27 July 2024, Saturday
KSFE Galaxy Chits Banner 2

ഉഷ്ണതരംഗം: പോര്‍ച്ചുഗലിലും സ്പെയിനിലുമായി 1000 മരണം

Janayugom Webdesk
July 19, 2022 11:19 pm

തെക്കന്‍ യൂറോപ്പില്‍ തുടരുന്ന ഉഷ്ണതരംഗത്തില്‍ വ്യാപക നാശനഷ്ടം. അതിശക്തമായ ചൂടിനെ തുടര്‍ന്ന് പോര്‍ച്ചുഗലിലും സ്പെയിനിലുമായി ഇതുവരെ 1000 പേര്‍ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പേ­ാര്‍ട്ട് ചെയ്യുന്നു. മിക്കവരും ഉഷ്ണതരംഗത്തെ തുടര്‍ന്നുള്ള ചൂട് താങ്ങാനാകാതെയാണ് മരിച്ചത്. യൂറോപ്പില്‍ പോര്‍ച്ചുഗല്‍, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലാണ് ഉഷ്ണതരംഗം ഏറ്റവും ശക്തമായി വീശുന്നത്. ഫ്രാന്‍സില്‍ അതിഭീകരമായ കാട്ടുതീയാണ് പടരുന്നത്. ഏതാണ്ട് 11,500 പേരെ ഇതുവരെ ഒഴിപ്പിച്ചതായി ഫ്രാന്‍സ് അറിയിച്ചു.

ഇന്നലെ സ്പെയിനിലെ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു. ഒരാഴ്ചയായി ഏതാണ്ട് 40 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. സ്പെയിനില്‍ തിങ്കളാഴ്ച രാവിലെ മാത്രം 36 തീപിടിത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 24 എണ്ണം നിയന്ത്രണാതീതമാണെന്നാണ് റിപ്പോര്‍ട്ട്. സ്പെയിനില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. സ്പെയിനിലെ വടക്കുപടിഞ്ഞാറൻ സമോറ പ്രവിശ്യയിൽ തീപിടുത്തത്തിൽ 62 വയസുള്ള ഒരു അഗ്നിശമന സേനാംഗവും 69 കാരനായ ഒരു പ്രദേശവാസിയും വെന്തുമരിച്ചു.

ഫ്രാ­ന്‍സിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് ശക്തമാകുന്ന ചുഴലിക്കാറ്റ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരച്ചടിയാകുമെന്ന് അഗ്നിശമന സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമുദ്രജലം കാട്ടുതീ പടരുന്ന പ്രദേശങ്ങളിലെത്തിച്ച് തീ നിയന്ത്രണ വിധേയമാക്കുന്നതിനായി ഇപ്പോള്‍ തന്നെ മേഖലയിലുള്ള ആറ് വിമാനങ്ങള്‍ക്കൊപ്പം കൂടുതലായി മൂന്നെണ്ണം കൂടി അയച്ചതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിലവില്‍ ദുരന്തമുഖത്തുള്ള 1500 ഓളം വരുന്ന അഗ്നിശമന സേനാംഗങ്ങളോടെപ്പം ചേരുന്നതിനായി 200 ലധികം പേര്‍ കൂടി പുറപ്പെട്ടു.
ബ്രിട്ടനിലെ ശക്തമായ താപനില റയില്‍ പാളങ്ങളില്‍ വിള്ളല്‍ ഉണ്ടാക്കുമെന്ന് ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ചില സ്കൂളുകള്‍ ഇതിനകം കുട്ടികള്‍ക്കായി നീന്തല്‍ കുളങ്ങള്‍ പണികഴിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish Summary:Heatwave: 1,000 dead in Por­tu­gal and Spain
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.