18 April 2024, Thursday

പ്രകൃതി സൗന്ദര്യം കവിതകളിലേക്ക് ആവാഹിച്ച കാല്പനിക കവി പി കാലയവനികയിലായിട്ട് ഇന്ന് 44വര്‍ഷം

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
May 27, 2022 11:04 am

പാട്ടുപെട്ടിക്കേളി കേട്ടൊരു കോവിലിന്‍
നീടുറ്റ പുണ്യനട കണ്ടുവെങ്കിലും,
പേര്‍ത്തുമടച്ച നട തുറക്കും വരെ
കാത്തു കിടക്കാന്‍ സമയമില്ലായ്കയാല്‍
മിന്നുന്ന സത്യപ്പൊരുളിന്‍ മലരടി
കണ്ടു തൊഴാതെ തിരിച്ചു പോകുന്നു ഞാന്‍.

മലയാള കവിതയില്‍ പ്രകൃതി സൗന്ദര്യം കവിതകളിലേക്ക് ആവാഹിച്ച കാല്പനിക കവിയായിരുന്ന പി എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന പി. കുഞ്ഞിരാമന്‍ നായര്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് 44വര്‍ഷങ്ങളാകുന്നു. കവിതയൊഴികെ മറ്റൊന്നും ജീവിതത്തിൽ ലക്ഷ്യമാക്കാതെ നടത്തിയ യാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ ഒരു സത്രത്തിൽ ഹൃദയസ്തംഭനംമൂലം പി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു.

കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത.1905 ഒക്ടോബർ 4 ന് കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്, വെള്ളിക്കോത്ത് ഗ്രാമത്തിൽ പനയന്തട്ട തറവാടുവക അടിയോടി വീട്ടിലാണ് കുഞ്ഞിരാമൻ നായർ ജനിച്ചത്‌. അച്ഛൻ- പുറവങ്കര കുഞ്ഞമ്പുനായർ – നാട്ടിലെ പ്രമാണിയും സംസ്കൃത പണ്ഡിതനുമായിരുന്നു; അമ്മ- കുഞ്ഞമ്മയമ്മ ഇതിഹാസ പുരാണങ്ങളിൽ നല്ലപോലെ അവഹഗാഹമുള്ളവരായിരുന്നു.

വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം ഇടയ്ക്ക്‌ പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. കാഞ്ഞങ്ങാട് സംസ്കൃത സ്കൂളിൽ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പാലക്കാട്‌ ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം. കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു. ആത്മകഥാപര ഗ്രന്ഥങ്ങളായ കവിയുടെ കാൽപ്പാടുകൾ, എന്നെ തിരയുന്ന ഞാൻ നിത്യകന്യകയെത്തേടി എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോദാഹരണങ്ങളാണ്‌.

1948‑ൽ നീലേശ്വരം രാജാവിൽ നിന്ന് ഭക്തകവി’ ബിരുദവും വീരശൃംഗലയും ലഭിച്ചു. 1955‑ൽ കളിയഛന് മദിരാശി സർക്കാർ അംഗീകാരം, 1959‑ൽ കേരളാ സാഹിത്യ അക്കാദമി അവാർഡ്, 1967‑ൽ താമരത്തോണിക്ക് സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. കവിതയെന്ന നിത്യകന്യകയെ തേടിയുള്ള അലച്ചിലിൽ രസം തുളുമ്പിയ വ്യക്തിയായിരുന്നു പി. കവിതകൾ, നാടകങ്ങൾ, കഥകൾ, വിവർത്തനങ്ങൾ ഒക്കെയായി നിരവധി രചനകൾ അദ്ദേഹത്തിന്റേതായുണ്ട്. മലയാളഭാഷയിലെ സമുന്നതമായ കാവ്യവ്യക്തിത്വങ്ങളിലൊന്നാണ് പി. കുഞ്ഞിരാമൻ നായരുടേത്. ആധുനിക മലയാളകവിതയിലെ തികച്ചും സവിശേഷമായ ഒരു അനുഭൂതിമണ്ഡലമാണ് അദ്ദേഹത്തിന്റെ കവിതകളിലൂടെ അനാവൃതമാവുന്നത്.

കവിയും കവിതയും തമ്മിലും കവിയും കവിതയും പ്രപഞ്ചവും തമ്മിലും അസാധാരണമായ ഒരു തന്മയീഭാവം തന്നെ അവയിൽ സംഭവിക്കുന്നു. ഇടവപ്പാതി മഴപോലെ വിഷയവും ഭാവനയും രചനാശില്പവും വരികളും ഒന്നായുണർത്തുന്ന ദിവ്യ പ്രചോദനത്തിന്റെ സാന്നിദ്ധ്യം അവയിലൊക്കെയുണ്ട്. താമരത്തോണി, താമരത്തേൻ, വയൽക്കരയിൽ, പൂക്കളം, കളിയച്ഛൻ, അനന്തൻകാട്ടിൽ, ചന്ദ്രദർശനം, ചിലമ്പൊലി, തിരുമുടിമാല, രഥോത്സവം, പി.കവിതകൾ എന്നിങ്ങനെ മുപ്പതോളം സമാഹാരങ്ങളിലായി അദ്ദേഹത്തിന്റെ കാവ്യലോകം പരന്നുകിടക്കുന്നു.

ആത്മവേദനയും ആത്മനിന്ദയുമൊക്കെ നിറഞ്ഞ സ്വരത്തിൽ തന്നെത്തന്നെ വിചാരണ ചെയ്യുന്ന കവിതകളിലൂടെ ആധുനിക മനുഷ്യന്റെ വിഹ്വലാവസ്ഥ ഈ കവി ആവിഷ്കരിച്ചിരിക്കുന്നു. അരനൂറ്റാണ്ടിലേരെ നീണ്ട കാവ്യജീവിതത്തിൽ എത്രത്തോളം കൃതികൾ രചിച്ചുവെന്ന് കവിയ്ക്കുതന്നെ നിശ്ചയമുണ്ടായിരുന്നില്ല.കേരളത്തിന്റെ പച്ചപ്പ്‌ നിറച്ച കവിതകള്‍ നിരവധി സംഭാവന ചെയ്യാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. തനി കേരളീയ കവിയാണ് പി. പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിഭാവവും നല്‍കിയ കവിയായരുന്നു പി. കഞ്ഞിരാമന്‍ നായര്‍

ബോധമില്ലാതെ കിടക്കുമവസ്ഥയ്ക്കു
മീതെയായ് ഘോരവിപത്തെന്തു ഭൂമിയില്‍

Eng­lish Sum­ma­ry: It is now 44 years since the roman­tic poet P. Kalaya­vani­ka, who invoked nat­ur­al beau­ty into poetry

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.