2 May 2024, Thursday

ലോക്‌സഭ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് 33.31 കോടി രൂപയുടെ വസ്തുക്കൾ

Janayugom Webdesk
തിരുവനന്തപുരം
April 4, 2024 9:53 pm

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് വിവിധ ഏജൻസികൾ ഇതുവരെ നടത്തിയ പരിശോധനകളിൽ 33.31 കോടി(33,31,96,947) രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ച് 16 മുതൽ ഏപ്രിൽ മൂന്ന് വരെയുള്ള കണക്കാണിത്. 

മതിയായ രേഖകളില്ലാതെ കൊണ്ടുപോയ പണം, മദ്യം, മറ്റ് ലഹരി വസ്തുക്കൾ, സ്വർണമടക്കമുള്ള അമൂല്യലോഹങ്ങൾ, സൗജന്യവിതരണത്തിനുള്ള വസ്തുക്കൾ എന്നിവയാണ് പിടിച്ചെടുത്തത്. സംസ്ഥാന പൊലീസ്, ആദായനികുതി വകുപ്പ്, എക്സൈസ് വകുപ്പ്, എസ് ജി എസ് ടി വിഭാഗം, ഡയറക്ടേറേറ്റ് ഓഫ് എൻഫോഴ്സ്മെന്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, മറ്റ് ഏജൻസികൾ എന്നിവ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും വസ്തുക്കൾ പിടിച്ചെടുത്തത്. 

രേഖകളില്ലാതെ കൊണ്ടുപോയ 6.67(6,67,43,960) കോടി രൂപ, ഒരു കോടി രൂപ (1,0003677) മൂല്യമുള്ള 28,867 ലിറ്റർ മദ്യം, 6.13 കോടി(61,38,6395) രൂപ മൂല്യമുള്ള 2,33,723 ഗ്രാം മയക്കുമരുന്നുകൾ, 14.91 കോടി(14,9171959) രൂപ മൂല്യമുള്ള അമൂല്യ ലോഹങ്ങൾ, 4.58 കോടി(4,58,90, 953) രൂപ മൂല്യമുളള സൗജന്യവസ്തുക്കൾ എന്നിവയാണ് വിവിധ ഏജൻസികൾ പരിശോധനകളിൽ പിടിച്ചെടുത്തത്. റവന്യു ഇന്റലിജൻസ് വിഭാഗം 9.14 കോടി(9,14,96,977) രൂപയുടെ വസ്തുക്കളും പൊലീസ് 8.89 കോടി (8,89,18,072)രൂപ മൂല്യമുള്ള വസ്തുക്കളും എക്സൈസ് വകുപ്പ് 7.11 കോടിയുടെ (7,11,23,064) വസ്തുക്കളുമാണ് ഇതുവരെ പിടിച്ചെടുത്തത്. 

മാർച്ച് 23 ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡി ആർ ഐയും എയർ ഇന്റലിജൻസ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിൽ 3.41 കോടി രൂപ വിലയുള്ള 5.26 കി. ഗ്രാം സ്വർണം പിടിച്ചെടുത്തിരുന്നു. 2.85 കോടി രൂപ വിപണിവിലയുള്ള 4.4 കി. ഗ്രാം സ്വർണം ദുബൈയിൽ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. അതേ വിമാനത്തിൽ തന്നെയെത്തിയ യാത്രക്കാരനിൽ നിന്നാണ് ബാക്കി 55.77 ലക്ഷം രൂപ മൂല്യമുള്ള 1019 ഗ്രാം സ്വർണം കണ്ടെത്തിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും സംസ്ഥാനത്ത് വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ കർശന പരിശോധന തുടരുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

Eng­lish Sum­ma­ry: Items worth Rs 33.31 crore have been seized so far in the Lok Sab­ha elec­tion state

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.