ചുള്ള പെ­ലെയുടെ അഭിപ്രായം കൈസര്‍ എക്കാലവും മാനിച്ചു. കളിക്കളങ്ങളില്‍ ബുദ്ധിയും തന്ത്രവും വിളയുമ്പോള്‍ “ഡെര്‍ കൈസര്‍” കാലത്തിന് ആരവമൊടുങ്ങുന്നില്ല.

Eng­lish Sum­ma­ry; ger­man foot­ball leg­end der kaiser
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.