August 14, 2022 Sunday

പുതിയ കാലം,ഒന്നിച്ചുള്ള ചുവടുകൾ

Janayugom Webdesk
July 4, 2022 6:00 am

ലിംഗഭേദമന്യേ വിവേചനരഹിതമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സാഹചര്യം ചിലയിടങ്ങളിലെങ്കിലും ചുരുങ്ങിപ്പോകുന്നുവെന്നത് യാഥാർത്ഥ്യമാണ്. മനുഷ്യ സമൂഹത്തിൽ ശാസ്ത്രത്തിന്റെ വളർച്ചയിലൂടെ യുക്തിചിന്തയ്ക്ക് പ്രാധാന്യം ലഭിച്ചിട്ടുണ്ടെങ്കിലും ജനിച്ചതു മുതൽ പെണ്ണിന് രണ്ടാമത് മാത്രം ഇടം ഒരുക്കുന്ന മനോഭാവത്തിൽ നിന്നും മാറി നടക്കുവാൻ ഇനിയും കഴിഞ്ഞിട്ടില്ല. പുരോഗമനം എത്രതന്നെ ഉറക്കെ വിളിച്ച് പറഞ്ഞാലും സ്ത്രീകൾ വീട്ടകങ്ങളിലും പൊതുഇടങ്ങളിലും അരികുവല്ക്കരിക്കപ്പെടുന്നത് മനുഷ്യന്റെ അഹംബോധത്തിലെ നീചത്വം ഇല്ലായ്മചെയ്യാൻ കഴിയാത്തതുകൊണ്ടാണ്. പുരുഷകേന്ദ്രീകൃതമായ അവസ്ഥയിലേക്ക്, ജനിച്ചുവീഴുന്ന കുഞ്ഞിനെയും നയിക്കുന്ന മനഃസ്ഥിതി വളർത്തുന്നതിൽ പുരുഷനെക്കാളും സ്ത്രീകളാണ് മുന്നിലെന്നതാണ് വൈപരീത്യം.

മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും നിയന്ത്രിക്കുന്ന സചേതനമായ ഒരു ഭരണഘടനയാണ് ഭാരതത്തിനുള്ളത്. മാനവികതയാണ് ഇന്ത്യൻ ഭരണഘടനയുടെ സത്ത. ലിംഗാധിഷ്ഠിത കുറ്റകൃത്യങ്ങളും സ്ത്രീകളോടുള്ള ക്രൂരതകളും വിവേചനങ്ങളും നിയന്ത്രിക്കുവാൻ നമുക്ക് കടമയുണ്ട്. വിവിധ നിയമനിർമ്മാണങ്ങളിലൂടെ ഭരണഘടന ലക്ഷ്യംവയ്ക്കുന്ന സമ്പൂർണ മനുഷ്യത്വം സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും നമുക്ക് നേടാനായിട്ടില്ല. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പുരുഷാധിപത്യ ഗോത്ര സ്വഭാവങ്ങളെയും മറികടക്കുവാൻ നിയമനിർമ്മാണങ്ങൾ കൊണ്ടുമാത്രം കഴിയില്ല. ബാലിശവും യുക്തിരഹിതവും വൈകാരികവുമായി ജീവിക്കുന്ന ഒരു സമൂഹമായിട്ടാണ് ലോകം ഇന്ത്യൻ ജനതയെ വീക്ഷിക്കുന്നത്. സതി ഉൾപ്പെടെയുള്ള അനാചാരങ്ങൾ നാടുനീങ്ങിയിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അതിനെ പുണ്യവൽക്കരിക്കുന്നവർക്ക് ഈ പരിഷ്കൃത കാലത്തും ഇടം ലഭിക്കുന്നു എന്നത് ലജ്ജാകരമാണ്. രാജ്യത്ത് ദുരഭിമാന കൊലകളുടെ എണ്ണം വർധിക്കുന്നു. മനുഷ്യജീവിതത്തിലെ സുന്ദരമായ അനുഭവങ്ങൾ നഷ്ടപ്പെട്ട് അടിമതുല്യമായ ജീവിതമാണ് രാജ്യത്തിന്റെ പല ഭാഗത്തും സ്ത്രീകൾ അനുഭവിക്കുന്നത്.

പെൺഭ്രൂണഹത്യ ഏറ്റവും കൂടുതൽ നടക്കുന്നത് ഇന്ത്യയിലാണ്. സാമ്പത്തികാസമത്വത്തിന്റെ കെടുതികളും സ്ത്രീകളും കുട്ടികളുമാണ് ആദ്യം നേരിടേണ്ടി വരുന്നത്. തുല്യജോലിക്ക് തുല്യവേതനം എന്ന ഭരണഘടനാ തത്വം സ്ത്രീകളുടെ കാര്യത്തിൽ പാലിക്കപ്പെടുന്നില്ല. ഒരേ തൊഴിലിടത്ത് പുരുഷനെക്കാളും താഴ്ന്ന വേതനത്തിൽ സ്ത്രീകൾക്ക് ജോലി ചെയ്യേണ്ടിവരുന്നു. രാജ്യത്തെ കർഷക തൊഴിലാളികളുടെ 42 ശതമാനത്തിലധികം വനിതകളാണ്. എന്നാൽ അവരുടെ ഉടമസ്ഥതയിൽ രണ്ട് ശതമാനം ഭൂമി മാത്രമേയുള്ളൂ. ഇത്തരത്തിൽ സാമ്പത്തികമായും സാമൂഹികമായും വൈകാരികമായും ഇന്ത്യൻ സ്ത്രീസമൂഹം ഇന്നും രണ്ടാംതരം പൗരന്മാരാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ പ്രണയം പോലും നിഷേധിക്കപ്പെടുന്നു. സെൽഫോണും ത്രിശൂലങ്ങളും തൊപ്പിധരിച്ച തലകളും കൂടുതൽ അപകടകരമായി ഇടപെടുന്നത് സ്ത്രീകൾക്ക് നേരെയാണ്. കെട്ടിപ്പൊക്കിയ ജനാധിപത്യ സൗധത്തിന് നേരെ ഇരച്ചെത്തുന്ന ബുൾഡോസറുകൾ ആദ്യം കയറിയിറങ്ങുന്നത് സ്ത്രീകളുടെ ജീവിതത്തിലേക്കാണ്. എന്നാണോ സ്വർണാഭരണ വിഭൂഷിതയായ ഒരു സ്ത്രീക്ക് അർധരാത്രിയിലും പൊതുനിരത്തിലൂടെ ഭയലേശമന്യേ സ്വതന്ത്രമായി ഏകയായി സഞ്ചരിക്കുവാൻ കഴിയുക അന്നാണ് ഉത്തമമായ ഒരു ഭരണക്രമം സാധ്യമാകുക എന്ന കൗടില്യ വചനമാണ് ഇവിടെ ഓർമ്മ വരുന്നത്.

ഇന്ത്യൻ സാഹചര്യത്തിൽ ആ കാലം ഇനിയും വിദൂരമാണ്. സാമ്പത്തികാസമത്വം സൃഷ്ടിക്കുന്നതിലും മെച്ചപ്പെട്ട ജീവിതാവസ്ഥ രൂപപ്പെടുത്തുന്നതിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളം വിജയിച്ചിട്ടുണ്ട്. റേഷൻ കാർഡുകളിലും സർക്കാർ അനുവദിക്കുന്ന പട്ടയരേഖകളിലും വീട്ടുടമ സ്ത്രീയായി മാറിയത് വലിയ ചലനമാണ് സൃഷ്ടിച്ചത്. കുടുംബശ്രീ പ്രസ്ഥാനം ഉയർത്തിക്കൊണ്ടു വന്ന സാമ്പത്തിക സുരക്ഷ ചെറിയ തോതിലെങ്കിലും ആശ്വാസമാണ്. സർക്കാർ ജീവനക്കാരിൽ അറുപത് ശതമാനത്തിനകത്ത് വനിതകളായി മാറിക്കഴിഞ്ഞു. അധ്യാപകരിൽ ഭൂരിഭാഗവും വനിതകളാണ്. ജ്ഞാനസമ്പാദന മേഖലയിലെ എല്ലാ തൊഴിലിടങ്ങളിലും വനിതകളാണ് എണ്ണത്തിൽ കൂടുതൽ. സർക്കാർ മേഖലയിലെ തൊഴിലിടങ്ങളിൽ വേതനത്തിന്റെ കാര്യത്തിൽ സ്ത്രീ-പുരുഷ വിവേചനമില്ല. കേരളത്തിലെ സിവിൽ സർവീസ് പ്രസക്തമാകുന്നത് ഈ സന്ദർഭത്തിലാണ്. എന്നാൽ സ്വകാര്യ മേഖലയിൽ ഈ വിവേചനം അവസാനിപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. നഴ്സിങ്, വസ്ത്രവ്യാപാരശാലകൾ തുടങ്ങി സ്ത്രീകൾ ഏറ്റവും കൂടുതൽ പണിയെടുക്കുന്ന സ്ഥലങ്ങളിൽ സാഹചര്യം ഇപ്പോഴും വേദനാജനകമാണ്.

സ്ത്രീ-പുരുഷ അനുപാതത്തിന്റെ കാര്യത്തിലും കേരളം അഭിമാനാർഹമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. പൊതുവെ ഇന്ത്യൻ സ്ത്രീ സാഹചര്യത്തിൽ നിന്നും വ്യത്യസ്തമായി മെച്ചപ്പെട്ട ജീവിതം കേരളത്തിലെ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. ആർത്തവം അശുദ്ധമാണെന്ന അന്ധകാരകാലത്തെ മിഥ്യാധാരണയിൽ നിന്നും രക്ഷപ്പെടുവാൻ കഴിയാത്തവരാണ് ഭൂരിഭാഗം സ്ത്രീകളുമെന്ന് കേരളം തിരിച്ചറിഞ്ഞ നാളുകൾ നാം മറന്നിട്ടില്ല. ഇന്ത്യൻ ഭരണഘടന എങ്ങനെയാണ് വിവേചനരഹിതമായ സമ്പൂർണ മനുഷ്യത്വം ഉൾക്കൊണ്ട ജനതയെ പുലർത്തേണ്ടതെന്ന് വ്യാഖ്യാനിച്ചിട്ടും അതൊന്നും വിശ്വാസത്തിന് മേലെയല്ല എന്ന് നിർലജ്ജം വിളിച്ചുപറയാൻ നമ്മുടെ അമ്മമാർ വരെ മുന്നോട്ടു വന്നതും നമ്മൾ കണ്ടതാണ്. ഭരണഘടനയുടെ അന്തഃസത്ത ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലായിടത്തും സ്ത്രീക്കും പുരുഷനും തുല്യ അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച വിധിയെ സങ്കുചിതമായ രാഷ്ട്രീയ താല്പര്യങ്ങളുടെ പുറത്ത് തള്ളിക്കളയുവാൻ ആഹ്വാനം ചെയ്തവരുടെ കൂട്ടത്തിൽ ദേശീയ രാഷ്ട്രീയകക്ഷികൾ വരെയുണ്ടായി. നവോത്ഥാന കാലത്തെ പ്രതിരോധങ്ങളിലൂടെ നാം വലിച്ചെറിഞ്ഞ ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തിരികെ കൊണ്ടുവരുന്നതിനുള്ള പ്രചരണങ്ങളാണ് ഇന്നും സമൂഹത്തിൽ നടക്കുന്നത്.

പാർലമെന്ററി തെരഞ്ഞെടുപ്പുകളിലെ പിന്തുണ ലക്ഷ്യമിട്ട് ജാതി, മത, സാമ്പ്രദായിക ശക്തികളെ പ്രീണിപ്പിച്ച് കൂടെ നിർത്തുകയും പിന്നെ അതിൽ നിന്നും രക്ഷപ്പെടാനാകാതെ സ്വന്തം ആശയ വീക്ഷണങ്ങൾക്ക് ചരമഗീതം എഴുതുകയും ചെയ്യുന്നു. കൊളോണിയൽ മാതൃക പിന്തുടരുന്ന കേന്ദ്ര ഭരണകൂടം ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിച്ച് നിർത്തി ഭരണം ഉറപ്പാക്കുന്നു. അതിദേശീയത എല്ലാ ബഹുസ്വരതയെയും ഇല്ലായ്മ ചെയ്യുകയും മനുസ്മൃതി കാലഘട്ടത്തിലേക്ക് നമ്മെ നയിക്കുവാൻ വെമ്പൽ കൊള്ളുകയുമാണ്. ഇന്ന് സ്ത്രീകൾക്ക് നേരെ ആചാര സംരക്ഷണത്തിന്റെ പേരിൽ ഉയർന്നു വരുന്ന പൊതുയിട വിലക്കുകൾ യാദൃച്ഛികമല്ല. പഴയകാല ഗോത്ര മനോഭാവത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണിത്. കാലം ഏറെ മുന്നേറിയിട്ടും മാനവികതയുടെ പക്ഷത്തിന് വലിയ പിന്തുണ ലഭിച്ചിട്ടും മതമൗലികവാദികളുടെ നാവ് കാലത്തിനെ പുറകോട്ട് ചലിപ്പിക്കുവാൻ ശ്രമിക്കുന്നത് അസഹനീയമാണ്. മതമൗലിക വാദങ്ങളെയും ഫാസിസ്റ്റ് അജണ്ടകളെയും പ്രതിരോധിക്കേണ്ടത് നമ്മുടെ കടമയാണ്.

കലയും സാഹിത്യവും ഉൾപ്പെടെയുള്ള പുരുഷ കേന്ദ്രീകൃത പ്രഭുത്വ മനോഭാവം പുലർത്തുന്ന മത — രാഷ്ട്രീയ — സാംസ്കാരിക ഭരണകൂട താല്പര്യങ്ങളെ തുറന്നു കാണിക്കുക നമ്മുടെ ലക്ഷ്യമാകണം. ഇത് മുൻനിർത്തിയാണ് ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മിറ്റി ജാഥ സംഘടിപ്പിക്കുന്നത്. പൊതുസദസിൽ ദ്രൗപദിയാകുവാൻ ഞങ്ങൾക്ക് മനസില്ല എന്നും ഭൂഗോളത്തിന്റെ എല്ലാ അറകളിലും ഞങ്ങൾ സ്വതന്ത്രരാണ് എന്നും ഉറക്കെ പാടുന്നതിന് ശ്രമിക്കുകയാണിവിടെ. കാലം നിങ്ങൾക്ക് മാത്രമുള്ളതല്ല, ഞങ്ങൾക്കും കൂടിയാണ്. നൃത്തം ചെയ്യുന്നതിനും പുരസ്കാരം സ്വീകരിക്കുന്നതിനും വിലക്കേർപ്പെടുത്തുവാൻ തക്ക വിധത്തിൽ ഇരുട്ടു നിറഞ്ഞ മൗലികവാദികളെ നേരിന്റെ വഴിയെ നയിക്കുന്നതിനുള്ള ഉദ്ബോധനമാണ് ജാഥ. മതഗ്രന്ഥങ്ങളുടെ ഇരുമ്പു മറകൾക്കുള്ളിൽ ഒളിച്ചുവയ്ക്കാനുള്ളതല്ല നമ്മുടെ സർഗ്ഗാത്മകത. കരയാനുളളതല്ല ജീവിതം, ആഹ്ലാദിക്കാനുളളതാണ്. ഇത് ഞങ്ങളുടെയും കൂടി ഇടമാണ്. പോരാടി നേടേണ്ടതാണ് ജീവിത സ്വാതന്ത്ര്യം എന്ന തിരിച്ചറിവും കൂടിയാണ് ഈ ജാഥ. ജോയിന്റ് കൗൺസിൽ വനിതാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ 25 വരെ കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് കേരളത്തിലെ സർക്കാർ സർവീസിലെ വനിതാ ജീവനക്കാർ സംഘടിപ്പിക്കുന്ന ജാഥ സമീപകാല ചരിത്രത്തിൽ ലിംഗനീതിക്കുവേണ്ടിയുള്ള ഏറ്റവും വലിയ ഇടപെടലായി മാറും. നോട്ട് ബുക്കുകളും സ്കൂൾ ബാഗും ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ നൽകിക്കൊണ്ടാകണം ജാഥയെ സ്വീകരിക്കേണ്ടതെന്ന് നിശ്ചയിച്ചിട്ടുണ്ട്.

സ്വീകരണ കേന്ദ്രങ്ങളിൽ ലഭിക്കുന്ന പഠനോപകരണങ്ങൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകണമെന്നാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ സിവിൽ സർവീസിൽ വനിതകളാണ് കൂടുതലന്നെതുകൊണ്ട് സിവിൽ സർവീസ് നിലനിൽക്കേണ്ടത് കേരളത്തിലെ നിലവിലെ സാമൂഹിക സാമ്പത്തിക സമത്വത്തിനും കൂടിയാണെന്നും നാം തിരിച്ചറിയുന്നു. ലിംഗവ്യത്യാസമില്ലാതെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഭരണ സംവിധാനം നിലനിർത്തുന്നതിന് പുരോഗമന പ്രസ്ഥാനങ്ങൾ മുന്നോട്ട് വരേണ്ടതുണ്ട്. പൊതുബോധത്തിൽ സമഭാവനയും നിഷ്പക്ഷതയും വളർത്തിയെടുക്കുന്നതിൽ സിവിൽ സർവീസിലെ പുരോഗമന പ്രസ്ഥാനമെന്ന നിലയിൽ ജോയിന്റ് കൗൺസിൽ പ്രതിജ്ഞാബദ്ധമാണ്. ഇന്ന് കാസർകോട് വച്ച് എൻഎഫ്ഐഡബ്ല്യു ദേശീയ ജനറൽ സെക്രട്ടറി ആനിരാജ ഫ്ലാഗ് ഓഫ് ചെയ്യുന്ന ജാഥ ഈ മാസം 25 ന് തിരുവനന്തപുരത്ത് ഗാന്ധിപാർക്കിൽ സമാപിക്കും. സമാപന സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജാഥയോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സംഗമങ്ങളിൽ സംസ്ഥാനത്തെ പുരോഗമനാശയക്കാരായ വനിതാ പ്രവർത്തകരും പങ്കെടുക്കും. വിവിധ കലാപരിപാടികളും ഉണ്ടാകും. പ്രബുദ്ധമായ ഈ ആശയത്തെ പൊതുസമൂഹം പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.