June 11, 2023 Sunday

ഇത് വിളവെടുപ്പുകാലം; ലാഭം കൊയ്യുന്നത് ഇടനിലക്കാർ

ഇന്ദ്രശേഖര്‍ എസ്
March 19, 2023 4:57 am

ഉത്തരേന്ത്യയിൽ വിളവെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. ഒക്ടോബർ‑ഡിസംബർ മാസങ്ങളിൽ വിത്തിറക്കുന്ന കർഷകർ സാധാരണയായി വിളവെടുക്കാറുള്ളത് മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിലാണ്. ഇപ്പോൾ കടുക്, ഗോതമ്പ്, ചെറുപയർ എന്നിവയാണ് വിളവെടുത്തുകൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും മറ്റും പ്രശ്നങ്ങൾ ഉണ്ടെങ്കിലും സാധാരണയിൽ കൂടുതൽ ഉല്പാദനം ലഭിക്കുമെന്നാണ് കർഷകർ പ്രതീക്ഷിക്കുന്നത്. എന്നാൽ നിശ്ചയിച്ച താങ്ങുവിലയിൽ സംഭരണം നടത്തുന്നതിനുള്ള സർക്കാർ സംവിധാനങ്ങൾ ഇല്ലാത്തതും ഉല്പാദന വർധനവും കർഷകർക്ക് തിരിച്ചടിയാകുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. കടുകെണ്ണയ്ക്ക് വൻ വിപണി സാധ്യതയുണ്ടെന്നും കർഷകർ അത് പ്രയോജനപ്പെടുത്തണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവനയെത്തുടര്‍ന്ന് വിവിധ വിളയിറക്കിയിരുന്ന കർഷകർ ഇത്തവണ കടുകിനാണ് പ്രാമുഖ്യം നൽകിയത്. ഏകദേശം 5,450 രൂപ ക്വിന്റലിന് താങ്ങുവില നിശ്ചയിച്ച കടുകിന് പലയിടങ്ങളിലും 4,000 മുതൽ 4,400 രൂപ വരെ മാത്രമാണ് വിലയുള്ളത്. അതുകൊണ്ടുതന്നെ രാജസ്ഥാനിലെ ധോൽപൂർ, അജ്മീർ, ജയ്‍പൂർ, നാഗൂർ, പാലി തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരെല്ലാം പ്രതിസന്ധിയിലാണ്. ഈ മേഖലയിൽ ആണെങ്കിൽ ക്വിന്റലിന് 3,255 രൂപ മാത്രം നല്കിയാണ് ഇടനിലക്കാർ കടുക് വാങ്ങുന്നത്. പാലിയിൽ അസമയത്തുണ്ടായ മഴ കാരണം 30 ശതമാനത്തോളം വിളനാശമുണ്ടാവുകയും ചെയ്തു. മൂന്ന് ഏക്കറിലധികം സ്ഥലത്ത് കൃഷിചെയ്ത ഫത്തേഹ് സിങ്ങെന്ന കർഷകന് ഇത്തവണ നല്ല വിള ലഭിച്ചിരുന്നുവെങ്കിലും ക്വിന്റലിന് 4,400 രൂപ വരെ വിലയ്ക്കാണ് വില്പന നടത്താൻ സാധിച്ചത്.

 


ഇതുകൂടി വായിക്കു; ദാരിദ്ര്യം-സൂക്ഷ്മതല സമീപനം


മധ്യപ്രദേശിലും നല്ല ഉല്പാദനമാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ സർക്കാർ ഇതുവരെ സംഭരണത്തിന് വേണ്ടിയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലാത്തതിനാൽ ഇടനിലക്കാർ കർഷകരിൽ നിന്ന് തോന്നിയ വിലയ്ക്ക് വാങ്ങുന്ന സ്ഥിതിയാണ്. ക്വിന്റലിന് 30,000 രൂപ വരെ ഉണ്ടായിരുന്ന മല്ലിക്ക് 5,000 രൂപയൊക്കെയാണ് ഇപ്പോഴത്തെ വില. വെളുത്തുള്ളി കിലോയ്ക്ക് മൂന്ന് മുതൽ അഞ്ചു രൂപ വരെയാണ് വില കിട്ടുന്നത്. മതിയായ സംഭരണമൊരുക്കാതെ സർക്കാർ ഇടനിലക്കാർക്ക് കർഷകരെ കൊള്ളയടിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണെന്നാണ് കർഷക സംഘടനകളുടെ ആരോപണം. കടുകെണ്ണ ഉല്പാദിപ്പിക്കുന്ന വൻകിട കുത്തകകളെ സഹായിക്കുന്നതിനാണ് സംഭരണ സംവിധാനം ഏർപ്പെടുത്തുന്നതിൽ സർക്കാർ അലംഭാവം കാട്ടുന്നതെന്നും കർഷകർ ആരോപിക്കുന്നു. ഭക്ഷ്യഎണ്ണ ഉല്പാദനരംഗത്ത് കുത്തകയുള്ള വൻകിടക്കാരായ രണ്ടുപേർ അഡാനിയുടെ വിൽമർ ഫോർച്യൂണും കാർഗിൽ ഗ്രൂപ്പിന്റെ റാപ്പ് ബ്രാൻഡുമാണ്. ഇവ രണ്ടിനും കേന്ദ്രഭരണക്കാരുമായി വളരെ അടുത്ത ബന്ധമാണുള്ളത് എന്നതുകൊണ്ട് കർഷകരുടെ ആരോപണം തള്ളിക്കളയാൻ ആവില്ല. സംഭരിക്കുന്ന ഉല്പന്നങ്ങൾ സൂക്ഷിക്കുന്നതിനുവേണ്ടിയുള്ള വൻകിട സംഭരണശാലകളും കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ച് എത്തിക്കുന്നതിനുള്ള ഇടനിലക്കാരും ഇവർക്ക് സ്വന്തമായുണ്ട്.  കുറഞ്ഞ വിലയ്ക്ക് കടുക് ലഭ്യമാകുമ്പോൾ ഇടനിലക്കാർ അവയത്രയും സംഭരിച്ചു സൂക്ഷിക്കുകയാണ് ചെയ്യുക. ഭക്ഷ്യഎണ്ണ ഉല്പാദനരംഗത്തുള്ള മേല്പറഞ്ഞ കോർപറേറ്റുകൾക്ക് ആവശ്യമായി വരുമ്പോൾ കൂടിയ ലാഭത്തില്‍ അവർ കൈമാറുകയും ചെയ്യുന്നു.

ഭക്ഷ്യഎണ്ണ ഉല്പാദനരംഗത്തുള്ള അഡാനി വിൽമർ 2022 ഡിസംബറിൽ 15 ശതമാനം കൂടുതൽ ലാഭം നേടിയെന്ന കണക്ക് പുറത്തുവന്നിട്ടുണ്ട്. കർഷകരെ കൊള്ളയടിച്ച് കൂടിയാണ് ഇതുണ്ടാക്കിയതെന്ന് സ്പഷ്ടമാണ്. ഇന്ത്യക്കാരുടെ ആഹാര വിഭവങ്ങളിൽ മുഖ്യഘടകമായ ഉരുളക്കിഴങ്ങിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഉത്തർപ്രദേശിൽ വ്യാപകമായി ഉരുളക്കിഴങ്ങ് കൃഷിചെയ്യുന്ന പ്രദേശമാണ് ബുലന്ദ് ഷാഹർ. ഇവിടെ മണ്ണൊരുക്കുന്നതിന് 10,000, വിത്തിനും വിത്തിറക്കുന്നതിനും 30,000, വെള്ളത്തിന് 2,000 വളത്തിന് 5,000 മുതൽ 6,000 രൂപ വരെ കർഷകർ ചെലവഴിക്കുന്നുണ്ട്. ഇതിനുപുറമെ 19,000ത്തോളം രൂപ തൊഴിലാളികൾക്കും വിളവെടുപ്പിനും ചെലവാകുന്നു. മൊത്തത്തിൽ ഒരേക്കറിൽ 60,000 രൂപയിൽ അധികം ചെലവഴിക്കപ്പെടുന്നു. 50–52 കിലോ ഉൾക്കൊള്ളുന്ന 300 ചാക്ക് ഉരുളക്കിഴങ്ങാണ് ഇവിടെ നിന്ന് വിളവെടുക്കാനാവുക. ഇപ്പോഴത്തെ വിലയനുസരിച്ച് ചാക്കിന് 200 മുതൽ 250 രൂപ വരെയാണ് കർഷകർക്ക് ലഭിക്കുന്നത്. ഒരു ചാക്ക് ഉരുളക്കിഴങ്ങിന് 250 രൂപ ലഭിച്ചാൽ പോലും കർഷകർക്ക് ആകെ കിട്ടുന്നത് 75,000 രൂപ മാത്രം. തങ്ങളുടെ അധ്വാനവും മറ്റും കുറച്ചാൽ 2,000 രൂപ പോലും ബാക്കിവയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ് കർഷകർക്ക്. മഹാരാഷ്ട്രയിൽ നിന്നും വരുന്നത് ഉള്ളിക്കർഷകരുടെ ദുരിതകഥകളാണ്. ഉള്ളി കൃഷിയിറക്കുക എന്നത് വിപുലമായ ഒരു പ്രക്രിയയാണ്.


ഇതുകൂടി വായിക്കു; പാരമ്പര്യേതര ഊർജോല്പാദന പദ്ധതി ആകർഷകമാക്കണം


 

കുഴിയെടുക്കൽ, നടീല്‍, കളനിയന്ത്രണം, പരിപാലനം, വിളവെടുപ്പ് വരെ ഏകദേശം ഒരു ക്വിന്റൽ ഉള്ളി ഉല്പാദിപ്പിക്കുന്നതിന് 1,350 മുതൽ 1,500 വരെ ചെലവ് വരും. എന്നാൽ ഇപ്പോൾ ക്വിന്റലിന് 500 രൂപ പോലും വിലയില്ലാത്ത സ്ഥിതിയാണുള്ളത്. പത്തുവർഷം മുമ്പ് ക്വിന്റലിന് 700 രൂപ വരെ വില കിട്ടിയ സ്ഥിതി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതുപോലും ലഭിക്കുന്നില്ലെന്നാണ് കർഷകർ പരാതിപ്പെടുന്നത്. മഹാരാഷ്ട്രയിൽ ഉള്ളി വിലക്കുറവിനെ തുടർന്ന് ഈ സീസണിൽ മൂന്ന് കർഷകരാണ് ആത്മഹത്യ ചെയ്തത്. കേന്ദ്രസർക്കാർ ആവർത്തിച്ചുകൊണ്ടിരിക്കുന്ന പൊതുവിപണി എന്ന സംവിധാനം കർഷകർക്ക് വളരെയധികം ദോഷകരമാണെന്നാണ് ഈ അനുഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇത്തരം സംവിധാനങ്ങൾ കോർപറേറ്റുകൾ, ഇടനിലക്കാർ, പൂഴ്ത്തിവയ്പുകാർ, വ്യാപാരികൾ എന്നിവർക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്. സർക്കാരിന്റെ വില സുരക്ഷാ സംവിധാനവും സംവരണ സംവിധാനവും താങ്ങുവില നിർണയവും ഇല്ലെങ്കിൽ ഇവരാണ് കൊള്ളലാഭം കൊയ്യുന്നതെന്നാണ് അനുഭവങ്ങൾ ഒന്നുകൂടി തെളിയിക്കുന്നത്.

(കടപ്പാട്: ദ വയർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.