30 April 2024, Tuesday

Related news

April 27, 2024
April 25, 2024
April 24, 2024
April 18, 2024
April 18, 2024
April 16, 2024
April 13, 2024
April 8, 2024
April 6, 2024
April 4, 2024

അമ്പത് വർഷങ്ങൾക്ക് ശേഷവും കയ്യടിനേടി ഇതിഹാസ സിനിമ

Janayugom Webdesk
കോഴിക്കോട്
February 25, 2022 8:51 pm

അമ്പത് വർഷങ്ങൾക്ക് ശേഷവും ചലച്ചിത്രപ്രേമികളുടെ കയ്യടി നേടി ഇതിഹാസ സിനിമയുടെ പ്രദർശനം. ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകരുടെ പ്രിയപ്പെട്ട ചിത്രവും ചലച്ചിത്ര പ്രവർത്തകരുടെ ടെസ്റ്റ് ബുക്കുമായ ‘ദ ഗോഡ്ഫാദർ’ തിയേറ്ററുകളിലെത്തിയിട്ട് അരനൂറ്റാണ്ട് തികയുകയാണ്. ഈ സാഹചര്യത്തിലാണ് ചിത്രം ഇന്ത്യയിലെ വിവിധ തിയേറ്ററുകളിൽ ഒരിക്കൽ കൂടി പ്രദർശനത്തിനെത്തിയത്.

അമ്പത് വർഷത്തിന് ശേഷം ലോക ക്ലാസിക് ചിത്രം പ്രദർശിക്കുമ്പോൾ പ്രായമായവരായിരിക്കും കൂടുതലായി ഉണ്ടാവുകയെന്നാണ് കരുതിയതെങ്കിലും ധാരണ തെറ്റായിരുന്നുവെന്ന് പ്രദർശനം തെളിയിച്ചുവെന്ന് കോഴിക്കോട്ടെ ക്രൗൺ തിയേറ്ററിന്റെ മാനേജിങ് പാർട്ണർ എ ആർ വിനോദ് അയ്യർ ‘ജനയുഗ’ത്തോട് പറഞ്ഞു. യുവാക്കളായിരുന്നു കൂടുതലും സിനിമ കാണാൻ എത്തിയത്. സിനിമ കഴിഞ്ഞ ഉടൻ ആളുകൾ എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു. ഇതിഹാസചിത്രം കാലത്തെ മറികടന്നു മുന്നോട്ട് പോകുന്നു എന്നത് ഏറെ സന്തോഷമുളവാക്കിയെന്നും അദ്ദേഹം പറഞ്ഞു.

മിനി സ്ക്രീനിലൂടെ സിനിമ കണ്ടിട്ടുണ്ടെങ്കിലും ബിഗ് സ്ക്രീനിൽ ഇതിഹാസ ചിത്രം കാണാനുള്ള ആഗ്രഹം കൊണ്ടാണ് തിയേറ്ററിലെത്തിയതെന്ന് സിനിമ കാണാനെത്തിയവര്‍ പ്രതികരിച്ചു. 1969ൽ മരിയോ പുസോ രചിച്ച ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ഫ്രാൻസിസ് ഫോർഡ് കൊപ്പോള സംവിധാനം ചെയ്ത ചിത്രം 1972 ലാണ് പുറത്തിറങ്ങിയത്. ഒരു സാങ്കല്പിക മാഫിയകുടുംബമായ കോർലിയോൺ കുടുംബത്തിന്റെ കഥയാണ് ഈ ചലച്ചിത്രം പറയുന്നത്.

ലോകത്തെ ഏറ്റവും വരുമാനം നേടിയ പൗമൗണ്ട് പിക്ചേഴ്സിന്റെ ഈ ചിത്രം 1978ലാണ് ഇന്ത്യയിൽ തിയേറ്ററുകളിലെത്തിയത്. ഇന്ത്യയിൽ വിദേശ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് അക്കാലത്തുണ്ടായിരുന്ന നിയന്ത്രണങ്ങളാണ് ഇന്ത്യയിലെ റിലീസ് വൈകാൻ കാരണം.

നായകനായ ഡോൺ വിറ്റോ കോർലിയോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാർലൻ ബ്രാണ്ടോ ഓസ്കർ പുരസ്കാരം നേടി. അൽ പച്ചീനോ, ജെയിംസ് കാൻ, റിച്ചാർഡ് എസ് കാസ്റ്റെലാനോ, റോബർട്ട് ഡുവൽ, സ്റ്റെർലിംഗ് ഹെയ്ഡൻ, ജോൺ മാർലി, ഡയാന കെയ്റ്റൺ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. മികച്ച ചിത്രം, മികച്ച നടൻ, മികച്ച അഡാപ്റ്റഡ് സ്ക്രീൻ പ്ലേ എന്നീ വിഭാഗങ്ങളിൽ ഈ സിനിമ അക്കാദമി അവാർഡുകൾ കരസ്ഥമാക്കി. സിനിമാത്രയത്തിൽ ഈ കഥാപാത്രത്തിന്റെ യൗവനകാലം അവതരിപ്പിച്ച റോബർട്ട് ഡി നീറോയ്ക്കും ഓസ്കർ ലഭിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുറത്തിറങ്ങിയ പല ചലച്ചിത്രങ്ങൾക്കും പ്രചോദനമായ ചിത്രം കൂടിയാണ് ഗോഡ് ഫാദർ. മണിരത്നത്തിന്റെ നായകൻ, രാംഗോപാൽ വർമ്മയുടെ സർക്കാർ തുടങ്ങിയ സിനിമകളിലെല്ലാം ഗോഡ് ഫാദറിന്റെ സ്വാധീനം ഉണ്ടായിരുന്നു. ചിത്രത്തിന്റെ കോഴിക്കോട്ടെ ആദ്യപ്രദർശനത്തിനുള്ള ബുക്കിങ് നേരത്തെ തന്നെ കഴിഞ്ഞിരുന്നു. ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങൾക്കൊപ്പം കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് ഗോഡ് ഫാദർ വീണ്ടും പ്രദർശനത്തിനെത്തിയത്.

 

Eng­lish Sum­ma­ry: Fifty years lat­er, the epic film is still in its infancy

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.