ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ എത്തിക്കുന്നതിനു വേണ്ടിയുള്ള ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പദ്ധതിയെ അന്താരാഷ്ട്ര മരുന്ന് നിര്‍മ്മാണ കമ്പനികള്‍ തഴയുന്നു. ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ തുടങ്ങി വാക്സിനിലൂടെ സഹസ്രകോടികള്‍ വാരിക്കൂട്ടിയ മരുന്ന് ഭീമന്‍മാര്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് നല്‍കിയ വാക്സിന്‍ ഡോസുകള്‍ വളരെ പരിമിതമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം പകുതിയോടെ എല്ലാ രാജ്യങ്ങളിലെയും 70 ശതമാനത്തിനെങ്കിലും വാക്സിന്‍ നല്‍കണമെന്നാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 116 രാജ്യങ്ങള്‍ ഇപ്പോഴും ഈ ലക്ഷ്യത്തില്‍ നിന്നും പുറത്താണെന്ന് ഡബ്ല്യുഎച്ച്ഒ അധ്യക്ഷന്‍ ടെഡ്രോസ് അഥാനം ഗെബ്രിയേസസ് പറയുന്നു. ആഫ്രിക്കയില്‍ വാക്സിനെടുക്കേണ്ട ജനസംഖ്യയുടെ 83 ശതമാനത്തിനും ഇപ്പോഴും ഒറ്റ ഡോസ് വാക്സിന്‍ പോലും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 70 ശതമാനത്തിലധികം പേരും സമ്പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചപ്പോള്‍ ദരിദ്രരാജ്യങ്ങളിലെ കണക്ക് വെറും ആറ് ശതമാനം മാത്രമാണ്. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ 44 ശതമാനമാണ് സമ്പൂര്‍ണ വാക്സിനേഷന്‍ നിരക്ക്. ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളാണ് വാക്സിനേഷനില്‍ പിന്നില്‍.
ഫൈസര്‍, അസ്ട്രസെനക, സിനോഫാം, സിനോവാക് തുടങ്ങിയ കമ്പനികള്‍ വന്‍ തോതിലുള്ള വാക്സിന്‍ ഉല്പാദനമാണ് നടത്തിയത്. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സിനോഫാം വന്‍കിട വാക്സിന്‍ നിര്‍മ്മാണ കമ്പനിയായി ഉയര്‍ന്നുവന്നെങ്കിലും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കാണ് കൂടുതല്‍ വാക്സിന്‍ ഡോസുകള്‍ നല്‍കിയത്. ഫൈസറും മൊഡേണയും യഥാക്രമം ഉല്പാദനത്തിന്റെ 80 ശതമാനവും 70 ശതമാനവും നല്‍കിയത് സമ്പന്നരാജ്യങ്ങള്‍ക്കായിരുന്നു.
അസ്ട്രസെനക ഉല്പാദനത്തിന്റെ 70 ശതമാനം നല്‍കിയത് ഇടത്തരം, ദരിദ്ര രാജ്യങ്ങള്‍ക്കാണ്. ഫൈസര്‍ ഉല്പാദിപ്പിച്ചതിന്റെ എട്ടിലൊന്ന് വാക്സിനുകൾ മാത്രം നിർമ്മിച്ച ജെ ആന്റ് ജെ 53 ശതമാനം ഡോസുകള്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് വിതരണം ചെയ്തു. സമ്പന്ന രാജ്യങ്ങളിൽ നിന്നോ വന്‍കിട കമ്പനികളില്‍ നിന്നോ മതിയായ പിന്തുണ ലഭിച്ചിട്ടില്ലാത്ത ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്സിനായി കോവാക്സ് സംവിധാനത്തെതന്നെ ആശ്രയിക്കേണ്ടി വന്നു.
അസ്ട്രസെനക, സിനോവാക്, സിനോഫാം കമ്പനികള്‍ മാത്രമാണ് 100 ദശലക്ഷത്തിലധികം വാക്സിന്‍ ഡോസുകള്‍ കോവാക്സിലേക്ക് നല്‍കിയിട്ടുള്ളത്. വാക്സിന്‍ നിര്‍മ്മാണത്തിലൂടെ വലിയ ലാഭം കൊയ്ത മൊഡേണ, ഫൈസര്‍ പോലുള്ള ഭീമന്‍ കമ്പനികള്‍ നാമമാത്രം വാക്സിന്‍ ഡോസുകള്‍ മാത്രമാണ് വിതരണം ചെയ്തത്.
2021 ല്‍ ഫൈസറിന്റെ വരുമാനത്തില്‍ 95 ശതമാനം വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ 40 ദശലക്ഷം വാക്സിന്‍ ഡോസുകള്‍ മാത്രമാണ് കോവാക്സിന് നല്‍കിയത്. മൊഡേണ 50 മില്യന്‍ ഡോസുകള്‍ വിതരണം ചെയ്തു. അതേസമയം ജെ ആന്റ് ജെ ആറ് ദശലക്ഷം ഡോസുകള്‍ കോവാക്സിന് നല്‍കി.
English Summary: International vaccine companies abandon the COVAX project
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.