അയ്യായിരം രൂപയ്ക്ക് നിര്‍മിച്ചൊരു സിനിമ…! ആശ്ചര്യപ്പെടാന്‍ വരട്ടെ. ആ സിനിമ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുക കൂടി ചെയ്തിരിക്കുന്നു. അയ്യായിരം രൂപയും കൂട്ടായ്മയും ഉണ്ടെങ്കില്‍ നല്ല സിനിമ നിര്‍മിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് യുവ സംവിധായകന്‍ അടല്‍ കൃഷ്ണയും സുഹൃത്തുക്കളും.
26-മത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 12 ചിത്രങ്ങളിലൊന്നായ അടല്‍ കൃഷ്ണയുടെ വുമണ്‍സ് വിത്ത് മൂവി കാമറ എന്ന ചിത്രത്തിന്റെ ആകെ ബജറ്റ് 5000 രൂപയാണ്. മേളയിലെ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഇന്ന് ഏരീസ് പ്ലസ് തിയേറ്ററില്‍ ഉച്ചയ്ക്ക് 2.45 ന് നടക്കും. ചിത്രത്തിന്റെ പുനര്‍ പ്രദര്‍ശനം ഈ മാസം 23 ന് 11.45ന് ന്യൂ തിയേറ്ററിലും ഉണ്ടാകും.
ഇന്ത്യയിലെ ആദ്യത്തെ വിദ്യാര്‍ത്ഥി മാധ്യമ സംരംഭമായ ഫോണ്ട് ലൈവ് എന്ന എന്ന കൂട്ടായ്മയിലാണ് വുമണ്‍ വിത്ത് മൂവി ക്യാമറ എന്ന ചിത്രം പിറന്നത്. മൈക്രോ ബജറ്റ് വിഭാഗത്തില്‍പ്പെടുത്താവുന്ന ഈ ചിത്രം സിനിമയില്‍ യാതൊരു മുന്‍പരിചയവും ഇല്ലാത്ത മുപ്പതോളം പേരുടെ പ്രതിഫലമില്ലാത്ത പ്രവര്‍ത്തനത്തിന്റെ ഫലമാണ്.
പണത്തേക്കാള്‍ ഉപരി കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ തീവ്രതയും പുതുമയും കൊണ്ടായിരിക്കണം സിനിമ ശ്രദ്ധ നേടേണ്ടതെന്നാണ് അടല്‍കൃഷ്ണയുടെ അഭിപ്രായം. കാലടി ശ്രീശങ്കരാചാര്യ കോളജിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തുടങ്ങിയ കൂട്ടായ്മയാണ് സിനിമ നിര്‍മാണത്തിലേക്ക് വഴിതെളിച്ചത്. കൂട്ടായ്മയില്‍ അംഗമായിരുന്ന ആതിര സന്തോഷാണ് ഇത്തരത്തിലുള്ളൊരു ആശയം മുന്നോട്ട് വെച്ചത്. മൂന്ന് ദിവസത്തെ ചിത്രീകരണവും പ്രീപ്രൊഡക്ഷന്‍ ജോലികളുമടക്കം മൂന്ന് മാസം കൊണ്ട് സിനിമ പൂര്‍ത്തീകരിച്ചു.
1960കളില്‍ ഉപയോഗിച്ചിരുന്ന സിനിമ ചിത്രീകരണ ശൈലിയായ സിനിമ വെറിറ്റേയയില്‍ കൃതൃിമ വെളിച്ചമോ വോയ്സ് ഓവറോ ഇല്ലാതെ സിങ്ക് സൗണ്ടില്‍ ക്യാമറ സ്വയം കൈകാര്യം ചെയ്യുന്ന രീതിയാണ് ചിത്രം പിന്തുടരുന്നത്. സീറോ ബജറ്റില്‍ ചിത്രം നിര്‍മിക്കാനായി ശ്രമം നടത്തിയെങ്കിലും മൈക്കിനും ക്യാമറയ്ക്കുമായുള്ള ചിലവുകള്‍ 5000 ത്തില്‍ എത്തിക്കുകയായിരുന്നു.
ഒരു ഡോക്യുമെന്ററിയുടെ ഭാഗമായി സുഹൃത്തായ ആതിരയുടെ ജീവിതത്തിലെ ഒരു ദിവസം ക്യാമറയില്‍ പകര്‍ത്താന്‍ മാധ്യമ വിദ്യാര്‍ത്ഥിയായ മഹിത വീട് സന്ദര്‍ശിക്കുന്നു. തുടര്‍ന്ന് മഹിതയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയെ മുന്നോട്ട് കൊണ്ട്പോകുന്നത്. മഹിതയാണ് ചിത്രത്തിലെ ക്യാമറ വുമണ്‍ .
കേരളത്തിലെ സ്ത്രീകളുടെ വ്യക്തിപരവുംസാമൂഹികവുമായ ജീവിതത്തിലെ സങ്കീര്‍ണതകളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.ഫോണ്ട് ലൈവ് എന്ന കൂട്ടായ്മയെ പ്രൊഡക്ഷന്‍ ഹൗസ് ആയി മാറ്റുകയെന്നതാണ് അടല്‍കൃഷ്ണയുടെയും സംഘത്തിന്റെയും അടുത്ത ലക്ഷ്യം.ഈ സിനിമയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് മറ്റൊരു സിനിമ നിര്‍മിക്കാനാണ് താല്‍പ്പര്യമെന്ന് അടല്‍കൃഷ്ണ പറയുന്നു.
english summary;iffk 2022
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.