26 December 2024, Thursday
KSFE Galaxy Chits Banner 2

ഗെയിമിങ് ഡിസോഡറില്‍ രണ്ടാം സ്ഥാനത്ത്; ഇന്ത്യന്‍ ബാല്യകൗമാരങ്ങൾ ഇതെങ്ങോട്ട്?

പ്രത്യേക ലേഖിക
October 11, 2021 5:31 am

ന്ത്യയുടെ ബാല്യകൗമാരങ്ങൾ ഡിജിറ്റൽ കളികളുടെ അടിമകളാകുന്നുവെന്ന് വിദഗ്ധരുടെ കണ്ടെത്തൽ വന്നിരിക്കുകയാണ്. കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗൺ കാലയളവിലെ സ്ഥിതിവിവരമനുസരിച്ച് മാനസികാരോഗ്യ പ്രശ്നമായി ലോകാരോഗ്യ സംഘടന അംഗീകരിച്ച ‘ഗെയിമിങ് ഡിസോഡർ’ എന്ന അവസ്ഥയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസസിലെ പഠനങ്ങളാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. നേരത്തേ കൈകളില്‍ നിന്ന് അകറ്റപ്പെട്ടിരുന്ന മൊബൈല്‍ ഫോണുകള്‍ ഇന്ന് കുട്ടികളുടെ പഠനാവകാശത്തിന്റെ ഭാഗമായിരിക്കെയാണ് ഈ പഠ­നം. അതും ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രചാരത്തില്‍ വന്ന ലോക്ഡൗണ്‍‍ കാലയളവിലെ കണക്കെടുപ്പില്‍.

ദെെംദിന പ്രവർത്തനങ്ങളിലോ വ്യക്തിപരമായ കാര്യങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ, ഡിജിറ്റൽ ഗെയിമുകൾക്ക് അടിമപ്പെടുന്ന അവസ്ഥയാണ് ഗെയിമിങ് ഡിസോഡർ. സാമുഹികമായുള്ള ഉൾവലിയൽ, പഠനവെെകല്യം, അകാരണമായ ദേഷ്യം തുടങ്ങി കുട്ടികളുടെ സ്വഭാവത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇത് സൃഷ്ടിക്കുക. സ്കുളുകൾ അടച്ചിട്ട സാഹചര്യങ്ങളിൽ സുഹൃത്തുക്കളോട് ഇടപഴകാനുള്ള അവസരം നഷ്ടമായത് കുട്ടികളിൽ ഗെയിമുകളോടുള്ള ആസക്തി വർധിപ്പിച്ചുവെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസിലെ ക്ലിനിക് കോഓർഡിനേറ്ററും മനഃശാസ്ത്ര അധ്യാപകനുമാ­യ മനോജ് ശർമ്മ പറയുന്നത്.

 


ഇതുകൂടി വായിക്കൂ: ഓണ്‍ലൈന്‍ ഗെയിമുകള്‍ ചൂതാട്ടപരിധിയില്‍ വരില്ല: റമ്മി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി


 

ഓൾ ഇന്ത്യ ഗെയിമിങ് ഫെഡറേഷന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്തെ ഡിജിറ്റൽ ഗെയിമിങ് മേഖല 2023 ഓടുകൂടി 15,500 കോടിയുടെ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. അമേരിക്ക ആസ്ഥാനമായ ലെെംലെെറ്റ് നെറ്റ്‍വർക്ക് നടത്തിയ പഠനത്തിൽ ഡിജിറ്റൽ ഗെയിം ഉപഭോക്താക്കളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. പ്രായപൂർത്തിയായവരിൽ, രാജ്യത്തെ നാലിലൊന്ന് പേർക്ക് ഡിജിറ്റൽ ഗെയിമുകളുടെ അമിതോപയോഗം മൂലം ജോലിവരെ നഷ്ടപ്പെട്ടതായാണ് ലെെംലെെറ്റിന്റെ പഠനത്തിൽ പറയുന്നത്. കുട്ടികളിലും മുതിർന്നവരിലും സ്വാഭാവ വെെകല്യങ്ങള്‍ക്ക് കാരണമാകുന്ന പശ്ചാത്തലത്തിൽ 18 വയസിൽ താഴെയുളളവരുടെ ഗെയിമിങ് സമയം മൂന്ന് മണികൂറായി ചെെന പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയെങ്കിലും ഉപയോഗസമയം പല രാജ്യങ്ങളിലും വര്‍ധിച്ചുതന്നെ നില്‍ക്കുന്നു.

റമ്മി, പോക്കർ, ഫാന്റസി സ്പോർട്സ് പോലുള്ള ഓൺലൈൻ ഗെയിമുകൾ കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നിരോധിച്ചിരുന്നു. നൈപുണ്യ വികസനത്തിനു സഹായിക്കുന്ന ഗെയിമുകളായതിനാൽ, ഓൺലെെൻ ചൂതാട്ട ഗെയിമുകൾക്ക് നിരോധനമേർപ്പെടുത്തരുതെന്ന നിർമ്മാതാക്കളുടെ അവകാശവാദം അംഗീകരിച്ചുകൊണ്ട് ഓൺലെെൻ റമ്മി നിരോധിച്ചു കൊണ്ടുളള സംസ്ഥാന സർക്കാർ വിജ്ഞാപനം കേരള ഹൈക്കോടതി റദ്ദാക്കി. സമാനമായ ഉത്തരവുകൾ കർണാടക, തമിഴ്‍നാട് ഹെെക്കോടതികളും പുറപ്പെടുവിച്ചിരുന്നു. എന്നാൽ പണം ഉപയോഗിച്ചുളള ഗെയിമുകളായതിനാൽ പലതരം അപകടങ്ങളിലേക്ക് ഇത്തരം ഗെയിമുകൾ കൊണ്ടെത്തിക്കുമെന്ന് മാനസികാരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഓൺലെെൻ ചൂതാട്ടങ്ങളുടെ സാമ്പത്തികവശങ്ങളേക്കാൾ പരിഗണന നൽകേണ്ടത് ഗെയിമിനോടുണ്ടാകുന്ന മാനസികമായ അടിമത്തത്തിനാണ്. സാമ്പത്തികമായ നഷ്ടങ്ങൾ ഓൺലെെൻ ഗെയിമുകളുടെ പ്രത്യാഘാതങ്ങളിൽ ഒന്നുമാത്രമാണ്. പ്രാഥമികമായി ശാരീരികവും മാനസികവും വെെകാരികവും സാമൂഹികവുമായ പ്രത്യഘാതങ്ങളും ഉറക്കം, വിശപ്പ് തുടങ്ങിയ അടിസ്ഥാന ജീവിതരീതികളെയും സാമുഹിക ജീവിതത്തെയും വരെ ബാധിക്കുന്ന ഗുരുതരമായ വശങ്ങൾ കൂടി ഇതിനുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോളജി സയൻസസ് പ്രസിദ്ധീകരിച്ച പഠനത്തിൽ, സാമ്പത്തിക പ്രതിഫലങ്ങളില്ലാതെ ഓൺലൈൻ ഗെയിമുകൾ ഉപയോഗിച്ചിരുന്ന 14 വയസുകാരൻ പിന്നീട് പണമുപയോഗിച്ചുള്ള ഫാന്റസി സ്പോർട്സ് ഗെയിമുകളുടെ അടിമയായി മാറിയ ഉദാഹരണം ചൂണ്ടികാണിക്കുന്നുണ്ട്.

 

സാമ്പത്തിക വശങ്ങളെ പരിഗണിച്ചാൽ ഓൺലെെൻ ഗെയിമുകൾ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളും രാജ്യത്ത് കൂടുതലാണെന്ന് ഡൽഹി ആസ്ഥാനമായുള്ള ഡിസ്ട്രെസ് മാനേജ്മെന്റ് കളക്ടീവ് എന്ന സര്‍ക്കാരിതര സംഘടന സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഭീതിദമായ ഈയൊരു അവസ്ഥയെ മുന്‍നിര്‍ത്തി, ഓൺലെെൻ ചൂതാട്ട ഗെയിമുകളെ നിയന്ത്രിക്കാൻ കൃത്യമായ നയരേഖ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹെെക്കോടതിയിൽ ഹർജിയും ഇവർ സമർപ്പിച്ചിരുന്നു. ഇവയ്ക്ക് പിന്നിൽ വമ്പൻ മാഫിയ സംഘങ്ങളുണ്ടെന്നാണ് കളക്ടീവിന്റെ കണ്ടെത്തൽ. അമിതമായ ഗെയിമിങ് പ്രവണത തടയുന്നതിന് നിയമപരമായ മുന്നറിയിപ്പുകളും ഇടവേളകളും നിർബന്ധമായും നടപ്പാക്കണമെന്ന് മനഃശാസ്ത്ര വിദഗ്ധർ ശുപാർശ ചെയ്യുന്നു.

ഡിജിറ്റൽ ഉപയോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും വീടുകളിലെ മൊബെെൽ ഫോൺ, ഇന്റർനെറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കുന്ന നടപടികളും കുട്ടികളിലെ ഗെയിമിങ് ആസക്തിയെ നിയന്ത്രിക്കാൻ ഒരു പരിധിവരെ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

 

Eng­lish Sum­ma­ry: India is Sec­ond in gam­ing dis­or­der; Where do Indi­an teenagers go?

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.