ലോകമെമ്പാടും മാർച്ച് എട്ട് സാർവദേശീയ മഹിളാദിനമായി ആചരിക്കുകയാണ്. വർഗ സമരത്തിന്റെ ഭാഗമായി സ്ത്രീസമൂഹം മുന്നേറാനും പോരാടാനും തയ്യാറായ ചരിത്രത്തിന്റെ ഓർമ്മയ്ക്കാണ് മാർച്ച് എട്ട് ആഘോഷിക്കുന്നത്. അമേരിക്കയിലെ സോഷ്യലിസ്റ്റുകളായ തയ്യൽ സൂചി നിർമ്മാണ തൊഴിലാളികളായ സ്ത്രീകളാണ് ആദ്യത്തെ വനിതാ ദിനത്തിന് ആരംഭംകുറിച്ച് ന്യൂയോർക്ക് നഗരത്തിലൂടെ വോട്ടവകാശത്തിന് വേണ്ടിയും കുറഞ്ഞ മണിക്കൂർ ജോലിക്കും മെച്ചപ്പെട്ട വേതനത്തിന് വേണ്ടിയും മാർച്ച് നടത്തിയത്. ബ്രഡ് ആന്റ് റോസസ്(അപ്പവും പനിനീർപുഷ്പവും)എന്ന മുദ്രാവാക്യമായിരുന്നു അവർ ഉന്നയിച്ചത്. പിറ്റേ വർഷം അവിടെ വസ്ത്രരംഗത്തെ സ്ത്രീതൊഴിലാളികളുടെ ഗംഭീര സമരമായിരുന്നു. മുപ്പതിനായിരത്തോളം സ്ത്രീ തൊഴിലാളികൾ പതിമൂന്നാഴ്ച കൊടും തണുപ്പിൽ മെച്ചപ്പെട്ട വേതനത്തിനും മെച്ചപ്പെട്ട ജോലി വ്യവസ്ഥയ്ക്കും വേണ്ടി പണിമുടക്കി സമരത്തിലേർപ്പെടുകയായിരുന്നു.
ഇതെല്ലാം സൂചിപ്പിക്കുന്നത് വർഷങ്ങൾക്ക് മുമ്പേ സ്ത്രീകൾ സമത്വത്തിനും സ്വാതന്ത്ര്യത്തിനും സാമൂഹ്യപുരോഗതിക്കും വേണ്ടി അവകാശ പോരാട്ടങ്ങൾ നടത്തുകയും ചരിത്രത്തിൽ അവർ വിജയിച്ചതായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലും എല്ലാ കാലത്തും സ്ത്രീകൾ അടിച്ചമർത്തപ്പെട്ട വിഭാഗമായിരുന്നില്ല. വേദകാലത്തും ഉപനിഷത്ത് കാലത്തും ബുദ്ധമത കാലഘട്ടത്തിലും മറ്റും സ്ത്രീകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടായിരുന്നു. മാത്രമല്ല ബുദ്ധമത കാലഘട്ടത്തിലെ സന്യാസിനിമാരെ സംബന്ധിച്ചിടത്തോളം അവർ സ്ത്രീക്ക് ആത്മീയ രംഗം നിഷിദ്ധമല്ലെന്നും സ്ത്രീ കേവലം ഭോഗവസ്തുവല്ലെന്നും പുരുഷനെ പോലെ സ്ത്രീക്കും ആത്മബലമുണ്ടെന്നും സ്ഥാപിച്ചവരായിരുന്നു. മനുസ്മൃതിയും അർത്ഥശാസ്ത്രത്തിന്റെയും വരവോട് കൂടിയാണ് സ്ത്രീകൾ പുരുഷന്റെ അടിമകളായി മാറുന്ന സ്ഥിതിയുണ്ടായത്. പിന്നീട് സതി ഉൾപ്പെടെയുള്ള ദുരാചാരങ്ങളിലേക്ക് ഇത് നയിക്കപ്പെട്ടു. നവോത്ഥാന പ്രസ്ഥാനത്തിന്റെ വരവോട് കൂടിയാണ് ഇതിൽ നിന്ന് ഇന്ത്യയിലെ സ്ത്രീകൾക്ക് മോചനം കിട്ടിത്തുടങ്ങിയത്. കേരളത്തിലെ സ്ത്രീകളും ജാതി വ്യവസ്ഥയ്ക്കും ജാത്യാധികാര ആൺ കോയ്മ ശാസനകൾക്കുമെതിരെ ശക്തമായി പോരാട്ടങ്ങളുമായി നൂറ്റാണ്ടുകൾക്ക് മുമ്പേ രംഗത്തിറങ്ങിയിരുന്നു. അതിന് ശേഷം നവോത്ഥാന നേതാക്കളും കമ്മ്യൂണിസ്റ്റ് പാർട്ടിയും കേരളത്തിലെ സ്ത്രീകൾക്കൊപ്പം നിന്ന് സ്ത്രീമുന്നേറ്റങ്ങളുടെ ആധുനിക ഘട്ടങ്ങളെ നിർണയിക്കുന്നതിൽ ചരിത്രപരമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനവും പല ഘട്ടങ്ങളിലും സ്ത്രീകളെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരാൻ നിർബന്ധിതരാക്കി. സ്വാതന്ത്ര്യസമരത്തിൽ നിർഭയമായി പങ്കെടുത്ത് ജയിൽവാസം അനുഭവിച്ച സ്ത്രീകൾ ഒട്ടേറെയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭരണഘടന നിർമ്മാണത്തിലും സ്ത്രീകൾ സ്തുത്യർഹമായ പങ്ക് വഹിച്ചു. പതിനഞ്ച് സ്ത്രീകൾ ഭരണഘടനാനിർമ്മാണ സഭയിലുണ്ടായിരുന്നു. ഇന്ത്യയുടെ അടിസ്ഥാന നിയമമാണ് ഭരണഘടന. ഭരണഘടനയുടെ ആമുഖത്തിൽ തന്നെ എല്ലാ പൗരൻമാർക്കും ജാതി മത വർഗ്ഗ ലിംഗഭേദമന്യേ നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഉറപ്പ് നൽകുന്നു. എന്നാൽ ഇന്ന് ബിജെപി ഭരണത്തിൽ ഭരണഘടനാമൂല്യങ്ങളെ തള്ളികളയുകയും ഭരണഘടന സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുകയാണ്.
ഈ സാഹചര്യത്തിലാണ് ദേശീയ മഹിളാ ഫെഡറേഷൻ മാർച്ച് എട്ടിന് വനിതാദിനം ഭരണഘടനയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സ്ത്രീസമൂഹം ഏറ്റെടുക്കണമെന്ന ആഹ്വാനത്തോടെ എന്റെ രാജ്യം ‑മതേതരത്വം പുലരട്ടെ, മതാധിപത്യം തകരട്ടെ എന്ന മുദ്രാവാക്യമുയർത്തി ക്യാമ്പയിനുകൾ രാജ്യമെമ്പാടും സംഘടിപ്പിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ തനിമയായ ബഹുസ്വരതയെയും മതനിരപേക്ഷതയെയും സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളിലൂടെ കൈവരിച്ച ജനാധിപത്യ ഭരണത്തെയും എല്ലാം തകർക്കാനുള്ള ഭീഷണികളാണ് ഉയർന്നുവരുന്നത്. ഇന്ത്യ ഇവിടെ താമസിക്കുന്ന ഓരോ ഭാരതീയന്റെയും നാടാണെന്ന യാഥാർത്ഥ്യം അരക്കിട്ടുറപ്പിച്ചുകൊണ്ടാണ് ഭരണഘടന അവകാശങ്ങളും ഉറപ്പുകളും പൗരന്മാർക്ക് നൽകിയിട്ടുള്ളത്. ഭരണഘടനയുടെ ആമുഖത്തിൽ തന്നെ നാൽപ്പത്തിരണ്ടാം ഭരണഘടന ഭേദഗതിയിലൂടെ മതനിരപേക്ഷത (സെക്കുലര്‍) എന്ന പദം കൂട്ടി ചേർത്തിട്ടുണ്ട്. രാജ്യം മതേതര റിപ്പബ്ലിക്കാണെന്ന യാഥാർത്ഥ്യത്തിന് സന്ദേഹമില്ല എന്നാണ് ഭേദഗതി സൂചിപ്പിക്കുന്നത്. മതനിരപേക്ഷ രാജ്യം മതരഹിത നാസ്തിക രാജ്യമല്ല. മതകാര്യങ്ങളിൽ രാജ്യം നിഷ്പക്ഷമായിരിക്കും എന്നാണ് വിവക്ഷിക്കുന്നത്. സ്റ്റേറ്റ് എല്ലാ മതങ്ങളെയും സംരക്ഷിക്കും. ഒന്നിലും ഇടപെടുകയില്ല. ആരാധകനെയും സംശയാലുവിനെയും അവിശ്വാസിയെയും രാഷ്ട്രം ഒരു പോലെ പരിഗണിക്കുമെന്നാണ് സുപ്രീം കോടതി തന്നെ മതനിരപേക്ഷതയെക്കുറിച്ച് വ്യക്തമാക്കിയത്. സെക്യുലറിസം ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയാണെന്ന് സുപ്രീം കോടതി അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. രാജ്യം മതാത്മകമോ മതവിരുദ്ധമോ അല്ല. രാഷ്ട്രം എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിക്കുന്നു.
എന്നാൽ മതനിരപേക്ഷത എന്ന പരികല്പനയുടെ മുഖം ബിജെപി ഭരണാധികാരികൾ മങ്ങലേൽല്പിച്ചതാണ് ന്യൂനപക്ഷങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കിയത്. ചിന്തിക്കാനും വിശ്വസിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യമായിരുന്നു അത്. അധികാരത്തിലേറിയ ബിജെപി സർക്കാർ നാളിതുവരെ അനുവർത്തിച്ച് പോയിരുന്ന നിലപാടുകൾ മതേതരത്വത്തിന് വിരുദ്ധമാണ്. ഇന്ത്യയിലെ ബഹുസ്വരതയെ ഹിന്ദുത്വമെന്ന ഏകത്വത്തിലേക്ക് ചുരുക്കാനാണ് ബിജെപി ശ്രമം. ഇതിന്റെ ഭാഗമായാണ് ബഹുമതവും ന്യൂനപക്ഷ അവകാശങ്ങളും ഉറപ്പ് നൽകുന്ന ഭരണഘടന വ്യവസ്ഥകൾ റദ്ദാക്കിയത്. ന്യൂനപക്ഷ ഭാഷാമത വിഭാഗങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭരണഘടനയിൽ ന്യൂനപക്ഷ അവകാശങ്ങൾ പ്രത്യേകം ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ ജമ്മു കശ്മീർ സംസ്ഥാനത്തിന് ഭരണഘടന നൽകിയ പ്രത്യേക പദവി എടുത്തുകളഞ്ഞു, അതിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. മതേതരത്വത്തെ തകർക്കാനായി സർക്കാർ വിദേശപൗരന്മാർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ അനുവദിക്കുന്ന നിയമത്തിൽ പൗരത്വത്തിൽ മതപരമായ വിവേചനം ഏർപ്പെടുത്തുന്ന ഭേദഗതി നിയമം കൊണ്ടുവന്നു. മുസ്ലിം ജനവിഭാഗത്തെയും അതോടൊപ്പം മറ്റ് ന്യൂനപക്ഷങ്ങളെയും ഇന്ത്യയിൽ നിന്ന് പുറംതള്ളാനുള്ള ശ്രമമാണ് സംഘ്പരിവാർ നടത്തികൊണ്ടിരിക്കുന്നത്. രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗത്തെ വർഗീയമായി മുതലെടുത്ത് സമഗ്രാധികാരം കൈക്കലാക്കാൻ ശ്രമിക്കുകയാണ് ഹിന്ദുവർഗീയ വാദികൾ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭക്ഷണത്തിന്റെ പേരിൽ ഇഷ്ട ദൈവത്തിനെ പ്രാർത്ഥിച്ചതിന്റെ പേരിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയാണ്.
ഈയടുത്ത ദിവസമാണ് ഹരിയാനയിലെ ദിവാനിയിൽ ബജറംഗ്‌ദളുകാർ പശുക്കടത്താരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ തീ കൊളുത്തിയത്. മുസ്ലിങ്ങളായ ആയിരക്കണക്കിന് മനുഷ്യരെ ബിജെപി അധികാരത്തിൽ വന്നതിന് ശേഷം കൊന്നൊടുക്കുകയും ക്രൂരമായ പീഡനത്തിന് വിധേയരാക്കുകയും ചെയ്തിട്ടുണ്ട്.
ക്രിസ്ത്യാനികൾക്കെതിരെയും നടത്തുന്ന ആക്രമണങ്ങൾക്ക് അല്പം പോലും കുറവില്ല. 2022ൽ മാത്രം 21 സംസ്ഥാനങ്ങളിലായി ക്രിസ്ത്യാനികൾക്കെതിരായി 597 അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്)എന്ന മനുഷ്യാവകാശ സംഘടന രേഖപ്പെടുത്തുന്നു. 2023 ജനുവരി രണ്ടിന് നാരായൺപൂരിലെ മൂന്ന് ക്രിസ്ത്യൻ ആദിവാസി സ്ത്രീകളെ ജനങ്ങളുടെ മുമ്പിൽ വച്ച് ആക്രമിച്ച് മാനഹാനിയുണ്ടാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്.
വർഗീയ അക്രമങ്ങൾ നടത്തി ഹിന്ദു മതാധിപത്യം കൊണ്ടുവരാൻ ആർഎസ്എസ് ശ്രമിക്കുകയാണ്. ഭരണകൂടത്തെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു. ഇവരെ പൊലീസ് ഭീകരതയ്ക്ക് മാത്രമല്ല ആൾകൂട്ട ഭീകരതയ്ക്കും വിധേയരാക്കുന്നു. ദളിത് ജനവിഭാഗത്തിന് ഭരണഘടനാപരമായി നൽകപ്പെട്ട അവകാശങ്ങൾ ഉന്മൂലനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ബിജെപി ഉയർത്തിപ്പിടിക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രം ഇവരെ പാർശ്വവല്‍ക്കരിക്കപ്പെടുന്നു. പൗരത്വനിയമഭേദഗതിയുടെയും എൻആർസിയുടെയും ഇരകളായി ആട്ടിയോടിക്കപ്പെടുന്നതിൽ വലിയ ഒരു വിഭാഗം ഇന്ത്യയിലെ ആദിവാസികളും ന്യൂനപക്ഷങ്ങളും തന്നെ ആയിരിക്കും.
ബിജെപി ഇന്ത്യയിലെ ജനങ്ങൾ ഏകീകൃതമായ ആചാരവും വേഷവും ഭാഷയും ആഹാരവും വിശ്വാസവുമാണ് സ്വീകരിക്കേണ്ടത് എന്ന് പറയുമ്പോൾ അത് ഇന്ത്യൻ ജനതയുടെ ബഹുസ്വരതയെ ചോദ്യം ചെയ്യുകയാണ്. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെയും പാർശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളായ സ്ത്രീകൾ, ദളിതർ തുടങ്ങിയവരെയൊക്കെ ഇരുളടഞ്ഞ മധ്യകാല സാഹചര്യങ്ങളിലേക്ക് തിരിച്ചു കൊണ്ടുപോവാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നത്.
സൗന്ദര്യമെന്ന് വിശേഷിപ്പിക്കാവുന്ന ബഹുസ്വരതയെ അംഗീകരിക്കാത്ത വംശീയ രാഷ്ട്ര സങ്കല്പം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തിനെതിരായി സ്ത്രീകൾ രംഗത്തിറങ്ങണം. ഇത് സ്ത്രീവിരുദ്ധ രാഷ്ട്രീയമാണ്. മതേതരത്വ വിരുദ്ധ രാഷ്ട്രീയമാണ്. മതാധിപത്യരാഷ്ട്രീയമാണ്. മതേതരത്വം സംരക്ഷിച്ച് കൊണ്ട് മതാധിപത്യത്തെ തകർക്കാനുള്ള പോരാട്ടത്തിന് നമുക്ക് സജ്ജരാവാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.