13 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 29, 2024
October 28, 2024
October 20, 2024
October 9, 2024
September 10, 2024
September 10, 2024
August 15, 2024
July 18, 2024
July 17, 2024
July 12, 2024

കൂട്ടക്കുരുതിയുടെ നൂറ് ദിനങ്ങള്‍

Janayugom Webdesk
ഗാസ സിറ്റി
January 14, 2024 10:07 pm

നൂറ് ദിവസം പിന്നിട്ട് ഗാസയിലെ ഇസ്രയേലിന്റെ കൂട്ടക്കൊല. പലസ്തീനികളുടെ ഉന്മൂലനം ലക്ഷ്യമിട്ട് കഴിഞ്ഞ 76 വര്‍ഷമായി തുടരുന്ന കുരുതികളുടെ ഏറ്റവും മാരകമായ അധ്യായമാണ് ഗാസയില്‍ നൂറ് ദിനങ്ങള്‍ കടക്കുന്നത്. മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടേക്കാമെന്ന് ഇസ്രയേല്‍ പറയുന്ന യുദ്ധത്തില്‍ മനുഷ്യ വാസയോഗ്യമല്ലാത്ത അവശിഷ്ടങ്ങളായി ഗാസയെന്ന നഗരം മാറി. ഇസ്രയേലിന്റെ കനത്ത സുരക്ഷാ വലയങ്ങളെ ഭേദിച്ച് ഒക്ടോബര്‍ ഏഴിനാണ് ഹമാസ് സംഘം ഇസ്രയേലില്‍ റോക്കറ്റ് ആക്രമണം നടത്തുന്നത്. അല്‍ അഖ്സ ഫ്ലഡ് എന്ന് പേരിട്ട ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 250 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. എന്നാല്‍ ഹമാസിന്റെ ആക്രമണത്തില്‍ പ്രതിരോധം നടത്തുകയാണെന്ന പേരില്‍ മനുഷ്യത്വരഹിതമായ ക്രൂരകൃത്യങ്ങളാണ് ഇസ്രയേല്‍ പിന്നീട് ഗാസയില്‍ നടത്തിയത്. വ്യോമാക്രമണത്തിലൂടെ ആരംഭിച്ച സംഘര്‍ഷം പിന്നീട് കരയുദ്ധമായി വ്യാപിച്ചു. ഹമാസിനെ ഇല്ലാതാക്കുന്നതുവരെ യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത്.
നവജാത ശിശുക്കള്‍, കുട്ടികള്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 23,843 പലസ്തീനികള്‍ ഇസ്രയേല്‍ ആക്രമണത്തിന് ഇരയായി. പരിക്കേറ്റവരുടെ എണ്ണം 60,000 കടന്നു. ഗാസയിലെ ജനസംഖ്യയുടെ ഒരു ശതമാനത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ആയിരക്കണക്കിന് പേരെ കാണാതായി. 80 ശതമാനം പേര്‍ കുടിയിറക്കപ്പെടുകയും പതിനായിരക്കണക്കിന് ആളുകള്‍ തെക്കന്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം പ്രാപിക്കുകയും ചെയ്തു. സംഘര്‍ഷത്തിന്റെ ആദ്യ നാളുകളില്‍ തെക്കന്‍ ഗാസയിലേക്ക് ഒഴിപ്പിക്കല്‍ ഉത്തരവിട്ട ഇസ്രയേല്‍ സെെന്യം രണ്ടാം ഘട്ടത്തില്‍ തെക്കന്‍ പ്രദേശം ലക്ഷ്യമാക്കി ആക്രമണം രൂക്ഷമാക്കി. 

ആക്രമണത്തിനോടൊപ്പം സ­മ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഗാസയിലെ അവശേഷിക്കുന്ന ജനങ്ങളുടെ ദുരിതം ഇരട്ടിയായി. വെള്ളം, ഭക്ഷണം, വൈദ്യുതി, ഇന്ധനം തുടങ്ങി മാനുഷിക ആവശ്യങ്ങള്‍ പോലും ഗാസയിലേക്ക് അനുവദിച്ചില്ല. ഇസ്രയേല്‍ നിയന്ത്രിക്കുന്ന കരേം അബു സലേം ക്രോസിങ്ങും, എറെസ് ക്രോസിങ്ങും ഈജിപ്തിന്റെ നിയന്ത്രണത്തിലുള്ള റഫ ക്രോസിങ്ങും പൂര്‍ണമായും അടച്ചു. ഇസ്രയേലിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ റഫ അതിര്‍ത്തി ഈജിപ്ത് അടച്ചതോടെ ഗാസയിലെ സാധാരണക്കാരുടെ അവശ്യവസ്തുക്കളുടെ കൈമാറ്റവും നിശ്ചലമാകുകയായിരുന്നു. ഗാസയിലെ കാല്‍ ഭാഗം മനുഷ്യരും പട്ടിണിയിലാണെന്നാണ് ഐക്യരാഷ്ട്ര സഭ സൂചിപ്പിക്കുന്നത്. 36ല്‍ 15 ആശുപത്രികളും പ്രവര്‍ത്തനരഹിതമായി. ഹമാസിന്റെ തുരങ്കങ്ങള്‍ ഉണ്ടെന്നാരോപിച്ച് ആശുപത്രികളിലും സെെന്യം കടന്നാക്രമണം നടത്തി. മധ്യ ഗാസയിലെ അല്‍ അഖ്സ ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 600ന് മുകളില്‍ രോഗികളെയും ആരോഗ്യ പ്രവര്‍ത്തകരെയും കാണാതായി. ഗാസയിലെ പ്രധാന ആശുപത്രികളിലൊന്നായ അല്‍ അഹ്ലി, അല്‍ഷിഫ, ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രി തുടങ്ങിയ ഇടങ്ങളില്‍ സമാനതകളില്ലാത്ത ക്രൂരതയായിരുന്നു അരങ്ങേറിയത്. 

അല്‍ നുസൈറത്, ജബലിയ, സെന്‍ട്രല്‍ ഗാസ മുനമ്പിലെ അല്‍-മഗാസി, അല്‍ബുര്‍ജ് തുടങ്ങി നിരവധി അഭയാര്‍ത്ഥി ക്യാമ്പുകളാണ് ആക്രമണത്തിന് ഇരയായത്. പ്രധാനമായും രണ്ട് കരാറുകളാണ് സംഘര്‍ഷ കാലയളവിലുണ്ടായത്. ഖത്തറിന്റെ നേതൃത്വത്തില്‍ നവംബര്‍ 24ന് നാലുദിവസത്തെ വെടിനിര്‍ത്തല്‍ കരാറുകള്‍ നിലവില്‍ വരികയായിരുന്നു. കരാര്‍ രണ്ട് ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് ഡിസംബര്‍ ഒന്നിന് അവസാനിക്കുകയായിരുന്നു. ഈ ദിവസങ്ങളിലാണ് ഇസ്രയേലും ഹമാസും ബന്ദികളാക്കിയവരെ പരസ്പരം വിട്ടയച്ചത്. ഹമാസ് ബന്ദികളാക്കിയ 102 പേരും ഇസ്രയേല്‍ ബന്ദികളാക്കിയ 250ലേറെ പേരെയുമാണ് അന്ന് വിട്ടയച്ചത്. എന്നാല്‍ ഡിസംബര്‍ ഒന്നിന് ശേഷവും ശക്തമായ ആക്രമണമാണ് ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നത്. ഗാസയില്‍ തുടരെ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര കോടതിയില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ കേസാണ് നിലവിലെ ഏറ്റവും വലിയ പുരോഗതി. തെളിവുകളെ അടിസ്ഥാനമാക്കി ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്നാണ് ദക്ഷിണാഫ്രിക്ക കോടതിയില്‍ വാദിച്ചത്. എന്നാല്‍ ആരോപണം തെളിവില്ലാത്തതാണെന്നും ഹമാസിന്റെ ആക്രമണത്തിനുള്ള പ്രതിരോധമാണ് തങ്ങള്‍ നടത്തുന്നതെന്നുമാണ് ഇസ്രയേലിന്റെ വാദം.

Eng­lish Sum­ma­ry; Hun­dred Days of Massacre

You may also like this video

TOP NEWS

November 13, 2024
November 13, 2024
November 13, 2024
November 13, 2024
November 13, 2024
November 13, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.