27 April 2024, Saturday

ഗൾഫ് കപ്പൽ സർവീസ്: സന്നദ്ധരായി നാല് കമ്പനികള്‍

സ്വന്തം ലേഖകൻ
കൊച്ചി
March 27, 2024 8:22 pm

പ്രവാസി മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള–ഗൾഫ് യാത്രാ കപ്പൽ സർവീസ് നടത്താൻ താല്പര്യം പ്രകടിപ്പിച്ച് നാല് കമ്പനികൾ.
കേരളത്തിലെ തുറമുഖങ്ങളിൽ നിന്നു ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് നടത്താൻ രാജ്യത്തെ മുൻനിര കപ്പൽ കമ്പനിയായ ജെഎം ബക്സി, സിത ട്രാവൽ കോർപറേഷൻ ഇന്ത്യ, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കമ്പനി ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ്, തിരുവനന്തപുരത്തുള്ള ഗാങ്വെ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് എന്നിവയാണ് താല്പര്യം അറിയിച്ചിരിക്കുന്നത്. വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിൽ നിന്നു ഗൾഫിലേക്ക് യാത്രാ കപ്പൽ സർവീസ് നടത്താൻ താല്പര്യമുള്ള കമ്പനികളിൽ നിന്നു കേരള മാരിടൈം ബോർഡ് ഈ മാസം ആദ്യം താൽപര്യപത്രം ക്ഷണിച്ചിരുന്നു.
ഹൈബ്രിഡ് മാതൃകയിലുള്ള ചെറുതോ വലുതോ ആയ കപ്പലുകൾ സർവീസ് നടത്താൻ കഴിയുന്ന കമ്പനികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഇതിന്റെ ഭാഗമായാണ് ഈ കമ്പനികൾ ബോർഡിനെ താൽപര്യം അറിയിച്ചത്. ഏപ്രിൽ 22 വരെ അപേക്ഷകൾ നൽകാമെന്നതിനാൽ ഇനിയും കൂടുതൽ കമ്പനികൾ താൽപര്യം അറിയിക്കുമെന്നാണ് മാരിടൈം ബോർഡ് പ്രതീക്ഷിക്കുന്നത്. 

2001ൽ കൊച്ചിയിൽ നിന്ന് ഗൾഫിലേക്ക് ആരംഭിച്ച യാത്രാക്കപ്പൽ രണ്ട് സർവീസുകൾക്ക് ശേഷം നിലച്ചുപോയ സാഹചര്യം ഇന്നലെ നടന്ന ചർച്ചയിൽ ഉയര്‍ന്നുവന്നു. യാത്രക്കാരുടെ എണ്ണവും വരുമാനവും സർവീസിന് പ്രധാനമാണ്. വിമാനത്തിൽ മൂന്നു മണിക്കൂർ യാത്രചെയ്യുന്നത് കപ്പലിൽ മൂന്നു ദിവസത്തോളമെടുക്കുന്നു എന്നതിനാൽ യാത്രക്കാരെ ആകർഷിക്കാൻ വലിയ ശ്രമങ്ങൾ വേണ്ടിവരുമെന്നാണ് കരുതുന്നത്. വളരെ കുറഞ്ഞ നിരക്കും കൂടുതൽ ലഗേജും നൽകിയാൽ യാത്രക്കാരെ ആകർഷിക്കാനാവും. വിനോദയാത്ര ആഗ്രഹിക്കുന്നവരെയും ആകർഷിക്കാനാവണം. കപ്പൽ യാത്ര സംബന്ധിച്ച് പ്രവാസികൾക്കിടയിൽ മാരിടൈം ബോർഡ് സർവേ ആരംഭിച്ചിട്ടുണ്ട്. 2,000 ആളുകളിൽ കൂടുതൽ പേർ കയറുന്ന കപ്പലുകൾ കൊച്ചിയിൽ മാത്രമാണ് അടുപ്പിക്കാനാവുക. 

വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് സർവീസ് ആരംഭിക്കാൻ മാരിടൈം ബോർഡിന് താല്പര്യമുണ്ട്. കൊച്ചിയിൽ നിന്ന് ഡക്ക് സർവീസുകൾ നടത്തി ഈ പ്രശ്നം പരിഹരിക്കാമെന്ന വഴിയും മുന്നിലുണ്ട്. തിരക്കേറിയ സീസണുകളിൽ കുടുംബത്തോടൊപ്പം യാത്രചെയ്യുന്നവർക്ക് കപ്പൽ സർവീസിലൂടെ വലിയ തുക ലാഭിക്കാനാവും. വിമാനത്തിന്റെ പകുതി നിരക്കു പോലും യാത്രാക്കപ്പലിനാകില്ലെന്നാണ് കരുതുന്നത്.
എന്നാൽ വിമാന ടിക്കറ്റ് ഉയരുന്ന സീസണിനെ മാത്രം ആശ്രയിച്ച് കപ്പൽ സർവീസ് നടത്താനാവില്ല. ടിക്കറ്റ് നിരക്ക്, സർവീസ് ഇടവേള, ദൈർഘ്യം തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ നേരിട്ട് ഇടപെടാൻ സാധ്യതയില്ല. 

Eng­lish Summary:Gulf Ship­ping Ser­vice: Four com­pa­nies volunteer
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.