1 May 2024, Wednesday

ഉഷ്ണതരംഗം പിടിമുറുക്കുന്നു സെര്‍ബറസില്‍ ചുട്ടുപൊള്ളി തെക്കന്‍ യൂറോപ്പ്

ഇറ്റലിയിലെ 16 നഗരങ്ങളില്‍ റെഡ് അലര്‍ട്ട്
Janayugom Webdesk
റോം
July 15, 2023 9:50 pm

സെര്‍ബറസ് ഉഷ്ണതരംഗത്തില്‍ വലഞ്ഞ് തെക്കന്‍ യൂറോപ്പ് രാജ്യങ്ങള്‍. ഇറ്റലി, ഗ്രീസ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ റെക്കോ‍ഡ് താപനിലയാണ് രേഖപ്പെടുത്തുന്നത്. ഗ്രീക്ക് പുരാണങ്ങളില്‍ അധോലോകത്തെ കാക്കുന്ന മൂന്ന് തലയുള്ള നായയുടെ പേരിലാണ് ഇറ്റാലിയന്‍ കാലാവസ്ഥാ സൊസൈറ്റി ഉഷ്ണതരംഗത്തിന് ‘സെര്‍ബറസ്’ എന്ന് പേരിട്ടത്.
ഇറ്റലിയിലുടനീളമുള്ള 16 നഗരങ്ങളിൽ റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. റോം, ഫ്ലോറൻസ്, ബൊലോഗ്ന, സിസിലി, സാർഡിനിയ എന്നീ നഗരങ്ങളില്‍ താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. യൂറോപ്പിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. ജാഗ്രതാ പ്രദേശങ്ങളിലുള്ളവരോട് രാവിലെ 11 നും വൈകുന്നേരം ആറിനും ഇടയിൽ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ നിർദേശിച്ചിട്ടുണ്ട്. പ്രായമായവരും കുട്ടികളും സാഹചര്യങ്ങള്‍ മുൻനിർത്തി പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.
അടുത്ത ദിവസങ്ങളിൽ, ഗ്രീസിലെ താപനില 40 ഡിഗ്രി സെല്‍ഷ്യസിലധികം വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. വിനോദ സഞ്ചാരികള്‍ക്കും അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഥൻസിലെ അക്രോപോളിസ് ഹ്രസ്വകാലയളവിലേക്ക് അടച്ചിടാന്‍ തീരുമാനിച്ചു. ഉഷ്ണതരംഗത്തെത്തുടര്‍ന്ന് രാജ്യത്ത് കാട്ടുതീ പടര്‍ന്നു പിടിക്കുമെന്ന ആശങ്കയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ഗ്രീസ് സര്‍ക്കാര്‍ അറിയിച്ചു. നിർമ്മാണ, വിതരണ മേഖലകളിലെ തൊഴിലാളികളുടെ പകല്‍ ജോലി സമയം വെട്ടിക്കുറച്ചു. സ്പെയിനിൽ, കാട്ടുതീക്ക് സാധ്യതയുള്ള മേഖലയ്ക്ക് സമീപമുള്ള ആളുകളോട് വീടിനുള്ളിൽ തന്നെ തുടരാനും ജനാലകളും വാതിലുകളും അടച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2050ഓടെ, യൂറോപ്യൻ ജനസംഖ്യയുടെ പകുതിയോളം പേരും വേനൽക്കാലത്ത് ഉയർന്ന താപനിലയുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ലോക കാലാവസ്ഥാ സംഘടന നല്‍കുന്ന മുന്നറിയിപ്പ്. അടുത്ത ആഴ്ചയും ഉയർന്ന താപനില തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നീ രാജ്യങ്ങൾ അതിരൂക്ഷമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വരുമെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്‌എ) പറഞ്ഞു. ഇഎസ്എയുടെ ഉപഗ്രഹങ്ങൾ വഴി കരയുടെയും കടലിന്റെയും താപനിലയിൽ നടത്തിയ വിശകലനത്തിന് പിന്നാലെയാണ് മുന്നറിയിപ്പ്. ഇറ്റലിയിൽ ചാരോൺ എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു ഉഷ്ണതരംഗത്തിനും സാധ്യത പ്രവചിക്കുന്നുണ്ട്. താപനില 40 ഡിഗ്രി സെൽഷ്യസിലധികം രേഖപ്പെടുത്തിയേക്കാമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വേനൽക്കാലത്ത് യൂറോപ്പിലുടനീളം കൊടും ചൂടിൽ 61,000 പേർ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ, ലോകത്തിലെ ഏറ്റവും വേഗത്തിൽ ചൂടാകുന്ന ഭൂഖണ്ഡമാണ് യൂറോപ്പ്.
യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളും അസാധാരണമായ ചൂട് കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. വാരാന്ത്യത്തിൽ താപനില 38 ഡിഗ്രി സെൽഷ്യസ് കവിയുമെന്ന് ചെക്ക് റിപ്പബ്ലിക്കിന്റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. യുഎസ്, ചൈന, വടക്കേ ആഫ്രിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ചില ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്.

eng­lish summary;Heatwave takes hold, scorch­ing south­ern Europe in Cerberus

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.