14 July 2024, Sunday
KSFE Galaxy Chits

ഭരണഘടന നേരിടുന്ന വെല്ലുവിളികളെ യോജിച്ച് ചെറുക്കണം

Janayugom Webdesk
July 7, 2022 5:00 am

കേരളത്തിന്റെ ദൈനംദിന രാഷ്ട്രീയ വ്യവഹാരത്തെ നിശ്ചയിക്കുന്നത് വിവാദങ്ങളാണെന്നു വന്നിരിക്കുന്നു. വിവാദ പരമ്പരകളാണ് ചരിത്രത്തെ നിർമ്മിക്കുന്നതെന്ന് തോന്നുംവിധമാണ് അവ ദൈനംദിന രാഷ്ട്രീയത്തെ നിർണയിക്കുന്നത്. അതിലെ ഏറ്റവും പുതിയ ഇനമാണ് സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗം ക്ഷണിച്ചുവരുത്തിയ വിവാദവും തുടർന്നുള്ള അദ്ദേഹത്തിന്റെ രാജിയും. എതിരാളികളുടെ ആരോപണ വ്യവസായത്തെ നിഷ്പ്രഭമാക്കി ഒരുവർഷം പിന്നിട്ട എൽഡിഎഫ് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കാൻ പ്രതിപക്ഷത്തിന് വീണുകിട്ടിയ അവസരമായി ആ പ്രസംഗത്തിലെ ഭരണഘടന സംബന്ധിച്ച പരാമർശം. താൻ എംഎൽഎയും മന്ത്രിയുമായി ചുമതല ഏല്ക്കുമ്പോൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നതായി അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പരാമർശം എന്നതായിരുന്നു അതിനെതിരെ മാധ്യമങ്ങളും പ്രതിപക്ഷവും ഉയർത്തിയ വിമർശനം. രാജ്യത്തെ തൊഴിലാളികളും കർഷകരുമടക്കം മഹാഭൂരിപക്ഷം വരുന്ന പൗരന്മാർക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഭരണകൂടം ബോധപൂർവം വരുത്തുന്ന വീഴ്ചയും ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്യുന്നതും വ്യാപകമായ പ്രതിഷേധങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്. ഈ പശ്ചാത്തലത്തിൽ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും സംരക്ഷിക്കുക ഏതൊരു പൗരന്റെയും മൗലിക ഉത്തരവാദിത്തമായി മാറിയിരിക്കുന്നു. ഇന്ത്യയിലെ ഇടതുപക്ഷ, മതേതര, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒന്നടങ്കം അത് തങ്ങളുടെ മുൻഗണനാ വിഷയമായി ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലായിരിക്കണം സജി ചെറിയാന്റെ പാളിപ്പോയ ഭരണഘടനാ പരാമർശം.


ഇതുകൂടി വായിക്കൂ:  രാഷ്ട്രീയ ഭീതിയും സ്തുതിയും പടരുന്ന ഇന്ത്യ


ഇന്ത്യൻ ഭരണഘടന പലരും വ്യാഖ്യാനിക്കുന്നതുപോലെ വിശുദ്ധഗ്രന്ഥമോ ‘വിശുദ്ധ പശുവോ’ അല്ല. അ­ത് ഇന്ത്യൻ റിപ്പബ്ലിക്കിലെ പൗരജനത അവ­ർ­­ക്കുവേണ്ടി ത­യാറാക്കി അംഗീ­ക­രിച്ച് സ്വയം സമർപ്പിച്ച രാഷ്ട്രത്തിന്റെ അ­ടി­സ്ഥാന പ്ര­മാണ രേഖയാണ്. അതാണ് വിപുലവും വൈ­വിധ്യവുമാർന്ന രാജ്യത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ നിയമവാഴ്ചയുടെ അടിത്തറ. 1950ൽ നിലവിൽവന്ന അതിന്റെ അപര്യാപ്തകൾ വിമർശന വിധേയമാവുകയും കാലോചിതമായ ഭേദഗതികൾക്കു നിർബന്ധിതമാവുകയും ചെ­യ്തിട്ടുണ്ട്. ആ പ്ര­ക്രിയ മാറുന്ന ജീവിത യാഥാർത്ഥ്യങ്ങ­ൾക്ക് അനുസൃതമായി തുടരുക സ്വാഭാവികവുമാണ്. നാളിതുവരെയായി ഭരണഘടനയ്ക്ക് വ­രുത്തിയ 105 ഭേദഗതികൾ തന്നെ അത് സാക്ഷ്യപ്പെടുത്തുന്നു. ലോകത്തെ വിവിധ ജനാധിപത്യ രാഷ്ട്രങ്ങളുടെ ഭരണഘടനകളുടെ ഉദാത്തങ്ങളായ ആശയങ്ങളെ സ്വാംശീകരിക്കാൻ ഭരണഘടനാ നിർമ്മാതാക്കൾ യാതൊരു വൈമനസ്യവും കാട്ടിയില്ല എന്നതും ശ്രദ്ധേയമാണ്. നിയമാനുസൃതം രൂപീകരിക്കപ്പെട്ട കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ലി സുദീർഘമായ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും രൂപംനൽകിയ ഇന്ത്യൻ ഭരണഘടന ലോകത്തെത്തന്നെ ഏറ്റവും ബൃഹത്തും മൗലികവുമായ ഒന്നാക്കിമാറ്റുന്നതിൽ അതിനു രൂപം നൽകിയവരുടെ അനന്യമായ ധീഷണയും ഉന്നത നീതിബോധവും പ്രകടമാണ്. അതിനു യാതൊരു അപ്രമാദിത്തവും കല്പിക്കാതെതന്നെ അതിന്റെ മൗലികതയും ദേശീയ ജീവിതത്തിൽ അതിന്റെ പ്രസക്തിയും ചോദ്യംചെയ്യപ്പെടുന്നത് പൗരസമൂഹം അംഗീകരിക്കില്ല. രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും നിലനിൽപ്പിന് തന്നെയും അടിത്തറയായി വർത്തിക്കുന്ന ഭരണഘടനയും ഭരണഘടനാസ്ഥാപനങ്ങളും അഭൂതപൂർവമായ വെല്ലുവിളികൾ നേരിടുന്ന അന്തരീക്ഷത്തിൽ അവയുടെ സംരക്ഷണം തന്നെയാണ് ഇന്നത്തെ രാഷ്ട്രീയ വ്യവഹാരത്തിന്റെ കേന്ദ്രബിന്ദുവായി മാറുന്നത്.


ഇതുകൂടി വായിക്കൂ:  അംബേദ്ക്കറും അയ്യന്‍കാളിയും തിരിച്ചെത്തണം


സജി ചെറിയാൻ വേണ്ടത്ര കരുതൽ കൂടാതെ നടത്തിയ പരാമർശത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിലപാടായി വ്യാഖ്യാനിക്കാൻ പ്രതിപക്ഷവും ഒരുപറ്റം മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷക വേഷധാരികളും നടത്തുന്ന ശ്രമങ്ങൾ അസ്ഥാനത്തും അപലപനീയവും ശക്തമായി ചെറുക്കപ്പെടേണ്ടതുമാണ്. ദൗർഭാഗ്യകരമായ ആ പരാമർശത്തിന് അദ്ദേഹം വലിയ വില നൽകേണ്ടിവന്നു. ആ അധ്യായം അവിടെ അവസാനിക്കുകയാണ്. എന്നാൽ, ഇന്ത്യൻ ഭരണഘടന നരേന്ദ്രമോഡി നയിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിൽനിന്നും നേരിടുന്ന വെല്ലുവിളികൾക്ക് എതിരായ ചെറുത്തുനില്പ് പോരാട്ടം മുൻപ് എന്നത്തേക്കാളും ശക്തമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. അതാണ്, അതായിരിക്കണം, പ്രത്യയശാസ്ത്ര ഭിന്നതകൾക്കും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കും ഉപരിയായി രാജ്യത്തെ ജനാധിപത്യ, മതനിരപേക്ഷ, പുരോഗമനശക്തികളുടെ യോജിച്ച പ്രവർത്തനത്തിന്റെയും ചെറുത്തുനില്പിന്റെയും നിലപാടുതറ.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.